ഈയർ ഇൻ റിവ്യൂ 2025
2025 എന്റെ മുന്നിൽ സാദ്ധ്യമാക്കിയ ചേഷ്ടകൾകണ്ട്, "ആവൂ! എന്നാത്മാഗതങ്ങളെ വചനരൂപേണ എങ്ങനെ ഗ്രഹിപ്പിക്കാൻ!" എന്നു ശങ്കപ്പെട്ടു കഴിഞ്ഞിട്ട് നാലാഞ്ചുനാളായി.
അർത്ഥലാഭമോ സ്ഥാനലാഭമോ മോഹിക്കാതെ ശ്ലോകമെന്ന കാവ്യരീതിയോടുള്ള പ്രതിപത്തിയാൽ പോയാണ്ടിൽ പതിനാറ് ശ്ലോകങ്ങളെ രചിക്കുകയുണ്ടായി. ഇത്രയുമായിട്ടുകൂടി സാധുപ്രകൃതികളുടെ ശാർദ്ദൂലവിക്രീഡിതമെന്ന് ഈയുള്ളവൻ തന്നെ പലനാളായി പറഞ്ഞുധരിപ്പിച്ചിട്ടുള്ള ഇന്ദ്രവജ്രയിൽ വെറും മൂന്നുശ്ലോകങ്ങളാണ് ചമയ്ക്കാനായത്. സ്രഗ്വിണിവൃത്തത്തോട് വിശേഷാൽപ്രിയം തോന്നിയവകയിൽ പിന്നൊരു മൂന്നുശ്ലോകങ്ങൾ എഴുതിയ സ്ഥിതിയും വന്നു. ശൃംഗാരം ഒരുതരം ഭക്തിയായി വരികയാൽ സ്ത്രീപ്രണാമ രൂപേണ കാമക്രീഡയിൽ രണ്ടു ശ്ലോകങ്ങൾ എഴുതിതീർത്തതിന്റെ ശേഷം മത്തമയൂരം, ചമ്പകമാല, ഭുജംഗപ്രയാതം എന്നിവയിലും ആശയാദികളിൽ ഹാസ്യഭാവത്തെ കലർത്തി, എന്നാൽ ജന്യമായ അലക്ഷ്യത്തോടെ ഉപയോഗിക്കയാൽക്കൂടി വൃത്തങ്ങൾ പലവഴിയും അനുസരണഭാവം കാണിച്ചുനിന്നു. ഇന്നാളുകളിൽ അൽപമാത്രമായി ഉപയോഗിച്ചുവരുന്നതായി കാണപ്പെടുന്ന സമാനികവൃത്തം ഒരു ശ്ലോകത്തിനായി ഉപയോഗിക്കയും ചെയ്തു. നിയമപ്രകാരം കാട്ടേണ്ടുന്ന ചാപല്യങ്ങൾ മറക്കാതെ ഫലമുഖി, പരിമളം, നാരാചിക, കേരളി എന്നീ വൃത്തങ്ങളിൽ അല്പം പരുങ്ങലോടുകൂടിയും ബഹുമാനഭയപൂർവ്വവും ശ്ലോകങ്ങൾ എഴുതാൻ തരമായതും ഇക്കഴിഞ്ഞയാണ്ടാണ്. സൂക്ഷ്മനേത്രങ്ങൾക്ക് ഇക്കൃതികളൊന്നും അസഹ്യതയെ ഉണ്ടാക്കിയില്ല എന്നു പറയുവാൻ തീർച്ച പോരാ. "കല്ലും മെല്ലെയെണീറ്റു കാലിണപിടിച്ചമ്പോടു കുമ്പിട്ടിടും" വിധം സൌന്ദര്യസമൃദ്ധവും പ്രൌഢവിലാസവുമായ സംഗതികൾ വരുങ്കൊല്ലമാകാം.
വാർദ്ധക്യംകൊണ്ടോ നിദ്രയുടെ അഭാവത്താലുണ്ടാവുന്ന ഈർഷ്യമൂലമോ അതികോപിഷ്ഠനായിച്ചമഞ്ഞിരിക്കുമ്പോൾ ആ കോപത്തെ അമർത്തുന്ന പുഞ്ചിരിക്ക് അധീനമാവാൻ സാധുശീലരായ മക്കൾ വിസ്തരിച്ച വചനകൌശലങ്ങൾ ("Is it a big deal?", "It's not that deep!") ഏതവസരത്തിലും അസ്വസ്ഥതയകറ്റാൻ പ്രയോഗിക്കാമെന്ന് കണ്ട് ഞാനും പരമാഹ്ലാദചിത്തനായി.
