ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, January 26, 2024

എനിക്കും ഒരു പദ്മ?

ബീഡിവലിക്കും പൂരുഷനെങ്ങാൻ
വിസ്കിയടിച്ചാൽ പൂച്ചെടിവാടും
ശാസ്ത്രമിതെന്നേ സ്ഥാപിതമാക്കി:
പദ്മയൊരെണ്ണം തന്നു തുലയ്ക്കൂ!

(വൃത്തം: ചമ്പകമാല)

Labels: ,

Sunday, January 10, 2021

പിറന്നാൾ മധുരം

2021 ജനുവരി 10-ന് എന്റെ birthday ആയിട്ട് കുറച്ചു കൂട്ടുകാർ ശ്ലോകം എഴുതി. അതിൽ ചിലതാണ് ഇവിടെ.

1. സജിത്ത് (സിദ്ധാർത്ഥൻ)
ഓഷം കടുത്ത ദിനമാട്ട്, തണുത്തതാട്ടാ-
ഘോഷം നടത്തി വിഹരിക്കുമൊരുറ്റ തോഴാ
രോഷം വെടിഞ്ഞുമകതാരിലതീവമാം സ-
ന്തോഷം നിറഞ്ഞുമിനിയാണ്ടുകൾ നീ ജയിക്ക

കുറിപ്പ് (സജിത്ത് വക): ഓഷം എന്നൊരു വാക്കുണ്ട്. എന്നെ വിശ്വസിക്കണം. പ്ലീസ്. ചൂട് എന്നും ദഹനം എന്നും അർത്ഥം. ഇവിടെ ചൂട് എന്നാണ് കവി ഉദ്ദേശിച്ചത്.
വൃത്തം: വസന്തതിലകം (ചൊല്ലാം വസന്തതിലകം തഭജം ജഗംഗം)

2. സജിത്ത് (സിദ്ധാർത്ഥൻ)
സന്തോഷേ
നിങ്ങൾക്കായ്
എമ്പാടും
സന്തോഷം

വൃത്തം: നാരി (മം നാരീ)

3. ഉമേഷ്
ചമയ്ക്കും ശ്ലോകങ്ങൾ പ്രണയമധുരം, പദ്യമെഴുതാൻ
ചതിക്കും ചാർട്ടേകും, നുരപതയുമാ മദ്യചഷകം
നിറയ്ക്കും ചിത്രങ്ങൾ നിറയെയിടു, മാ മത്സരമതിൽ
കറക്കിക്കുത്തീടും ചിലരെ, ബഹുസന്തോഷിയൊരുവൻ!

വൃത്തം: ശിഖരിണി (യതിക്കാറിൽത്തട്ടും യമനസഭലം ഗം ശിഖരിണീ)

4. ഉമേഷ്
ആരമ്യം കറ തീർന്നെഴു, ത്തഭിനയം, ശ്ലോകം, ചളം, വൈകിടും
നേരം കോക്ടെയി, ലൊട്ടു കോൽക്കളികളും, കമ്പ്യൂട്ടർ തന്നുള്ളിലെ
സാരം നേരെ വരുത്തിടും പണി, ചലച്ചിത്രങ്ങളുണ്ടാക്ക, ലീ
നേരമ്പോക്കുകളൊക്കെയായ് ചിരമിരുന്നീടട്ടെ സന്തോഷു നീ!

വൃത്തം: ശാർദ്ദൂലവിക്രീഡിതം (പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം)

5. ഉമേഷ്
കുത്തും കോമയുമറ്റ ജീവിത, മഹോ! പന്ത്രണ്ടു മാസങ്ങളും
മദ്യത്തിങ്കൽ നിമഗ്നനായി, വനിതാകാര്യത്തിൽ നിഷ്ണാതനായ്,
നിത്യം കെട്ടു വിടാതെയിക്കിളിയെഴും ശ്ലോകങ്ങളിട്ടും, ചിരം
മെത്തും കാന്തി കലർന്നു ജന്മദിനമാഘോഷിക്ക സന്തോഷു നീ!

