ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, September 29, 2024

പുല്ലു തീറ്റിക്കാത്ത പട്ടികൾ

പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെക്കൊണ്ടു തീറ്റിക്കുകയുമില്ല എന്നാണ് മലയാളത്തിൽ. പ്രാസം കാരണമാവും പട്ടിയോടൊപ്പം പശു വന്നത്.

The Dog in the Manger ഗ്രീക്ക് കഥകളിൽ സാധാരണ barn-ൽ ഉള്ള വൈക്കോൽ തിന്നാനെത്തുന്നത് കാള, കുതിര തുടങ്ങിയ മൃഗങ്ങളാണ്. Gospel of Thomas Saying 102 പലവിധത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്:
𝑊𝑜𝑒 𝑡𝑜 𝑡ℎ𝑒 𝑃ℎ𝑎𝑟𝑖𝑠𝑒𝑒𝑠, 𝑓𝑜𝑟 𝑡ℎ𝑒𝑦 𝑎𝑟𝑒 𝑙𝑖𝑘𝑒 𝑎 𝑑𝑜𝑔 𝑙𝑦𝑖𝑛𝑔 𝑖𝑛 𝑡ℎ𝑒 𝑚𝑎𝑛𝑔𝑒𝑟 𝑜𝑓 𝑡ℎ𝑒 𝑐𝑎𝑡𝑡𝑙𝑒; 𝑓𝑜𝑟 ℎ𝑒 𝑛𝑒𝑖𝑡ℎ𝑒𝑟 𝑒𝑎𝑡𝑠 𝑛𝑜𝑟 𝑑𝑜𝑒𝑠 ℎ𝑒 𝑙𝑒𝑡 𝑡ℎ𝑒 𝑐𝑎𝑡𝑡𝑙𝑒 𝑒𝑎𝑡

എന്ന് ഒരു വിധം.
𝐶𝑢𝑟𝑠𝑒𝑑 𝑎𝑟𝑒 𝑡ℎ𝑒𝑦, 𝑡ℎ𝑒 𝑃ℎ𝑎𝑟𝑖𝑠𝑒𝑒𝑠, 𝑏𝑒𝑐𝑎𝑢𝑠𝑒 𝑡ℎ𝑒𝑦 𝑎𝑟𝑒 𝑙𝑖𝑘𝑒 𝑎 𝑑𝑜𝑔 𝑤ℎ𝑖𝑐ℎ ℎ𝑎𝑠 𝑙𝑎𝑖𝑛 𝑖𝑛 𝑡ℎ𝑒 𝑐𝑎𝑡𝑡𝑙𝑒 𝑚𝑎𝑛𝑔𝑒𝑟, 𝑏𝑢𝑡 𝑤𝑖𝑙𝑙 𝑛𝑒𝑖𝑡ℎ𝑒𝑟 𝑒𝑎𝑡 𝑛𝑜𝑟 𝑎𝑙𝑙𝑜𝑤 𝑡ℎ𝑒 𝑜𝑥𝑒𝑛 𝑡𝑜 𝑒𝑎𝑡 𝑖𝑡

എന്ന് മറ്റൊരു വിധം.

John Gower’s Confessio Amantis:
𝑇ℎ𝑜𝑢𝑔ℎ 𝑖𝑡 𝑏𝑒 𝑛𝑜𝑡 𝑡ℎ𝑒 ℎ𝑜𝑢𝑛𝑑'𝑠 ℎ𝑎𝑏𝑖𝑡
𝑇𝑜 𝑒𝑎𝑡 𝑐ℎ𝑎𝑓𝑓, 𝑦𝑒𝑡 𝑤𝑖𝑙𝑙 ℎ𝑒 𝑤𝑎𝑟𝑛 𝑜𝑓𝑓
𝐴𝑛 𝑜𝑥 𝑡ℎ𝑎𝑡 𝑐𝑜𝑚𝑚𝑒𝑡ℎ 𝑡𝑜 𝑡ℎ𝑒 𝑏𝑎𝑟𝑛
𝑇ℎ𝑒𝑟𝑒𝑜𝑓 𝑡𝑜 𝑡𝑎𝑘𝑒 𝑢𝑝 𝑎𝑛𝑦 𝑓𝑜𝑜𝑑.

