ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, August 31, 2025

ഫലമുഖിയും ടിട്ടിഭനടനവും

നാലഞ്ചു ദിവസം മുമ്പ് ശ്രീമാൻ Anjit Unni അതികഠിനമായ പ്രയാസങ്ങളെ തരണം ചെയ്ത് ഓണസദ്യ തയ്യാറാക്കിയതായി പ്രഖ്യാപിച്ചിരുന്നു. താൻ സാധാരണ ആശ്രയിക്കാറുള്ള നാടൻ ശീലുകളിൽ നിന്നും മാറ്റിപ്പിടിച്ച് സ്വയം കണ്ടുപിടിച്ച ടിട്ടിഭനടനം എന്ന വൃത്തത്തിൽ സദ്യയുണ്ടാക്കുന്ന രീതി അദ്ദേഹം ഒരു ശ്ലോകമായി അവതരിപ്പിക്കുകയായിരുന്നു.

ശ്ലോകങ്ങളെപ്പറ്റി പര്യവേഷണം നടത്തുന്ന ചില യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ (കേരള, UT, UPenn) പ്രസ്തുത ശ്ലോകവും അതിന് അൻജിത് നൽകിയിരിക്കുന്ന ലക്ഷണവും പഠിച്ച് അഭിപ്രായം പറയണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. ജീവിതം ഭാഷാഗവേഷണത്തിന് ഉഴിഞ്ഞുവച്ചിരിക്കുന്ന എനിക്ക് ഈ ദൌത്യം ഏറ്റെടുക്കുന്നതിൽ സന്തോഷമേയുണ്ടായിരുന്നുള്ളൂ.

ശ്ലോകങ്ങൾ ആധികാരികമാക്കാനുള്ള ആദ്യപടി വിക്കിപ്പീഡിയയിലോ, അതുമല്ലെങ്കിൽ കുറഞ്ഞപക്ഷം വൃത്തമഞ്ജരി എന്നൊരു പഴയപുസ്തകത്തിലോ പേരും ലക്ഷണവും (നിർബന്ധം) ഉദാഹരണവും (നിർബന്ധമല്ല) രജിസ്റ്റർ ചെയ്യുക എന്നതാണ്. ടിട്ടിഭനടനം ഇതുവരെ വിക്കിപ്പീഡിയയിലും വൃത്തമഞ്ജരിയിലും ചേർത്തിട്ടില്ല. (ഇതിന് അപൂർവ്വം ചില അപവാദങ്ങളുണ്ട്. ഈ ലേഖകൻ തയ്യാറാക്കിയ ദിവ്യ എന്ന വൃത്തം നോക്കുക.)

ഇനി, പൊതുവായി വൃത്തനിർമ്മാതാക്കളും ശ്ലോകരചയിതാക്കളും പിന്തുടർന്നു വരുന്ന സമ്പ്രദായങ്ങളുണ്ട്. മറ്റേതു നിബന്ധനകളിൽ വെള്ളം ചേർത്താലും ചില ലോകാചാരങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാൻ വൃത്ത/ശ്ലോകാദികളുടെ താക്കോൽസൂക്ഷിപ്പുകാരായ എന്നെപ്പോലെയുള്ള പൂര്‍വ്വാചാരശ്രദ്ധക്കാർക്ക് പറ്റില്ല എന്ന് പറയേണ്ടതില്ലല്ലോ. മാറ്റാൻ അനുവദിക്കാത്ത ആചാരങ്ങളിലൊന്നാണ് വൃത്തലക്ഷണം പറയുന്നത് ആ വൃത്തത്തിൽ തന്നെ ആവണം എന്നത്. ഉദാഹരണമായി, പാവങ്ങളുടെ ശാർദ്ദൂലവിക്രീഡിതമായി 2024 മുതൽ അറിയപ്പെടുന്ന ഇന്ദ്രവജ എന്ന വൃത്തത്തിന്റെ ലക്ഷണം (കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം) ഇന്ദ്രവജ്രയിലാണ് പറയുന്നത്.

അങ്ങനെ വരുമ്പോൾ ടിട്ടിഭനടനം എന്ന വൃത്തലക്ഷണം ടിട്ടിഭനടനത്തിൽ ആണ് പറയേണ്ടത്.

അൻജിത് ടിട്ടിഭനടനത്തിന്റെ ലക്ഷണമായി പറയുന്നത്:
ഇട്ടു കഷ്ടപെട്ടുത്തും പോൽ
ട്ടകാരം തോന്നും പോലെ ചേർക്കുകിൽ
കിട്ടും പലമാതിരിയത്
ടിട്ടിഭനടനമായിടും

ഇതിൽ കഷ്ടപ്പെടുത്തുംപോൽ ട്ട-കാരം ചേർത്തിട്ടുള്ളതിനാൽ ടിട്ടിഭനടനം ലക്ഷണം ടിട്ടിഭനടനത്തിൽ ആണ് പറഞ്ഞിരിക്കുന്നത് എന്നതിൽ സംശയിക്കേണ്ടതില്ല.