വൃത്തം: ശാർദ്ദൂലവിക്രീഡിതം (പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം)

6. പ്രശാന്ത്
ജന്മദിനത്തിൽ കള്ളു കുടിക്കാൻ
ഷാപ്പിലു മോണിംഗ് ചെല്ലുക ചേട്ടാ
കള്ളുകളൊന്നായ് മിക്സുക വേണം
വാലുകിളുക്കും കോഴിയുമാവാൻ

കുറിപ്പ് (പ്രശാന്ത് വക): വാലു കിളുക്കും കോഴി എന്ന് കവി ഉദ്ദേശിച്ചത് കോക്ടെയിൽ സ്പെഷ്യലിസ്റ്റ് എന്നാണ്. ആരും തെറ്റിദ്ധരിക്കരുത്.
വൃത്തം: ചമ്പകമാല (ഭംമസഗംകേൾ ചമ്പകമാലാ)

7. പ്രശാന്ത്
ജനുവരീലടി നിന്നതു കാരണം
ജനന നാളിലു പച്ചമനുഷ്യനായ്
പല നിറങ്ങളൊരുക്കിയ കോപ്പയിൽ
കുലമണേ ലമണേഡു കുടിച്ചു ഞാൻ

വൃത്തം: ദ്രുതവിളംബിതം (ദ്രുതവിളംബിതമാം നഭവും ഭരം)

8. ഹരിദാസ് മംഗലപ്പിള്ളി
പണ്ടേ പാചകവിദ്യയിൽപ്പിറകിലാണെൻ സ്ഥാന,മൊറ്റയ്ക്കുചെ-
ന്നുണ്ടാക്കാനറിയില്ലകേക്ക്,പകരം നീട്ടട്ടെയീനിർമ്മിതി
കണ്ടേക്കാം പിഴവേറെയിറ്റുമധുരം കണ്ടില്ലയെന്നുംവരാം,
തുണ്ടൊന്നിൻ രസമെങ്കിലും നുകരുവാനാവട്ടെ, ആശംസകൾ!

വൃത്തം: ശാർദ്ദൂലവിക്രീഡിതം (പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം)

9. ശ്യാം
സന്തോ
ഷായീ
ട്ടാഘോ
ഷിക്കൂ

വൃത്തം: സ്ത്രീ (രണ്ടും ഗം താൻ സ്ത്രീയാം വൃത്തം)

10. ശ്യാം
സന്തോ
ഹാപ്പീ
ബർത്ഡേ
റ്റൂയൂ

വൃത്തം: സ്ത്രീ (രണ്ടും ഗം താൻ സ്ത്രീയാം വൃത്തം)

11. സരിജ
സരസനായൊരു മാനുഷനെങ്കിലും
ഉയരെയാണിതു ബുദ്ധിയിലേതിലും
പിറവിയിന്നിവിടെത്തിയ നാളിതിൽ
നിനവിലാഗ്രഹമെന്തിനി ചൊൽസഖേ

വൃത്തം: ദ്രുതവിളംബിതം (ദ്രുതവിളംബിതമാം നഭവും ഭരം)

Labels: , , , , , ,

Friday, September 15, 2017

ശ്ലോകരചനാ ശില്പശാല: ആരെങ്കിലും ശ്ലോകം രചിച്ചോ?

TL;DR;
  • ശില്പശാലയിൽ പങ്കെടുത്ത പലരും ഇതിനോടകം അവരുടെ പ്രഥമ ശ്ലോകം എഴുതിക്കഴിഞ്ഞു. ശ്ലോകങ്ങൾ താഴെക്കൊടുത്തിട്ടുണ്ട്.
  • ശ്ലോക ക്ലാസിനു വേണ്ടി തയ്യാറാക്കിയ പാഠപുസ്തകം: https://tinyurl.com/slokamhelper
വിശദ വിവരങ്ങൾ

