കലനം കേരളത്തില്‍ നിന്ന്?
ന്യൂയോര്‍ക്കിലെ യൂണിവേഴ്സിറ്റി ഓഫ് റോചെസ്റ്ററിലെ പ്രൊഫസറായ ശ്രീ. എസ്. ജി. രാജീവ് പുഴ മാഗസിന്‍റെ 2006 ഓഗസ്റ്റ്-സെപ്റ്റംബര്‍ ലക്കത്തില്‍ ‘കാല്‍ക്കുലസിന്‍റെ ഉത്ഭവം കേരളത്തില്‍’ എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരുന്നു.
ലേഖനം പറയുന്നു:
ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും മലയാളികള്‍ വഹിച്ച പങ്കിനെക്കുറിച്ച് നിലവിലുള്ള ആധികാരിക രേഖകള്‍ കെ. വി. ശര്‍മ്മയുടെ പഠനക്കുറിപ്പുകളാണ്. ക്രിസ്തുയുഗം 1300-1600 കാലഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ വസിച്ചിരുന്ന ഗണിത-ജ്യോതിശാസ്ത്ര പണ്ഡിതന്മാരാണ് കാല്‍ക്കുലസ് സിദ്ധാന്തത്തിന്‍റെ ആദ്യ പ്രയോക്താക്കള്‍. ക്രിസ്തുയുഗം പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സങ്കഗ്രാമത്തിലെ മാധവനാണ് ഈ ചിന്താസരണിയുടെ സ്ഥാപകന്‍. ക്രിസ്തുയുഗം പതിനേഴാം നൂറ്റാണ്ടുവരെ ഇദ്ദേഹത്തിന്‍റെയും ശിഷ്യരുടെയും കണ്ടുപിടുത്തങ്ങളാണ് ഗണിത-ജ്യോതിശാസ്ത്രത്തെ നയിച്ചിരുന്നത്.
ഇതേ ലേഖനത്തില്‍ മറ്റൊരിടത്ത് ലേഖകന്‍ ഇങ്ങനെ പറയുന്നു:
പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലഘട്ടം വരെ മാധവന്‍റെയും ശിഷ്യരുടെയും ചിന്താധാരകളാണ് ജ്യോതിശാസ്ത്ര-ഗണിത ശാസ്ത്ര ലോകത്തെ നയിച്ചിരുന്നത്.
ലേഖനം തുടരുന്നു:
മാധവന്‍റെ പല സിദ്ധാന്തങ്ങളെയും ആസ്പദമാക്കി ശിഷ്യര്‍ നടത്തിയ പഠനങ്ങളെ അധികരിച്ച് നൂറുകണക്കിന് ഗണിത ശാസ്ത്രഗ്രന്ഥങ്ങള്‍ ഇക്കാലത്ത് പിറവി കൊടുത്തിരുന്നു.
നൂറുകണക്കിനുള്ള ഈ ഗ്രന്ഥങ്ങളില്‍ ഏതെങ്കിലുമൊക്കെ പ്രസിദ്ധീകൃതമായിട്ടുണ്ടോ, ഉണ്ടെങ്കില്‍ത്തന്നെ ഗണിതശാസ്ത്ര ഗവേഷണത്തില്‍ തല്പരരായ, എന്നാല്‍ സംസ്കൃതജ്ഞാനമില്ലാത്തവരായവര്‍ക്ക് പ്രയോജനപ്പെടും വിധം പരിഭാഷപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
പ്രസ്തുത ലേഖനം, താഴെപ്പറയുന്ന ജ്യോതിശാസ്ത്ര/ഗണിതശാസ്ത്രജ്ഞന്മാരെയും അവരുടെ കൃതികളെയും/സംഭാവനകളെയും പറ്റി പരാമര്‍ശിക്കുന്നുണ്ട്.
പരമേശ്വരന്‍ (1360-1455): drk granita-യുടെ ഉപജ്ഞാതാവ്. മാധവന്‍റെ ശിഷ്യന്‍. മുപ്പതോളം കൃതികളുടെ കര്‍ത്താവ്.
ദാമോദരന്‍ (1410-1510): പരമേശ്വരന്‍റെ മകനും ശിഷ്യനും.
നീലകണ്ഠ സോമയാജി (1444-1545): ദാമോദരന്‍റെ ശിഷ്യന്‍. തന്ത്ര സംഹിത, ഗ്രഹ പരീത്‍സാകര്‍മ്മ എന്നിവ പ്രധാന കൃതികള്‍.
