(ഡോ. പ്രമോദ് പയ്യന്നൂരിന്റെ രംഗസൃഷ്ടിയിലും സംവിധാനത്തിലും സീയാറ്റിലിൽ അവതരിപ്പിച്ച മതിലുകൾക്കപ്പുറം എന്ന നാടകത്തിന്റെ ആസ്വാദനം)
പതിറ്റാണ്ടുകളായി സാഹിത്യകുതുകികളുടെ മനസ്സിൽ ചിരപ്രതിഷ്ഠനേടിയ, വ്യത്യസ്തവും എന്നാൽ കാലഘട്ടത്തിന്റെ രാഷ്ട്രീയമാനങ്ങളാൽ പരസ്പരാധിഷ്ഠിതവുമായ ബഷീർ കൃതികളാണ് ‘മതിലുകൾക്കപ്പുറം’ എന്ന നാടകത്തിന് ആധാരം. ആത്മകഥാധിഷ്ഠിതവും കൊളോണിയൽ ഇന്ത്യയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതുമായ ‘മതിലുകൾ,’ പ്രണയം കൊതിക്കുന്ന മനസ്സിന്റെ ഗഹനതയിലേക്ക് അന്വേഷണം നടത്തുന്ന ‘പ്രേമലേഖനം,’ മാതൃസ്നേഹത്തിന്റേയും സ്വാതന്ത്ര്യവാഞ്ഛയുടേയും കഥയായ ‘അമ്മ,’ തടവറയ്ക്കുള്ളിലെ ജീവിതം പകർത്തുന്ന ‘ഒരു ജയിൽപ്പുള്ളിയുടെ ചിത്രം’ എന്നിവയാണ് ആ കൃതികൾ. ബഷീർക്കഥകളെ അവലംബിച്ച് അവതരിപ്പിക്കപ്പെട്ട കലാസൃഷ്ടി എന്നതിലുപരി, ബഷീറിന്റെ സമാനതകളില്ലാത്ത രചനാവൈഭവത്തിനാൽ മനുഷ്യമനസ്സിന്റെ ഉൾവഴികളിലേയ്ക്ക് കൊളുത്തിവച്ച കൈവിളക്കുകളെ ഒരുമിച്ചുചേർത്ത് ബഷീറിയൻ ജീവിതദർശനങ്ങളിലും സൂഫിചിന്തകളിലും മാറ്റുരച്ച് പ്രോജ്ജ്വലമാക്കിയ നാടകമാണ് ‘മതിലുകൾക്കപ്പുറം.’
ബഹുലപ്രവീണമായ സ്റ്റേജ് നിർമ്മിതിയുടേയും അനായാസമായ രംഗസംക്രമത്തിന്റേയും പിൻബലത്താൽ പ്രേമം, പ്രതീക്ഷ, നിരാശ, സഖാത്വം, തന്നോടും സമൂഹത്തോടുമുള്ള കലഹം, കാല്പനികത്വത്തിൽ മറച്ചുപിടിച്ച ഭ്രമാത്മകത എന്നിവയെ ലളിതമായി വിളക്കിച്ചേർക്കുന്ന ആഖ്യാനരീതിയാണ് ‘മതിലുകൾക്കപ്പുറം’ കാണിച്ചുതരുന്നത്. ഏച്ചുകെട്ടനുഭവിക്കാതെ മുന്നിൽ നിറയുന്ന രംഗങ്ങളിൽ ബഷീറിയൻ ലോകങ്ങളിലേയ്ക്കുള്ള കൂടുമാറ്റം നാം അനുഭവിക്കുന്നു, കൂടെ ആ ലോകങ്ങളിൽ നിറയുന്ന ഭാവങ്ങളും—ബന്ധങ്ങളുടെ ക്ഷണികതയും ശക്തിയും, ബന്ധങ്ങൾക്കായുള്ള പ്രതീക്ഷയും കാത്തിരിപ്പും, നൈമിഷിക മോഹങ്ങളും സ്ഥായിയായ മോഹഭംഗങ്ങളും—നമ്മളിൽ അധിനിവേശിക്കുന്നു. ബഷീർ എന്ന തിളക്കമാർന്ന നക്ഷത്രത്തിനു ചുറ്റും തങ്ങളുടേതായ രീതിയിൽ ശോഭ പടർത്തുവാനും ആ പ്രഭാപൂരത്തെ ഒരു പ്രിസത്തിലൂടെയെന്നവണ്ണം ഏകോപിച്ചൊരുമിപ്പിക്കാനും ഏകാഗ്രതയോടെ തയ്യാറാക്കിയ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിക്കുക എളുപ്പമല്ല. മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് സൈഗളിനേയും പങ്കജ് മല്ലിക്കിനേയും ആസ്വദിച്ചിരുന്ന ബേപ്പൂർ സുൽത്താന്റെ രൂപം ഒരുവശത്ത്. മതിലുകൾ എന്ന സിനിമാഖ്യാനത്തിലെ മമ്മൂട്ടി