ഒരു ഫോട്ടോയും അതിനു യോജിക്കുന്ന ശ്ലോകവും പോസ്റ്റു ചെയ്യുക എന്ന നിബന്ധനയോടെ #വാക്‌ചിത്രം എന്നൊരു പിരമിഡ് സ്കീം കഴിഞ്ഞവർഷം തുടങ്ങിവച്ചകാര്യം ഇതിനോടകം ഒന്നുരണ്ടു പോസ്റ്റുകളിൽ ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. (ഇനിയും എന്നെക്കൊണ്ട് പറയിപ്പിക്കരുത്!) അതിനുശേഷം, ശ്ലോകമെഴുത്തു വിദ്യ പഠിക്കാൻ സീയാറ്റിൽ നിവാസികൾക്ക് ആർക്കെങ്കിലും താല്പര്യമുണ്ടോ എന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഞാൻ ചോദിച്ചിരുന്നു. താല്പര്യക്കാരുണ്ടെങ്കിൽ ഒരു ശ്ലോകരചനാശില്പശാല സംഘടിപ്പിക്കാനായിരുന്നു പരിപാടി. പ്രതീക്ഷകൾക്കുമുപരി പതിനഞ്ചിൽപ്പരം ആൾക്കാർ ഉത്സാഹം കാണിച്ചപ്പോൾ തയ്യാറെടുക്കാതെ തരമില്ലെന്നായി.

ശില്പശാലയ്ക്കുവേണ്ടി തയ്യാറാക്കിയ “പാഠ പുസ്തകം” ഇവിടെ: https://tinyurl.com/slokamhelper

ജൂലൈ അവസാനം ശില്പശാല നടന്നു. പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പലർക്കും അന്ന് മറ്റസൗകര്യങ്ങൾ നിമിത്തം എത്തിച്ചേരാനായില്ല. എന്നാൽ പങ്കെടുത്തവരെയും പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവരേയും ഉൾക്കൊള്ളുന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി പരിശീലനവും അഭ്യാസവും തുടർന്ന് നടക്കുന്നുണ്ടായിരുന്നു.

പരിശീലനം ആരംഭിക്കാൻ തിരഞ്ഞെടുത്തത് ചമ്പകമാല എന്ന വൃത്തമാണ്. പരിശീലനത്തിൽ പങ്കെടുത്തവർ അധികം ഈ വൃത്തത്തെപ്പറ്റി മുമ്പ് കേട്ടിരുന്നില്ലെങ്കിലും “ആരട വീരാ പോരിനു വാടാ” എന്ന രീതിയിൽ തുടക്കക്കാർക്ക് ശ്ലോകം ചമയ്ക്കാൻ പറ്റിയ വൃത്തമാണ് ചമ്പകമാല.

വൃത്തലക്ഷണം ഭംമസം കേൾ ചമ്പകമാല. -UU (ഭഗണം), --- (മഗണം), UU- (സഗണം), പിന്നെ ഗുരു. ഒരു വരിയിൽ പത്തക്ഷരം. അഞ്ചാം അക്ഷരം കഴിഞ്ഞാൽ നിറുത്ത് ഉണ്ടെങ്കിൽ കേമം.

താഴെ പറയുന്ന ശ്ലോകങ്ങൾ ശില്പശാലയിൽ പങ്കെടുത്തവരുടെ ആദ്യ ശ്ലോകരചനകളാണ്. ഇവയെല്ലാം തന്നെ വൃത്തമൊത്തവയുമാണ്. ഈ ശ്ലോകങ്ങളിൽ ഭാഷാപരമായി കുറവുകളും കുറ്റങ്ങളും ഉണ്ടെന്ന് തോന്നുന്നെങ്കിൽ തുടക്കക്കാർക്കു നൽകുന്ന പരിഗണന നൽകി ചൂണ്ടിക്കാണിക്കാൻ താല്പര്യപ്പെടുന്നു. വിമർശനങ്ങൾ വിദ്യാർത്ഥികൾക്കു പ്രയോജനപ്പെടും വിധം സൂക്ഷ്മമാക്കാൻ ശ്രമിക്കുമല്ലോ. ചെറിയ അഭിനന്ദനങ്ങൾ പോലും ശ്ലോകരചയിതാക്കളെ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കും.

ഇനി രചനകളിലേയ്ക്ക്.