ചക്കാത്തും കാളയ്ക്ക് പ്രായമായതും പട്ടിക്കുള്ള തെറിയുമൊക്കെ കയ്യിൽ നിന്നിട്ട് ഇക്കാര്യം ഇന്ദ്രവജ്രയിൽ പറഞ്ഞാൽ,
ചക്കാത്തിനല്പം പുതുകച്ചി തേടീ-
ട്ടെങ്ങാനുമേതോ മുതുകാള വന്നാൽ
വയ്ക്കോലു തീറ്റീം പതിവില്ല, യെന്നാ-
ലൊട്ടും കൊടുക്കാ, ക്കഴുവേറി നായും!

വൃത്തം: ഇന്ദ്രവജ്ര

Labels: ,

Saturday, September 28, 2024

ഇതും ജേണലിസം

സുനിത ദേവദാസ് എന്ന ജേണലിസ്റ്റിനെക്കുറിച്ച് ഇടയ്ക്ക് പലരും എഴുതിക്കണ്ടിട്ടുള്ളതല്ലാതെ അവരുടെ വർക്ക് ഞാൻ കണ്ടിട്ടേയില്ല. അതൊരു അപരാധമാണെന്നല്ല. ഒന്നാമതേ ജേണലിസം എന്തല്ല എന്ന ധാരണയുണ്ടെന്നല്ലാതെ അതെന്താണ് എന്നെനിക്കറിയില്ല. അതും അപരാധമല്ല.

ജീവിതം അയത്നലളിതവും ഹൃദയം വേഗനിയന്ത്രിതവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തിലാണ് "എന്നെയും ഇന്റർവ്യൂവിലെടുത്തു" എന്നൊരു പോസ്റ്റിലൂടെ സുനിത ദേവദാസ് തന്നെ ഇന്റർവ്യൂ ചെയ്ത വീഡിയോ Roby Kurian പോസ്റ്റുചെയ്യുന്നത്. അമ്പതു മിനിറ്റ് ദൈർഘ്യമുള്ള ഇന്റർവ്യൂ മുഴുവൻ കണ്ടതിന്റെ പ്രധാനകാരണം റോബി വളരെ ആസ്വദിച്ചും പലപ്പോഴും അനല്പമായി ആഹ്ലാദിച്ചും ചിലകാര്യങ്ങൾ പറയുന്നു എന്നതുമാത്രമാണ്. ലോകസിനിമയെപ്പറ്റി കാര്യമായി എഴുതുകയും പറയുകയും ചെയ്യുന്ന റോബിയോട് അമ്പതുമിനിറ്റ് സംസാരിച്ചിട്ടും ഗൂഗിൾ ചെയ്താൽ ആർക്കും ഉത്തരം കിട്ടുന്ന "ഷോൺറകൾ ഏതൊക്കെ" എന്ന തരം ചോദ്യങ്ങളാണ് സുനിത ദേവദാസിന് ചോദിക്കാനുണ്ടായിരുന്നത് എന്നത് അതിശയമായിരുന്നു.

ഇനി ഈ വഴിക്കില്ല എന്നു വിചാരിച്ച്, ഹൃദയം വീണ്ടും വേഗനിയന്ത്രിതമാക്കിയിരുന്നപ്പോഴാണ് UK-യിലുള്ള ഒരു ഇൻഫ്ലുവൻസർ സുനിത ദേവദാസിനാൽ ഇന്റർവ്യൂ ചെയ്യപ്പെട്ട കാര്യം (കർമ്മണിപ്രയോഗം തന്നെ ആയിക്കോട്ടെ, എന്തിനു കുറയ്ക്കണം!) Kunjaali Kutty അറിയിക്കുന്നത്. അധികം കേട്ടില്ല, നിർത്തി. സുനിത ദേവദാസിന് സ്വന്തം reputation നിലനിർത്തണമെന്ന് ഒരു ആഗ്രഹവുമില്ലെന്ന് തോന്നുന്നു.

ഒരു ചെറിയ ഉദ്ധരണികൂടെ തരാം. പോസ്റ്റുകളുടെ ആധികാരികത വർദ്ധിപ്പിക്കാൻ ഉദ്ധരണികൾ സഹായിക്കും എന്നാണല്ലോ.
𝑇ℎ𝑒 𝑟𝑜𝑙𝑒 𝑜𝑓 𝑡ℎ𝑒 𝑗𝑜𝑢𝑟𝑛𝑎𝑙𝑖𝑠𝑡 𝑖𝑠 𝑡𝑜 𝑠𝑒𝑒𝑘 𝑡𝑟𝑢𝑡ℎ, 𝑚𝑖𝑛𝑖𝑚𝑖𝑧𝑒 ℎ𝑎𝑟𝑚, 𝑎𝑐𝑡 𝑖𝑛𝑑𝑒𝑝𝑒𝑛𝑑𝑒𝑛𝑡𝑙𝑦, 𝑎𝑛𝑑 𝑏𝑒 𝑎𝑐𝑐𝑜𝑢𝑛𝑡𝑎𝑏𝑙𝑒 𝑎𝑛𝑑 𝑡𝑟𝑎𝑛𝑠𝑝𝑎𝑟𝑒𝑛𝑡.” – 𝑆𝑜𝑐𝑖𝑒𝑡𝑦 𝑜𝑓 𝑃𝑟𝑜𝑓𝑒𝑠𝑠𝑖𝑜𝑛𝑎𝑙 𝐽𝑜𝑢𝑟𝑛𝑎𝑙𝑖𝑠𝑡𝑠 𝐶𝑜𝑑𝑒 𝑜𝑓 𝐸𝑡ℎ𝑖𝑐𝑠

