തെറി വളർന്ന വഴികൾ
- മറ്റേമ്മ എന്ന് കൊച്ചുമക്കൾ വിളിച്ചിരുന്ന എന്റെ അമ്മയുടെ അമ്മ, അന്നത്തെ രീതിയിൽ നോക്കിയാൽ കുലസ്ത്രീ ആയിരുന്നെങ്കിലും ദേഷ്യം വന്നാൽ അറുവാണി, പുണ്ടച്ചി, മൈര് എന്നിങ്ങനെ നാട്ടിൽ അന്ന് പ്രചാരമുണ്ടായിരുന്ന തെറികൾ, അവർക്ക് ശരിയല്ല എന്ന് തോന്നുന്ന ആളുകളോടോ രീതികളോടോ സംഭവത്തോടോ "ശക്തമായി" പ്രതികരിക്കേണ്ടിവരുമ്പോൾ, സാമാന്യം ഉറക്കെത്തന്നെ പ്രയോഗിക്കുമായിരുന്നു. ഏതോ സിനിമാപോസ്റ്ററിലെ അക്ഷരത്തെറ്റ് കണ്ടിട്ട് അനുകരണം കല എന്നപോലെ, "ഏത് അറുവാണിയാണ് ഇത് എഴുതിയത്" എന്ന് ഞാൻ പ്രതികരിക്കുന്നത് അമ്മ കേൾക്കുകയും "അഞ്ചാം ക്ലാസിൽ ആയതേയുള്ളൂ, നിന്റെ കൂട്ടുകെട്ട് ശരിയല്ല" എന്ന നിരുപദ്രവഭാഷയിൽത്തുടങ്ങിയ മഹായുദ്ധം അവസാനം എന്റെ കരഞ്ഞുകലങ്ങലിലവസാനിക്കുകയും ചെയ്തു. ഇതെല്ലാം കേട്ട് നിനക്ക് ഭാവിയുണ്ടെടാ എന്ന മട്ടിൽ ഇരുന്ന മറ്റേമ്മ പതിയെ അടുത്തു വന്ന്, "നീ വലുതാവുമ്പോൾ അല്ലേ ഇതൊക്കെ പറയാനുള്ളത്, ഇപ്പോഴാണോ?" എന്ന് ചോദിച്ചത് എനിക്ക് വലിയ ആശ്വാസമൊന്നും പകർന്നില്ല. (വേണ്ടാത്തിടത്ത് പ്രതീക്ഷിക്കപ്പെടാത്തവരാൽ സൃഷ്ടിക്കുന്ന ഷോക്ക് വാല്യൂ ആണ് തെറിയുടെ ഗുണവും മേന്മയും.)
- പ്രീഡിഗ്രിക്കാലത്ത് ഹോസ്റ്റലിൽ റോബിനും ബിജുരാജും തമ്മിൽ വഴക്ക്. റോബിൻ അന്നത്തെ യുവാക്കളുടെ ഹരമായിരുന്ന (ഇന്ന് ചുരുളി ട്രെയിലറിൽ കേട്ട) തെറിയൊക്കെ ബിജുരാജിനെ വിളിക്കുന്നുണ്ട്. ബിജുരാജാകട്ടെ അളന്നുതൂക്കിയാണ് മറുപടി. തായോളി, നായിന്റെമോൻ തുടങ്ങി മാതൃകേന്ദ്രീകൃതമാണ് മിക്ക പ്രയോഗങ്ങളും. എന്നാലും അവരാതിക്കുണ്ണ, മലമൈരൻ, ഇരമ്പൂറൻ, തുടങ്ങിയ ഇമ്പമാർന്ന തെറികൾക്കിടയിൽ ബിജുരാജിന്റെ കവനകൌതുകം മുങ്ങിപ്പോകുന്നത് പ്രേക്ഷകർക്ക് അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് "നായിന്റെമോൻ എന്നു പറഞ്ഞാൽ അച്ഛൻ പട്ടി ആണെന്നല്ല, പട്ടിയാണ് അച്ഛൻ എന്നാണ് അർത്ഥം എന്ന് ഈ കൂത്തിച്ചീമോന് ആരെങ്കിലും പറഞ്ഞു കൊടുക്കൂ" എന്ന് ബിജുരാജ് വിളിച്ചുപറയുന്നത്. (ഈ subtle വ്യത്യാസമാണ് തെറിയെ നല്ല തെറിയാക്കുന്നത്.)