മറുവശത്ത്. ഇങ്ങനെ പ്രേക്ഷകമനസ്സിൽ ചിരപ്രതിഷ്ഠമായ ചരിത്രബാദ്ധ്യതകളുമായാണ് കിരൺ ജെയിംസ് തന്ത്രപൂർവ്വം സന്ധിചെയ്യുന്നതും അതിൽ ഒരു പരിധിവരെ വിജയിക്കുന്നതും. ജയിൽപ്പുള്ളികളായി രംഗത്തുവന്ന ലാരിനോവ്, ലതീഷ് കൃഷ്ണൻ എന്നിവരും നാടകഭാഷ മനസ്സിലാക്കി തങ്ങളുടെ റോളുകൾ സവിശേഷമായി ചെയ്തു. തടവറയ്ക്കുള്ളിലെ ജീവിതം, പ്രത്യേകിച്ചും അതിൽ നിറയുന്ന സൌഹൃദം, പ്രത്യാശ എന്നിവ കിരൺ, ലാരിനോവ്, ലതീഷ് എന്നീ മൂവരും ചേർന്നുവരുന്ന രംഗങ്ങളെ ഹൃദ്യമായ കാഴ്ചാനുഭവമാക്കിത്തീർത്തു. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ കാരണം ആദ്യമായി അടിയും ഇടിയും അനുഭവിച്ച അനേകം ചെറുപ്പക്കാരായ സ്വാതന്ത്ര്യസമരപ്രവർത്തകരുടെ അമ്മമാരിൽ ഒരാളായി—ബഷീറിന്റെ അമ്മയായി—പ്രകാശകേന്ദ്രത്തിൽ നിന്നും ഒരു പക്ഷേ മനഃപൂർവ്വമായിത്തന്നെ മാറിനിന്നുകൊണ്ട്, അക്കാലത്തെ അമ്മമാരുടെ മനസ്സിലേയ്ക്കൊരു ചിരാത് പിടിച്ചുതരുന്നത് ജീന ഡിക്രൂസ് ആണ്. ഭീകരതയുടെ നർത്തനവേദിയാണ് നമ്മുടെ രാജ്യമെന്നും ഇവിടെ പൌരന്‍മാരില്ല, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും മാത്രമേയുള്ളൂ എന്നും ബഷീർ വിലപിച്ചിരുന്നു. ജയിൽപരിസരപശ്ചാത്തലത്തിൽ മറയില്ലാത്ത ക്രൂരതയുടെ ഉദാഹരണങ്ങൾ (സജിത്ത് കെ. പി. യുടെ കുശാണ്ടൻ വാർഡർ) നമ്മെ കാണിക്കുമ്പോഴും അദൃശ്യമായ ഭരണകൂടങ്ങളിലല്ല, മാംസമജ്ജാദികളാൽത്തീർത്ത മനുഷ്യരിലാണ് (ഹരി ദേവിന്റെ സരസികനും ആർദ്രഹൃദയനുമായ അനിയൻ ജയിലർ) രൌദ്രദയാദികൾ വിളയാടുന്നത് എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.
‘മതിലുകളി’ൽ നിന്നും ‘മതിലുകൾക്കപ്പുറ’മെത്തുമ്പോൾ മതിലുകളാൽ മറച്ചുവച്ച, അശരീരി മാത്രമായിരുന്ന നാരായണി രംഗത്ത് എത്താതെവയ്യല്ലോ. ‘മതിലുകൾക്കപ്പുറം’ നാടകത്തിന്റെ ഘടനാചാതുര്യം തിളങ്ങിനിൽക്കുന്നത് സുകുമാരരൂപമാർന്ന് രംഗം നിറയുന്ന നാരായണിയുടെ ആവിഷ്കാരനിപുണതയിലാണ്. കഥയിൽ ഒരു പ്രതീകമായി മതിലിനു മുകളിലുയരുന്ന ചുള്ളിക്കമ്പിൽ നിന്നും വേറിട്ട്, പ്രണയം കൊതിക്കുകയും അസൂയപ്പെടുകയും കലഹിക്കുകയും ചെയ്യുന്ന നാരായണി നാടകത്തിൽ വരുന്നു. ബഷീർ കൃതികളുടെ മിശ്രണാഘോഷം എന്ന നിലയിൽ നിന്നും സ്വതന്ത്രമായി നിലനില്പുള്ള കലോപഹാരമായി ‘മതിലുകൾക്കപ്പുറ’ത്തെ മാറ്റിയത് നാരായണിക്ക് വേഷവും വികാരവും നല്കിയ ലീസ മാത്യുവാണ്. അതുകൊണ്ടാണ് ലീസയുടെ അഭിനയം വിശേഷവിധിയായ പരാമർശനത്തിന് സർവ്വഥാ യോഗ്യമാകുന്നത്.
നാടകസംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂർ ആമുഖങ്ങൾ ആവശ്യമില്ലാത്ത സംവിധായകനും എഴുത്തുകാരനുമാണ്. പഠനകാലം മുതൽ പരീക്ഷണാത്മക നാടകങ്ങളിൽ തന്റെ വിരലടയാളം പതിപ്പിക്കാൻ പ്രമോദിന് കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത സാഹിത്യകൃതികൾ നാടകമായി മാറ്റുന്നതിൽ അതീവശ്രദ്ധാലുവായ പ്രമോദ്, എം. ടി. വാസുദേവൻ നായർ, ഒ. വി. വിജയൻ, പദ്മരാജൻ, കാമ്യു, ചെക്കോവ്, ഷേക്സ്പിയർ എന്നിവരുടെ കൃതികൾ രംഗത്തെത്തിച്ചിട്ടുണ്ട്. ഇത്രയും പറഞ്ഞത് ‘മതിലുകൾക്കപ്പുറം’ എന്ന നാടകം ചിന്തയെന്യേ ചെയ്തുവച്ച അനുരൂപീകരണമല്ല എന്നു സ്ഥാപിക്കാനാണ്. പലവഴി പരന്നൊഴുകിയ ബഷീറിയൻ ആഖ്യാനസഞ്ചയങ്ങളെ പരസ്പരാശ്രയത്വം ചേർത്ത് സാർവ്വത്രികവും സാർവ്വകാലീനവുമായ കലാസൃഷ്ടിയാക്കുന്നതിൽ സംവിധായകൻ നിശ്ചയമായും വിജയിച്ചിരിക്കുന്നു. ബഷീറിന്റെ സ്വനഗ്രാഹിയിൽ അശരീരിയായിപ്പാടിയ ‘സോജാ രാജകുമാരീ...’ എന്ന സൈഗൾ ഗാനം, വശ്യമനോഹരമായ ദൃശ്യാവതരണം വഴി ഉപരിപ്ലവമായ കാല്പനികതയിൽ മാത്രം അഭിരമിപ്പിക്കാതെ ഉന്മത്തമനസ്സിന്റെ അലസപര്യടനമായി രൂപമാറ്റം വരുത്തി കാഴ്ചക്കാരിലെത്തിക്കാൻ പ്രമോദിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ നാടകഗ്രാഹ്യത്തിന്റെ ചെറിയൊരുദാഹരണം മാത്രമാണ്. (ഈ രംഗം യാഥാർത്ഥ്യമാക്കുന്നതിൽ നർത്തകികളായ ശില്പ ചന്ദ്രൻ അരുൺ വിജയ്, ഗീതാഞ്ജലി വിശാൽ എന്നിവർ വഹിച്ച പങ്ക് മറക്കുന്നില്ല.) സൃഷ്ടിപരമായ ഇത്തരം തിരഞ്ഞെടുപ്പുകൾ നാടകത്തിന്റെ ആശയഗഹനതയുമായി പൊരുത്തപ്പെടുന്ന ദൃശ്യവും ശ്രാവ്യവുമായ താളം സൃഷ്ടിച്ച് ‘മതിലുകൾക്കപ്പുറം’ ഒരു ആസ്വാദ്യവിരുന്നാക്കി മാറ്റുന്നു.
