ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, November 12, 2009

ഡോട്ട് കോം ഡോട്ട് കോം

വളരെപ്പണ്ടു നടന്ന സംഭവമാണു്. ഒരു പക്ഷേ ഈ കഥയ്ക്കും മുമ്പു്. പണ്ടു പണ്ടൊരു ഡോട്ട് കോം കാലത്തു്.

അന്നൊക്കെ കഞ്ഞിയും പയറും കുടിച്ചുനടന്ന വെറുമൊരു സുഖലോലുപനായിരുന്നു ഞാൻ. സ്റ്റോക്കെന്നും മറ്റും കേട്ടാൽ എനിക്കു് കാലിനടിയിൽ നിന്നും പെരുപ്പു കേറുമായിരുന്നു. (ഇന്നും വലിയ മാറ്റമില്ല.) കൂടെപ്പഠിച്ച ഒരു പഹയൻ അക്കാലത്തൊരിക്കൽ സിലിക്കൻ വാലിയിൽ നിന്നും മിനിട്ടിനു് 10 സെന്‍റ് വച്ചു് ചെലവിട്ടു് എന്നെ വിളിച്ചിട്ടു പറഞ്ഞു:

“എടാ, മൈ... ഡീയർ” (തെറ്റിദ്ധരിക്കരുതു്. “എടാ എന്‍റെ പ്രിയപ്പെട്ടവനേ” എന്നാണു് വിളിയെങ്കിലും ഞങ്ങൾ തമ്മിൽ ‘പ്രകൃതിവിരുദ്ധമായ’ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.)

“എന്തോ?” ഞാൻ വിളികേൾക്കും.

“എന്‍റെ മൂല്യം ഒരു മില്യനായെടാ! മാർക്കറ്റ് ഇങ്ങനെ പൊങ്ങിയാൽ ഞാൻ ഈ പൈസയെല്ലാം എവിടെക്കൊണ്ടു പോയി വയ്ക്കും?”

രാവിലെ എഴുന്നേറ്റാൽ ബർഗർ കിങ്ങിൽ പോയി കിഡ്സ് മീൽ കഴിച്ചുകൊണ്ടിരുന്ന എനിക്കു് അന്നൊന്നും ഒരു മില്യന്‍റെ വിലയറിയില്ല. അന്നല്ല, ഇന്നുമറിയില്ല.

“നീ വീട്ടിലാണോ ബാങ്കിലാണോ ഈ പൈസയൊക്കെ വയ്ക്കുന്നതു്? അമേരിക്കയാണെങ്കിലും ഇവിടേം കള്ളമാരുണ്ടാവും.” ഞാൻ ആശങ്കാകുലനായി.

ഒരു മില്യൻ എന്നതു് പേപ്പറിൽ മാത്രമുള്ള തുകയാണെന്നും സ്റ്റോക്കു് ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്നും ഇപ്പോൾ വിൽക്കാൻ പറ്റിയാൽ ഇത്ര കുട്ടുമായിരുന്നുവെന്നും എന്നെപ്പോലൊരു പാമരനാം കൂട്ടുകാരനെ പറഞ്ഞു മനസ്സിലാക്കാനുള്ള ക്ഷമ അന്നവൻ കാണിച്ചില്ല.

ഡോട്ട് കോമൊക്കെ പോയി, ആകാശത്തു ജ്വലിച്ചു നിന്ന നക്ഷത്രം പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിമാത്രമായപ്പോൾ അവൻ വീണ്ടും വിളിച്ചു. വീടിനു പണമടയ്ക്കാൻ കാശില്ലാതെ അപ്പാർട്ട്മെന്‍റിലേയ്ക്കു മാറിയെന്നു പറയാൻ.

