ഉണ്ടുമുറങ്ങിയും, ററ്റ്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ഒന്നുരണ്ടു മലയാളിപ്പെണ്‍കൊടികളെ ആഴ്ചയിലൊരിക്കല്‍ സിനിമ കാണിച്ചും അതുവഴിയിട്ട പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നും (കൊച്ചു കള്ളികളേ, ‘യൂ ആര് വെല്‍ക്കം!’) ഞങ്ങളുടെ ന്യൂജേഴ്സി ജീവിതനദി വിഘ്നം കൂടാതൊഴുകി ആഴ്ചകളും മാസങ്ങളും കടന്നു പോയി.
(ഇതും, ഇതിന്റെ
ഒന്നാം ഭാഗവും വായിച്ച്, ശ്ശെ, ഇവന്മാര് പക്കാ സ്ത്രീലമ്പടന്‍സ് ആണല്ലോ, അല്ലെങ്കില്‍ പണ്ട് ആയിരുന്നല്ലോ എന്ന് നിങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്കു തെറ്റി. ആദ്യ ഭാഗത്തില്‍ പരാമര്‍ശിച്ച കോത ഡ്രൂവിനെപ്പോലെയിരുന്നതു കൊണ്ട് മാത്രമാണ് ഞങ്ങള്‍ നിര്‍ന്നിമേഷാക്ഷരായ് നിന്നു പോയത്. അവള് വല്ല പാരിസ് ഹില്‍ട്ടനെപ്പോലെയോ, സല്‍മാ ഹായക്കിനെപ്പോലെയോ മറ്റോ ആയിരുന്നെങ്കില്‍, ഞങ്ങള്‍ അവളുടെ മുഖത്തു നോക്കില്ലായിരുന്നു. അതുപോലെ മുകളില്‍ പറഞ്ഞ പാലം, നിളയ്ക്കു കുറുകേ കെട്ടിയ കുറ്റിപ്പുറം പാലം പോലെയൊന്നുമായിരുന്നില്ല, കലക്ക വെള്ളം വന്നു മറിയുന്ന തോടിനു കുറുകേ മണ്ട ചീഞ്ഞ തെങ്ങുംതടി വെട്ടിയിട്ട പോലൊരു സെറ്റപ്പു മാത്രം. നിങ്ങളുടെയും, അതിബലവാനായ എന്റെ ഭാര്യാ സഹോദരന്റെയും സംശയം മാറിയെന്നു കരുതുന്നു.)
നിര്‍ത്താതെയുള്ള മണിയടിയോടൊപ്പം, സഹമുറിയന് തെലുങ്കന്റെ “ഫോണ്‍ എതറ എഥവാ!” എന്ന് തുടങ്ങിയ പുളിച്ച തെറിയും കേട്ടാണ് ഒരു ശനിയാഴ്ച പ്രഭാതം പൊട്ടി വിരിഞ്ഞത്. “എനിക്ക് മിസ്റ്റര്‍ ക്യാരുറ്റി ലവാടിയുമായി ഒന്നു സംസാരിക്കണം”, ഉറക്കത്തില്‍ നിന്നും വിളുച്ചുണര്‍ത്തിയ സ്ത്രീശബ്ദം എന്നോടു മൊഴിഞ്ഞു. കേട്ടിട്ടില്ലാത്ത സ്വരം. മദാമ്മയെ വളയ്ക്കാന്‍ തക്കവണ്ണം ഗിരീഷ് വളര്‍ന്നോ? ചോദിച്ചേക്കാം.
“ആരു നീ, ജിന്‍മകളേ?”