മുൻവർഷങ്ങളിലെ വിവശത ത്യജിച്ചിട്ട് ഏണത്തേക്കണ്ട കേസരിയെപ്പോലെ മുന്നോട്ടു കുതിച്ച Sidewinders ക്രിക്കറ്റ് ക്ലബ് പ്ലേ-ഓഫിലേയ്ക്കുള്ള വാതിലിനെ നാലാവർത്തി തുറക്കുക ചെയ്തു. കളിയാൽ വന്നുപെടാവുന്ന ദേഹാസ്വാസ്ഥ്യം മുതലായ വിചാരങ്ങൾകൊണ്ടു വിഷണ്ണനായിരുന്നെങ്കിലും "വിജയം സഫലമായെങ്കിൽ ഭാഗ്യം!" എന്ന നോട്ടത്താൽ പങ്കെടുക്കയാൽ പോരിനു വീണ്ടും ബാല്യമുണ്ടെന്നത് ദൃഢപ്പെടുകയും ചെയ്തു. സോക്കർ, വോളി തുടങ്ങിയ കേളീമുറകൾ നാട്ടുകാർ അന്ധാളിക്കത്തക്കവിധത്തിലുള്ള കലുഷത്തോടെ മാത്രമേ വിചാരത്തിൽ വരുന്നുള്ളൂ.
ജോലിയാൽ വലിയ ആനന്ദോന്മാദമൊന്നും വന്നുഭവിച്ചില്ല. GitHub CoPilot, Vibe Coding, MCP എന്നതിൽ നിന്നൊക്കെ സുഖം സിദ്ധിക്കുന്നതിൽ ആശമുഴുത്തെങ്കിലും ചിലവ സൂചികൾ കൊണ്ട് ദേഹംമുഴുവൻ കുത്തിയാലുണ്ടാകുന്നതുപോലുള്ള വേദനയും മനഃക്ലേശവും നേടിത്തന്നു. അടുപ്പിൽ തീ എരിയെ അയൽവീട്ടിൽ പോയി തിരികൊളുത്താനെരക്കാൻ അധൈര്യം വരികയാൽ Cursor, Supermaven, Notion ആദിയായ സംഗതികളിൽ ബുദ്ധിയെ അധികമായി പ്രവർത്തിപ്പിക്കാൻ മുതിർന്നുമില്ല. മാർഗ്ഗം അടഞ്ഞുകാണപ്പെട്ട സന്നിഗ്ദ്ധാവസ്ഥകൾ വന്നുകൂടലുണ്ടായപ്പോൾ വിനീതനായി നിന്നതല്ലാതെ ശ്ലാഘനീയമായ ക്രിയ വല്ലതും ചെയ്തു എന്നഭാവത്തെ തീരെ പ്രദർശിപ്പിച്ചില്ല. "അടിയൻ ലച്ചിപ്പോം!" എന്നൊരു പ്രതിശബ്ദം മുഴക്കാനും വയ്യെന്ന സ്ഥിതിയായി. എന്നുവച്ച് കരിമേഘത്താൽ ആകാശം മൂടപ്പെട്ടിട്ട് ഉഡുക്കളുടെ വെളിച്ചംപോലുമില്ലാതെ ദിക്കെല്ലാം അന്ധകാരമയമായി എന്നു വ്യാഖ്യാനിച്ചു നടക്കുന്നത് ശരിയാകയില്ല. പരിധിയില്ലാത്ത അവധിയുള്ളത് ദീപയഷ്ടികളുടെ ശോഭയെ വെല്ലുന്ന തേജസ്സോടെ നല്ലതിൻമണ്ണം ഉപയോഗിച്ച്, യാത്രകൾ തുടങ്ങിയ കൃത്യങ്ങളെ പലവട്ടമായി ആചരിക്കയുണ്ടായത് അന്തരംഗത്തെ പ്രശോഭിപ്പിച്ചു.
ഫേയ്സ്ബുക്ക്, ഇൻസ്റ്റ എന്നിവിടങ്ങൾ പകർന്ന അറിവുകൾ വയസ്സിൽ പാതി താനറിയാതെ മാഞ്ഞുപോയതുപോലെ കാണായിവന്നു. ഇൻസ്റ്റയിൽ whynotscience_, fryrsqared, merriamwebster, physicsisfun_official എന്നിത്രാദികളും ഫേയ്സ്ബുക്കിൽ BBC Archive, Julie Nolke, The Rest Is Science, Author Jason K Pargin, Mini Philosophy, Would I Lie To You?, Pilot Debrief, Steve Mould എന്നും മറ്റുമുള്ള സംഗതികളും ഇഷ്ടവിനോദം പകരാൻ നിമിത്തങ്ങളായിത്തീർന്നു.
വരാനിരിക്കുന്നയാണ്ടിൽ ജീവിതം നാകലോകതുല്യമായി ഭവിക്കണമെന്നാണ് മോഹം! 😀
Labels: ഈയർഇൻറിവ്യൂ, വൈയക്തികം