അന്നാണ് ഡോട്ട് കോം ഇന്‍റർനെറ്റിന്‍റെ അവസാനമാണെന്ന് എനിക്കു ആദ്യം തോന്നിയത്. വർഷങ്ങൾ കഴിഞ്ഞ് അത് വീണ്ടും ഓർമ്മ വന്നത് ഈ സൈറ്റ് കണ്ടപ്പോഴാണ്: http://www.wwwdotcom.com (ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഡോട്ട്കോം ഡോട്ട്കോം).

Labels:

Wednesday, November 11, 2009

ബുധനാഴ്ച നല്ല ദിവസം

“എന്താണു് പരിപാടി?” പിടിപ്പതു ജോലിക്കിടയിൽ സുഹൃത്തു വിളിച്ചു ചോദിച്ചു.

“എന്തു പരിപാടി?”

“നല്ലോരു ദിവസമായിട്ടു് ലഞ്ചു വാങ്ങിത്തരൂ.”

“ഞാൻ സബ്‍വേയിൽ നിന്നും കഴിച്ചു.”

“എന്നാൽ ഡിന്നറാവാം.”

“ഇന്നു നടക്കില്ലെടോ. എനിക്കു് വൈകുന്നേരം ക്ലാസിനു പോകണം.”

“എന്നാൽ പിന്നെ നാലുമണിക്കു് ഒരു ചായയായാലോ?”

“അതും നടക്കില്ല. 3-നും 4-നും മീറ്റിംഗുകൾ ഉണ്ടു്.”

“അപ്പോ ആനിവേഴ്സറിയായിട്ടു് ഒരു മണ്ണാങ്കട്ടയുമില്ല?”

“അങ്ങനെ പറയരുതു്. 11:11:11-നു് റിമൈൻഡർ വച്ചൊരു സ്ക്രീൻ ഷോട്ടെടുത്തു. എന്താ ഭംഗി! ഞാൻ അയച്ചുതരാം!”“ഇതാണോ വലിയ കാര്യം. കമ്പ്യൂട്ടറിൽ സമയം റീസെറ്റു ചെയ്തിട്ട് എപ്പോഴെങ്കിലും എടുത്താൽ പോരായിരുന്നോ?”

“നീ ഫോൺ വച്ചിട്ടു പോ. എനിക്കല്പം തിരക്കുണ്ടു്.”

(ഇത്രയുമായ സ്ഥിതിയ്ക്കു് ഇതു് 11:11-നു് പോസ്റ്റു ചെയ്തേക്കാം.)

Labels: ,

Thursday, November 05, 2009

മൈക്രോസോഫ്റ്റിന്‍റെ ‘ന്‍റ’

ശ്രീ. സന്തോഷ് തോട്ടിങ്ങലിന്‍റെ പേരുവച്ചു് നവംബർ മാസം ജനപഥത്തിൽ അച്ചടിച്ചുവന്ന യൂണികോഡ്: മലയാളത്തിന് സംഭവിക്കുന്നതെന്ത്? എന്ന ലേഖനത്തിലെ വളരെച്ചെറിയ ഒരു ഖണ്ഡികയാണു് ഈ പോസ്റ്റിനു് ആധാരം.ലേഖനത്തിന്‍റെ മറ്റുഭാഗങ്ങളെപ്പറ്റി അഭിപ്രായം പറയാതെ ഇക്കാര്യം മാത്രം പറയുന്നതു് ഈ ഖണ്ഡികയിൽ മൈക്രോസോഫ്റ്റ് വിരോധം മൂലം സംഭവിച്ചുപോയ ചില തെറ്റുകൾ ചൂണ്ടിക്കാട്ടാനാണു്. (കുത്തക ഫോണ്ട്, മോശപ്പെട്ട ഫോണ്ട്, മൈക്രോസോഫ്റ്റ് പ്രതിനിധികൾ, എന്നൊക്കെ പെരുപ്പിച്ചു് പറഞ്ഞു് വായനക്കാരനെ ഇക്കിളിയിടാൻ ലേഖനം ഉപകരിക്കുന്നുണ്ടു് എന്നു മാത്രം പറഞ്ഞു വയ്ക്കുന്നു.)