സമാധാനം. പാറപ്പുറത്ത് ചിരട്ടയിട്ടുരച്ചതു പോലെ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന ഗിരീഷ് കരുത്തിലാവാടിയെ വിളിച്ചുണര്‍ത്തി ഞാന്‍ ഫോണ്‍ കൊടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവേഴ്സ് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുമെന്നും, പകരം ഇന്‍ഷുറന്‍സ് ഫയലില്‍ വയ്ക്കാന്‍ ന്യൂജേഴ്സി ഡ്രൈവേഴ്സ് ലൈസന്‍സ് എടുക്കണമെന്നും ഉപദേശിക്കാനാണ് മദാമ്മ വിളിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി യുണൈറ്റഡ് സ്റ്റേയ്റ്റ്സ് ഓഫ് അമേരിക്കയുടെ കിഴക്കേ തീരം വിറപ്പിച്ച് വണ്ടി പറപ്പിച്ച് നടന്ന ഗിരീഷിനാണോ, ഡ്രൈവേഴ്സ് ലൈസന്‍സ് എടുക്കണമെന്നു പറയുമ്പോള്‍ കുലുങ്ങുന്നത്? നെവെര്‍ ഇന്‍ അനദര്‍ ഫിഫ്റ്റിട്ടൂ ഈയേഴ്സ്. (എഴുപത്തേഴു കഴിഞ്ഞാല്‍ ശേഷം ചിന്ത്യമെന്ന് ജാതകം.)
“തോറ്റു, അല്ലേ?” ടെസ്റ്റ് എഴുതാന്‍ പോയിട്ട്, അണ്ടികളഞ്ഞ അണ്ണാച്ചിയെപ്പോലെ മടങ്ങി വന്ന ഗിരീഷിനോട് ഞാന്‍ ആഹ്ലാദപരവശനായി ചോദിച്ചു. റിട്ടണ്‍ ടെസ്റ്റ് പാസ്സായെങ്കിലും, സാങ്കേതിക തടസ്സമുണ്ടെന്ന കാരണത്താല്‍ ഡ്രൈവിങ് ടെസ്റ്റ് എടുക്കാന്‍ അനുവദിക്കാതിരുന്ന കണ്ണു നീരില്‍ കുതിര്‍ന്ന കദന കഥ അവിടെ ഹൌസ് ഫുള്‍ ആയി അവതരിച്ചു.
ഡിപാര്‍ട്മെന്റ് ഓഫ് ലൈസന്‍സിങ്ങിലെ ഏമാന്: “ടായ് പയലേ, നിനക്ക് ഖണക്റ്റികറ്റില്‍ ആറുമാസത്തെ നിരോധനാജ്ഞയുണ്ടെന്ന് നോം മഷിയിട്ട് നോക്കിയപ്പോള്‍ കാണുമാറാകുന്നുവല്ലോ.”
ഗിരീഷ്: (കമ്പ്യൂട്ടറിനെ നോക്കി) “എന്തതിശയമേ, കുന്തത്തിന് ശൌര്യം...” (പിന്നെ ഏമാനോട്) “കല്പനയുണ്ടായിരുന്ന കാലത്ത് ഞാന്‍ അവിടെ നിന്നും സ്വയം ഓടിച്ച് ന്യൂജേഴ്സിയിലേയ്ക്ക് വന്നിട്ടേയില്ല. എന്നെക്കണ്ടാല്‍ അങ്ങനെ വന്നവനാണെന്ന് തോന്നുമോടാ കൂവേ?”
ഏമാന്: “ഓക്കി ഡോക്കി... ഖണക്റ്റികറ്റുകാര്‍ വിലക്ക് പിന്‍വലിച്ചു എന്നെഴുതിത്തന്ന തുണ്ടുകടലാസ് കൃപയാ കാട്ടിയാലും.”
ഗിരീഷ്: “വാട്ട് കടലാസ്? ആറുമാസം കഴിഞ്ഞാല്‍ സ്വമേധയാ ഒഴിയുന്ന ബാധയല്ലയോ അത്? (ശബ്ദം താഴ്ത്തി) ആ ചരിത്ര സംഭവം നടന്നുകൊണ്ടിരുന്ന രാത്രിയില്‍ കുട്ടികളുണ്ടാവാന്‍ വേണ്ടി ഉത്സാഹിച്ച മിക്ക ആള്‍ക്കാര്‍ക്കും ഇപ്പോള്‍ കുട്ടികളുണ്ട്. (ശബ്ദം ഉയര്‍ത്തി) ആ ചരിത്ര സംഭവം നടന്നിട്ട് ഇന്നേയ്ക്ക് ഒന്‍പതോ പത്തോ മാസമാകുന്നല്ലോ. ”
ഏമാന്: “ആ പാപ്പിറസ് ഇല്ലാതെ ഒന്നും നടക്കില്ല മോനേ, ഗിരീശാ!”