ആദ്യം ചമ്പകമാല പയറ്റി നോക്കിയത് സൂനജയാണ്. വരികൾ ലേശം മിനുക്കി, പ്രാസം കൂടി ചേർത്ത രണ്ടാം പതിപ്പ് ഇങ്ങനെ:
കോപ്പിയടിക്കാനുള്ളൊരു തുണ്ടും
കാപ്പികുടിക്കും കണ്ണടമാഷും
അപ്പടിയാണീ, യമ്പതുമാർക്കും
തപ്പലതില്ലാ, തങ്ങനെ നേടി!

പണ്ടൊരു പഠിപ്പിസ്റ്റായിരുന്നു എന്നു തോന്നുന്നു. അതിന്റെ കുറ്റബോധം നല്ലവണ്ണം ശ്ലോകത്തിൽ കാണാനുണ്ട്.

മനേഷ് വകയായിരുന്നു അടുത്ത പൂരണം. സൂനജയ്ക്ക് തുണ്ടുവച്ചു മാർക്കുവാങ്ങാമെങ്കിൽ എങ്ങനെ തുണ്ടു വയ്ക്കണം എന്നതിന്റെ വിശദീകരണമാണ് മനേഷ് ശ്ലോകത്തിലാക്കിയത്:
ബുക്കു തുറന്നൂ പേപ്പറു കീറി,
പേനയെടുത്തൂ ക്യാപ്പു തുറന്നൂ;
കോപ്പിയെടുത്തൂ തുണ്ടുചുരുട്ടി,
തുണ്ടുതുറന്നൂ കോപ്പിയടിച്ചൂ!

കോപ്പിയടി ഒരു പ്രമുഖപ്രദിപാദ്യമായിത്തീരുമോ എന്നു ശങ്കിച്ചിരിക്കുമ്പോൾ അതാ വരുന്നു അനീഷ് വക അടുത്ത പൂരണം. എയർപോർട്ടിൽ നിന്നും ഭാര്യയുടെ മാതാപിതാക്കളെ വീട്ടിലേയ്ക്കു കൊണ്ടു വരുന്ന വഴി മനസ്സിൽ തികട്ടി വന്ന വിവിധവികാരങ്ങളെ തൂലികത്തുമ്പിലേയ്ക്കാവാഹിച്ച പാവം മാനവഹൃദയം ഈ വരികളിൽ തെളിഞ്ഞുകാണാം:
പച്ചില തിന്നും മാതുലനെത്തി,
കഞ്ഞികുടിക്കാൻ യോഗമെനിക്കും!
ബന്ധിതനാകും പാതകിപോലും
ചിക്കനുമൊപ്പം പത്തിരി തിന്നും!

ഇതിന് മറുപടിപോലെ ഒരു ശ്ലോകമെഴുതാതിരിക്കാൻ സൂനജയ്ക്ക് കഴിഞ്ഞില്ല. തമിഴ് നാട്ടിൽ പച്ചക്കറികൾ തിന്നു ജീവിച്ച ബാല്യം സൂനജ അയവിറക്കി:
നിശ്ചയമായും നിങ്ങളറിഞ്ഞോ
പച്ചില തിന്നാൽ 'വാള'തു സൂക്ഷം!
ആരിതുകേൾക്കാ, നാരൊടുചൊല്ലാൻ
പാരിതിലെന്റേ ദുർഗ്ഗതി, സത്യം!

ജീവിതാനുഭവങ്ങളെ തീക്ഷ്ണതയോടെ അവതരിപ്പ് കയ്യടി നേടുന്ന സതീർത്ഥ്യരെ ഈർഷ്യയോടെ നോക്കി ധനേഷ് ഒരു കഥാസന്ദർഭം ശ്ലോകമാക്കി:
പന്തള മന്നന്നുൾക്കനമോടേ
താരകനോടായിട്ടുരിയാടീ:
"വേദനയേറും കാമിനി ഭാവം
മോഹമിതേറ്റം , സന്തതിയേകൂ"

കല ജീവിതം തന്നെ എന്നു പറഞ്ഞു കൊണ്ട്, സുജിത് തന്റെ സ്ഥായീഭാവമായ “പിടിക്കപ്പെട്ട കള്ളന്റെ” വിഷമങ്ങൾ പങ്കുവച്ചു:
“അമ്പട കള്ളാ, യെങ്ങനെ കേറീ-
യമ്പിനു പോലും ഭേദ്യമപൂർവ്വം?”
“റോഡിനു സൈഡി, ല്ലുള്ളൊരു കമ്പിൽ
ആടിയ ശേഷം ചാടിമറിഞ്ഞു!”

