ഇറോട്ടിക് കവികൾ
അമരുകശതകത്തിലെ ഏതാനും ശ്ലോകങ്ങൾ ഇന്ദ്രവജ്രയിൽ മാറ്റിയെഴുതിയത് അഞ്ചുവർഷങ്ങൾക്ക് മുമ്പാണ്. സ്രഗ്ദ്ധര, ശാർദ്ദൂലവിക്രീഡിതം, കുസുമമഞ്ജരി തുടങ്ങിയ ദീർഘവൃത്തങ്ങളിലുള്ള ശ്ലോകങ്ങൾ ഒരുവരിയിൽ പതിനൊന്ന് അക്ഷരം മാത്രമുള്ള ഇന്ദ്രവജ്രയിൽ "പരിഭാഷ"പ്പെടുത്തുമ്പോൾ മൂലശ്ലോകത്തിലെ ആശയങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതിനാൽ ഈ മൊഴിമാറ്റങ്ങളെ പരിഭാഷ എന്നുവിളിക്കുന്നതിൽ പന്തികേടുണ്ട്.
എന്നാലും അക്കാദമികതാല്പര്യപ്രകാരം (!) രതിജന്യമായ മൂന്ന് ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു. സംസ്കൃതശ്ലോകങ്ങൾക്ക് Umesh P Narendran രചിച്ച മലയാളപരിഭാഷയെ അധികരിച്ചാണ് ഞാൻ അവയെ ഇന്ദ്രവജ്രയിൽ ആക്കിയത്.
മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ഗാഢാലിംഗന വാമനീകൃത കുചപ്രോദ്ഭിന്നരോമോദ്ഗമാ
സാന്ദ്രസ്നേഹ രസാതിരേക വിഗളത് കാഞ്ചിപ്രദേശാംബരാ
"മാ മാ മാനദ മാതി മാമല"മിതി ക്ഷാമാക്ഷരോല്ലാപിനീ
സുപ്താ കിം നു മൃതാ നു കിം മനസി മേ ലീനാ വിലീനാ നു കിം
എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
പേർത്തും പുണർന്നും മുലകൾ ഞെരുക്കി
കത്തുന്ന കാമം തുണിയൂരി മാറ്റി
"നിർത്തൂ" പറഞ്ഞിട്ടവൾ താഴെ വീണൂ
ചത്തോ, ശയിച്ചോ, ഹൃദയേ ലയിച്ചോ?
മൂലശ്ലോകം (ശാർദ്ദൂലവിക്രീഡിതം):
പുഷ്പോൽഭേദമവാപ്യ കേളിശയനാദ്ദൂരസ്ഥയാ ചുംബനേ
കാന്തേന സ്ഫുരിതാധരേണ നിഭൃതം ഭ്രൂസംജ്ഞയാ യാചിതേ
ആച്ഛാദ്യ സ്മിതപൂർണ്ണഗണ്ഡഫലകം ചേലാഞ്ചലേനാനനം
മന്ദാന്ദോളിതകുണ്ഡലസ്തബകയാ തമ്പ്യാ വിധൂതം ശിരഃ
എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
തീണ്ടാരിയായോൾക്കൊരുമുത്തമേകാൻ
ചുണ്ടാലമർത്തിക്കൊതിയോടെനിൽക്കാൻ
കണ്ടാലുമീ ഞാൻ മിഴിയാൽ നടത്തും
കൊണ്ടാട്ടമെല്ലാം! മറയാതെ പെണ്ണേ!
മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ദൃഷ്ടഃ കാതരനേത്രയാ ചിരതരം ബദ്ധ്വാഞ്ജലിം യാചിതഃ
പശ്ചാദംശുകപല്ലവേ ച വിധൃതോ നിർവ്യാജമാലിംഗിതഃ
ഇത്യാക്ഷിപ്യ സമസ്തമേവമഘൃണോഗന്തും പ്രവൃത്തശ്ശഠഃ
പൂർവം പ്രാണപരിഗ്രഹോ ദയിതയാമുക്തസ്തതോ വല്ലഭഃ
എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
ചങ്കും ചുവപ്പിച്ചു, കരം നമിച്ചൂ,
ചങ്കിന്നെ നന്നായ്ത്തഴുകീ, കുമാരീ!
പങ്കൻ ക്ഷണത്താൽത്തടിയൂരിയപ്പോൾ
മങ്കയ്ക്കു പുല്ലാണുയിരും പുമാനും.
(അമരുകശതകത്തിലെ എല്ലാ ശ്ലോകങ്ങളും ഇതുപോലെ മൊഴിമാറ്റണം എന്നുണ്ടായിരുന്നു. അധികം പ്രോത്സാഹനം കിട്ടിയില്ല. 😃)
Labels: അമരുകൻ, ഇന്ദ്രവജ്ര, ശാർദ്ദൂലവിക്രീഡിതം