ഒന്നാമതു്, കാർത്തിക ഫോണ്ടുപയോഗിച്ചു് ന്‍റ എന്നെഴുതിയാൽ ന്റ എന്നേ കാണുള്ളൂ എന്നതു് തെറ്റു്. അറ്റോമിക് ചില്ലിനു മുമ്പുള്ള (ലേഖകൻ പറയുന്ന 5.1 പതിപ്പിനു മുമ്പുള്ള) ഈ സ്ക്രീന്‍ ഷോട്ട് നോക്കുക.രണ്ടാമതു്, പ്രസ്തുത യൂണികോഡ് മീറ്റിംഗിൽ മൈക്രോസോഫ്റ്റ് ‘പ്രതിനിധികൾ’ ഉണ്ടായിരുന്നില്ല. മൈക്രോസോഫ്റ്റിനെ പ്രതിനിധീകരിച്ചു് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മൂന്നാമതു്, “അവരുടെ ഫോണ്ട് നിലവിൽ ന്‍റ എന്നെഴുതിയാൽ ന്റ എന്നു കാണിക്കുന്നതുകൊണ്ടു്” എന്ന നിരീക്ഷണം ശരിയല്ല (എന്നു് മുകളിൽ കണ്ടതാണല്ലോ).

നാലാമതു്, മുകളിൽപ്പറഞ്ഞ പ്രകാരം മൈക്രോസോഫ്റ്റ് പ്രതിനിധികൾ ആവശ്യപ്പെടുകയും യൂണികോഡ് അതങ്ങു് അംഗീകരിക്കുകയും ചെയ്തതല്ല. [എഡിറ്റ്: ഇനി പറയുന്ന വാചകം ശരിയല്ല. യൂണികോഡ് മീറ്റിംഗില്‍ വോട്ടെടുപ്പു് ഉണ്ടായിട്ടില്ല. സമവായത്തിലൂടെയാണു് തീരുമാനമായതു്.] ഒന്നിനെതിരേ മൂന്നു വോട്ടുകൾക്കാണു് ൻ + ് + റ എന്നതു് അംഗീകരിക്കപ്പെട്ടതു്. അതിൽത്തന്നെ ആദ്യ രണ്ടു വോട്ടുകൾ മൈക്രോസോഫ്റ്റിന്‍റേതായിരുന്നില്ല.

അഞ്ചാമതു്, “എന്നാണു് അറിയാന്‍ കഴിഞ്ഞതു്” എന്നതു് രസകരമായ രക്ഷാകവാടമാണു്. അതായതു് “ഞാൻ അന്വേഷിച്ചുമനസ്സിലാക്കിയിടത്തോളം” എന്നു് വായനക്കാർ അനുമാനിക്കുക. “അന്വേഷിക്കാതെ ഊഹിച്ചിടത്തോളം” എന്നു് അനുമാനിക്കാതിരിക്കുക.

പത്തു വാചകങ്ങൾ പോലും തികച്ചില്ലാത്ത ഒരു ഖണ്ഡികയിലാണു് നാലോളം ഫാക്ച്വൽ തകരാറുകൾ നിറഞ്ഞു നിൽക്കുന്നതു്. ഇപ്പറഞ്ഞ യൂണികോഡ് മീറ്റിംഗിൽ പങ്കെടുത്തിട്ടൊന്നുമല്ല ഞാനും ഇക്കാര്യം എഴുതി വിടുന്നതു്. എന്നാൽ എനിക്കു് “ആധികാരികമായി അറിയാൻ കഴിഞ്ഞതു്” ഇപ്രകാരമാണു്.

(കുറിപ്പു്: ഞാൻ മൈക്രോസോഫ്റ്റ് ജീവനക്കാരനല്ല; മൈക്രോസോഫ്റ്റിനെ പ്രതിനിധാനം ചെയ്യുന്നുമില്ല.)

Labels: , ,