ഡോട്ട് കോം ഡോട്ട് കോം
അന്നൊക്കെ കഞ്ഞിയും പയറും കുടിച്ചുനടന്ന വെറുമൊരു സുഖലോലുപനായിരുന്നു ഞാൻ. സ്റ്റോക്കെന്നും മറ്റും കേട്ടാൽ എനിക്കു് കാലിനടിയിൽ നിന്നും പെരുപ്പു കേറുമായിരുന്നു. (ഇന്നും വലിയ മാറ്റമില്ല.) കൂടെപ്പഠിച്ച ഒരു പഹയൻ അക്കാലത്തൊരിക്കൽ സിലിക്കൻ വാലിയിൽ നിന്നും മിനിട്ടിനു് 10 സെന്‍റ് വച്ചു് ചെലവിട്ടു് എന്നെ വിളിച്ചിട്ടു പറഞ്ഞു:
“എടാ, മൈ... ഡീയർ” (തെറ്റിദ്ധരിക്കരുതു്. “എടാ എന്‍റെ പ്രിയപ്പെട്ടവനേ” എന്നാണു് വിളിയെങ്കിലും ഞങ്ങൾ തമ്മിൽ ‘പ്രകൃതിവിരുദ്ധമായ’ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.)
“എന്തോ?” ഞാൻ വിളികേൾക്കും.
“എന്‍റെ മൂല്യം ഒരു മില്യനായെടാ! മാർക്കറ്റ് ഇങ്ങനെ പൊങ്ങിയാൽ ഞാൻ ഈ പൈസയെല്ലാം എവിടെക്കൊണ്ടു പോയി വയ്ക്കും?”
രാവിലെ എഴുന്നേറ്റാൽ ബർഗർ കിങ്ങിൽ പോയി കിഡ്സ് മീൽ കഴിച്ചുകൊണ്ടിരുന്ന എനിക്കു് അന്നൊന്നും ഒരു മില്യന്‍റെ വിലയറിയില്ല. അന്നല്ല, ഇന്നുമറിയില്ല.
“നീ വീട്ടിലാണോ ബാങ്കിലാണോ ഈ പൈസയൊക്കെ വയ്ക്കുന്നതു്? അമേരിക്കയാണെങ്കിലും ഇവിടേം കള്ളമാരുണ്ടാവും.” ഞാൻ ആശങ്കാകുലനായി.
ഒരു മില്യൻ എന്നതു് പേപ്പറിൽ മാത്രമുള്ള തുകയാണെന്നും സ്റ്റോക്കു് ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്നും ഇപ്പോൾ വിൽക്കാൻ പറ്റിയാൽ ഇത്ര കുട്ടുമായിരുന്നുവെന്നും എന്നെപ്പോലൊരു പാമരനാം കൂട്ടുകാരനെ പറഞ്ഞു മനസ്സിലാക്കാനുള്ള ക്ഷമ അന്നവൻ കാണിച്ചില്ല.
ഡോട്ട് കോമൊക്കെ പോയി, ആകാശത്തു ജ്വലിച്ചു നിന്ന നക്ഷത്രം പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിമാത്രമായപ്പോൾ അവൻ വീണ്ടും വിളിച്ചു. വീടിനു പണമടയ്ക്കാൻ കാശില്ലാതെ അപ്പാർട്ട്മെന്‍റിലേയ്ക്കു മാറിയെന്നു പറയാൻ.
അന്നാണ് ഡോട്ട് കോം ഇന്‍റർനെറ്റിന്‍റെ അവസാനമാണെന്ന് എനിക്കു ആദ്യം തോന്നിയത്. വർഷങ്ങൾ കഴിഞ്ഞ് അത് വീണ്ടും ഓർമ്മ വന്നത് ഈ സൈറ്റ് കണ്ടപ്പോഴാണ്: http://www.wwwdotcom.com (ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഡോട്ട്കോം ഡോട്ട്കോം).
Labels: പലവക