അഞ്ചാം പാതിര
അഞ്ചാം പാതിര മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലർ ആണെന്നും മറ്റും കേട്ടാണ് രണ്ടു കൊല്ലത്തിനുശേഷം തീയേറ്ററിൽ പോയി സിനിമ കാണാമെന്നു വച്ചത്. ലക്ഷണമൊത്തതാണോ അല്ലയോ എന്നൊന്നും പറയാൻ ഞാൻ ആളല്ല. പൊതുവേ സിനിമ കാണാത്ത ഒരാൾ സിനിമയ്ക്ക് മാർക്കിടുന്നതിൽ അപാകതയുണ്ടല്ലോ. ഞാൻ കഴിഞ്ഞ കുറേ വർഷങ്ങളിൽ കണ്ടിട്ടുള്ള മലയാളസിനിമകൾ വച്ചുനോക്കിയാൽ ഇത് മികച്ചതുതന്നെ. ആദ്യമായാണ് ജിനു ജോസഫ് അഭിനയിച്ച ഒരു പടം ഞാൻ കാണുന്നത്. ആള് കൊള്ളാമല്ലോ എന്ന് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ ആള് എല്ലാ പടത്തിലും ഇങ്ങനെയാണ് അഭിനയിക്കുന്നത് എന്നായിരുന്നു മറുപടി. (എന്റെ qualification പറഞ്ഞില്ല എന്നു പറയരുത്. സിദ്ദിഖ് പറഞ്ഞതിൽ കാര്യമില്ലാതില്ല എന്നു നിങ്ങൾക്ക് തോന്നിയാൽ അത്ഭുതമില്ല.)
ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് എന്റെ "കർത്തവ്യ"ത്തിലേയ്ക്ക് കടക്കുന്നു. എന്റെ ആസ്വാദനത്തിന് വിലങ്ങായിനിന്ന ചില കാര്യങ്ങൾ:
നായകനും വില്ലനും (കില്ലറും) പരസ്പരം വേട്ടയാടുന്നില്ല. നായകൻ "ഇനി ഇപ്പണിക്ക് ഞാനില്ല" എന്നു പറഞ്ഞാലും വില്ലനോ കഥാഗതിക്കോ ഒരു ചുക്കും സംഭവിക്കുന്നില്ല. താൻ കളിനിറുത്തിയാൽ തന്റെ തല(യും) പോകും എന്നു വരുമ്പോഴാണല്ലോ കളി കാര്യമാകുന്നത്. നായകന്റെ വീട്ടിലേയ്ക്ക് ഒരു സമ്മാനമയയ്ക്കുന്നതിൽ പ്രത്യേകിച്ച് ഭീഷണിയൊന്നുമില്ല (സംഭവം വിചാരിച്ചത്ര "പേഴ്സണൽ" ആവുന്നില്ല). There is nothing at stake for the hero other than a potential job offer. In fact he is too invested in the issue for the wrong reason, which is a red herring (no pun intended) for the profession (or any profession, for that matter).
സീരിയൽ കില്ലറിന്റെ പ്രചോദനം ശ്രദ്ധേയമല്ല. പ്രചോദനം അധികം ശ്രദ്ധേയമാവണമെന്നില്ല എന്ന് ഇന്ദ്രൻസിനെ കൊണ്ട് പറയിക്കുന്നുണ്ട്. വില്ലന്റെ ബൌദ്ധികവിചാരങ്ങൾ പ്രേക്ഷകരിൽനിന്നും അകറ്റി നിറുത്തുകവഴി സിനിമയ്ക്ക് കൈയൊതുക്കമുണ്ടായി എന്നത് സത്യമാണ്. എന്നാലും ആവറേജ് കഥയിൽ നിന്നും ഉയർന്നുനിൽക്കാൻ ഇക്കഥയ്ക്ക് കഴിയാതിരുന്നതിന് "നല്ല നിലയിലെത്തപ്പെട്ട" സഹോദരങ്ങൾ ചാകാൻ വേണ്ടി കൊല്ലാനിറങ്ങിയത് അവിശ്വസനീയമാവുമ്പോഴാണ്.
കൊല്ലപ്പെടാൻ തയ്യാറായി നിലക്കുന്ന കേരളപോലീസിന് ഒരു വിറളിയുമില്ല. നായകനില്ലാത്ത വിറളി അവരിൽ ചിലർക്കെങ്കിലും ഉണ്ടാകും എന്നു നമ്മൾ കരുതും. പക്ഷേ, എവിടെ? ചാകാൻ റെഡിയായി നിലക്കുന്ന അനിലേട്ടൻ പോലും വന്ന് കൊന്നിട്ടു പോടേ, ഇവിടെ മനുഷ്യർക്ക് വേറെ പണിയുണ്ട് എന്ന മട്ടിലാണിരുപ്പ്. ഓരോ കൊലയും കൂടുതൽ ഭീതി വിതയ്ക്കണം. ഇത് ഉള്ളി സുര പറയുന്നതു പോലെ ഒരേ ചങ്ങലയുടെ ആവർത്തന വിരസത തന്നെ. ഇനി സിഗ്നേച്ചർ കൊലയാളികൾ കൊല്ലുന്ന രീതിയൊന്നും മാറ്റില്ല എന്നുതന്നെ വയ്ക്കുക. മറ്റെന്തെല്ലാം അപ്രതീക്ഷിതമാറ്റങ്ങൾ ഓരോ കൊലയിലും കൊണ്ടുവരാം. അതിനൊന്നും കഥയിൽ സ്ഥാനമില്ല. പ്രേക്ഷകർക്ക് അടുത്തതാര് എന്ന ചോദ്യമേയുള്ളൂ. നായകനേയോ അന്വേഷണക്കാരേയോ ബാധിക്കാതെ ഇനിയും രണ്ടു കൊലകൾ വരും എന്ന് പ്രേക്ഷകർക്ക് അറിയാം. ആ ഹാക്കറെ കൊന്നിരുന്നെങ്കിൽ കഥ വഴിവച്ചുപേക്ഷിച്ച് അടുത്ത പടം പിടിക്കാമായിരുന്നു.
അപ്പോൾ ശരി. ഇനി 2022-ൽ കാണാം.
PS: By the way, ഉണ്ണിമായ പ്രസാദിന്റെ DSP is way better than മഞ്ജു വാര്യരുടെ Sreebala, IPS. (അതേ, വേട്ടയും കാണേണ്ടി വന്നു.)
Labels: സിനിമ