ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, July 03, 2020

കഴിഞ്ഞു!

അമരുകശതകത്തിലെ എല്ലാ ശ്ലോകങ്ങളും ഉമേഷ് വ്യാഖ്യാനവും പരിഭാഷയും ചെയ്തുകഴിഞ്ഞു. അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

അമരുകശതകം തർജ്ജമ ക്ഷമയോടെ പൂർത്തിയാക്കിയ ഉമേഷിന് ക്ഷമ വൃത്തത്തിൽ എഴുതിയ ആശംസ. നനതതഗുരുവോടേഴിൽ നിന്നാൽ ക്ഷമ.
അമരുകശതകം സുന്ദരം, കാമിതം,
കരവിരുതൊഴുകും തർജ്ജമ, പ്രോജ്ജ്വലം!
ക്ഷമയൊടുമുഴുവൻ പൂർത്തിയാക്കും നരൻ
ഗുരുകുലഗുരുതാൻ വർമ്മ*യൊക്കും മഹാൻ!

*കേരളവർമ്മ വലിയകോയിത്തമ്പുരാൻ. ഇദ്ദേഹം അമരുകശതകം വിവർത്തനം ചെയ്തിട്ടുണ്ട്. കേരളവർമ്മയുടെ വിവർത്തനങ്ങളും ഉമേഷ് മുകളിലെ ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Labels: , ,

Wednesday, July 01, 2020

ഇനിയെന്തു ജീവിതം!

അമരുകശതകത്തിലെ എഴുപതാം ശ്ലോകത്തിന്റെ പാരഡിയാണ്. ഉമേഷിന്റെ വക മറ്റു ശ്ലോകങ്ങളുടെ വ്യാഖ്യാനവും പരിഭാഷയും ഇവിടെ കാണാം.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ദൃഷ്ടഃ കാതരനേത്രയാ ചിരതരം ബദ്ധ്വാഞ്ജലിം യാചിതഃ
പശ്ചാദംശുകപല്ലവേ ച വിധൃതോ നിർവ്യാജമാലിംഗിതഃ
ഇത്യാക്ഷിപ്യ സമസ്തമേവമഘൃണോഗന്തും പ്രവൃത്തശ്ശഠഃ
പൂർവം പ്രാണപരിഗ്രഹോ ദയിതയാമുക്തസ്തതോ വല്ലഭഃ

ഉമേഷിന്റെ പരിഭാഷ (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
കത്തും ഹൃത്തൊടു നോക്കിയേറെ സമയം, കൈ കൂപ്പി യാചിയ്ക്കയായ്,
വസ്ത്രാഗ്രം പിടി വിട്ടിടാതെയവൾ നിർവ്യാജം പുണർന്നീടിനാൾ,
നിർദ്ദാക്ഷിണ്യമിതൊക്കെ വിട്ടു ചതിയൻ പോകാൻ തുനിഞ്ഞീടവേ
മുക്തം പ്രാണനിലാദ്യമാഗ്രഹമവൾ, ക്കക്കാന്തനിൽ പിന്നെയും.

ഇന്ദ്രവജ്രയിലുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ:
ചങ്കും ജ്വലിപ്പിച്ചു, കരം നമിച്ചൂ,
വങ്കന്റെ മുണ്ടേൽ ചെറുതായ് പിടിച്ചൂ
പങ്കൻ പതുക്കെത്തടിയൂരിയപ്പോൾ
മങ്കയ്ക്കു വേണ്ടാ, ഉയിരും പുമാനും.

Labels: , , ,