കള്ളന്റെ കഥയുമായി താദാമ്യം പ്രാപിച്ചതിനാലാണോ എന്തോ, ബിപിൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയറുടെ ദുരവസ്ഥ വിവരിച്ചു.
വാനു പിടിച്ചും കാറു പിടിച്ചും
ഓടിയണഞ്ഞൂ; ജോലി തുടങ്ങീ
ആഞ്ഞു തൊഴിച്ചൂ, കീയുകളാടീ
താകിട തിത്തോം തക്കിട തിത്തോം!

ശ്ലോകങ്ങൾ എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാജേന വാട്‌സാപ്പ് നോക്കിയിരുന്ന എന്നെയാണോ അതോ കമ്പ്യൂട്ടറിൽ കളിച്ചിരുന്ന മകനെയാണോ ഉദ്ദേശിച്ചതെന്നറിയില്ല; “പുത്രാ” എന്ന വിളി കേട്ടു തിരിഞ്ഞപ്പോൾ ദിവ്യയാണ്.
വന്നിടു പുത്രാ തിന്നുക മീനും
ആവി പറക്കും ചോറതിനൊപ്പം
ഇങ്ങു വിളിച്ചാലങ്ങതു പോവും
എന്തൊരു കഷ്ടം സന്തതിമൂലം

“ഇങ്ങു വിളിച്ചാലങ്ങതു പോവും” എന്നു കൂടി കേട്ടപ്പോൾ എന്നെത്തന്നെ എന്നുറപ്പിച്ചെങ്കിലും “എന്തൊരു കഷ്ടം സന്തതിമൂലം” എന്നവരി വലിയ ആശ്വാസമായി.

ശ്ലോകങ്ങൾ എഴുത്തു നടക്കുമ്പോൾ തന്നെ, ഉപേന്ദ്രവജ്രയിലുള്ള ഒരു സമസ്യാപൂരണവും അഭ്യാസമായി നൽകിയിരുന്നു. പണ്ട് ഗുരുകുലം ബ്ലോഗിൽ കാര്യമായി ആഘോഷിച്ച “വെളുത്തുപോമെന്നിഹ തോന്നിടുന്നു” (http://malayalam.usvishakh.net/blog/archives/218) എന്നതാണ് സമസ്യയായി കൊടുത്തത്.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സമസ്യയാണ്. ഇത് ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പൂരിപ്പിക്കാം. ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലർന്നുവരുമ്പോഴാണ് ഉപജാതിയാവുന്നത്.

11 അക്ഷരം ഒരു വരിയിൽ.
ഇന്ദ്രവജ്ര: ത ത ജ ഗ ഗ
ഉപേന്ദ്രവജ്ര: ജ ത ജ ഗ ഗ

അനീഷ് മാത്രമേ ഈ സമസ്യ പൂരിപ്പിച്ചുള്ളൂ.
കറുത്ത വെള്ളിക്കു കടയ്ക്കു മുന്നേ-
യിടിച്ചു തള്ളിക്കയറീ കുടുംബം
നിരർത്ഥമാം വസ്തുവെടുത്തു, ബാങ്കും
വെളുത്തു പോമെന്നിഹ തോന്നിടുന്നു.

ബ്ലാക് ഫ്രൈഡേ വരുന്നതിനു മുമ്പു തന്നെ തന്റെ “extended family" വാങ്ങിക്കൂട്ടാൻ സാദ്ധ്യതയുള്ള നിരർത്ഥമാം വസ്തുക്കളെയോർത്തുള്ള അനീഷിന്റെ മുതലക്കണ്ണീർ നോക്കൂ!

