ശേഷം ചിന്ത്യം
പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
Wednesday, February 14, 2024
Wednesday, December 28, 2022
എന്നെ മറന്നാൽ (പ്രണയവർണ്ണങ്ങൾ - 7)
അടക്കുമെന്നോ മനസ്സിൽ-
പ്പതുക്കെ നിൻ പ്രേമമെല്ലാം?
എനിക്കുമില്ലാതെയാവും
നിനക്കു നല്കുന്ന രാഗം!
If You Forget Me എന്ന നെരൂദ കവിതയിലെ ഈ ഈരടികളുടെ വിദൂരപരിഭാഷ:
If little by little you stop loving me
I shall stop loving you little by little.
ഇത്രയും എഴുതിയിട്ട് ഒറിജിനലിനെ മറന്ന് എനിക്കിഷ്ടപ്പെട്ട പോലെ ശ്ലോകം മാറ്റി എഴുതി:
അടക്കുമെന്നോ മനസ്സിൽ-
പ്പതുക്കെ നീ നിന്റെ രാഗം?
ഒടുക്കമൊന്നിന്നുമാകാ-
തൊടുങ്ങി നീറുന്നു ഞാനും!
വൃത്തം: വിതാനം. ലക്ഷണം: ജതം വിതാനം ഗഗം കേൾ
Wednesday, December 07, 2022
ഓർക്കുന്നില്ലേ? (പ്രണയവർണ്ണങ്ങൾ - 6)
ഓർക്കുന്നില്ലേ? പരിമണമെഴും വള്ളിമന്ദാരജാലം
പൂക്കുന്നേരം പ്രണയമധുരം മാലകോർക്കുന്ന കാലം;
വായ്ക്കും മോഹം ചുടുകനലിലും കാറ്റുതേടുന്ന താളം-
തീർക്കും ഭാവം, തരളിതമെഴും ചുംബനത്തിന്റെ മേളം?
വൃത്തം: മന്ദാക്രാന്ത
Labels: പ്രണയം, മന്ദാക്രാന്ത, ശ്ലോകം
Tuesday, November 29, 2022
Monday, September 26, 2022
മുടന്തി നീ നടക്കുമോ?
Tell me, if I caught you one day
And kissed the sole of your foot,
Wouldn't you limp a little then,
Afraid to crush my kiss?
റൊമേനിയൻ കവിയായ Nichita Stănescu വിന്റെ ഈ കവിതയുടെ ഒരു മലയാള പരിഭാഷ അടുത്തകാലത്ത് കണ്ണിൽപ്പെട്ടു. പരിഭാഷ ഫേസ്ബുക്ക് സ്ട്രീമിലും മെസ്സേജുകളായും പലതവണ കണ്ടതിനാൽ വളരെ സ്വീകാര്യതയുള്ളതായി തോന്നിയെങ്കിലും എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിനാൽ സ്വയം പരിഭാഷപ്പെടുത്തുന്നു.
ആദ്യം ഒരു മിനിമലിസ്റ്റ് വൃത്തമാണ് നോക്കിയത്. പഞ്ചചാമരത്തിനെ നേർപകുതിയായി മുറിച്ച പ്രമാണിക.
പിടിച്ചൊരിക്കൽ നിന്റെ കാൽ-
പ്പദത്തിലുമ്മവയ്ക്കുകിൽ
മുടന്തുമോ, ഹ! ചുംബനം
ഞെരിഞ്ഞിടാതിരിക്കുവാൻ?
പക്ഷേ ഇത് മാത്രം വായിച്ചാൽ എന്തിനാ മുടന്തുന്നത് എന്ന് മനസ്സിലാവാൻ സാധ്യതയില്ലല്ലോ. മാത്രമല്ല, മൂന്നാം വരിയിലെ ഹ! ഒഴിവാക്കാൻ നോക്കിയിട്ട് പറ്റുന്നുമില്ല.
എന്നാൽപ്പിന്നെ അല്പം കൂടി വലിയവൃത്തമായ ഭുജംഗപ്രയാതത്തിൽ ആകാം എന്നുവച്ചു.
പിടിച്ചിട്ടൊരിക്കൽപ്പദത്തിൽപ്പതുക്കെ
മുകർന്നെന്നു വന്നാൽ, സഖേ, ചൊല്ലുമോ നീ:
നിനക്കായി ഞാൻ തന്നൊരാച്ചുംബനങ്ങൾ
ഞെരിക്കും ഭയത്താൽ മുടന്തില്ലെ, നീയും?
