ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, May 21, 2007

കമന്‍റിനും ക്രമനമ്പര്‍

ഒരു ബ്ലോഗു തുടങ്ങി രണ്ടു നാലു പോസ്റ്റൊക്കെയിട്ട് കമന്‍റു വരുന്നതും നോക്കിയിരിക്കുമ്പോള്‍ ബൂലോകത്ത് ഒരു മാഫിയാമണമടിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ ഉല്‍കണ്ഠയൊക്കെ അതിജീവിച്ച്, കിട്ടുന്ന കമന്‍റൊക്കെ എണ്ണിപ്പെറുക്കി നാളുകള്‍ തള്ളി നീക്കുമ്പോള്‍, ഒരു കമന്‍റു പ്രളയമുണ്ടായാലോ?

അപ്പോള്‍ വരും, കഴുകന്‍ കണ്ണുകളുമായി ചിലര്‍. അമ്പതാമത്തെയും നൂറ്റമ്പതാമത്തെയും കമന്‍റുകൊണ്ട് തൃപ്തിപ്പെടുന്ന ചിലര്‍, നൂറ്, ഇരുനൂറ് എന്നിവ മാത്രമടിക്കുന്ന ചിലര്‍, ഇരുനൂറ്റമ്പത്, അഞ്ഞൂറ് എന്നിവയില്‍ മാത്രം കണ്ണുള്ള ചില വമ്പന്മാര്‍ വേറേയും. ചിലര്‍ ഒറ്റയ്ക്കാക്രമിക്കുന്നവരാണെങ്കില്‍, മറ്റുചിലരാവട്ടെ, കൂട്ടത്തോടെ ആക്രമിക്കുന്നവരാകുന്നു. ചില എഴുത്തുകാര്‍ക്ക് ഈ കമന്‍റ് പ്രളയം ഇഷ്ടമാണ്. മറ്റു ചിലര്‍ക്ക് ഇതിനോട് വലിയ തൃപ്തിയില്ല. കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ, ഞാനായിട്ട് വേണ്ടെന്നു പറയുന്നില്ല എന്നുള്ളവരാണ് അധികവും. ഒരു കാര്യത്തില്‍ തര്‍ക്കമില്ല: കമന്‍റ് സങ്കീര്‍ണ്ണമാണ്.

ദേഹം നോക്കാതെ കമന്‍റു തൊഴിലാളികള്‍ അത്യദ്ധ്വാനം ചെയ്യുന്ന ബ്ലോഗുകളുടെ ഉടമകള്‍ക്ക് വേണ്ടിയാകുന്നു ഈ കുറിപ്പ്. അധികം കമന്‍റു കിട്ടാത്ത ബ്ലോഗര്‍മാരും ഈ വിദ്യ ഉപയോഗിച്ചാല്‍ എളുപ്പം കമന്‍റുകള്‍ സ്വന്തമാക്കാം. ഇത് വായിച്ചു പുച്ഛിച്ചു തള്ളുന്നവരുടെ ബ്ലോഗുകളില്‍ അടുത്ത ആറുമാസം കമന്‍റു വീഴാനുള്ള സാധ്യത വിരളമാണ്.

കമന്‍റുകള്‍ക്ക് എങ്ങനെ ക്രമനമ്പര്‍ നല്‍കാം എന്നാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇതുകൊണ്ടുള്ള പ്രയോജനമെന്തെന്നോ? പോസ്റ്റുനോക്കുന്നയാള്‍ക്ക് ഇതുവരെ എത്ര കമന്‍റായി എന്നും താന്‍ ഇട്ട (അഥവാ ഇടാന്‍ പോകുന്ന) കമന്‍റ് ഏതെങ്കിലും നാഴികക്കല്‍ക്കമന്‍റ് ആവുമോ എന്നും എളുപ്പം മനസ്സിലാവുന്നു. ഇതുമൂലം ആ പോസ്റ്റിലെ കമന്‍റിന്‍റെ എണ്ണം കൂടുന്നതെങ്ങനെ എന്ന് നോക്കാം:

ബൂലോകത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു വായനക്കാരന്‍റെ അല്ലെങ്കില്‍ വായനക്കാരിയുടെ (വക്കാരിയുടെയല്ല) സ്ഥാനത്ത് നിങ്ങളെ സങ്കല്പിക്കുക. തേങ്ങ തിരുവുന്നതിനെപ്പറ്റിയെഴുതിയ പോസ്റ്റില്‍ ആരൊക്കെയോ ചേര്‍ന്ന് 24 കമന്‍റുകള്‍ അടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു കമന്‍റിടണം എന്ന തോന്നല്‍ വരാതിരിക്കുമോ?