ഗിരീഷ്: “ക്യാന്‍ ഐ പേ സം മണി, ആന്‍ഡ്...”
ഏമാന്: “വാട്ട്യൂ മീന്‍? ആര് യൂ ട്രൈയിന് റ്റു ബ്രൈബ് മി?”
സായിപ്പേമാന്‍ അമ്പിനും വില്ലിനും അടുക്കില്ല എന്നു കണ്ടപ്പോള്‍ ഗിരീശന് പ്ലേറ്റ് മാറ്റി. “ഓ, നോ, നോ! ഞാന്‍ ഫൈനടച്ച് തടിതപ്പാമോന്ന് നോക്കിയതാ, വെറുതേ തെറ്റിദ്ധരിച്ചു...”
ദിവസങ്ങള്‍ കടന്നുപോയി. ഭക്ഷണം കഴിക്കാനും കക്കൂസില്‍ പോകാനുമൊഴികെ മറ്റെല്ലാ കാര്യവും അലാറം വച്ചാല്‍ മാത്രം ഓര്‍ത്തുവയ്ക്കുന്ന ഗിരീഷ്, വിലക്ക് പിന്‍വലിച്ചു എന്നെഴുതി തുല്യം ചാര്‍ത്തിയ കടലാസ് ഖണക്റ്റികറ്റ് സര്‍ക്കാരില്‍ നിന്ന് വാങ്ങുന്ന കാര്യം പാടേ മറന്നുപോയി.
അങ്ങനെ ദിവസങ്ങള്‍ കടന്നുപോകേ, “എങ്ങനെ ഞാന്‍ മറക്കും, മറുതേ!” എന്നൊരു ഗാനവുമായി ഇന്‍ഷുറന്‍സ് മദാമ്മ ഗിരീഷിന് ആദ്യത്തെ ലാസ്റ്റ് വാണിംഗ് കൊടുത്തു.
ക്ലാസിലെ പല്ലുന്തിയ പെണ്ണ്, റസണന്‍സ് കോളം പ്രാക്റ്റിക്കല്‍ ചെയ്യുന്നതിനിടയില്‍ ആരും കേള്‍ക്കാതെ ഐലവ്യൂ പറഞ്ഞിട്ടും അത് തന്നോടല്ല എന്ന മട്ടില്‍ ഫോര്‍ക്കെടുത്ത് ആഞ്ഞടിച്ച് പ്രകമ്പനങ്ങള്‍ ഉണ്ടാക്കിക്കളിക്കുന്ന കോളജുകുമാരന്റെ നിഷ്കളങ്കതയോടെ, ഗിരീഷ് മദാമ്മയുടെ ലാസ്റ്റ് വാണിംഗ് തള്ളിക്കളഞ്ഞു. അനതിവിദൂരഭാവിയില്‍ ഈ സംഭവം ഉണ്ടാക്കിയേക്കാവുന്ന സാമൂഹിക/സാംസ്കാരിക പ്രശ്നത്തെക്കുറിച്ചോര്‍ത്ത് ആധിപൂണ്ട ഞാന്‍, ഗിരീഷിനെ നേര്‍വഴിക്കു നടത്താന്‍ ഉദ്ദേശിച്ച് എന്റെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തി.
സാമൂഹിക/സാംസ്കാരിക പ്രശ്നം: ഗിരീഷിന്റെ ലൈസന്‍സ് റദ്ദായാല്‍ പിന്നെ ആ ദേഹത്തിനെ ഓഫീസില്‍ കൊണ്ടു വിടുന്നതും അവിടുന്ന് പൊക്കിക്കൊണ്ടുവരുന്നതും എന്റെ തലയിലാവും. അത് എന്റെ പ്രൈവസിയുടെ മേല്‍ സംഭവിക്കുന്ന മാരകമായ ഒരു പ്രഹരമായിരിക്കും.
വിലയേറിയ അഭിപ്രായം: “ടേയ്, ഖണക്റ്റികറ്റിലെ പണ്ടാരങ്ങളെ വിളിച്ച് നിന്റെ എന്‍. ഓ. സീ. തപാലിലയച്ചു തരാന്‍ പറയെടേയ്...”
