ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, June 18, 2020

ഹൃദയേ ലയിച്ചോ?

അമരുകശതകത്തിലെ മുപ്പത്തഞ്ചാം ശ്ലോകത്തിന്റെ പാരഡിയാണ്. ഉമേഷിന്റെ വക മറ്റു ശ്ലോകങ്ങളുടെ വ്യാഖ്യാനവും പരിഭാഷയും ഇവിടെ കാണാം.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ഗാഢാലിംഗന വാമനീകൃത കുചപ്രോദ്ഭിന്നരോമോദ്ഗമാ
സാന്ദ്രസ്നേഹ രസാതിരേക വിഗളത് കാഞ്ചിപ്രദേശാംബരാ
"മാ മാ മാനദ മാതി മാമല"മിതി ക്ഷാമാക്ഷരോല്ലാപിനീ
സുപ്താ കിം നു മൃതാ നു കിം മനസി മേ ലീനാ വിലീനാ നു കിം

ഉമേഷിന്റെ പരിഭാഷ (വൃത്തം: കുസുമമഞ്ജരി):
ഉന്നതസ്തനമമർന്നു പോം പടി പുണർന്നു കോൾമയിരണിഞ്ഞവൾ
തന്നരയ്ക്കു തുണിയൂർന്നു പോയ വിധമന്നു കാമരസമാർന്നുമേ
ഇന്നു വേണ്ടിനി, നിറുത്തു, വെന്നിഹ തളർന്നു ചൊന്ന സതിയെങ്ങു താൻ?
വന്നുവോ മൃതി? യുറങ്ങിയോ? ഹൃദിയലിഞ്ഞുവോ? ഉരുകി മാഞ്ഞുവോ?

ഇന്ദ്രവജ്രയിലുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ:
പേർത്തും പുണർന്നും മുലകൾ ഞെരുക്കി
കത്തുന്ന കാമം തുണിയൂരി മാറ്റി
"നിർത്തൂ" പറഞ്ഞിട്ടവൾ താഴെ വീണൂ
ചത്തോ, ശയിച്ചോ, ഹൃദയേ ലയിച്ചോ?

Labels: , , , ,

Tuesday, June 16, 2020

പോകാത്തതെന്തീ ഗതികെട്ട ജീവൻ?

അമരുകശതകത്തിലെ മുപ്പത്തൊന്നാം ശ്ലോകത്തിന്റെ പാരഡിയാണ്. ഉമേഷിന്റെ വക മറ്റു ശ്ലോകങ്ങളുടെ വ്യാഖ്യാനവും പരിഭാഷയും ഇവിടെ കാണാം.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
പ്രസ്ഥാനം വലയൈഃ കൃതം പ്രിയസഖൈരസ്രൈരജസ്രം ഗതം
ധൃത്യാ ന ക്ഷണമാസ്ഥിതം വ്യവസിതം ചിത്തേന ഗന്തും പുരഃ
യാതും നിശ്ചിതചേതസി പ്രിയതമേ സർവ്വൈസ്സമം പ്രസ്ഥിതം
ഗന്തവ്യേ സതി ജീവിത പ്രിയസുഹൃത്സാർത്ഥഃ കിമുത്സൃജ്യതേ

ഉമേഷിന്റെ പരിഭാഷ (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
പോയീ കങ്കണമൊക്കെയൂരി, യിടതൂർന്നീടാതെ കണ്ണീരുമേ,
ധൈര്യം പോയി മനസ്സിൽ നിന്നു, മനവും പോകുന്നു വല്ലേടവും,
പ്രേയാൻ പോവതിനായ് തുനിഞ്ഞ സമയത്തെല്ലാരുമൊന്നിച്ചു പോയ്,
നീയെൻ ജീവിതമേ, സഖാക്കളിവരൊത്തെന്താണു പോകാത്തതും?

ഇന്ദ്രവജ്രയിലുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ:
സ്നേഹത്തിലായോനകലുന്ന നേരം
പോയിത്തുലഞ്ഞൂ വള, കണ്ണുനീരും
ചങ്കൂറ്റവും പോയ്, മനസും ഗമിച്ചൂ
പോകാത്തതെന്തീ ഗതികെട്ട ജീവൻ?

Labels: , , ,

Wednesday, June 10, 2020

കുലമണേ ലെമണേഡു കുടിച്ചു ഞാൻ

കുലമണേ ലെമണേഡു കുടിച്ചു ഞാൻ എന്നത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ പ്രസിദ്ധീകരിച്ച സമസ്യയാണ്. ഒരുപാട് പൂരണങ്ങൾ ഈ സമസ്യയ്ക്ക് ഉണ്ടായിട്ടുണ്ട്. ദ്രുതവിളംബിതം വൃത്തത്തിലാണ് ഈ ശ്ലോകം.