സങ്കല്പ പുഷ്പക വിമാനത്തിലേറിയ സ്ഥിതിയ്ക്ക് നമുക്ക് അല്പം കൂടി മുന്നോട്ടു പോകാം. നിങ്ങള്‍ 25 അടിച്ചു പോയ ആ പോസ്റ്റ് പതിനഞ്ചുമിനിറ്റു കഴിഞ്ഞപ്പോല്‍ തൊഴിലാളികള്‍ കീഴടക്കി എന്നും സങ്കല്പിക്കുക. ഭാഗ്യം നിങ്ങളുടെ കൂടെ ആയതുകൊണ്ട്, നിങ്ങള്‍ക്ക് നൂറടിക്കാനായി ‘യാരോ ഒരാള്‍’ തൊണ്ണൂറ്റി ഒമ്പതാം കമന്‍റിട്ടിട്ടു പോയിരിക്കുന്നു. സമയം കളയാതെ നിങ്ങള്‍ നൂറടിക്കുന്നു. ഇനിയും സങ്കല്പയാത്ര തുടരുക. നിങ്ങള്‍ തന്നെ ഇരുനൂറാമത്തെയും മുന്നൂറ്റമ്പതാമത്തെയും കമന്‍റ് ആ പോസ്റ്റില്‍ ഇടുന്നു.

രണ്ടാഴ്ച കഴിഞ്ഞൊരു വെള്ളിയാഴ്ച (നിങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ജീവിക്കുന്നയാളാണെങ്കില്‍ വ്യാഴാഴ്ച) കൂട്ടുകാരോടൊത്ത് അതുമിതും പറഞ്ഞിരിക്കുന്നതിനിടയില്‍, വിഷയം കമന്‍റോളജി ആവുകയും നാഴികക്കല്‍ക്കമന്‍റുകളിടുന്നതില്‍ നിങ്ങളുടെ പ്രാഗത്ഭ്യം നിങ്ങള്‍ വിളിച്ചു കൂവുകയും ചെയ്യുന്നു. എന്തിനേറെപ്പറയുന്നു, കൂട്ടുകാര്‍ തെളിവാവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ പോസ്റ്റു വീണ്ടും തപ്പിയെടുക്കുന്നു. നാളിതുവരെ 640 കമന്‍റുകള്‍ വീണ ആ പോസ്റ്റിലാവട്ടെ, കമന്‍റ് ക്രമനമ്പറുകളില്ലാത്തതിനാല്‍ മുന്നൂറ്റമ്പതാം കമന്‍റ് നിങ്ങളുടേതാണെന്ന് തെളിയിക്കണമെങ്കില്‍ കുത്തിയിരുന്ന് എണ്ണിപ്പെറുക്കണമെന്ന അവസ്ഥ.

കമന്‍റു ക്രമനമ്പരിന്‍റെ ആവശ്യം മനസ്സിലായ സ്ഥിതിയ്ക്ക് നിങ്ങളുടെ ബ്ലോഗ്സ്പോട്ട് ബ്ലോഗില്‍ ഇതെങ്ങനെ സാധിക്കാം എന്നു നോക്കാം.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ വക കുസൃതികള്‍ കാണിക്കുന്നതിനു മുമ്പ് റ്റെം‍പ്ലേയ്റ്റ് ബായ്കപ്പ് ചെയ്യേണ്ടതാണ്.)

൧. ബ്ലോഗ്സ്പോട്ടിന്‍റെ ഡാഷ്ബോഡിലേയ്ക്ക് ലോഗിന്‍ ചെയ്യുക.



൨. ലോഗിന്‍ ചെയ്തു കഴിഞ്ഞ് നിങ്ങളുടെ ബ്ലോഗ് സെറ്റിംഗില്‍ ലേ ഔട്ട് എന്ന ലിങ്കില്‍ ക്ലിക്കുക.



൩. അടുത്തപടി എഡിറ്റ് എഛ്. റ്റി. എം. എല്‍ എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുകയാണ്.