എന്റെ അഭിപ്രായം മാനിക്കുന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല ഗിരീഷ്. മാനിച്ചവര്‍ ഇന്ന് സമൂഹത്തിന്റെ ഉന്നതങ്ങളില്‍ വിഹരിക്കുകയും ചില്ലുമേടകളിലിരുന്ന് കല്ലെറിഞ്ഞ് കളിക്കുകയും ചെയ്യുന്നു. മാനിക്കാത്ത അപൂര്‍വം ചിലരോ, വെളിച്ചമില്ലാത്ത വിളക്കുമരങ്ങള്‍ക്കു താഴെ ഗുണം പിടിക്കാതെ അലയുന്നു.
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മദാമ്മ പിന്നെയും വിളിച്ചു. ഗിരീഷ് ചോദിച്ചു:
“ക്യാന്‍ ഐ പേ ആന്‍ അഡീഷണല്‍ എമൌണ്ട് എലോങ് വിത്ത് മൈ ഇന്‍ഷുറന്‍സ് ആന്‍ഡ് കണ്ടിന്യൂ റ്റു യൂസ് ദിസ് ഐ. ഡി. പി?” അതാവത്, കാലാവധി തീര്‍ന്ന സാധനം തുടര്‍ന്നും ഉപയോഗിച്ചോട്ടേന്ന്.
“യൂ മസ്റ്റ് ബി കിഡിംഗ്...” മദാമ്മയ്ക്ക് ഗിരീഷ് ആ പറഞ്ഞത് മനസ്സിലായേയില്ല.
അങ്ങനെ ചുളുവില്‍ ഒന്നും നടക്കില്ലെന്നും എത്രയും പെട്ടെന്ന് പുതിയ ലൈസന്‍സ് എടുത്തില്ലെങ്കില്‍ ഇന്‍ഷുറന്‍സ് റദ്ദാക്കുമെന്നും പറഞ്ഞ് മദാമ്മ രണ്ടാമത്തെ ലാസ്റ്റ് വാണിംഗ് കൊടുത്തു. മറ്റ് മാര്‍ഗമില്ലാതെ ഗിരീഷ് എന്റെ ഉപദേശം അനുസരിക്കാന്‍ തീരുമാനിച്ചു.
“അതിനെന്താ, എന്‍. ഓ. സീ. അയയ്ക്കുന്നത് വളരെ എളുപ്പമാണല്ലോ” ഖണക്റ്റികറ്റിലെ ആപ്പീസര്‍ ഫോണിലൂടെ അറിയിച്ചു. “എന്‍. ഓ. സീ. താങ്കള്‍ക്ക് നേരിട്ട് അയച്ചുതരണോ അതോ ഞങ്ങള്‍ ന്യൂജേഴ്സി ആപ്പീസിലേക്ക് ഫാക്സ് ചെയ്താല്‍ മതിയോ?”
എന്തൊരു മാന്യന്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഗിരീഷ് എന്നെ നോക്കി ഒരു ‘ഥംസ് അപ്’ കാണിച്ചു.
“ഇതിന് ചിക്ലി വല്ലതും ആവുമോ? ആര് ദേര്‍ എനി ഫീസ് ഫോര്‍ ദിസ് സര്‍വീസ്?”
“അബ്സല്യൂറ്റ്ലി നണ്!” ഗിരീഷ് ആഹ്ലാദ പരവശനായി, “നര്‍ത്തകികള്‍ നൃത്തമാടട്ടെ!” എന്ന് വിളിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍.
“താങ്കളുടെ ഇന്‍ഷുറന്‍സ് കമ്പനി, താങ്കള്‍ക്ക് SR22 ഉണ്ട് എന്നതിന്റെ തെളിവ് ഞങ്ങള്‍ക്കയച്ചുതന്നാലുടനെ ഞങ്ങള്‍ ഇത് താങ്കള്‍ക്കയച്ചു തരാം.”
