കൊല്ലങ്കോട്ടമ്മ
പത്തുപേരുള്ള എന്‍റെ റ്റീമില്‍ മാനേയ്ജരുള്‍പ്പെടെ എട്ടുപേരും പെണ്ണുങ്ങളാണു്. റഷ്യക്കാരന്‍ ഇവാനും ഞാനുമാണു് ആണായ്പ്പിറന്നവര്‍. രണ്ടുപെണ്ണുങ്ങള്‍ ഒത്തുചേര്‍ന്നാലുള്ള അവസ്ഥാവിശേഷത്തെപ്പറ്റി കവികള്‍ പലരും തങ്ങള്‍ക്കാവും വിധം പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതു വായിച്ച അനുഭവം വച്ചു് എട്ടു പെണ്ണുങ്ങള്‍ റ്റീം മീറ്റിങ്ങില്‍ ഒത്തു ചേരുന്നതിനെപ്പറ്റി നിങ്ങള്‍ക്കു് വല്ലതും ആലോചിച്ചു കൂട്ടാന്‍ കഴിയുന്നുണ്ടോ?
അങ്ങനെയൊരു ദുരന്തം ആലോചിക്കാനാവുന്നില്ലെങ്കില്‍ വെറുതേ വിഷമിക്കേണ്ട. ‘രണ്ടു്’, ‘നാലു്’ എന്നീ സംഖ്യകളുള്‍പ്പെടുന്നതും ‘ചേരും’, ‘ചേരില്ല’ എന്നീ ക്രിയാരൂപങ്ങളടങ്ങുന്നതുമായ ഒരു ചൊല്ലു് മലയാളക്കരയിലെന്നപോലെ റഷ്യയിലും നിലവിലുണ്ടു് എന്നു തിരിച്ചറിഞ്ഞ ഇവാനും ഞാനും റ്റീം മീറ്റിംഗുകള്‍ ഹൈജാക് ചെയ്തു് രക്ഷപ്പെട്ടു പോരുകയാണു് പതിവു്.
എന്നാലും സൂര്യനു കീഴിലുള്ള സകലമാന സംഗതികളേയും കുറിച്ചു് ഈ-മെയിലയച്ചു രസിക്കുക എന്നതു് ഈ തരുണീമണികളുടെ വിനോദമാണു്. അതു വായിക്കുകയും അവയ്ക്കു അപ്പപ്പോള്‍ മറുപടി പറയുകയും ചെയ്തില്ലെങ്കില്‍ ഇതേ കാര്യങ്ങള്‍ റ്റീം മീറ്റിംഗില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന ഭയത്താല്‍ ഇവാനും ഞാനും ഞങ്ങളാല്‍ കഴിയുന്ന വിധം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ അറിവു സമ്പാദിക്കാറാണു് പതിവു്.
ചുരുക്കത്തില്‍, പെണ്ണെഴുത്തു വായിക്കുന്നതു് എന്‍റെ ദിനചര്യയിലെ പ്രധാന ഇനമാണെന്നു സാരം. ആ ധൈര്യത്തിലാണു് പെണ്ണെഴുതുന്ന പെണ്ണെഴുത്തു് മഹാമഹം ആഘോഷിക്കാന്‍ കൂടിയാലോ എന്നു മോഹമുദിച്ചതു്.
പിന്നെ ഒട്ടുമാലോചിച്ചില്ല. കയ്യിലുള്ള പുസ്തകങ്ങളില്‍ സ്ത്രീകള്‍ എഴുതിയവ കണ്ടുപിടിക്കലായി ആദ്യപടി. ഇപ്പോള്‍ എന്‍റെ കൈവശമുള്ള നൂറ്റിയാറു് മലയാള പുസ്തകങ്ങളില്‍ വെറും അഞ്ചെണ്ണം മാത്രമേ സ്ത്രീരചനകളായുള്ളൂ എന്നതു് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. ആ പുസ്തകങ്ങള്‍ ഇവയാണു്:
- എന്‍റെ കഥ (മാധവിക്കുട്ടി)
- നീര്‍മാതളം പൂത്തകാലം (മാധവിക്കുട്ടി)
- കൊല്ലങ്കോട്ടമ്മ (കെ. ഓമന അമ്മ)
- തിരുവാതിരയും സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും (ദ്രൌപതി ജി. നായര്‍)
- സമകാലിക സാഹിത്യ സിദ്ധാന്തം ഒരു പാഠപുസ്തകം (ഡോ. രാധിക സി. നായര്‍)
കെ. ഓമന അമ്മ എഴുതിയ കൊല്ലങ്കോട്ടമ്മ എന്ന പുസ്തകത്തെപ്പറ്റിയാണു് ഈ കുറിപ്പു്. ഡോ. രാധിക പറയുന്ന ഭാഷയില്‍ പറഞ്ഞാല്‍, പുസ്തകത്തിന്‍റെ രീതിശസ്ത്രവും ദാര്‍ശനികതലവും പരിപൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന ഒരു നിരൂപണമോ ആസ്വാദനമോ അല്ല ഈ ലേഖനം. കുറഞ്ഞ വാചകങ്ങളിലുള്ള ഒരു പുസ്തകപരിചയം മാത്രം.