൪. അടുത്ത പേജില്‍ എക്സ്പാന്‍ഡ് വിജെറ്റ് റ്റെം‍പ്ലേയ്റ്റ് എന്ന ചെക്ബോക്സ് ചെക്കു ചെയ്യുക.



൫. ഇനി, റ്റെം‍പ്ലേയ്റ്റിലുള്ളവ മുഴുവന്‍ സിലെക്റ്റ് ചെയ്യുക (മൌസ് കൊണ്ട് റൈറ്റ് ക്ലിക് ചെയ്ത് സിലെക്റ്റ് ഓള്‍ എന്നതില്‍ ക്ലിക് ചെയ്യണം). അതു കഴിഞ്ഞ് അവ കോപ്പി ചെയ്യണം (മൌസ് റൈറ്റ് ക്ലിക്, കോപ്പി).



൬. ഇങ്ങനെ കോപ്പി ചെയ്തത് ഒരു റ്റെക്സ്റ്റ് എഡിറ്ററില്‍ (നോട്പാഡ്) പേയ്സ്റ്റ് ചെയ്യുക.

൭. ഇനിയാണ് തന്ത്രപ്രധാനമായ ഭാഗം: നോട്പാഡില്‍ data:post.comments എന്ന വാക്കുകള്‍ ഉള്ള വരി കണ്ടു പിടിക്കുക. (ഇതിന് ഇങ്ങനെ ചെയ്താല്‍ മതിയാവും: നോട്പാഡ് വിന്‍ഡോയില്‍ കണ്‍‍ട്രോള്‍ കീയും ഹോം കീയും ഒന്നിച്ചമര്‍ത്തുക. ഇപ്പോള്‍ നിങ്ങള്‍ നോട്പാഡിന്‍റെ ആദ്യ വരിയിലെത്തി. ഇനി, കണ്‍‍ട്രോള്‍ കീയും കീബോഡിലെ F കീയും അമര്‍ത്തുക. Find എന്ന ഒരു ഡയലോഗ് മുന്നില്‍ വരും. Find what എന്ന് ചോദിക്കുന്നിടത്ത് data:post.comments എന്നത് വള്ളിപുള്ളി വിടാതെ ടൈപ്പ് ചെയ്യുക [ഇവിടുന്ന് കോപ്പി-പേയ്സ്റ്റ് ചെയ്താലും മതി]. എന്നിട്ട് Enter കീ അമര്‍ത്തുക.)

൮. ഈ വരിക്ക് തൊട്ടുമുമ്പും ശേഷവും ചിത്രത്തില്‍ കാണുന്ന പോലെ ol , li എന്നിവ ചേര്‍ക്കുക.



൯. ഇനി, ഇരുപതോളം വരികള്‍ക്കു ശേഷം, b:loop എന്നതുള്‍പ്പെടുന്ന വരി കണ്ടു പിടിക്കുക. ഈ വരിക്ക് തൊട്ടുമുമ്പും ശേഷവും ചിത്രത്തില്‍ കാണുന്ന പോലെ li, ol എന്നിവ ചേര്‍ക്കുക (ഇവിടെ li-യ്ക്കും ol-നും മുമ്പ് കാണുന്ന / മറക്കരുത്).



൧൦. ഇനി ഇതെല്ലാം നോട്പാഡില്‍ നിന്നും കോപ്പി ചെയ്ത് ബ്ലോഗര്‍ റ്റെം‍പ്ലേയ്റ്റിലേയ്ക്ക് പേയ്സ്റ്റ് ചെയ്യുക. എന്നിട്ട് റ്റെം‍പ്ലേയ്റ്റ് സേവ് ചെയ്യുക.

കമന്‍റുകളുടെ ക്രമനമ്പറുകള്‍ റെഡി.

Labels: ,

Tuesday, May 08, 2007

രമണി പറഞ്ഞത്

കല്യാണം കഴിക്കാതെ, സർവ്വതന്ത്രസ്വതന്ത്രരെന്ന് സ്വയം പ്രഖ്യാപിച്ച്, ലൌകിക ജീവിതത്തിന്റെ സുഖമോ പൊരുളോ മനസ്സിലാക്കാൻ നാളിതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത അവിവാഹിതർ ഈ പോസ്റ്റ് തുടർന്നു വായിക്കരുത്. അവർ ആത്മഹർഷത്തിനായി ഇവിടെയോ, അതുമല്ലെങ്കിൽ ഇവിടെയോ സ്വമനസ്സാലെ പോകുന്നതാണ് നല്ലത്.