ഒറിജിനലിനോട് നീതിപുലർത്തുന്ന പരിഭാഷയാണിത്. എങ്കിലും ഭുജംഗപ്രയാതം പ്രണയം പ്രകടിപ്പിക്കാൻ പറ്റിയ വൃത്തമല്ലാത്തതിനാൽ പൊടിപ്പും തൊങ്ങലും ചേർക്കേണ്ടി വന്നാലും അല്പംകൂടി വലിയ വൃത്തമായ പഞ്ചചാമരം ചേരുമെന്ന് തോന്നി.
പിടിച്ചൊരിക്കൽ നിന്നെ നിന്റെ പാദപത്മമാകവേ
നിറച്ചു ചുംബനങ്ങളേറെ രാഗമോടെ നല്കിയാൽ
മുടന്തി നീ നടക്കുമോ, മനം കവർന്നൊരുമ്മകൾ-
ചതഞ്ഞരഞ്ഞുപോകുമെന്ന ഭീതിയാൽ, നിരന്തരം?
ഇതിന്റെ അവസാനവരിയിൽ നിരന്തരം എന്നതിനു പകരം മനോഹരീ എന്നാണ് ആദ്യം എഴുതിയത്. എന്നാൽ ഒറിജിനലും പ്രമാണികയിലും ഭുജംഗപ്രയാതത്തിലും എഴുതിയ പരിഭാഷകളും ലിംഗനിഷ്പക്ഷമായതിനാൽ (gender neutral) മനോഹരീ മാറ്റി നിരന്തരം എന്നാക്കുകയായിരുന്നു. ഇങ്ങനെയാണ് ആദ്യം എഴുതിയത്:
പിടിച്ചൊരിക്കൽ നിന്നെ നിന്റെ കാൽപ്പദത്തിലാകവേ
പടുത്വമോടെ ഞാൻ നിറച്ചു ചുംബനങ്ങളേകിയാൽ
മുടന്തി നീ നടക്കുമോ, നിറം പകർന്നൊരുമ്മകൾ-
ചതഞ്ഞരഞ്ഞുപോകുമെന്ന ഭീതിയാൽ, മനോഹരീ?
Labels: പഞ്ചചാമരം, പ്രണയം, പ്രമാണിക, ഭുജംഗപ്രയാതം, ശ്ലോകം
Wednesday, July 06, 2022
പ്രണയം
കണ്ണാടി വച്ച ശേഷം പല പകലുകളിലും
എന്റെ പ്രണയം പഴയപോലെ ആയിട്ടില്ല.
കാരണം,
പ്രണയം മുളയ്ക്കുന്നതും, ശൌര്യമാർന്നുല്ലസിക്കുന്നതും,
സിരകളിൽ കത്തിപ്പടരുന്നതും
കണ്ണുകൾ തടസ്സമില്ലാതെ സംവദിക്കുമ്പോഴാണ്.
അല്ലെങ്കിൽ പകലുകളിൽ കാമം പുരളണം.
കണ്ണുകണ്ടെന്നുവച്ച്, കണ്ണടച്ച്,
ചുണ്ടും മൂക്കും കാതും കഴുത്തും തേടിപ്പോകണം.
പക്ഷേ, അപ്പോഴൊന്നും

Sunday, February 14, 2021
കാന്ത!
എല്ലാ വർഷവുമുള്ള ആചാരം ഈ വർഷവും!
(ഈ ശ്ലോകം കാന്ത എന്ന വൃത്തത്തിലാണ്. മുമ്പ് ആരെങ്കിലും ഈ വൃത്തത്തിൽ ശ്ലോകം എഴുതിയിട്ടുണ്ടോ എന്നറിയില്ല. ഞാൻ കണ്ടിട്ടില്ല. അവസാന വരി മുറിയുമ്പോലെ ആണ് ചൊല്ലേണ്ടത് എന്നു തോന്നുന്നു. യഭം കാന്താ നരസലഘുവും ഗ നാലിനു പത്തിനും എന്നാണ് കാന്തയുടെ ലക്ഷണം.)
മഴക്കോളിന്നഴകുനിറയും പ്രിയ പ്രണയേശ്വരീ
മിഴിക്കോണാൽ പ്രണയകഥനം കുറിക്ക സുമോഹിനീ,
പഴന്തേനാം ഹൃദയപുളകം തരാം സഖി; മുന്തിരി-
പ്പഴച്ചാറിൻ മധുവിനുസമം മനോഹര ജീവിതം!