ഇനിയാണ് വിഷമകരമായ മൂന്നാം ടെസ്റ്റ്. ടിട്ടിഭനടനം വൃത്തത്തിൽ എഴുതിയ ശ്ലോകങ്ങളെ ഗണംതിരിച്ചോ പാടിമറിച്ചോ ടിട്ടിഭനടനമാണെന്ന് എങ്ങനെ മനസ്സിലാക്കാം?

ഉദാഹരണമായി, ഇതാ ഒരു ശ്ലോകം:
ഞെട്ടി, കഷ്ടതയധികവും
കിട്ടുമാറു വരിനിറയേ
"ഇട്ട" ചേർക്കുക കവിവരേ-
ചുട്ട ടിട്ടിഭനടനമായ്!

ടിട്ടിഭനടനത്തിന്റെ ലക്ഷണങ്ങൾ ഉള്ളതിനാൽ സ്വാഭാവികമായും ഞാനെഴുതിയ ഈ വരികൾ ടിട്ടിഭനടനമാണോ എന്ന് പണ്ഠിതരും പഠിതാക്കളും ഒരുപോലെ സംശയിച്ചു പോകും. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഈ വരികൾ ഫലമുഖി എന്ന വൃത്തത്തിലാണ്. ലക്ഷണം: രംനസം ഫലമുഖിയതാം. ഫലമുഖിക്ക് വിക്കിപ്പീഡിയയിലും വൃത്തമഞ്ജരിയിലും അംഗത്വമുണ്ട്. വൃത്തലക്ഷണം ഫലമുഖിയിൽ തന്നെയാണ്. ഫലമുഖിയിൽ എഴുതിയ ശ്ലോകങ്ങളെ ഏതു പാതിരാത്രിയിലും സംശയമില്ലാതെ തിരിച്ചറിയാം.

ചുരുക്കത്തിൽ, ടിട്ടിഭനടനം അംഗീകരിക്കപ്പെടണമെങ്കിൽ അൻജിത് ഇനിയും പരിശ്രമിക്കണം എന്നുപറഞ്ഞുകൊണ്ട് ഈ റിപ്പോർട്ട് അക്കാദമികലോകത്തിന് സമർപ്പിക്കുന്നു.

Labels: , , ,

Saturday, August 30, 2025

താമരക്കിളിപ്പാട്ടുകൾ

അങ്ങനെയിരിക്കുമ്പോഴാണ് മൂന്നാംപക്കം എന്ന സിനിമയിലെ താമരക്കിളിയെ ചിത്രയും എംജി ശ്രീകുമാറും രണ്ടുരീതിയിലാണ് പാടിക്കുന്നത് എന്ന് ശ്രദ്ധിക്കുന്നത്.
തൈതൈയെടുത്തും നിരയൊത്തു നിന്നും
കണ്ടങ്ങളിൽ നെൽച്ചെടിവച്ചു കൂട്ടർ
"തെയ് തെയ്" ന്നു പാടാൻ മടിയായ ചിത്രാ-
"തൈ തൈ" ന്നു പാടിക്കിളിയെപ്പറത്തീ!

(വൃത്തം: ഇന്ദ്രവജ്ര. കേൾ, ഇന്ദ്രവജ്രയ്ക്കു തതം ജഗംഗം)

Labels: , ,

Friday, August 29, 2025

വ്യസനസമേതം ബന്ധുമിത്രാദികൾ

വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമ കണ്ടു. നിങ്ങളും കാണണം.