ഈ പുസ്തകം എന്നെ വളരെയധികം സ്വാധീനിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു് വെറും ഭംഗിവാക്കാവും. എന്നാലും കൊല്ലങ്കോട്ടമ്മയ്ക്കു് ഒരു ഭക്ത സമര്‍പ്പിച്ച സ്തുതിമാലയിലുള്ള ചില മുത്തുകളെ കണ്ടില്ലെന്നു നടിക്കുകവയ്യ. സമകാലീന മലയാളത്തിനു് അധികം പരിചിതമല്ലാത്ത ശാഖയില്‍ കൈവച്ചു വിജയിപ്പിച്ച, ഭക്തി അലര്‍ജിയായിട്ടുള്ളവര്‍ക്കുപോലും സാഹിത്യകൃതി എന്ന നിലയില്‍ വായിച്ചുരസിക്കാന്‍ പറ്റിയ വിധത്തില്‍ വരികള്‍ പടുത്ത, കവയിത്രിയുടെ കയ്യടക്കവും കരവിരുതും ശ്ലാഘനീയമാണു്. കവയിത്രിയുടെ അനുവാദത്തോടെ പകര്‍ത്തുന്ന ഈ വരികള്‍, ഭക്താന്ധതമൂലമുള്ള സാധാരണ സ്തുതിഗീതങ്ങളുടെ ശേഖരമല്ല ഈ പുസ്തകമെന്നതു് വിളിച്ചുപറയുന്നു.
അദ്ധ്യാത്മജ്ഞാനപ്രകാശമേകീടുമൊ-
രഗ്നിസമുത്ഭവതേജഃപുഞ്ജം
അദ്വൈതസിദ്ധാന്തമുദ്ഘോഷണോത്മക
മദ്വിതീയത്തിലും ദ്വിത്വഭാവം
ഏകചക്രസ്ഥിതഭാവ ഭദ്രാംബികേ!
മോഹമഹാമായാദ്വന്ദ്വഭാവം
അര്‍ദ്ധവൃത്തോജ്വലാകാരസമന്വയ-
വര്‍ദ്ധിതതേജസ്സംയുക്തരൂപം.
* * *
ചണ്ഡമുണ്ഡാസുരരെ രെണേകൊന്നൊരു
ചണ്ഡികേ! ഭണ്ഡാസുരേന്ദ്രസുഷൂദിനീ!
ചണ്ഡകിരണസമാനസുശോഭിത-
കുണ്ഡലാലംകൃതേ! ബ്രഹ്മാണ്ഡ നന്ദിതേ!
* * *
മണ്‍വെട്ടി, കൂന്താലിയേന്തിയനേകം പേര്‍
മണ്‍വെട്ടിമാറ്റാന്‍ ശ്രമിക്കയായി
അത്യഘോരശ്രമമെത്രതുടര്‍ന്നിട്ടും
വെട്ടിമാറ്റാനാര്‍ക്കും ശക്തിപോര.
കൂരിരുട്ടിന്‍റെ കരിംപുതപ്പൊട്ടൊരു
കാരിരുമ്പാണോ കരിമ്പാറയോ?
പാരിലെഭാരം ഘനീഭൂതമായി ഭീ-
മാകാരമായി ഭവിച്ചതാണോ?