അങ്ങനെ ആണും പെണ്ണും ആദ്യദര്‍ശനത്തിലോ ആദ്യസ്പര്‍ശനത്തിലോ ആദ്യാലിംഗനത്തിലോ ആകൃഷ്ടരായ ശേഷം ബാക്കി പിന്നെയാവാം എന്നോര്‍ത്ത് ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറുന്നതുപോലെ, ഗിരീഷും ഖണക്റ്റികറ്റിലെ ആപ്പീസറും പേരും, നാളും, ഫോണ്‍, ഫാക്സ്, നെഞ്ചളവ് ആദിയായ നമ്പരുകളും കൈമാറി. വീണ്ടും ബന്ധിക്കും വരെ വണക്കം എന്ന് വികാരവിവശരായിപ്പറഞ്ഞ് അവര്‍ മനസ്സില്ലാമനസ്സോടെ ഫോണ്‍ കമഴ്ത്തി.
SR22 എന്താണെന്ന് ഗിരീഷിനോ എനിക്കോ അറിയില്ലായിരുന്നു. അത് അറിയേണ്ട കാര്യവുമില്ല. എന്തായാലും നമ്മുടെ കയ്യിലില്ലാത്ത കാര്യമാണ്. കാര്യം, പക്ഷേ, ബഹുത് ഈസി. ഇന്‍ഷുറന്‍സുകാരിയെ വിളിക്കുക, ‘അധികം സംസാരിക്കാതെ അയയ്ക്കടീ എസ്സാര്‍ ഇരുപത്തിരണ്ട്’ എന്ന് അലറുക.
അറിയാവുന്നവരോട് ചോദിക്കുമ്പോഴാണല്ലോ, അറിഞ്ഞുകൂടാത്ത പലതും നമുക്ക് അറിയാവുന്നതാവുന്നത്. ഇന്‍ഷുറന്‍സുകാരിയെ വിളിച്ചപ്പൊഴാണ് ഈ വിഷയം സംബന്ധിച്ച് നമുക്കറിവില്ലാതിരുന്ന മറ്റൊരു കാര്യം മനസ്സിലായത്. നിലവില്‍ ഒരു അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് ഉള്ളവര്‍ക്കേ, ഇന്‍ഷുറന്‍സ് കമ്പനികള്‍ SR22 എന്ന ഹൈ റിസ്ക് ഇന്‍ഷുറന്‍സ് നല്‍കുകയുള്ളൂ. ഗിരീഷിന് ഇന്ത്യയില്‍ നിന്നും തരപ്പെടുത്തിയ ഇന്റര്‍നാഷണല്‍ ഡ്രൈവേഴ്സ് പെര്‍മിറ്റ് എന്ന ഐ. ഡി. പി. മാത്രമേയുള്ളൂ. അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് കിട്ടാന്‍ വേണ്ടിയാണ് SR22 വേണ്ടത്.
ചുരുക്കത്തില്‍, ഗിരീഷ് ചെന്നുപെട്ടത് ഒരു വിഷമ വൃത്തത്തിലാണ്. ഗിരീഷിന് അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് കിട്ടണമെങ്കില്‍, ഖണക്റ്റികറ്റില്‍ നിന്നും എന്‍. ഓ. സീ. വേണം. എന്‍. ഓ. സീ. വേണമെങ്കില്‍ SR22 വേണം. SR22 വേണമെങ്കില്‍ ഏതെങ്കിലും അമേരിക്കന്‍ സ്റ്റേറ്റ് ഇഷ്യൂ ചെയ്ത ഡ്രൈവേഴ്സ് ലൈസന്‍സ് വേണം.
പതിവുപോലെ, ഉപദേശവുമായി ഞാന്‍ റെഡി. വെറും പച്ചമാങ്ങയും പച്ചവെള്ളവും മോന്തിയാല്‍ ഏ-വണ്‍ ഉപദേശങ്ങള്‍ ഒഴുകിവരാന്‍ പ്രയാസമാണെന്നും, കോഴിക്കാലും ഫോറിന്-മേയ്ഡ് ഫോറിന് ലിഖറും കരുമുരാ അകത്താക്കിയാല്‍ അധികം ആലോചിക്കാതെ ഐഡിയാ വരുമെന്നും അറിയാവുന്ന ഗിരീഷ്, വേഗം പോയി സാമാന്യം വലിപ്പമുള്ള ഒരു കുപ്പിയുമായി മടങ്ങിവന്നു. ഒരു തുള്ളിപോലും ബാക്കിവയ്ക്കാതെ കുപ്പികാലിയാക്കിയ ശേഷം, ‘എല്ലാം പറഞ്ഞപോലെ’ എന്നു പറഞ്ഞ് തെലുങ്കനും ഞാനും, ‘ഇനി നീയായി നിന്റെ പാടായി’ എന്ന മട്ടില്‍ ഉറങ്ങാന്‍ പോയി.