ചിന്തോദ്ദീപനമായ രീതിയിൽ, ഇരുണ്ടതും അസ്വസ്ഥതയുളവാക്കുന്നതുമായ പ്രഹസനം സാമൂഹ്യപരിശോധനയ്ക്കുള്ള ഉപാധിയായി ഉപയോഗിക്കുന്ന സിനിമയാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. അതിഭാവുകത്വം നിറഞ്ഞ നാടകരീതികളിലേയ്ക്കോ ഉപദേശപരമായ സന്ദേശങ്ങളിലേയ്ക്കോ തിരിയാതെ ഈ ചിത്രം മരണത്തെ നേരിടുന്ന (ചിലപ്പോൾ മരണത്തെ ഉപയോഗിക്കുന്ന) മനുഷ്യരുടെ സമീപനത്തെ തീവ്രമായി ചിത്രീകരിക്കുന്നു. ആൾപ്പെരുമാറ്റങ്ങളിലെ അസംബന്ധതയെക്കുറിച്ചുള്ള തത്വചിന്താപരമായ മൃദുസ്വനങ്ങൾ, നൈപുണ്യമുള്ള കഥാസൂത്രണം, സാമൂഹ്യനിയമങ്ങളോടുള്ള വശപ്പെടലും പര്യാലോചനയും എന്നിവ ഈ സിനിമയെ ആൾക്കൂട്ടാത്മപരിശോധനയ്ക്ക് അനുയോജ്യമാക്കുന്നു. ഇന്ത്യൻ സിനിമാപശ്ചാത്തലത്തിൽ മലയാള സിനിമയുടെ നില ഇനിയും ആഴത്തിലുറപ്പിക്കുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ, ചിരിയ്ക്കുപരി മനുഷ്യജീവിതത്തിൽ നിശ്ശബ്ദമായി പ്രതിദ്ധ്വനിക്കുന്ന ബൌദ്ധികമാനങ്ങൾ കണ്ടെത്താൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പുരോഗമനകലാസൃഷ്ടികളുടെ ഭാഗമായി കാണേണ്ടതുണ്ട്.

(വല്ലപ്പോഴും സിനിമകാണുന്നതിന്റെ അസ്കിതയായി കണ്ടാൽ മതി!)

Labels:

Tuesday, August 26, 2025

തേയ്ക്കപ്പെട്ടവൾ

വർമ്മ, നായർ, മേനോൻ ഇതുവിട്ട് മറ്റൊരു മലയാളിപ്പേരും കേട്ടിട്ടില്ലാത്ത സംവിധായകൻ തുഷാർ ജലോട്ട ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം ബോംബെ അധോലോകത്തിൽ പരക്കെ അറിയപ്പെടുന്ന തന്റെ സുഹൃത്തായ ഹരികൃഷ്ണനെ വിളിച്ചു. ഹരികൃഷ്ണൻ തന്റെ വലംകൈയും മുൻകോപിയുമായ ലൂക്കയെ വിളിച്ചു. നിഹാരികയുമായി അടിവച്ചുകഴിഞ്ഞിട്ട് നിൽക്കുമ്പോഴാണ് ഹരികൃഷ്ണന്റെ വിളി.
"ലൂക്കച്ചേട്ടാ, കേരള കന്യയ്ക്കിടുവാനായ്
കേൾക്കാനിഷ്ടം പേരു തരാമോ? ധൃതിയുണ്ടേ!"
"ഓർക്കാനൊട്ടും പാടു പെടാതേയെഴുതിക്കോ:
തേയ്ക്കപ്പെട്ടസ്സുന്ദരി ദാമോദര പിള്ളൈ!"

ജലോട്ട ഹാപ്പിയാണ്!

(വൃത്തം: മത്തമയൂരം. ലക്ഷണം: നാലിൽ ഛിന്നം മത്യസഗം മത്തമയൂരം)

Labels: , ,

Friday, August 22, 2025

അപകീർത്തി

"ഒന്നാവാ"മെന്നെന്നും കാണുന്നോരോടൊക്കെച്ചൊന്നെന്നും
മിന്നായം പോൽ ക്ലോയക്കാ* ചേർക്കാനായ് നിർബ്ബന്ധിച്ചെന്നും
പിന്നീടൊട്ടും മൈൻഡില്ലാതേ കൂവാൻ നാണിച്ചില്ലെന്നും
പൊന്നേ! കള്ളം ചൊല്ലല്ലേ, 'കോഴി'പ്പേരെന്നിൽച്ചാർത്തല്ലേ!

(വൃത്തം: കാമക്രീഡ, ലക്ഷണം: മം താനഞ്ചും ചേർന്നീടുന്നെങ്കിൽ കാമക്രീഡാവൃത്തം.)

* അവലംബം: Vijayakumar Blathur-ന്റെ കോഴി ലേഖനം

Labels: ,

Wednesday, August 20, 2025

Who cares? അഥവാ ഭാര്യ വീട്ടിലില്ലാത്തപ്പോൾ ചെയ്യരുതാത്ത കാര്യങ്ങൾ

ഹൂക്കഴിച്ചു നോക്കിമെല്ലെ
"ഹോ! ക്കമാലു" ചൊല്ലിനോക്കി
ഹാ, ക്കിരാതസുന്ദരാംഗി
ഹൂക്കെയേഴ്സു മട്ടിലായി!

(വൃത്തം: സമാനിക. ലക്ഷണം: രം സമാനികാ ജഗം ല)

Reference: https://youtu.be/HSzPj2b8kDY

Labels: , ,