* * *
മ്പ എന്ന അക്ഷരം ആവര്‍ത്തിക്കുന്ന വരികള്‍ എനിക്കു് എപ്പോഴും ഹൃദ്യമാണു്. “മുമ്പിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല” ഓര്‍ത്തുപോവും, അവ കാണുമ്പോള്‍:
ഒമ്പതാമുത്സവം വണ്ടിയോട്ടം, അന്നു
വെമ്പലോടമ്പലം ചുറ്റുമോട്ടം
നൊമ്പരമേകുന്ന കുത്തിയോട്ടം, ബാല-
രമ്പലം ചുറ്റി വരുന്നൊരോട്ടം.
* * *
പ്രകൃതി കവിതയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന അനുഭവമാണു്. ഇത്തരം വരികള്‍ക്കു് യാതൊരു പഞ്ഞവുമില്ല:
മാരിചൊരിയുന്നപോലെ തെരുതെരെ
വാരിക്കൊടുക്കുമനുഗ്രഹങ്ങള്‍
വാരിധിയില്‍ തിരമാലകളെന്നപോല്‍
നാരിമാര്‍ക്കുള്ളിലാമോദമുണ്ടാം.
* * *
ദാരികന്‍ ബ്രഹ്മാവിനോടു് വരം ചോദിക്കുന്നതും ബ്രഹ്മാവു നിരസിക്കുന്നതും രണ്ടു വരിയില്‍ ഇതാ:
ചാകാതിരിക്കാന്‍ വരം വേണമെന്നവന്‍,
ആകാത്ത കാര്യമാണെന്നു ബ്രഹ്മന്‍!
എന്നാല്‍ പിന്നെ ഈവിധം ആവാമെന്നു് ദാരികന്‍:
ദേവനോ മര്‍ത്ത്യനോ ദാനവനോ, യെന്‍റെ
ദേഹ വിനാശം വരുത്തരുതേ
സ്ത്രീജനമാകിലോ കുറ്റമില്ല, കാര്യം
സ്ത്രീ, ഒരശക്ത, യബലയല്ലോ!
എന്നിട്ടോ, അവസാനം സ്ത്രീയുടെ കയ്യാല്‍ത്തന്നെ അന്ത്യവും വന്നുപെട്ടു!
* * *
പൊങ്കാലയ്ക്കു തീകൂട്ടിയാല്‍ തന്നെ:
ഉള്ളിലഹംഭാവമെള്ളോളമില്ലാതെ
ഉള്ളവയെല്ലാം ജ്വലിച്ചു തീരും
ഉള്ളിന്‍റെയുള്ളില്‍ ഒളിഞ്ഞിരിക്കുന്നോരു
മുള്ളുകളെല്ലാമെരിഞ്ഞു വീഴും
നല്ല ഗുണങ്ങളും നന്മനോഭാവവും
നല്ലമണമായൊഴുകുമെങ്ങും.
* * *
കണ്ണടച്ചാലും തുറന്നാലുമമ്മയെന്‍
കണ്ണില്‍ വിഷുക്കണിയായ് വരണേ!
എന്നു വായിക്കുമ്പോള്‍ ആര്‍ക്കാണു് സ്വന്തം അമ്മയെ ഓര്‍മ്മവരാത്തതു്!
പുസ്തകം: കൊല്ലങ്കോട്ടമ്മ
പബ്ലിഷേഴ്സ്: സാകേതം, തിരുവനന്തപുരം
വില: 30 രൂപ
കുറിപ്പുകള്‍:
- കൊല്ലങ്കോടു് ഭദ്രകാളി അമ്പലം (മുന്നറിയിപ്പു്: ഓഡിയോ ഉള്ള ലിങ്ക്) കന്യാകുമാരി ജില്ലയില്‍ കേരളത്തിന്‍റെ അതിര്‍ത്തിക്കടുത്താണു്.
- ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ‘ഭക്തപ്രിയ’, ശബരിമല ദേവസ്വത്തിന്‍റെ ‘സന്നിധാനം’ എന്നീ മാസികകള്‍ ഓമന അമ്മയുടെ കവിതകള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കാറുണ്ടു്. സഞ്ചാരസാഹിത്യമാണു് ഓമന അമ്മയുടെ മറ്റൊരു ഇഷ്ടവിഷയം.
Labels: പുസ്തകപരിചയം, ബ്ലോഗ്