വിവാഹിതരിൽ തന്നെ, ഒരു കൂട്ടരെക്കൂടി ആട്ടിയോടിക്കാനുണ്ട്. ഒന്നാം തീയതി പെണ്ണുകണ്ട്, നാലാം തീയതി കല്യാണ നിശ്ചയം കഴിഞ്ഞ് ഏഴാം തീയതി പുടവ കൊടുത്തവരും തുടർന്ന് വായിച്ചിട്ട് യാതൊരു കാര്യവുമില്ല. നിങ്ങൾക്കു പോകാൻ നല്ലൊരിടം നിർദ്ദേശിക്കാനുമാവുന്നില്ലല്ലോ ഭഗവാനേ!

ചുരുക്കിപ്പറഞ്ഞാൽ നിശ്ചയത്തിനും കല്യാണത്തിനും ഇടയ്ക്ക് കുറഞ്ഞത് ആറുമാസമെങ്കിലും ത്രിശങ്കു സ്വർഗ്ഗത്തിലായിരുന്നവരോ, ആറുമാസമെങ്കിലും പ്രേമിച്ച ശേഷം കല്യാണം കഴിച്ചവരോ മാത്രം വായിക്കേണ്ടുന്ന പോസ്റ്റാകുന്നു ഇത്.

ഇനിയും തുടർന്നു വായിക്കുന്നവരേ, അഭിനന്ദനങ്ങൾ! നിങ്ങൾക്കാണല്ലോ, നടക്കാന്‍ സാധ്യതയില്ലാത്ത ഒരുപാട് സ്വപ്നങ്ങൾ പ്രിയതമയോടൊപ്പം ഓർത്തുകൂട്ടാനായത്. ഒരുമിച്ചു കണ്ട പൈങ്കിളി സിനിമയിലെ നായകനും നായികയും നോക്കെത്താദൂരത്തുള്ള വയലേലകളുടെ അങ്ങേത്തലയ്ക്കുള്ള കൊച്ചു വീട്ടിൽ കാല്പനികതയുടെ മണ്ണപ്പം ചുട്ടു നിരത്തുന്ന രംഗം കണ്ട് മതിമറന്ന്, “കളകളാരവത്താൽ ഒഴുകിയൊളിക്കുന്ന കുഞ്ഞരുവിയുടെ കരയിൽ ഒരു ചെറിയ വീട്. അതിൽ നമ്മൾ രണ്ടാൾ മാത്രം. പിന്നെ, പതിയെപ്പതിയെ, നമുക്കു ചുറ്റും പാടിപ്പറന്നു നടക്കുന്ന ആറ് കുട്ടികൾ...” എന്നു നിങ്ങളും, “ഞാന്‍ റെഡി!” എന്ന് അവളും പറഞ്ഞു കൂട്ടിയത്.

അനുഭവിക്കുക!
കനവുകളേറും ദിനമതിലൊന്നിൽ പ്രണയിനി ചൊന്നിതു പോലെ:
‘ചെറിയൊരു വീടും, വിപിനവുമാറും, പുരുഷ കുലോത്തമരാറും!’
പരിണയ ശേഷം പല കഥ മാറീ, ‘ബഹുനില വീടതു വേണം,
നഗരസുഖങ്ങൾ, മകനവനൊന്നും’, രമണി പറഞ്ഞതു കാര്യം.

[ഈ ശ്ലോകം കളത്രം എന്ന വൃത്തത്തിലാണ്. മദിര എന്ന വൃത്തത്തിൽ മദിരയെപ്പറ്റി അതിമനോഹരമായ ശ്ലോകം ചമച്ച രാജേഷ് വർമ്മയ്ക്ക് സമർപ്പണം.]

Labels: , ,

Thursday, May 03, 2007

ഹൂ മൂവ്ഡ് മൈ ചീസ്

ഡോ. സ്പെന്‍സര്‍ ജോണ്‍സണ്‍ എഴുതിയ ‘ഹൂ മൂവ്ഡ് മൈ ചീസ്’* വായിച്ചിട്ടുണ്ടോ?

അധ്യാപികയായി ജോലിയാരംഭിച്ച്, മൂന്നു ദശാബ്ദത്തിലധികം അധ്യാപികയായി തുടര്‍ന്ന്, അധ്യാപികയായിത്തന്നെ വിരമിച്ച അമ്മയോടൊരിക്കല്‍ ഞാന്‍ ചോദിച്ചു: “ബോറടിക്കില്ലേ?”