(പണ്ടു കാലത്തെപ്പോലെ തന്നെ ഇന്നത്തെ വിദ്യാർത്ഥികളും “അദ്ധ്യാപകനെ” അനുസരിക്കുന്നതിൽ വലിയ ആനന്ദം കാണുന്നവരല്ലായ്കയാൽ, ധനേഷ് നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി തന്റെ ആദ്യ ശ്ലോകത്തിനു വേണ്ടി മഞ്ജുഭാഷിണി വൃത്തം സ്വീകരിച്ചു. സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി എന്നാണ് മഞ്ജുഭാഷിണിയുടെ ലക്ഷണം. അതായത്, UU- (സ ഗണം) U-U (ജ ഗണം), UU- (സ ഗണം) U-U (ജ ഗണം), പിന്നെ ഗുരു. അല്പം മിനുക്കിയെടുത്ത ധനേഷിന്റെ വരികൾ മഞ്ജുഭാഷിണിയിൽ ഇങ്ങനെ:
ഇറയത്തിതായൊരിരുളിന്റെ താരകം
വിരഹാർദ്ര സന്ധ്യയെ വശീകരിച്ചിടാൻ
ഇതളൂർന്നു പാടെ നിറമങ്ങിയെങ്കിലു-
മലയുന്നൊരീ പഥികൻ തൻ പ്രതീക്ഷനീ!

കൂട്ടത്തിൽ മറ്റാരും മഞ്ജുഭാഷിണി സാഹസത്തിനു പിന്നീട് മുതിർന്നിട്ടില്ല.)

ഇത്രയുമാണ് ഇതുവരെയുള്ള വൃത്താന്തം. ഇതൊക്കെക്കേട്ടിട്ട് ചെറുതായി ഒരു താല്പര്യം തോന്നുന്നുണ്ടോ? എന്നാൽ ഇനിയും വൈകിയിട്ടില്ല. ശ്ലോകരചനാ സംരംഭം തുടർന്നും മുന്നോട്ടു കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ട്.

Labels: , , , , , ,

Wednesday, October 28, 2009

അച്ചുവിനു് അഞ്ചു് വയസ്സു്



ഈയിടെ അച്ചു മനസ്സിലാക്കിയ സത്യങ്ങളിലൊന്നു്:

അച്ഛമ്മയുടെ (അച്ഛന്‍റെ അമ്മ) വീട്ടിൽ insects ഉള്ളതു കാരണം അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) വീട്ടിൽ നിൽക്കുന്നതാണു് ഇഷ്ടം. (പരിഭാഷ: അമ്മൂമ്മ ഇടയ്ക്കിടയ്ക്കു് ഓരോന്നു് വാങ്ങിക്കൊടുക്കുന്നതു കാരണം അമ്മൂമ്മയുടെ വീട്ടിൽ നിൽക്കാനാണു് താല്പര്യം.)
ഈയിടെ അച്ഛമ്മയും അമ്മൂമ്മയും നടത്തിയ സം‌യുക്ത പ്രസ്താവനകളിലൊന്നു്:
കൊച്ചൊരു പൂച്ചക്കുട്ടികണക്കാ-
ണിച്ചിരി പോലും മേനിയുമില്ല:
പച്ചിലതിന്നിട്ടാവണ; മെന്നാ-
ലച്ചുവിനഞ്ചായെന്നതു സത്യം!

അച്ചുവിന്‍റെ അമ്മയും അച്ഛനും പണ്ടേ മനസ്സിലാക്കിയ സത്യങ്ങളിൽ ചിലതു്:
  • ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കാൻ പാടില്ല.
  • അച്ചുവിന്‍റെ ‘മേനി’ക്കു് പ്രശ്നമേതുമില്ല. ആരോഗ്യവും മെലിഞ്ഞ ശരീരപ്രകൃതിയും തമ്മിൽ ബന്ധമില്ലല്ലോ.
  • അച്ചു ‘പച്ചില’ മാത്രമല്ല തിന്നുന്നതു്.
(ഈ വിഷയത്തിലുള്ള മുൻകാല പോസ്റ്റുകൾ ഇവിടേയും ഇവിടേയും. മുകളിലുള്ള ശ്ലോകം ചമ്പകമാല വൃത്തത്തിലാണു്.)

Labels: , , , ,