ജ്യേഷ്ഠദേവന്‍ (1500-1610): ദാമോദരന്‍റെ ശിഷ്യന്‍. കാല്‍ക്കുലസ് സിദ്ധാന്തങ്ങളെക്കുറിച്ചുള്ള മലയാള കൃതിയായ ‘യുക്തിഭാഷ’യുടെ രചയിതാവ്.
അച്യുത പിഷാരടി (1550-1621): ജയദേവന്‍റെ ശിഷ്യന്‍. സ്ഫുടനിര്‍ണ്ണയം, രസി-ഗോള-സ്ഫുട-നീതി എന്ന കൃതികളുടെ രചയിതാവ്.
നാരായണീയത്തിന്‍റെ രചയിതാവായ മേല്പത്തൂര്‍ ഭട്ടതിരിപ്പാട് ഗണിത വ്യാകരണത്തില്‍ അഗ്രഗണ്യനായിരുന്നുവെന്നും ലേഖനം പറയുന്നു.
വീണ്ടും ലേഖനത്തിലേയ്ക്ക്:
ഗണിതശാസ്ത്രലോകത്ത് ഇക്കാലത്ത് കേരളീയര്‍ നല്‍കിയ സംഭാവനകള്‍ അതുല്യമായിരുന്നു. ഈ കാലയളവിലെ പല പഠന ഗ്രന്ഥങ്ങളുടെയും പേരില്‍ ആധികാരികതയ്ക്കായി ‘കേരളം’ എന്നു ചേര്‍ത്തിരുന്നതുതന്നെ നമ്മുടെ ശാസ്ത്രജ്ഞരുടെ സംഭാവന പ്രകടമാക്കുന്ന വസ്തുതയാണ്.
കലനം (കാല്‍ക്കുലസ്) ഉള്‍പ്പടെയുള്ള ഗണിതശാസ്ത്ര സിദ്ധാന്തങ്ങള്‍ കേരളത്തില്‍ ഉടലെടുത്തവയാണെന്നതിന് വിശ്വാസ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രൊഫസര്‍ രാജീവ് പറയുന്നത്. ഈ രഹസ്യം മലയാളികള്‍ക്കുപോലും രഹസ്യമായി തുടരുന്നത് “നമ്മുടെ ബുദ്ധിപരമായ അലസതയെ ഒരളവുവരെ തുറന്നുകാട്ടുന്നതാണെ”ന്നും ശ്രീ. രാജീവ് പറയുന്നു. എന്നാല്‍ ഈ തെളിവുകള്‍ എന്തൊക്കെയാണെന്ന് പ്രൊഫസര്‍ രാജീവ് പറയുന്നില്ല.
വിദേശാധിനിവേശത്തോടെ ഗണിതശാസ്ത്രത്തിലും മറ്റും കേരളത്തിന്‍റെ സംഭാവനകള്‍ കുറഞ്ഞുതുടങ്ങിയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി സമ്മതിക്കുമ്പോഴും ലേഖകന്‍റെ താഴെപ്പറയുന്ന വരികള്‍ തെളിയിക്കുന്നത്, ഗണിത/ജ്യോതി ശാസ്ത്രത്തില്‍ പതിന്നാലാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള തെളിവുകള്‍ അനിഷേധ്യമാണെന്നു തന്നെയാണ്.
മലയാളസാഹിത്യത്തിന്‍റെ തുടക്കവും പണ്ഡിതന്മാരായ ജസ്യൂട്ട് പാതിരിമാരുടെ വരവും ഈ കാലഘട്ടത്തിലാണ്. കേരളത്തില്‍ അന്ന് ലഭ്യമായ വിവരങ്ങള്‍ യൂറോപ്പിലേക്ക് സംക്രമിക്കാന്‍ വിദേശികള്‍ കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമിന്നില്ല.
‘ഇന്ത്യയുമായുള്ള വാണിജ്യബന്ധം തുടങ്ങിയതോടെയാണ് ഗണിത ജ്യോതിശാസ്ത്ര മേഖലകളില്‍ യൂറോപ്പിലും പ്രകടമായ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതെന്ന് ഭാവിപഠനങ്ങള്‍ തെളിയിക്കും വരെ’, ഇത്തരം വാദങ്ങള്‍ വഴി നാം സ്വയം അപഹാസ്യരാവാനാണ് സാധ്യത കൂടുതല്‍.
Labels: ലേഖനം