ഇല്ലെന്നായിരുന്നു ഉത്തരം. പഠിപ്പിക്കുന്ന വിഷയം ഒന്നുതന്നെയെങ്കിലും പാഠ്യപദ്ധതികള്‍ മാറുന്നതിനാലും മിടുക്കരും മിടുമിടുക്കരുമായ കുട്ടികളെ ഓരോ കാലത്തായി വിദ്യ അഭ്യസിപ്പിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും സംതൃപ്തിയും മൂലവും ‘ഒരേ കാര്യം തന്നെ ചെയ്യുന്നു’ എന്ന തോന്നലുണ്ടാവില്ല എന്ന വിശദീകരണം എനിക്കിന്നും മനസ്സിലാകാതെ തുടരുന്നു.

അതു വച്ചു നോക്കുമ്പോള്‍ ഞാന്‍ ജോലിയാരംഭിച്ചിട്ട് അധിക നാളായിട്ടില്ല. എന്നാലും ഒരേ കാര്യം തന്നെ രണ്ടു-മൂന്നു കൊല്ലത്തില്‍ കൂടുതല്‍ ചെയ്യുന്നതോര്‍ക്കുന്നത് എനിക്ക് സങ്കല്പിക്കാനേ വയ്യ. അതുമാത്രമല്ല, രണ്ടുമൂന്നു റിവ്യൂകള്‍ കഴിഞ്ഞാലും ‘അക്കരപ്പച്ച’ തേടിപ്പോകാത്തവരോട് മാനേജര്‍മാര്‍ക്ക് പൊതുവേ ഒരു വിലയില്ലായ്മാ മനോഭാവം വന്നു തുടങ്ങും എന്നത് അധികം രഹസ്യമല്ലാത്ത രഹസ്യവുമാണ്.

അങ്ങനെ, മൈക്രോസോഫ്റ്റില്‍ ഞാന്‍ എന്‍റെ നാലാം ജോലിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ഓഫീസ് ലൈവ് ടീമിന്‍റെ ഗ്ലോബലൈസേഷന്‍ പ്രോഗ്രാം മാനേയ്ജര്‍ എന്നതാണ് എന്‍റെ പുതിയ ജോലി. ഗ്ലോബലൈസേഷനില്‍ താല്പര്യം ജനിക്കാനും ഓഫീസ് ലൈവ് ടീമിലേയ്ക്ക് ജോലിക്കപേക്ഷിക്കാനും കാരണം ബ്ലോഗു വായനയും ബ്ലോഗെഴുത്തും ബൂലോഗത്തിലെ ചില സൌഹൃദങ്ങളുമാണ് എന്നത് സ്മരണീയമാണ്.

മാര്‍ ഈവാനിയോസ് കോളജിന്‍റെ പ്രിന്‍സിപ്പലായിരുന്ന കൊട്ടാരത്തിലച്ചന്‍, പുതുതായി കോളജില്‍ ചേരുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് വര്‍ഷാവര്‍ഷം നടത്താറുണ്ടായിരുന്ന പ്രസംഗത്തില്‍ ഈ വരികള്‍ ഒരിക്കലും ഉണ്ടാവാതിരുന്നിട്ടില്ല:
ഗ്രീക്ക് ഫിലോസഫറായിരുന്ന പ്ലേറ്റോയുടെ അക്കാഡമിയുടെ പ്രവേശന കവാടത്തില്‍ ഇങ്ങനെയൊരു വാചകമുണ്ട്: ‘നിങ്ങള്‍ ഇവിടെ പ്രവേശിക്കുമ്പോള്‍ ഇവിടം എങ്ങനെയായിരിക്കുന്നുവോ, അതിലും നല്ല നിലയില്‍ ആക്കിയിട്ടുവേണം നിങ്ങള്‍ ഇവിടം വിട്ടുപോകേണ്ടത്’.**
അച്ചന്‍റെ ഉപദേശം അടുത്ത ടീമിലെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ.

* പുസ്തകം വായിച്ചിട്ടില്ലാത്തവര്‍ ഇതു കാണുക.
** പ്രവേശന കവാടത്തില്‍ ഈ വാചകങ്ങള്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Labels: ,