ഗിരീഷ് ഇന്‍ഷുറന്‍സുകാരിയെ വീണ്ടും വിളിച്ചു. വല്ല വിധേനയും ലൈസന്‍സ് ഇല്ലാത്ത തനിക്ക് ഒരു SR22 ഒപ്പിച്ചു താരാമോ എന്ന് കെഞ്ചി. നോ രക്ഷ. മദാമ്മ അടുക്കുന്നില്ല.
“ക്യാന്‍ ഐ പേ ആന്‍ അഡീഷണല്‍ എമൌണ്ട് ആന്‍ഡ്...”
ഇല്ല, അതും വിലപ്പോവുന്നില്ല.
“എടീ, എരണം കെട്ടവളേ, ഞാന്‍ നിനക്ക് കുറച്ച് കാശുതന്നാല്‍ നീ ഇല്ലാത്ത ഒരു ലൈസന്‍സ് നമ്പര്‍ വച്ച് എനിക്കാ തൊല്ല ഒന്നു ശരിയാക്കിത്തരുമോ?”
“ഇല്ല!”
“പിന്നെ ഞാന്‍ എന്തു ചെയ്യും?”
“അതൊന്നും എനിക്കറിയില്ല. എത്രയും പെട്ടെന്ന് പുതിയ ലൈസന്‍സ് എടുത്ത് ആ വിവരം ഞങ്ങളുടെ ഫയലില്‍ വയ്ക്കാന്‍ എത്തിച്ചില്ലെങ്കില്‍, നിങ്ങളുടെ ഇന്‍ഷുറന്‍സ് റദ്ദാക്കും.”
“പക്ഷേ, എനിക്ക് SR22 ഇല്ലാതെ എങ്ങനെ...?”
“അതൊന്നും എനിക്കറിയില്ല.”
“പിന്നെ ഞാന്‍ എന്തു ചെയ്യും? എനിക്ക് നിന്റെ മാനേജരോട് സംസാരിക്കണം.”
“ഓ, യെസ്.”
മാനേജര്‍ ഇതിലുമപ്പുറം. ഇത് ഇങ്ങനെ കുറെ നേരം തുടര്‍ന്നു. സംഭാഷണം നിറുത്തി ദേഷ്യവും സങ്കടവും വന്ന് ഗിരീഷ് ഫോണ്‍ വലിച്ചെറിയുന്നു. അടുത്ത വിളി ഖണക്റ്റികറ്റിലേയ്ക്ക്.
“SR22 കിട്ടിയില്ല.”
“എന്‍. ഓ. സീ. തരില്ല.”
“എനിക്ക് SR22 കിട്ടില്ല. SR22 ലൈസന്‍സ് ഉള്ളവര്‍ക്കേ കൊടുക്കൂ.”
“അതൊന്നും എനിക്കറിയില്ല. എന്‍. ഓ. സീ. വേണമെങ്കില്‍ SR22 ആയി വരൂ.”
“എനിക്ക് SR22 കിട്ടില്ല.”
“അതൊന്നും എനിക്കറിയില്ല.”
“ക്യാന്‍ ഐ പേ എ ഫൈന്‍ ആന്‍ഡ് ദെന്‍ വില്‍ ഐ ഗെറ്റ് ദ എന്‍. ഓ. സീ.?”
“ഇല്ല!”
“പിന്നെ ഞാന്‍ എന്തു ചെയ്യും? ഞാന്‍ താങ്കള്‍ക്ക് കുറച്ച് കാശ് തരട്ടെയോ, ഇതൊന്നു ശരിയാക്കാന്‍?”
“കൈക്കൂലി? ഓ, നോ! ഇവിടെ അതൊന്നും നടപ്പില്ല. ഒരു പക്ഷേ നിങ്ങളുടെ രാജ്യത്തില്‍ സാധിക്കുമായിരിക്കും.”