‘മതിലുകൾക്കപ്പുറം’ ഒരു കലാസൃഷ്ടി എന്ന നിലയിൽ വേറിട്ടുനില്ക്കുന്നത് അതിന്റെ സാർവ്വലൗകികതകൊണ്ടു കൂടിയാണ്. ബഷീർകൃതികളുടെ പുനർവായനകൾ അവയുടെ രസികസംഘങ്ങൾ അതീവതാത്പര്യത്തോടെ ആസ്വദിക്കും എന്നത് സത്യമാണ്. അതേസമയം ബഷീറിനെ വായിച്ചിട്ടില്ലാത്തവർപോലും നാടകത്തിലൂടെ അനാവൃതമാവുന്ന കാലാതിവർത്തിയായ സൂക്ഷ്മസത്യങ്ങൾ സ്വായത്തമാക്കും. നാലുകഥകളിലൂടെ സഞ്ചരിക്കുന്ന നാടകം പ്രണയത്തിന്റേയും, സ്നേഹത്തിന്റേയും, വേദനയുടേയും, ക്രൂരതയുടേയും, ഏകാന്തതയുടേയും, കാത്തിരിപ്പിന്റേയും കഥകളെത്ര പറഞ്ഞില്ല! കഥകളും നാടകവും തമ്മിലുള്ള സങ്കീർണ്ണമായ ഈ അന്തർസംവാദം ബഷീർ കാണിച്ചുതന്ന ജീവിതത്തിന്റെ സങ്കീർണ്ണതയെ സൌന്ദര്യത്തോടെയും യാഥാർത്ഥ്യത്തോടെയും പകർത്തുന്നു. ‘മതിലുകളി’ൽ പരസ്പരം കാണാതെ മതിലുകൾക്കിരുപുറവും നിന്ന് ബഷീറും നാരായണിയും നടത്തുന്ന സംഭാഷണങ്ങൾ അന്നുവരെ അടക്കിവയ്ക്കപ്പെട്ട മോഹതൃഷ്ണകൾ അനാവൃതമാക്കാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെട്ടു. കഥയിലൂടെ അനുവാചകർക്ക് കിട്ടിയ വൈകാരികാസ്വാദ്യത ചോർന്നുപോകാതെ മുകളിലേക്ക് ഉയർന്നു പൊങ്ങുന്ന ചുള്ളിക്കമ്പ് നാടകത്തിലും കാമചോദനത്തിന്റെ ദൃശ്യരൂപകമായി നിലനിർത്താനായിട്ടുണ്ട്.
‘മതിലുകൾക്കപ്പുറം’ ആത്യന്തികമായി മറക്കാനാവാത്ത ഒരു നാടകാനുഭവമാണ്. കാഴ്ചക്കാരിൽ തീവ്രമായ ഓർമ്മപ്പെടുത്തലുകൾ ബാക്കി നിർത്തിയാണ് ‘മതിലുകൾക്കപ്പുറം’ തിരശ്ശീല വീഴ്ത്തുന്നത്. കഥകൾ, ജീവിതങ്ങളെപ്പോലെതന്നെ, ഇഴപിരിഞ്ഞ് സ്വതന്ത്രവിഹാരം ചെയ്യുന്ന ഒറ്റനൂലുകളായല്ല, മറിച്ച് പരസ്പരം ബന്ധപ്പെട്ട് ദൃഢതയാർന്നാണ് സമൃദ്ധിയും സമ്പൂർണ്ണതയും നേടുന്നത് എന്നും നാടകം സംവദിക്കുന്നു. ഹൃദയഹാരിയായ കഥാകഥനത്തിന്റെ ചുവന്ന പനീർപുഷ്പം എന്നതിലുപരി, സാധാരണത്വത്തിലും അസാധാരണത്വത്തിലും സൗന്ദര്യവും അർത്ഥവും കണ്ടെത്താനുള്ള അനന്തസാധ്യതകളുടെ ആഘോഷവുമാണ് ഈ നാടകം. ബഷീർകൃതികൾ എങ്ങനെ കാലത്തെയും മാധ്യമങ്ങളേയും കലാരൂപസങ്കല്പങ്ങളേയും അതിജീവിച്ച് നിതാന്തപ്രചോദനവും അനുഭൂതിയും അനുവാചകർക്ക് പകരുന്നു എന്നും മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ നിന്നും എഴുന്നേറ്റ് പടിയിറങ്ങിപ്പോയ ബഷീർ കാലങ്ങൾക്കുശേഷവും മറുവായനകൾ കല്പിക്കുന്ന കൃതികളുടെ സുൽത്താനാകുന്നത് എങ്ങനെയെന്നും കൂടിയാണ് ‘മതിലുകൾക്കപ്പുറം’ നമ്മെ ഓർമ്മിപ്പിക്കുന്നത്.
Labels: നാടകം, ലേഖനം