(ഈ ശ്ലോകം കാന്ത എന്ന വൃത്തത്തിലാണ്. മുമ്പ് ആരെങ്കിലും ഈ വൃത്തത്തിൽ ശ്ലോകം എഴുതിയിട്ടുണ്ടോ എന്നറിയില്ല. ഞാൻ കണ്ടിട്ടില്ല. അവസാന വരി മുറിയുമ്പോലെ ആണ് ചൊല്ലേണ്ടത് എന്നു തോന്നുന്നു. യഭം കാന്താ നരസലഘുവും ഗ നാലിനു പത്തിനും എന്നാണ് കാന്തയുടെ ലക്ഷണം.)
Wednesday, December 30, 2020
Thursday, December 24, 2020
പ്രണയവർണ്ണങ്ങൾ - 3
കല്യേ, മനസ്സിന്റെ ചാരത്തു വന്നൂ
മെല്ലേ, കുറുമ്പാൽ, കളിക്കൂട്ടുകാരീ!
കള്ളും കറുപ്പിച്ച കേക്കും കഴിക്കേ
ഉള്ളം കവർന്നോരു രാഗം മറന്നോ?
(വൃത്തം കല്യാണി. സംസ്കൃതവൃത്തലക്ഷണമുള്ള ഭാഷാവൃത്തമാണു കല്യാണി. കല്യാണി തഗണം മൂന്നു ഗുരു രണ്ടോടു ചേരുകിൽ [കല്യാണിയാകും ത മൂന്നും ഗ രണ്ടും].)
Tuesday, December 22, 2020
പ്രണയവർണ്ണങ്ങൾ - 2
നീമാഞ്ഞകന്നാൽ, നിനവായ് പൊലിഞ്ഞാൽ
ആമോദമെല്ലാം അലയറ്റു പോയാൽ
പ്രേമം തുളുമ്പും ഹൃദയം തകർന്നി-
ട്ടാമാത്ര ഞാനും പരലോകമെത്തും!
(വൃത്തം: ഇന്ദ്രവജ്ര)
Labels: ഇന്ദ്രവജ്ര, പ്രണയം, ശ്ലോകം
Monday, December 21, 2020
ശാന്ത (സാന്റ) ക്കാലത്തെ പ്രണയവർണ്ണങ്ങൾ
പിറ്റേന്ന് ഓഫീസിൽ പോകേണ്ടാത്ത ഒരു ഞായറാഴ്ച വൈകുന്നേരം French 75 രണ്ടെണ്ണം അടിച്ചിരുന്നപ്പോൾ പുഷ്പിതാഗ്രയിൽ ശ്ലോകമെഴുതാൻ പറ്റിയ സന്ദർഭം ഒത്തുവന്നു. എന്നാൽപ്പിന്നെ ഒരു പ്രേമകാവ്യം ആയാലോ. ആർക്കും കിട്ടി ബോധിക്കാനായിരുന്നില്ല. കിട്ടുന്നവർ പതുക്കെ മറുപടി തന്നാൽ മതി. 😀
(വൃത്തം: പുഷ്പിതാഗ്ര. നനരയ വിഷമത്തിലും സമത്തിൽ പുനരിഹ നംജജരംഗ പുഷ്പിതാഗ്ര.)
അടിമുടി വിഷമം വിതച്ച കാലം
ഞൊടിയിലുവന്നനുരാഗ വീണമീട്ടീ
കടമിഴി കനിവാൽ കവർന്നു നീയെ-
ന്നടപടലം കഥയറ്റൊരീ ഹൃദന്തം!
(വൃത്തം: പുഷ്പിതാഗ്ര. നനരയ വിഷമത്തിലും സമത്തിൽ പുനരിഹ നംജജരംഗ പുഷ്പിതാഗ്ര.)
Labels: പുഷ്പിതാഗ്ര, പ്രണയം, ശ്ലോകം
Thursday, February 14, 2019
പ്രാഡയോ ഗുച്ചിയോ
“എടേയ്, പ്രാഡ വേണോ ഗുച്ചി വേണോ?”
“ഇത് ഇന്ന് രാവിലെയാണോ ആലോചിക്കുന്നത്? എന്തായാലും വാങ്ങുന്ന സ്ഥിതിക്ക് എംകെ ആവട്ടെ.”
“എംകെ വൃത്തത്തിൽ നിൽക്കില്ല. പ്രാഡ, ഗുച്ചി, ഫെന്റി ഇതിൽ ഒന്ന് എടുക്ക്...”
“എനിക്ക് വേറേ പണിയുണ്ട്!”
Happy Valentines Day!
(മന്ദാക്രാന്ത വൃത്തം. സമാനമനസ്കരിൽ നിന്നും സമസ്യാപൂരണങ്ങൾ ക്ഷണിക്കുന്നു.)
