അതിവേദനയുള്ള വാക്കുകൾ
എഴുതാമിന്നു കറുത്ത രാവിൽഞാൻ:
“നിശപോലുമുടഞ്ഞു; ദൂരെയായ്
കരിനീലിച്ചു വിറച്ചുതാരകൾ.”
ഒരുഗാനമുതിർത്തു തെന്നലും
തെളിമാനത്തു കറങ്ങി നില്പതാ!
ഈ വരികൾ എവിടെയോ കേട്ടുമറന്നപോലെ തോന്നുന്നുണ്ടോ? ആ തോന്നൽ യാദൃച്ഛികമല്ല.
രണ്ടാഴ്ചമുമ്പാണ്, Abhilash M, പാബ്ലോ നരൂദയുടെ "Tonight I can write the saddest lines" എന്ന കവിത മലയാളത്തിന്റെ പ്രഗൽഭരായ കവികൾ പരിഭാഷപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി
കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്. ആർ. രാമചന്ദ്രൻ, സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരുടെ വിവർത്തനം ഉദാഹരണമായി കൊടുത്തിരുന്നു, പ്രസ്തുത കുറിപ്പിൽ.
പരിഭാഷ എന്ന കലയെ നിസ്സാരമായിക്കണ്ട്, ഒറിജിനലില്ലില്ലാത്ത കാര്യങ്ങൾ കുത്തിനിറച്ചു വൈകാരികത കലർത്തി വികലമാക്കുന്നു പല പരിഭാഷകളും എന്നാണ് Abhilash M പറയുന്നത്.
പരിഭാഷകളുടെ ഗണത്തിലേയ്ക്ക് ഒന്നുകൂടി ആവട്ടെ എന്നു കരുതി ഞാനും ഒരെണ്ണം എഴുതാൻ തീരുമാനിച്ചു.
ഇതാണ് വിവർത്തനം ചെയ്യേണ്ടുന്ന വരികൾ:
Tonight I can write the saddest lines.
Write, for example,'The night is shattered
and the blue stars shiver in the distance.'
The night wind revolves in the sky and sings.
ഭാവം ശോകമായതുകാരണം മറ്റൊന്നുമാലോചിക്കാതെ വിയോഗിനിയിൽ ആവാം എന്നു തീരുമാനിക്കുകയായിരുന്നു. വിയോഗിനി ഉപയോഗിച്ച് ഒരു വരിപോലും ഞാൻ മുമ്പ് എഴുതിയിട്ടില്ലെന്നതും ആ വൃത്തം ഉറപ്പിക്കാൻ കാരണമായി.
തർജ്ജമ തുടങ്ങി. "Translations: when they're beautiful they're not faithful; if they're faithful they're not beautiful." എന്നാണല്ലോ ഫ്രഞ്ച് പഴഞ്ചൊല്ല്. അക്കാര്യം അധികം വൈകാതെ ബോദ്ധ്യം വന്നു. ആദ്യവരിയുടെ ഭാഷാന്തരീകരണം കഴിഞ്ഞപ്പോഴേയ്ക്കും ഒരു ശ്ലോകം തന്നെ പൂർത്തിയായി!
Tonight I can write the saddest lines.
Write, for example
എന്നത്,
ഇതുപോലെ കറുത്തവാക്കുകൾ
മതിയാവോളമടുക്കി രാത്രിയിൽ
ഹിതമോടു കുറിച്ചുവയ്ക്കുവാ-
നതിസാമർത്ഥ്യമെനിക്കു, കേൾക്ക നീ!
എന്നു മൊഴിമാറ്റി.
ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ എന്തോ ഒരു പന്തികേട്. ഉമേഷിനോട് അഭിപ്രായം ചോദിക്കാം എന്നുവച്ചു.
ഉമേഷിന്റെ മറുപടി(കൾ) ഇങ്ങനെ സംഗ്രഹിക്കാം:
“ഒരു വരിയുടെ പരിഭാഷയാണോ ഈ നാലുവരിയിൽ? അഭിലാഷിന്റെ പോസ്റ്റ് നന്നായി വായിച്ചായിരുന്നോ? പൊതുവേ അഭിപ്രായമെന്താണെന്നു ചോദിച്ചാൽ, ക്ലിഷ്ടതയുണ്ട്. ദൂരാന്വയപ്രശ്നമുണ്ട്. ശയ്യാഗുണമില്ല. ചെറിയവൃത്തത്തിൽ എഴുതുമ്പോൾ കാണിക്കേണ്ടുന്ന കയ്യടക്കമില്ല. അനർത്ഥപദങ്ങളുടെ ബാഹുല്യവുമുണ്ട്. ഇതൊക്കെ മാറ്റിവച്ചാൽ ശ്ലോകം കൊള്ളാം, പരിഭാഷയാണന്നു മാത്രം പറഞ്ഞേക്കരുത്. ആകെയുള്ള ഒരാശ്വാസം കുഞ്ഞിക്കുട്ടൻ തമ്പുരാൻ വരെ തർജ്ജമ ചെയ്യുമ്പോൾ ഇപ്പണികളൊക്കെ ചെയ്തിട്ടുണ്ട് എന്നതാണ്.”
നന്ദിയുണ്ട് സാർ!
“പ്രാസം വേണമെന്നില്ല. തർജ്ജമ ചെയ്യുമ്പോൾ നമ്മൾ വൃത്തത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തണം. ഉദാഹരണമായി, വിഷമവൃത്തത്തിന്റെ ഏതെങ്കിലും ഒരു വരിയുടെ രീതി പിന്തുടർന്നാലും മതി. ഒരു ശ്ലോകം മുഴുവൻ വേണമെന്നില്ല. ചുള്ളിക്കാടൊക്കെ അങ്ങനെ ചെയ്തിട്ടുള്ളത് അറിയില്ലേ?”
ഇതൊക്കെ പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ഒട്ടും ആശ്ചര്യം തോന്നിയില്ല. ഉപദേശം കേട്ടശേഷം എഴുതിയ ആറുവരികളാണ് പോസ്റ്റിന്റെ ആദ്യം കാണുന്നത്. ഒരു കണക്കിനു നോക്കിയാൽ തെറ്റ് എന്റേതു കൂടിയാണ്. വേദനയോടെ പറയട്ടെ:
Tonight I can write the saddest lines.
അതിവേദനയുള്ള വാക്കുകൾ
എഴുതാമിന്നു കറുത്ത രാവിൽഞാൻ!
Labels: വിയോഗിനി, വ്യഥ, ശ്ലോകം