പറഞ്ഞുപറഞ്ഞ് പ്രധാനപ്പെട്ട ഒരു കാര്യം സുനിത ദേവദാസിനോട് പറയാൻ വിട്ടുപോയി: ആർക്കും വലിയ പ്രയോജനമൊന്നുമില്ലാത്ത ചിലകാര്യങ്ങളിൽ അഗാധമായ അവഗാഹമുള്ള ആളാണ് ഞാൻ. ഇന്റർവ്യൂ ചെയ്യണമെങ്കിൽ പറഞ്ഞാൽ മതി. 😜

Labels:

Saturday, September 21, 2024

നൃത്തം റിവ്യൂ

(ഇന്നത്തെ കേരള അസ്സോസിയേഷൻ ഓണപ്പരിപാടിയുമായി യാതൊരു ബന്ധവുമില്ല.)
നൃത്തം കണ്ടുമടുത്തു രണ്ടുമിഴിയും കൂമ്പുന്നനേരം മുതൽ
മൊത്തം കെട്ടുമിറങ്ങി, നിദ്രവരുവാൻ കാക്കുന്ന യാമം വരേ
അല്പം സ്നേഹരസം നിറച്ചു കനിവാൽ റിവ്യൂ രചിക്കുന്ന ഞാൻ:
"സ്വൽപ്പം നീണ്ടുനിവർന്ന നിൽപ്പിതു തുലോം നൃത്തത്തിലും നന്നഹോ!"

ഏ. ആർ. രാജരാജവർമ്മയുടേതാണ് സമസ്യാപൂരണത്തിന് ആധാരമായ ശ്ലോകം.

(വൃത്തം: ശാർദ്ദൂലവിക്രീഡിതം)

Labels: , , ,

Friday, September 06, 2024

കഴ അഥവാ ക-യും ഴ-യും

ശബ്ദതാരാവലിയിലെ (ശ്രീകണ്ഠേശ്വരം, മുപ്പത്തിരണ്ടാം പതിപ്പ്) പേജ് എണ്ണം വച്ചു ഏറ്റവും കൂടുതൽ വാക്കുകൾ തുടങ്ങുന്നത് ക എന്ന അക്ഷരത്തിലാണെന്നും അ, പ, വ, മ, ത, ച, ന, സ, ഉ എന്നിവ ആദ്യ പത്തിൽ വരുമെന്നും മുമ്പ് പറഞ്ഞിരുന്നു. അപ്പോഴാണ് ഏറ്റവും കുറവ് വാക്കുകൾ ഏതക്ഷരത്തിലാണ് തുടങ്ങുന്നത് എന്ന് Govind ചോദിച്ചത്.

ശബ്ദതാരാവലി, ശ്രീകണ്ഠേശ്വരം, മുപ്പത്തിരണ്ടാം പതിപ്പ് മാത്രം വച്ചു നോക്കിയാൽ ഏറ്റവും കുറവ് വാക്കുകൾ ഴ എന്ന അക്ഷരത്തിൽ തുടങ്ങും: 0 (ഒരു വാക്കുമില്ല, ഴകാരം എന്ന വാക്ക് കൂട്ടിയിട്ടില്ല). ഇംഗ്ലീഷ് വാക്കുകൾ അല്ലെങ്കിൽ പേരുകൾ മലയാളത്തിൽ എഴുതുമ്പോൾ മാത്രമേ ഴ-യിൽ തുടങ്ങുന്ന വാക്കുകൾ കണ്ടിട്ടുള്ളൂ. ഉദാഹരണം: genre എന്നത് ഴോൺറ എന്നും ഴോണ എന്നുമൊക്കെ എഴുതിക്കണ്ടിട്ടുണ്ട്. (ഷോൺറ, ഷോണ എന്നീ എഴുത്തുകളും ഈ വാക്കിനുവേണ്ടി ഉപയോഗത്തിലുണ്ട്.)