“ഞാന്‍ നിന്റെ തലവനോട് സംസാരിക്കട്ടെ.”
ഇത്രയും സംഭാഷണം തലവനുമായും നടത്തി. അയാളും കൈമലര്‍ത്തി.
ഒന്നര ആഴ്ച കഴിഞ്ഞ് ഒരു രാഹുകാലത്ത്, ഗിരീഷിന്റെ ഇന്‍ഷുറന്‍സ് റദ്ദാക്കിക്കൊണ്ടുള്ള കത്ത് തപാലില്‍ വന്നു. ഗിരീഷിനെ ചുമക്കാന്‍ ഞാന്‍ വിധിക്കപ്പെട്ടു. (എന്റെ പ്രൈവസി പോയെങ്കിലും ഗിരീഷിന്റെ പ്രൈവസിയില്‍ കൈകടത്താനായതില്‍ ഞാന്‍ അതിരറ്റ് ആനന്ദിച്ചു.) കല്യാണം കഴിഞ്ഞ് ഭാര്യയില്ലാതെ ഗള്‍ഫില്‍ പോയവനെപ്പോലെ, സ്വന്തമായി കാറുണ്ടായിട്ടും ഡ്രൈവ് ചെയ്യാനാവാതെ ഗിരീഷ് നീറി. മുന്‍പറഞ്ഞ ഗള്‍ഫുകാരനില്‍ നിന്നു വിരുദ്ധമായി; സ്വന്തം കാര്‍, സ്വന്തം കണ്മുന്നില് വച്ച് മറ്റുള്ളവര്‍ ഓടിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വരികയും, കാറോടിക്കണമെന്ന ആഗ്രഹം അടക്കാന്‍ വയ്യാതായാല്‍ക്കൂടി അതിനു കഴിയാതെ, മറ്റുള്ളവര്‍ ഓടിക്കുന്നത് നോക്കിയിരിക്കാന്‍ മാത്രം വിധിയുണ്ടാവുകയും ചെയ്തു. നാലാള് കാണ്‍കെ കാറോടിക്കല്‍ വിലക്കിയിരുന്നതിനാല്‍, ഒളിച്ചും പാത്തും, ഇരുളിന്റെ മറവില്‍, പാര്‍ക്കിംഗ് ലോട്ടില്‍ വച്ചോ മറ്റിടനാഴികളില്‍ വച്ചോ അദ്ദേഹം തന്റെ വികാരങ്ങള്‍ ശമിപ്പിച്ചു.
എല്ലാ തിങ്കളാഴ്ചയും ഓഫീസില്‍ പോകുന്നതിനു മുമ്പ്, ന്യൂജേഴ്സി ഡിപാര്‍ട്മെന്റ് ഓഫ് ലൈസന്‍സിംഗ്, ഖണക്റ്റികറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഓഫീസ് എന്നിവിടങ്ങളില്‍ വിളിച്ച് ക്ഷേമമന്വേഷിക്കുന്നത് ഗിരീഷ് ഒരു പതിവാക്കിയിരുന്നു. ഈ രണ്ട് ഓഫീസിലെയും എല്ലാ ജീവനക്കാര്‍ക്കും ഗിരീഷിനെ നല്ല പരിചയമായി. ഈ സൌഹൃദത്തിനിടയിലും, ഒരു തരിമ്പുപോലും വിട്ടുവീഴ്ച ചെയ്യാന്‍ ഒരാളും ഒരുക്കമായിരുന്നില്ല. ‘നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല’ എന്ന മറുപടി എല്ലാ ആഴ്ചയിലും ഗിരീഷിനു കിട്ടിക്കൊണ്ടിരുന്നു.