“ഇത് ഇന്ന് രാവിലെയാണോ ആലോചിക്കുന്നത്? എന്തായാലും വാങ്ങുന്ന സ്ഥിതിക്ക് എംകെ ആവട്ടെ.”
“എംകെ വൃത്തത്തിൽ നിൽക്കില്ല. പ്രാഡ, ഗുച്ചി, ഫെന്റി ഇതിൽ ഒന്ന് എടുക്ക്...”
“എനിക്ക് വേറേ പണിയുണ്ട്!”
വീണ്ടും വന്നൂ പ്രണയദിവസം, ലോകമെങ്ങും പ്രസാദം
വന്നേയില്ലാ, കരുതിമുഷിയും പ്രാഡതന്നോർഡർമാത്രം
വേഗം വാങ്ങീ മലരുകുലഞാൻ, കിട്ടിയില്ലെങ്കിലിന്നെൻ
വാലന്റൈനും വിറളിയിളകും ചാമ്പലായ് മാറ്റുമെന്നെ!
Happy Valentines Day!
(മന്ദാക്രാന്ത വൃത്തം. സമാനമനസ്കരിൽ നിന്നും സമസ്യാപൂരണങ്ങൾ ക്ഷണിക്കുന്നു.)
Labels: പ്രണയം, മന്ദാക്രാന്ത, വൈയക്തികം, ശ്ലോകം, സമസ്യ, സമസ്യാപൂരണം
Monday, February 14, 2011
പാടില്ല, പാടില്ല, നമ്മേ നമ്മൾ...
പുസ്തകത്താളിനിടയിലെവിടെയെങ്കിലും മയിൽപീലി പോയിട്ടു്, ഒരു സുമത്താളോ നഖക്ഷതമോ, എന്തിനു്, മഷിത്തുള്ളിയോ കണ്ടാൽ പോലും പ്രേമത്തിൽ പെട്ടുപോയിട്ടില്ലെന്നുറപ്പു വരുത്തുന്ന മാതാപിതാക്കളുള്ള ഒരു തലമുറയുണ്ടായിരുന്നു മലയാളത്തിൽ. ഇന്നാവട്ടെ, മകനു് സ്കൂളിൽ കൊടുത്തുവിട്ട ബാഗിനുള്ളിൽ സകലമാന പെൺതരികൾക്കുമുള്ള പ്രണയദിനസമ്മാനവുമുണ്ടായിരുന്നു—അതൊരുക്കിയതാവട്ടെ, സ്വന്തം അമ്മയും!
(ഈ ശ്ലോകം മദനാർത്ത വൃത്തത്തിലാണു്. എന്റെ പഴയ ശ്ലോകങ്ങൾ പരിശോധിച്ചാൽ ശ്ലോകവും വൃത്തവും തമ്മിലുള്ള ബന്ധം വ്യക്തമാവും.)
വന്നിഷ്ടമിയന്നെൻ പ്രിയസീമന്തിനി വീണ്ടും
നന്നായനുരാഗം പകരും മാദകനേരം,
അന്നേരമിടങ്കണ്ണുതിരിച്ചാൻ, മകനോതി:
"മുന്നേയറിയൂ, യിന്നു 'ലവേഴ്സിൻ ദിന'മല്ലേ?"
(ഈ ശ്ലോകം മദനാർത്ത വൃത്തത്തിലാണു്. എന്റെ പഴയ ശ്ലോകങ്ങൾ പരിശോധിച്ചാൽ ശ്ലോകവും വൃത്തവും തമ്മിലുള്ള ബന്ധം വ്യക്തമാവും.)
Saturday, February 14, 2009
പ്രണയദിനം
അഖണ്ഡമായ് വരുമുയര്‍ച്ചതാഴ്ചയില്‍
സുഖത്തിലും കഠിനമാതപത്തിലും
സഹിച്ചതാണു മമ രാഗഭാജനം:
സഖേ, വരൂ; പ്രണയഘോഷമാര്‍ക്കുവാന്‍!
[വൃത്തം: സുമംഗല. ലക്ഷണം: ജഭം ജരത്തൊടു സുമംഗലാഭിധം. ഇതിനുതന്നെ പഞ്ചചാമരമെന്നും പേരുണ്ടെന്നു് വൃത്തമഞ്ജരി പറയുന്നു. ഈ വൃത്തവും നമുക്കു് പരിചിതമായ പഞ്ചചാമരവും വ്യത്യസ്തങ്ങളാണു്.]