അങ്ങനെ നോക്കുമ്പോൾ 2 വാക്കുകൾ വീതമുള്ള ൡ, ൠ എന്നിവയാണ് ഏറ്റവും കുറവ് വാക്കുകൾ തുടങ്ങുന്ന മലയാള അക്ഷരങ്ങൾ.

ൠ (ഋ-ന്റെ ദീർഘം)
ൠ - ഓർമ്മ, ഭയം, ആക്ഷേപം, കരുണ, ഭൈരവൻ, അദിതി, ഒരു ദാനവൻ
ൠഭോഷൻ - നിന്ദ്യനായ വിഡ്ഢി

ൡ (ഇതിന്റെ ഉച്ചാരണം ഏകദേശം ലൂ എന്നതിനടുത്ത് നില്ക്കും)
ൡ - അമ്മ, ദിവ്യമാതാവ്, ശിവൻ എന്നീ അർത്ഥങ്ങൾ
ൡതം - എട്ടുകാലി

മൂന്നു വാക്കുള്ള ഌ (ൡ-ന്റെ ഹ്രസ്വം) ആണ് അടുത്തത്.


ഌ - ഭൂമി, പർവ്വതം, ദേവി, ദേവമാതാവ്, സ്ത്രീ, സ്ത്രീസ്വഭാവം, പ്രകൃതി, ഒരു മന്ത്രാക്ഷരം, ഗൃഹം
ഌപ്തം - ലുപ്തം
ഌസ്മാദി - ഒരു മന്ത്രം

ഇനി ഇവയൊക്കെ പ്രചാരം കുറഞ്ഞ അക്ഷരങ്ങളാണെന്ന് സമ്മതിച്ചാൽ, 4 വാക്കുകൾ തുടങ്ങുന്ന ങ യ്ക്ക് ആദ്യസ്ഥാനം കിട്ടും.


ങൻ (ശിവൻ), ങം (ആഗ്രഹം), ങുതം (ശബ്ദം), ങ്യാവൂ

ഇത്രയും പറഞ്ഞ സ്ഥിതിക്ക്:

ഝ-യും ട-യും
ഝ യിൽ തുടങ്ങുന്ന വാക്കുകളേക്കാൾ (101) കുറവാണ് ട യിൽ തുടങ്ങുന്ന വാക്കുകൾ (85). അതും ടഗ്ഗ് (tug), ടാക്സി, ടാഗോർ, ടാങ്ക്, ടാപ്പ്, ടിക്ക് (tick), ടിക്കറ്റ്, ടെക്സ്റ്റ്, ടെൻഡർ, ടെലിഗ്രാഫ്, ടെലിഗ്രാം, ടെലിഫോൺ, ടെലിസ്കോപ്പ്, ടൈപ്പ്റൈറ്റർ, ടൈറ്റിൽ, ടോപ്പ്, ടോൾ (toll), ടൌവൽ (towel), ട്രഷറി, ട്രെയിൻ, ട്രങ്ക്, ട്രസ്റ്റി എന്നീ 22 വാക്കുകൾ കൂടി ഉൾപ്പെടുത്തിയിട്ടുപോലും.


Labels:

Monday, September 02, 2024

മുകളിൽ ആകാശം

ഒരു കോവൈയാത്രക്കിടയിൽ. എന്തൊരാകാശം .. ആകാശം കാണണമെങ്കിൽ കേരളം വിടണം. കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു കീറാകാശമേ മലയാളിക്ക് ഉള്ളു. മലയാള മനസ്സു പോലെത്തന്നെ.

നല്ല ആകാശം കാണണമെങ്കിൽ ഇങ്ങ് സീയാറ്റിലിൽ വരണം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നീണ്ടുനിവർന്നു കിടക്കുകയല്ലേ! എന്നാൽ കേരം തിങ്ങും കേരളനാട്ടിൽ ഇതാണോ സ്ഥിതി?
ഒന്നാന്തി കള്ളും മയമുള്ള തള്ളും
പണ്ടേ മറഞ്ഞൂ! കലികാലമല്ലേ?
ഇന്നില്ല കഷ്ടം, കവിതന്റെ വിണ്ണും:
പൊന്നേ, മടുത്തീ മലയാള ജന്മം!

(വൃത്തം: ഇന്ദ്രവജ്ര)

Labels: ,