ഈ കൊറോണക്കാലത്ത് ഇതാ ഒന്നു കൂടി:
അസുഖഭീതിയകന്നു ജഗത്തിലീ
മദിരതൻ കടയെന്നു തുറക്കുമോ!
കൊടിയവാശി കളഞ്ഞു, മദിക്കുവാൻ
കുലമണേ ലെമണേഡു കുടിച്ചു ഞാൻ.

Labels: , , ,

Sunday, June 07, 2020

ഡയലോഗു മാത്രം!

അമരുകശതകത്തിലെ മുപ്പത്തൊമ്പതാം ശ്ലോകത്തിന്റെ പാരഡിയാണ്. ഉമേഷിന്റെ വക മറ്റു ശ്ലോകങ്ങളുടെ വ്യാഖ്യാനവും പരിഭാഷയും ഇവിടെ കാണാം.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

മൂലശ്ലോകം (വൃത്തം: ഹരിണി):
ചിരവിരഹിണോരുത്കണ്ഠാർത്ത്യാ ശ്ലഥീകൃതഗാത്രയോർ-
നവമിവ ജഗജ്ജാതം ഭൂയശ്ചിരാദഭിനന്ദതോഃ
കഥമപി ദിനേ ദീർഘേ യാതേ നിശാമധിരൂഢയോഃ
പ്രസരതി കഥാ ബഹ്വീ യുനോര്യഥാ ന തഥാ രതിഃ

ഉമേഷിന്റെ പരിഭാഷ (വൃത്തം: ഹരിണി):
ഇതുവരെയകന്നേറെക്കാലം കഴിഞ്ഞൊരുമിച്ചവർ,
പുതിയൊരുലകം കാണും മട്ടിൽ, തളർന്ന വപുസ്സുമായ്,
കൊതിയൊടു പകൽ തള്ളീ, രാവായ്, ഒടുക്കമടുക്കവേ
രതിയിലുമവർക്കിഷ്ടം കൊഞ്ചിക്കുഴഞ്ഞു രസിപ്പതാം!

ഇന്ദ്രവജ്രയിലുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ:
പോയിട്ടു വന്നാനവനേറെനാളായ്,
പോരട്ടു പുല്ലീ, പ്പുതുലോകമല്ലേ?
സാമട്ടിലന്ത്യം നിശയെത്തിയപ്പോൾ
മേലൊട്ടു വയ്യാ, ഡയലോഗു മാത്രം!

Labels: , , ,

Friday, June 05, 2020

ചായയുടെ റെസിപ്പി

ചായയുടെ പാചകക്രമം എന്ന പേരിൽ പണ്ടെഴുതിയതാണ്. ചെറിയ വ്യത്യാസത്തോടെ വീണ്ടും.

ഇത് പിന്തുടർന്ന് ചായയുണ്ടാക്കിയവർക്ക് ഒരു കൊല്ലത്തേയ്ക്കുള്ള ചായപ്പൊടി സൌജന്യമായി കിട്ടിയിട്ടുണ്ട്. ഇത് അവഗണിച്ചവർ ചായയുണ്ടാക്കിയപ്പോൾ പാൽ തിളച്ചു തൂവി അടുപ്പ്/സ്റ്റൌ/മൈക്രോവേവ് നാശമായി. ഇങ്ങനെ ഉണ്ടാക്കിയ ചായയുടെ പടടം ഇൻസ്റ്റയിലിട്ടവർക്ക് ചുമ്മാ നടക്കാനിറങ്ങിയപ്പോൾ DSLR കളഞ്ഞുകിട്ടി. ചായയുടെ പടത്തിനു പകരം, പരിസ്ഥിതി ദിനമാണെന്ന കാരണം പറഞ്ഞ് ആമ്പലിന്റെ പടമെടുക്കാൻ പോയവരുടെ ഫോൺ വെള്ളത്തിൽ വീണ് കേടായിപ്പോയി. ഇത് ലൈക്ക് ചെയ്തവർക്ക് ജീവിതത്തിലും ലൈക്കുണ്ടായി. കണ്ടിട്ടും കാണാതെ പോയവരെ ഷോർട്ട്ഫിലിമിലെടുത്തു.

ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
പച്ചവെള്ളമൊരരത്തുടം പതിയെ വച്ചു തീയടിയിലേകണം
ഒച്ചയോടതു തിളച്ചിടുമ്പൊഴതിലിറ്റു തേയില പകർത്തണം,
മെച്ചമാം പുതിയ പാലൊഴിച്ചു, രുചികിട്ടുവാൻ സിത കലക്കണം,
സ്വച്ഛമിങ്ങനെ പചിച്ച ചായ, കടിയോടുതാനുടനടിക്കണം.

(കുസുമമഞ്ജരി)

Labels: ,