Tuesday, May 08, 2007
രമണി പറഞ്ഞത്
കല്യാണം കഴിക്കാതെ, സർവ്വതന്ത്രസ്വതന്ത്രരെന്ന് സ്വയം പ്രഖ്യാപിച്ച്, ലൌകിക ജീവിതത്തിന്റെ സുഖമോ പൊരുളോ മനസ്സിലാക്കാൻ നാളിതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത അവിവാഹിതർ ഈ പോസ്റ്റ് തുടർന്നു വായിക്കരുത്. അവർ ആത്മഹർഷത്തിനായി ഇവിടെയോ, അതുമല്ലെങ്കിൽ ഇവിടെയോ സ്വമനസ്സാലെ പോകുന്നതാണ് നല്ലത്.
വിവാഹിതരിൽ തന്നെ, ഒരു കൂട്ടരെക്കൂടി ആട്ടിയോടിക്കാനുണ്ട്. ഒന്നാം തീയതി പെണ്ണുകണ്ട്, നാലാം തീയതി കല്യാണ നിശ്ചയം കഴിഞ്ഞ് ഏഴാം തീയതി പുടവ കൊടുത്തവരും തുടർന്ന് വായിച്ചിട്ട് യാതൊരു കാര്യവുമില്ല. നിങ്ങൾക്കു പോകാൻ നല്ലൊരിടം നിർദ്ദേശിക്കാനുമാവുന്നില്ലല്ലോ ഭഗവാനേ!
ചുരുക്കിപ്പറഞ്ഞാൽ നിശ്ചയത്തിനും കല്യാണത്തിനും ഇടയ്ക്ക് കുറഞ്ഞത് ആറുമാസമെങ്കിലും ത്രിശങ്കു സ്വർഗ്ഗത്തിലായിരുന്നവരോ, ആറുമാസമെങ്കിലും പ്രേമിച്ച ശേഷം കല്യാണം കഴിച്ചവരോ മാത്രം വായിക്കേണ്ടുന്ന പോസ്റ്റാകുന്നു ഇത്.
ഇനിയും തുടർന്നു വായിക്കുന്നവരേ, അഭിനന്ദനങ്ങൾ! നിങ്ങൾക്കാണല്ലോ, നടക്കാന്‍ സാധ്യതയില്ലാത്ത ഒരുപാട് സ്വപ്നങ്ങൾ പ്രിയതമയോടൊപ്പം ഓർത്തുകൂട്ടാനായത്. ഒരുമിച്ചു കണ്ട പൈങ്കിളി സിനിമയിലെ നായകനും നായികയും നോക്കെത്താദൂരത്തുള്ള വയലേലകളുടെ അങ്ങേത്തലയ്ക്കുള്ള കൊച്ചു വീട്ടിൽ കാല്പനികതയുടെ മണ്ണപ്പം ചുട്ടു നിരത്തുന്ന രംഗം കണ്ട് മതിമറന്ന്, “കളകളാരവത്താൽ ഒഴുകിയൊളിക്കുന്ന കുഞ്ഞരുവിയുടെ കരയിൽ ഒരു ചെറിയ വീട്. അതിൽ നമ്മൾ രണ്ടാൾ മാത്രം. പിന്നെ, പതിയെപ്പതിയെ, നമുക്കു ചുറ്റും പാടിപ്പറന്നു നടക്കുന്ന ആറ് കുട്ടികൾ...” എന്നു നിങ്ങളും, “ഞാന്‍ റെഡി!” എന്ന് അവളും പറഞ്ഞു കൂട്ടിയത്.
അനുഭവിക്കുക!
[ഈ ശ്ലോകം കളത്രം എന്ന വൃത്തത്തിലാണ്. മദിര എന്ന വൃത്തത്തിൽ മദിരയെപ്പറ്റി അതിമനോഹരമായ ശ്ലോകം ചമച്ച രാജേഷ് വർമ്മയ്ക്ക് സമർപ്പണം.]

കനവുകളേറും ദിനമതിലൊന്നിൽ പ്രണയിനി ചൊന്നിതു പോലെ:
‘ചെറിയൊരു വീടും, വിപിനവുമാറും, പുരുഷ കുലോത്തമരാറും!’
പരിണയ ശേഷം പല കഥ മാറീ, ‘ബഹുനില വീടതു വേണം,
നഗരസുഖങ്ങൾ, മകനവനൊന്നും’, രമണി പറഞ്ഞതു കാര്യം.
[ഈ ശ്ലോകം കളത്രം എന്ന വൃത്തത്തിലാണ്. മദിര എന്ന വൃത്തത്തിൽ മദിരയെപ്പറ്റി അതിമനോഹരമായ ശ്ലോകം ചമച്ച രാജേഷ് വർമ്മയ്ക്ക് സമർപ്പണം.]