ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, May 23, 2019

ചില അക്കാദമിക പ്രശ്നങ്ങൾ

(സംഗതി ‘അക്കാദമിക’മാണ്. ഭാഷ കൃത്രിമവും.)

വെളിച്ചം ഇരുളുമായി ഇണചേർന്നുണ്ടാകുന്ന അതിഭാവുകത്വത്തിന്റെ അണലിപ്പാമ്പുപോലെ വസന്തകാലസായാഹ്നം പ്രേക്ഷകരെ വിറങ്ങലിപ്പിക്കാൻ തയ്യാറെടുത്തു. ഇരുളുറയ്ക്കാത്ത സന്ധ്യാഹൃദയത്തെക്കീറിത്തെറിപ്പിച്ച് ഗാനവും ജീവിതവും പോരാടിത്തകർക്കുന്ന വേദിയൊരുങ്ങി. മയിരും ഉയിരും തമ്മിലുള്ള കിടമത്സരങ്ങൾ. അത്യുക്തിയിലാറാടുന്ന അദ്ഭുതാവതാരങ്ങൾ. ഗ്രഹണനേരം നോക്കി നിലമുഴുതുമറിക്കുന്ന വിഷകുണ്ഡലികൾ.

കറുത്തവാവിലെ കൊള്ളിയാൻ പ്രഭപോലെ അങ്ങുമിങ്ങും പൊടിയുന്ന പ്രതിഭാങ്കുരണം. പുളകോദ്‌ഗമത്തിന്റെ മാങ്കറയേറ്റു പൊള്ളുന്നതിനുമുമ്പ് അവസാനിപ്പിച്ചടയിരുത്തിയ പൊൻകതിരുകൾ. കനിമൊഴികൾക്കു കണ്ണേറുകിട്ടി കരിഞ്ഞുപോകാതിരിക്കാൻ പാറയിടുക്കിൽ ആനയിച്ചിരുത്തിയ ലോഹസീൽക്കാരം. നാലുനാഴിക നീളുന്ന നാലദ്ധ്യായങ്ങൾ. സർഗ്ഗശേഷികാണാൻ ചൂണ്ടുപലക സഹായങ്ങൾ. മദ്ധ്യമത്വം മദം പൊട്ടി കലങ്ങിയൊലിച്ചൊഴുകിക്കഴിഞ്ഞപ്പോൾ വരാൽക്കുഞ്ഞുങ്ങൾ പൊന്തിവന്നു. അവ ഇരകൊത്താതെ തെന്നിയും തെറിച്ചും ചൂണ്ടക്കാരനെ ദ്രോഹിച്ചു. വഴുവഴുപ്പിന്റെ പാഠഭേദങ്ങൾക്കൊടുവിൽ സംഗ്രാമം മത്സ്യാവതാരങ്ങൾക്കു നൽകിയ കൂപ്പുകൈകൾ.

ഭക്ത്യാദരമൂർച്ഛയിൽ പാതിബോധത്തിലാണ്ടവരെ പരിപാലിക്കാൻ മയിലെണ്ണ ചേർത്ത ഒറ്റമൂലിഗുളികകൾ. ഗുഡം സേവിച്ചവർ ഗുണം പറഞ്ഞ് ഭാഗ്യത്തിന്റെ അവസ്ഥാന്തരങ്ങൾ കുറിച്ചു. ഇടയ്ക്കെവിടെയോ ആഘോഷത്തിന്റെ പരകോടിയിൽ ദീനനാദങ്ങളുടെ പിന്നണി. ഗുഹാമുഖങ്ങളിൽ പേര് കൊത്തി ചിലർ കേമത്തം കളിച്ചു. പണിയാളികൾ നന്ദിരാഹിത്യത്തിന്റെ നാടൻപാട്ടു പാടി. അതിവേദനയുള്ള വാക്കുകൾ അടുക്കിവച്ച് രാത്രി ചെറുപ്പമായിത്തുടർന്നു.

Labels: ,

Friday, May 17, 2019

പൊടിക്കൈകൾ

ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നതു തടയാനുള്ള പൊടിക്കൈയാണ് ഇന്നത്തെ അടുക്കളക്കാഴ്ചയിൽ.

ഒരു സ്റ്റീൽ ടംബ്ലറിൽ ആറ് ഐസ് കഷണങ്ങൾ എടുക്കുക. അതിൽ 60 മില്ലി വോഡ്ക, 7.5 മില്ലി ഡ്രൈ വെർമൂത്, 5 മില്ലി ഒലീവ് ജ്യൂസ് എന്നിവ ചേർത്ത ശേഷം ഒരു ഗ്ലാസ്കോലുകൊണ്ട് ചേരുവകൾ ഇളക്കുക (കുലുക്കരുത്!). എന്നിട്ട് ആ ദ്രാവകക്കൂട്ട് ഐസ് ഒഴിവാക്കി അരിച്ച് വാവട്ടം കൂടിയ ഒരു ഗ്ലാസിലേയ്ക്കു പകരുക. അതിലേയ്ക്ക് മൂന്ന് ഒലീവു കഷണങ്ങൾ ഒരു ചെറുകമ്പിൽ കുത്തി ഇറക്കിവയ്ക്കുക.

ഉള്ളി അരിയാൻ തുടങ്ങുന്നതിനു മുമ്പ് ഈ കൂട്ടിൽ നിന്നും ഒരു സിപ്പ് പതുക്കെ നുണയുക. പിന്നെ കണ്ണു നിറയുന്നു എന്നു തോന്നുമ്പോഴൊക്കെ ഈ ദ്രാവകക്കൂട്ട് നുണഞ്ഞുകൊണ്ടേയിരിക്കുക. ഗ്ലാസ് കാലിയായാലും ഉള്ളി അരിഞ്ഞുതീരുന്നില്ലെങ്കിൽ വീണ്ടും കൂട്ടുണ്ടാക്കി വച്ച ശേഷം മാത്രമേ ഉള്ളി അരിയൽ തുടരാവൂ.

മൂർച്ചകുറഞ്ഞ കത്തിയാണ് ഈ പൊടിക്കൈയ്ക്കൊപ്പം ഉപയോഗിക്കേണ്ടത്.

Labels: