ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, August 20, 2025

Who cares? അഥവാ ഭാര്യ വീട്ടിലില്ലാത്തപ്പോൾ ചെയ്യരുതാത്ത കാര്യങ്ങൾ

ഹൂക്കഴിച്ചു നോക്കിമെല്ലെ
"ഹോ! ക്കമാലു" ചൊല്ലിനോക്കി
ഹാ, ക്കിരാതസുന്ദരാംഗി
ഹൂക്കെയേഴ്സു മട്ടിലായി!

(വൃത്തം: സമാനിക. ലക്ഷണം: രം സമാനികാ ജഗം ല)

Reference: https://youtu.be/HSzPj2b8kDY

Labels: , ,

Thursday, March 18, 2021

മാസ്കും ഞാനും

അനുഷ്ടുപ്പ് ഒരു കൊനഷ്ടുപ്പ് വൃത്തമാണ്. അനുഷ്ടുപ്പിൽ ആദ്യമായി രണ്ടു ശ്ലോകം എഴുതി. രണ്ടും പത്ഥ്യാവക്ത്രത്തിലാണ്.

മാസ്ക് മാറ്റൂ: കാവ്യാത്മകമായി
മാസ്കിട്ട നിൻ മുഖം പോലു-
മമ്പിളിക്കലപോലെയാം
കാലമൊട്ടു കഴിഞ്ഞില്ലേ
യെന്നു പൗർണ്ണമിയായിടും?

മാസ്ക് മാറ്റൂ: പച്ചയ്ക്ക്
മാസ്കിട്ടു നീ നടന്നിട്ടു
വർഷമൊന്നായി സുന്ദരീ,
തുണി മാറ്റൂ, നുകർന്നോട്ടേ
നിന്റെ ചുണ്ടുകളിന്നു ഞാൻ!

വൃത്തം: അനുഷ്ടുപ്പ്. ലക്ഷണം:
ഏതുമാവാമാദ്യവർണ്ണം;
നസങ്ങളതിനപ്പുറം എല്ലാപ്പാദത്തിലും വർജ്ജ്യം;
പിന്നെ നാലിന്റെ ശേഷമായ്
സമത്തിൽ ജഗണം വേണം;
ജസമോജത്തിൽ വർജ്ജ്യമാം.
ഇതാണാനുഷ്ടുഭത്തിന്റെ ലക്ഷണം കവിസമ്മതം.
സമത്തിലാദ്യപരമായ് രേഫവും പതിവില്ല കേൾ;
നോക്കേണ്ടതിഹ സർവ്വത്ര കേൾവിക്കുള്ളൊരു ഭംഗി താൻ

ഇനി, പത്ഥ്യാവക്‌ത്രത്തിന്റെ ലക്ഷണം പറഞ്ഞാൽ:
നാലിന്നുപരി വക്ത്രം തൻ
സമപാദങ്ങൾ രണ്ടിലും
യസ്ഥാനത്തു ജകാരത്താൽ
പത്ഥ്യാവക്ത്രാഖ്യമായിടും

Labels: , ,

Sunday, May 17, 2020

മടിയുടെ വില

സ്കൂൾ/കോളജ് കാലത്ത് ഉഴറിനടന്നിരുന്നപ്പോൾ എന്റെ അടുത്ത സുഹൃത്ത് എന്നെ (മറ്റുപലരേയും) ഉപദേശിക്കാൻ ഉപയോഗിക്കുന്ന ഒരു സ്ഥിരം വാചകമുണ്ടായിരുന്നു.
"അളിയാ, പറയേണ്ടത് പറയേണ്ടസമയത്ത് പറിഞ്ഞില്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടിവരും!"

കഴിഞ്ഞ ദിവസം ഉമേഷ് താഴെപ്പറയുന്ന ശ്ലോകം (മറ്റൊരു സന്ദർഭത്തിൽ) പരിചയപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വീണ്ടും ഓർമ്മ വരുന്നത്.
ക്ഷണം ചിത്തം ക്ഷണം വിത്തം
ക്ഷണം ജീവിതമാവയോഃ
യമസ്യ കരുണാ നാസ്തി
ധർമ്മസ്യ ത്വരിതാ ഗതിഃ

പൊതുവേ വമ്പൻ ശ്ലോകങ്ങളെ പല ഏരിശീരുകളും ഉപേക്ഷിച്ച് ചെറിയ വൃത്തത്തിലാക്കുന്നത് എളുപ്പമായതിനാൽ ആ പണിയാണ് എനിക്കു കമ്പം. എന്നാൽ പത്ഥ്യാവക്ത്രം വൃത്തത്തിൽ ആറ്റിക്കുറുക്കിയ ഈ ശ്ലോകം ഇനി എങ്ങനെ ചെറുതാക്കാൻ? അതിനാൽ പഞ്ചചാമരത്തിൽ നീട്ടിപ്പരത്തിയതാണ് താഴെ.
മനസ്സുമാറി വന്നിടാം, ധനം കുറഞ്ഞു പോയിടാം
നമുക്കുഭൂവിൽ ജീവിതം ഞൊടിയ്ക്കു തീരുവാൻ മതീ
കൊടുംതപസ്സു ചെയ്കിലും കനിഞ്ഞിടില്ല കാലനും
നടത്തിടേണ്ടതൊക്കെയും ക്ഷണത്തിലങ്ങു ചെയ്യുവിൻ!

Labels: , , ,