ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, September 27, 2022

കാശിക്ക് പോകാൻ

അലക്കൊഴിഞ്ഞൊരിക്കലീ-
പ്പടിക്കകം കടക്കണം,
വടക്കു പോയി കാശിയും
ശരിക്കു കണ്ടു വാഴണം.

വൃത്തം: പ്രമാണിക. (പ്രമാണികാ ജരം ല ഗം)

Labels: ,

Monday, September 26, 2022

മുടന്തി നീ നടക്കുമോ?

Tell me, if I caught you one day
And kissed the sole of your foot,
Wouldn't you limp a little then,
Afraid to crush my kiss?

റൊമേനിയൻ കവിയായ Nichita Stănescu വിന്റെ ഈ കവിതയുടെ ഒരു മലയാള പരിഭാഷ അടുത്തകാലത്ത് കണ്ണിൽപ്പെട്ടു. പരിഭാഷ ഫേസ്ബുക്ക് സ്ട്രീമിലും മെസ്സേജുകളായും പലതവണ കണ്ടതിനാൽ വളരെ സ്വീകാര്യതയുള്ളതായി തോന്നിയെങ്കിലും എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിനാൽ സ്വയം പരിഭാഷപ്പെടുത്തുന്നു.

ആദ്യം ഒരു മിനിമലിസ്റ്റ് വൃത്തമാണ് നോക്കിയത്. പഞ്ചചാമരത്തിനെ നേർപകുതിയായി മുറിച്ച പ്രമാണിക.
പിടിച്ചൊരിക്കൽ നിന്റെ കാൽ-
പ്പദത്തിലുമ്മവയ്ക്കുകിൽ
മുടന്തുമോ, ഹ! ചുംബനം
ഞെരിഞ്ഞിടാതിരിക്കുവാൻ?

പക്ഷേ ഇത് മാത്രം വായിച്ചാൽ എന്തിനാ മുടന്തുന്നത് എന്ന് മനസ്സിലാവാൻ സാധ്യതയില്ലല്ലോ. മാത്രമല്ല, മൂന്നാം വരിയിലെ ഹ! ഒഴിവാക്കാൻ നോക്കിയിട്ട് പറ്റുന്നുമില്ല.

എന്നാൽപ്പിന്നെ അല്പം കൂടി വലിയവൃത്തമായ ഭുജംഗപ്രയാതത്തിൽ ആകാം എന്നുവച്ചു.
പിടിച്ചിട്ടൊരിക്കൽപ്പദത്തിൽപ്പതുക്കെ
മുകർന്നെന്നു വന്നാൽ, സഖേ, ചൊല്ലുമോ നീ:
നിനക്കായി ഞാൻ തന്നൊരാച്ചുംബനങ്ങൾ
ഞെരിക്കും ഭയത്താൽ മുടന്തില്ലെ, നീയും?

ഒറിജിനലിനോട് നീതിപുലർത്തുന്ന പരിഭാഷയാണിത്. എങ്കിലും ഭുജംഗപ്രയാതം പ്രണയം പ്രകടിപ്പിക്കാൻ പറ്റിയ വൃത്തമല്ലാത്തതിനാൽ പൊടിപ്പും തൊങ്ങലും ചേർക്കേണ്ടി വന്നാലും അല്പംകൂടി വലിയ വൃത്തമായ പഞ്ചചാമരം ചേരുമെന്ന് തോന്നി.
പിടിച്ചൊരിക്കൽ നിന്നെ നിന്റെ പാദപത്മമാകവേ
നിറച്ചു ചുംബനങ്ങളേറെ രാഗമോടെ നല്കിയാൽ
മുടന്തി നീ നടക്കുമോ, മനം കവർന്നൊരുമ്മകൾ-
ചതഞ്ഞരഞ്ഞുപോകുമെന്ന ഭീതിയാൽ, നിരന്തരം?

ഇതിന്റെ അവസാനവരിയിൽ നിരന്തരം എന്നതിനു പകരം മനോഹരീ എന്നാണ് ആദ്യം എഴുതിയത്. എന്നാൽ ഒറിജിനലും പ്രമാണികയിലും ഭുജംഗപ്രയാതത്തിലും എഴുതിയ പരിഭാഷകളും ലിംഗനിഷ്പക്ഷമായതിനാൽ (gender neutral) മനോഹരീ മാറ്റി നിരന്തരം എന്നാക്കുകയായിരുന്നു. ഇങ്ങനെയാണ് ആദ്യം എഴുതിയത്:
പിടിച്ചൊരിക്കൽ നിന്നെ നിന്റെ കാൽപ്പദത്തിലാകവേ
പടുത്വമോടെ ഞാൻ നിറച്ചു ചുംബനങ്ങളേകിയാൽ
മുടന്തി നീ നടക്കുമോ, നിറം പകർന്നൊരുമ്മകൾ-
ചതഞ്ഞരഞ്ഞുപോകുമെന്ന ഭീതിയാൽ, മനോഹരീ?

Labels: , , , ,