- MG യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഒരു കുന്നിന്റെ മുകളിലാണ്. ആ കുന്നിന്റെ താഴ്വാരത്താണ് അന്നത്തെ റെജിസ്ട്രാർ ചാക്കോ താമസിച്ചിരുന്നത്. ഹോസ്റ്റൽ നിവാസികൾക്ക് യൂണിവേഴ്സിറ്റിയുടെ, അധികാരത്തിന്റെ, പ്രതിനിധിയാണ് ചാക്കോ. ഹോസ്റ്റലിൽ കുളിക്കാൻ വെള്ളമില്ല, ക്യാന്റീനിലെ മുട്ടക്കറിക്ക് എരിവു കൂടി തുടങ്ങിയ എന്തെങ്കിലും പ്രശ്നമുണ്ടായാൽ നമ്മൾ കൂട്ടത്തോടെ ടെറസ്സിൽ നിന്ന് "എടാ ചാക്കോ, മുട്ടയിൽ മുളകിട്ടത് നീയാണോടാ?" എന്നൊക്കെ വിളിച്ചുകൂവും. അങ്ങനെയിരിക്കെ, അരമണിക്കൂർ കറണ്ട്കട്ട് വരുമ്പോൾ കറണ്ട് വരുന്നതു വരെ നിർത്താതെ കൂവുക എന്ന പുതിയ ഐഡിയ ഇഷ്ടപ്പെട്ട നമ്മൾ അത് പ്രാവർത്തികമാക്കുന്നു. ഏകദേശം അഞ്ചാറു മിനുട്ട് കൂവൽ തുടർന്നപ്പോൾ നാട്ടുകാർ ഒന്നുരണ്ടുപേർ ഗേറ്റിൽ വന്നിട്ട് "നിർത്തടാ പൊലയാടിമക്കളേ, നിന്റെയൊക്കെ അമ്മേടേ" എന്നും മറ്റും തുടങ്ങുന്ന നാല് തെറി. നമ്മൾ നിർത്തി. സമരമുഖങ്ങളിൽ വിരിമാറുകാട്ടിയ ചരിത്രമുള്ള യുവതുർക്കികൾ, പിറ്റേ ദിവസത്തെ കലാപരിപാടിയ്ക്കിടയിലെ നാടൻ മാനുഷിക ഇടപെടലിനെ കാസർഗോഡ് മുതൽ പാറശ്ശാല വരെ പ്രചാരത്തിലുള്ള ദേശീയ തെറികളുടെ അനർഗ്ഗങ്ങള പ്രവാഹത്തിലൂടെ ചെറുത്ത് തോല്പിച്ചു എന്നാണോ, അതല്ല, നാൽപ്പാത്തിമല നിവാസികൾ അരമണിക്കൂർ കൊണ്ട് തങ്ങളുടെ തെറിശേഖരം അപ്ഗ്രേഡ് ചെയ്തു എന്നാണോ ചരിത്രപുസ്തകങ്ങളിൽ എഴുതേണ്ടതെന്ന് ഈ സംഭവം കഴിഞ്ഞ് ഒന്നുരണ്ടു ദിവസം ചർച്ച നടന്നു. (എന്റെ നാട്ടിലെ തെറി നിന്റെ നാട്ടിലെ തെറിയേക്കാൾ മെച്ചപ്പെട്ടതാണ് എന്നു പറയുന്നതിലും ഒരു "അശ്ലീല"മുണ്ട്.)
- അവസാനമായി പൈങ്കിളിത്തെറി കേട്ടത്, ഏകദേശം പത്തുകൊല്ലം മുമ്പ് സീയാറ്റിലിലെ ഒരു പാർക്കിംഗ് ലോട്ടിൽ വച്ചാണ്. ഒരാൾ കാറിൽ മദ്യം വിളമ്പുന്നു. കുറേപ്പേർ ചുറ്റും നിന്ന് സേവിക്കുന്നു. "അളിയാ വന്ന് വാങ്ങിക്കുടിക്ക്" എന്ന് സ്നേഹത്തോടെ ഒരാൾ. ഒന്ന് ശങ്കിച്ചുനിന്നപ്പോൾ (അത്ര പരിചയക്കാരനല്ലാത്ത) ദാതാവിന്റെ നിർബന്ധം ഒഴുകിവന്നു: "വന്ന് ഊമ്പിയേച്ചു പോടാ മൈരേ!" ആ പ്രലോഭനം എങ്ങനെ നിരസിക്കും? "നീ ഇവിടെ പുതിയതാണല്ലോ" എന്ന അമ്മാവൻ സിൻഡ്രോമിന്റെ ബലത്താലും, ഒഴിച്ചുതന്ന ഡ്രിങ്ക്, ചീപ്പ് മദ്യം കോളയിൽ കലക്കി വായിൽ വയ്ക്കാൻ കൊള്ളാത്തതു പോലെയാക്കിയിരുന്നതിന്നാലും തുപ്പിക്കളഞ്ഞിട്ട്, "ഇതാണോ നിന്റെ ഒലത്തൽ?" എന്നുചോദിച്ച് സ്ഥലംവിട്ടത് ഓർമ്മയുണ്ട്. (മിനിമം ഗ്യാരണ്ടി ഇല്ലാത്തവരോടൊന്നും തെറിവിളിക്ക് കൂടരുത്. മദ്യപിക്കാനും.)
- നോൺ-സ്റ്റോപ്പ് തെറിയുപയോഗം മെയിൻസ്ട്രീം അല്ല. മുപ്പത് കൊല്ലം മുമ്പ് ക്യാമ്പസിലും ഹോസ്റ്റലിലും ഇങ്ങനെ സംസാരിച്ചു നടക്കുന്നവരെ കണ്ടിട്ടുണ്ട്. ആ പ്രായത്തിലുള്ളവരിൽ ഇങ്ങനെ ശീലമുള്ളവർ ഇപ്പോഴും കാണാം. ഇപ്പോൾ ഒരു സിനിമയിൽ വന്നെങ്കിൽ ഇനി എല്ലാ സിനിമയിലും വരും. വരട്ടെ. ഈ വിമർശിക്കുന്നവരിൽ പത്ത് പേരെങ്കിലും ഇതിൽ പ്രതിഷേധിച്ച് ഇനി ഒരു സിനിമയും കാണുന്നില്ല എന്നുവയ്ക്കട്ടെ. അതല്ലേ ഹീറോയിസം? (അങ്ങനങ്ങാണ്ടല്ലേ ആ ഡയലോഗ്?)