പോസ്റ്റ് ലേബലുകള്‍: പ്രസക്തിയും പ്രാധാന്യവും
മലയാളം ബ്ലോഗെഴുത്തിന് ഇന്ന് പ്രധാനമായും ബ്ലോഗ്സ്പോട്ടും വേഡ്പ്രസ്സുമാണല്ലോ ഉപയോഗിക്കുന്നത്. ഈ രണ്ടു സെര്‍വീസുകളും പോസ്റ്റുകള്‍ക്ക് ലേബല്‍ ഇടാനുള്ള മാര്‍ഗം എഴുത്തുകാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഈ സൌകര്യം കാര്യമായി ഉപയോഗപ്പെടുത്തുന്ന ബ്ലോഗര്‍മാര്‍ അധികമില്ല എന്നത് ഖേദകരമായ സത്യമാണ്.
കൊടകരപുരാണം, ലാപുട, മണ്ടത്തരങ്ങള്‍ തുടങ്ങി, പ്രധാനമായും ഒരു കേന്ദ്രീകൃത വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളുള്ളവര്‍ക്ക് ഓരോ പോസ്റ്റുകള്‍ക്കും ലേബലിടേണ്ടതിന്‍റെ ആവശ്യം അധികമില്ല. എന്നാല്‍, ഫോട്ടോഗ്രഫി, രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, തുടങ്ങിയവ വിഷയമാകുന്ന ബ്ലോഗുകള്‍, ആ വിഷയങ്ങളെ അടുക്കും ചിട്ടയോടും കൂടി ഒരുക്കി വയ്ക്കാനും വായനക്കാരന് ഒരു പോസ്റ്റ് പെട്ടെന്ന് കണ്ടുപിടിക്കത്തക്ക വിധം കാറ്റഗറി തിരിച്ചു വയ്ക്കാനും പോസ്റ്റു ലേബലുകള്‍ ഉപയോഗിക്കാവുന്നതാണ്.
ലേബലുകള്‍ ഏറ്റവും പ്രയോജനപ്പെടുന്നത് അവിയല്‍ ബ്ലോഗുകളിലത്രേ. സൂര്യനു കീഴുലുള്ള വിഷയങ്ങളെല്ലാം ഒരു ബ്ലോഗില്‍ ഒതുക്കുന്നവര്‍ക്ക് ലേബലുകള്‍ ഒരനുഗ്രഹം തന്നെ. ഉദയസൂര്യന്‍റെ നാട്ടില്‍, കമന്‍ററ, ഓഫ് യൂണിയന്‍, വിവാഹിതര്‍ തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വിഷയത്തിനനുസരിച്ച് ലേബലിടുകയും ആ ലേബലുകള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടത് വായനക്കാരോട് ചെയ്യുന്ന വലിയ സേവനമായിരിക്കും.
ലേബലിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- പോസ്റ്റുമായി ബന്ധമുള്ള വാക്കോ, വാക്യമോ ലേബലിനായി ഉപയോഗിക്കുക. ഒറ്റവാക്കാണ് ഏറ്റവും കാമ്യം. (ഇത് നിയമമൊന്നുമല്ല. ‘കവിത’ എന്ന ലേബല്‍ ‘എന്‍റെ കവിതകള്‍’ എന്ന ലേബലിനേക്കാള്‍ മെച്ചമാണെന്നു മാത്രം. ‘നമുക്കിതൊക്കെ മതിയെന്നേ ഇതുതന്നെ കൊണ്ടുപോകാനുള്ള പാട്’ എന്ന നെടുങ്കന്‍ വാചകം ലേബലിനനുയോജ്യമാണോ എന്ന് എഴുത്തുകാരന്‍ ഒന്നുകൂടി ആലോചിക്കട്ടെ.)
