ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, July 31, 2026

ഹേ റാം!

രാഘവ രാമാ ശ്രീ രഘുരാമാ എന്ന ഭക്തിഗാനം ഇപ്പോൾ പലരായി പാടി കേൾക്കുന്നു.

രാഘവ രാമാ ശ്രീ രഘുരാമാ എന്ന ഭാഗം ചമ്പകമാല വൃത്തത്തിലാണ് (ആരെട വീരാ പോരിനു വാടാ എന്ന ഈണം).

വരികളുടെ ഭംഗി കണ്ടിട്ട് Spotify-യിൽ പോയി നോക്കി. കല്യാണി ചൌഹാൻ എന്നൊരാൾ ഈ ഗാനം പാടിയിട്ടുണ്ട്.

ഞാനായി മാത്രം ഇതൊക്കെ എന്തിന് അനുഭവിക്കണം? നിങ്ങളും കേൾക്കുവിൻ.

Labels:

Friday, July 24, 2026

Then they came for me

സ്ഥിതിസ്സമത്വവാദിയല്ല, ജൂതവർഗ്ഗമല്ല ഞാൻ
കടുത്തവേല ചെയ്തിടുന്ന 'കൂലി'യൊട്ടുമല്ല ഞാൻ
ഇവർക്കു പീഡയേറ്റനാളനങ്ങിയില്ല തീർച്ച, ഞാ-
നെനിക്കു കഷ്ടകാലമായ്, തുണയ്ക്കൊരാളുമില്ലയോ?

(പഞ്ചചാമരം)

Labels: ,

Saturday, July 18, 2026

കേമൻ സതീശൻ!

വി. ഡി. സതീശൻ പതിനഞ്ച് വയസ്സ് തികയുന്നതിന് മുമ്പ് പ്രീഡിഗ്രിക്ക് ചേർന്നു എന്ന വാദം അസാദ്ധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല.

അക്കാലത്ത് സ്കൂളിൽ ചേർക്കുമ്പോൾ ജനനത്തീയതി ഏപ്രിൽ അല്ലെങ്കിൽ മേയ് മാസത്തിലേക്ക് മാറ്റി രേഖപ്പെടുത്തുന്നത് അസാധാരണമല്ലായിരുന്നു. ഒന്നാം ക്ലാസിൽ പ്രവേശിക്കാൻ മേയ് 31-നകം അഞ്ച് വയസ്സ് തികഞ്ഞിരിക്കണം എന്ന നിബന്ധന പാലിക്കാൻ (എന്റേതുൾപ്പെടേ) ജനനത്തീയതി തിരുത്തി രേഖപ്പെടുത്തിയിരുന്നു.

അതുകൊണ്ട്, വി. ഡി. സതീശന്റെ യഥാർത്ഥ ജനനത്തീയതി ജൂൺ മാസത്തിനുശേഷമുള്ള ഏതെങ്കിലും മാസത്തിലായിരിക്കാം എന്ന സാദ്ധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ ഔദ്യോഗിക രേഖകൾ പ്രകാരം അദ്ദേഹത്തിന് പതിനഞ്ച് വയസ്സ് കഴിഞ്ഞതായി കാണിച്ചാലും, യഥാർത്ഥ പതിനഞ്ചാം ജന്മദിനം പ്രീഡിഗ്രി ക്ലാസുകൾ ആരംഭിച്ചതിന് ശേഷമായിരിക്കാം വന്നത്.

പക്ഷേ, ശ്ലോകമെഴുതുന്നവന് എന്ത് സംക്രാന്തി!
അഞ്ചാംവയസ്സിൽ ചെവികുത്തി, പയ്യ-
ന്നേഴാംവയസ്സി, ല്ലെഴുതാൻ പഠിച്ചൂ!
പത്താംവയസ്സിൽ നുണയും ഹൃദിസ്ഥം,
പ്രീഡിഗ്രി ചേരും പതിനാലിലല്ലോ!

(ഇന്ദ്രവജ്ര)

Labels: ,

Wednesday, July 08, 2026

ആഗ്രഹം

വെറുപ്പുവിറ്റു ജീവിതം കഴിച്ചിടും നരാധമർ
വെറുത്തു പോകുവോളമുഗ്ര ഗോളുകൾ പിറക്കണം
നിറം കറുത്തുപോകയാൽത്തെറിക്കു പാത്രമായവർ
പുറത്തെടുത്ത പാടവപ്രഭാംശുവിൽത്തിളങ്ങണം!

(പഞ്ചചാമരം)

Labels: ,

Saturday, July 04, 2026

മെസി

ഇന്നലത്തെ കളി കണ്ടതോടെ ഉറപ്പിച്ചു: ഇത് ഇനിയും പോസ്റ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ "കവിത" എഴുതാൻ പറ്റിയില്ലെങ്കിലോ?
ബീനയ്ക്കു കമ്പമതിശോഭയെഴുന്ന വേഷം
ഷീനയ്ക്കു വേണ്ടതു പണം, സുനിതയ്ക്കു പേരും.
റ്റീനയ്ക്കു കീർത്തി, മിശിഹാമെസി വാഴുമർജ്ജ-
ന്റീനയ്ക്കു മോഹമൊഴിയാ മിഴി ലോകകപ്പിൽ!

(വൃത്തം: വസന്തതിലകം)

Labels: ,