ഏതാണ്ട് ഏഴുമാസം കഴിഞ്ഞൊരുനാളില്‍, ഖണക്റ്റികറ്റ് ഓഫീസില്‍ ഒരു പുതിയ സൂപ്പര്‍വൈസര്‍ ചാര്‍ജ് എടുത്തു എന്ന് ‘പരിചയക്കാരിലൊരാള്‍’ ഗിരീഷിനെ അറിയിച്ചു. ഗിരീഷ് തന്റെ ദുഃഖം പുതിയ മേലാളത്തിയെ അറിയിക്കുകയും ദയയുണ്ടാവണമെന്ന് കേണപേക്ഷിക്കുകയും ചെയ്തു. സംഭവ കഥ മുഴുവന്‍ വള്ളിപുള്ളിവിസ്സര്‍ഗം വിടാതെ എഴുതി, അത് ഒരു പബ്ലിക് നോട്ടറിയെക്കൊണ്ട് ഒപ്പിടുവിച്ച് സമര്‍പ്പിച്ചാല്‍ എന്‍. ഓ. സീ. തരുന്ന കാര്യം പരിഗണിക്കാമെന്ന് മനുഷ്യത്വമുള്ള ആ സ്ത്രീ ഗിരീഷിനോട് പറഞ്ഞു.
ഗിരീഷ് അങ്ങനെ തന്റെ ആദ്യ നോവല്‍ എഴുതിത്തുടങ്ങി. നാലുനാളുകള്‍ക്കു ശേഷം, ഏഴു പേജ് സത്യവാങ്മൂലവുമായി ഞങ്ങള്‍ നോട്ടറിയെത്തേടിയിറങ്ങി.
“ക്വൈറ്റ് എ സ്റ്റോറി”, നോട്ടറി അതിശയം പൂണ്ടു. “ബട്ട്, ദെന്‍, ഹൈ ഡു ഐ നോ യൂ ആര് റ്റെല്ലിങ് ദ ട്രൂത്ത്?”
“ഐ ആം റ്റെല്ലിങ് ദ ട്രൂത്ത്!”
“ഹൈ ഡു ഐ നോ?”
(എന്നെ ചൂണ്ടി) “ഹി ഈസ് എ വിറ്റ്നസ്.”
“ബട്ട്, ദെന്‍, ഹൈ ഡു ഐ നോ ഹീ ഈസ് റ്റെല്ലിങ് ദ ട്രൂത്ത്?”
ഞങ്ങള്‍ മാറി നിന്ന് കുശുകുശുത്തു. നോട്ടറിയേമാന് കുലുക്കമില്ല. സത്യവാന്. സത്യമാണെന്നറിഞ്ഞാലേ, ഇഷ്ടന് ഒപ്പിടൂ... അറ്റകൈ പ്രയോഗിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
“താങ്കള്‍ക്ക് എത്രയാണ് ഫീസ്?”
“ഇരുപത്തഞ്ച് ഡോളര്‍.”
“സാര്‍, ഞങ്ങള്‍ നൂറ് ഡോളര്‍ തരാം, ദയവായി ഒപ്പിട്ടു തരണം!”
നോട്ടറിയാന്‍ ഞങ്ങളെ തുറിച്ചു നോക്കി. ആദ്യം അവിശ്വസീനയമായി. പിന്നെ ‘പറ്റിക്കല്ലേ മക്കളേ’ എന്ന രീതിയില്‍. രണ്ടാമത്തെ രീതിയിലുള്ള നോട്ടം ഒരുപാട് കണ്ട് തഴമ്പിച്ച കണ്ണുകളായതിനാല്‍ നമുക്ക് കാര്യം പിടികിട്ടി.
“സാര്‍, നൂറ് ഡോളര്‍ താങ്കള്‍ക്ക് തരാം, ജീവിത പ്രശ്നമാണ്, സഹായിക്കണം.” ഗിരീഷ് ലേലം ഉറപ്പിച്ചു.
നൂറു ഡോളര്‍ എണ്ണി വാങ്ങി, ആ സത്യവാങ്മൂലത്തില്‍ ഒപ്പു വയ്ക്കുമ്പോഴും, ഒരു അരവട്ടനെപ്പോലെ നോട്ടറിയാന്‍ പറഞ്ഞു കൊണ്ടിരുന്നു:
“ബട്ട്, ദെന്‍, ഐ ഹാവ് നോ ഐഡിയ ഇഫ് യൂ ടൂ ആര് റ്റെല്ലിങ് ദ ട്രൂത്ത്!”
(അവസാനിച്ചു)
Labels: നർമ്മം, വൈയക്തികം