- ലേബല്‍ ഒരു കാറ്റഗറിയാണ്. ആ കാറ്റഗറിയില്‍ ഇനിയും പോസ്റ്റുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒരു കാറ്റഗറിയില്‍ (ഇടാനുദ്ദേശിക്കുന്ന ലേബലില്‍) ഒരു പോസ്റ്റേ എഴുതുന്നുള്ളൂ എങ്കില്‍ ആ ലേബല്‍ കഴിവതും ‘ജെനെറിക്’ ആക്കുക. (ഉദാ: ‘യാത്രാവിവരണം’ എന്നതാണ് ‘പൊന്മുടി യാത്ര’ എന്നതിനേക്കാള്‍ മെച്ചം. എന്നാല്‍ പല യാത്രകള്‍ വിവരിക്കുന്ന കുറുമാന്‍; ‘യൂറോപ്യന്‍ യാത്രകള്‍’, ‘ഡല്‍ഹിക്കു ചുറ്റും’ എന്നിങ്ങനെ ലേബലിടുന്നത് വായനക്കാര്‍ക്ക് സഹായകമാവുകയേയുള്ളൂ. എങ്കിലും അഗ്രിഗേറ്ററുകള്‍ക്ക് പഥ്യം ‘യാത്രാവിവരണം’ എന്ന ഒരച്ചില്‍ പണിഞ്ഞ വാക്കുതന്നെ.)
- പോസ്റ്റിനു യോജിക്കുമെങ്കിലും ഭാവിയില്‍ (വായനക്കാര്‍ക്കോ എഴുത്തുകാരനോ) പ്രയോജനപ്രദമല്ലാത്ത വിധത്തിലുള്ള ലേബലുകള്‍ ഒഴിവാക്കുക. (ഉദാ: ‘ഇന്ന് എഴുതിയത്’, ‘അമ്പതാം പോസ്റ്റ്’ തുടങ്ങിയവയ്ക്ക് ഒരു ലേബല്‍ എന്ന നിലയില്‍ വലിയ സ്ഥാനമില്ല.)
- തന്‍റെ എല്ലാ പോസ്റ്റിനും ചേരും എന്ന നിലയിലുള്ള ലേബലുകള്‍ ഒഴിവാക്കുക. (ഉദാ: റ്റി. കെ. സുജിത്തിന്‍റെ കാര്‍ട്ടൂണ്‍ ബ്ലോഗില്‍ ഏതെങ്കിലും ഒരു കാര്‍ട്ടൂണിന് ‘കാര്‍ട്ടൂണ്‍’ എന്ന ലേബലിടുന്നത് സഹായകമല്ല.)
- അനുയോജ്യമെങ്കില്‍, ഒരു പോസ്റ്റിന് ഒന്നില്‍ കൂടുതല്‍ ലേബലുകള്‍ ഇടുന്നത് നല്ലതാണ്. (ഉദാ: ബ്ലോഗിനെപ്പറ്റി എഴുതുന്ന ഒരു ലേഖനത്തിന് ‘ബ്ലോഗ്’, ‘ലേഖനം’ എന്നീ ലേബലുകള്‍ ഉപയോഗിക്കാമല്ലോ.)
- പോസ്റ്റിന്‍റെ പേരുതന്നെ ലേബലായി ഉപയോഗിക്കുന്നത് കടുത്ത അപരാധമൊന്നുമല്ലെങ്കിലും അതിനര്‍ഥം ആ പോസ്റ്റിന് പറ്റിയ കാറ്റഗറി വേറേ ഇല്ല എന്നാണല്ലോ. രണ്ടാമതാലോചിക്കേണ്ടുന്ന കാര്യം തന്നെ.
ഇതിനെല്ലാം പുറമേ, ലേബലുകളെ ആശ്രയിച്ച് പോസ്റ്റുകളെ കാറ്റഗറി തിരിക്കുന്ന ഒരു അഗ്രിഗേറ്റര്‍ ഉണ്ടാകുന്ന നാളില്‍, പോസ്റ്റെഴുതുന്നയാള്‍ ഈമെയില്‍ ഫില്‍റ്ററുകളുടെ സഹായത്താല്‍ വിവിധ ഗ്രൂപ്പുകളിലേയ്ക്കും മറ്റും പോസ്റ്റും കമന്‍റും തിരിച്ചു വിടുന്നതിനു പകരം, ആ ജോലികൂടി യന്ത്രവല്‍ക്കരിക്കാന്‍ നമുക്കാവുകയും ചെയ്യും.