സൂക്ഷ്മദൃക്കുകളായ സ്ഥിരം വായനക്കാര്‍ ഇനി മുതല്‍ എന്റെ പോസ്റ്റുകളില്‍ ചില ലിപി വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചെന്നു വരും.
എന്താണെന്നോ?
അവസാനത്തിന്റെ ആരംഭം എന്ന പോസ്റ്റിൽ, “അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യതയെപ്പറ്റിയുള്ള സംശയങ്ങൾ ശക്തമാക്കുന്ന [...] പ്രവണതകൾവഴി വലിയൊരു വായനക്കൂട്ടത്തെ നഷ്ടപ്പെടുത്തുന്നതു് കലാകൌമുദി തിരിച്ചറിയുമെന്നും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാപരവുമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് [...] പരസ്യമായി മാപ്പപേക്ഷിക്കാൻ [കലാകൌമുദിക്കു്] ബുദ്ധിയുദിക്കുമെന്നും” ഞാൻ പ്രത്യാശിച്ചിരുന്നു.
എന്നാല്‍, അതുല്യ
റിപ്പോർട്ടു് ചെയ്യുന്നതു പ്രകാരം, “ബ്ലോഗും പ്രിന്റും രണ്ടു് മീഡിയ ആണെന്നും ബ്ലോഗിനെ/ബ്ലോഗേഴ്സിനെ കുറിച്ചു് ശ്രീ ഹരികുമാർ എഴുതിയതിനെ സംബദ്ധിച്ചു് ഒരു മറുകുറിപ്പു്/വിസ്താരം കലാകൌമുദിയിൽ അച്ചടിയ്ക്കണ്ട ആവശ്യമില്ലെന്നും” കലാകൌമുദി പത്രാധിപസമിതി തീരുമാനിച്ചിരിക്കുന്നു. (കലാകൌമുദി ന്യൂസ് എഡിറ്റർ
പി. ശശിധരൻ ആണ്, ശശിധരൻ നായർ അല്ല.
പത്രങ്ങൾക്കു് തെറ്റിയാലും ബ്ലോഗർമാർക്കു് തെറ്റാന്‍ പാടില്ല!)
അങ്ങേയറ്റം നിർഭാഗ്യകരമായ ഒരു പ്രവണതയാണു് കലാകൌമുദി തുടങ്ങിവച്ചിരിക്കുന്നതു്. ഈ ബ്ലോഗിൽ ഇനിമുതൽ വരാൻ പോകുന്ന ലിപിപരമായ മാറ്റങ്ങൾക്കു് ഈ സംഭവവുമായി ബന്ധമുണ്ടു്. ബന്ധമുണ്ടു് എന്നും മറ്റും പറയുന്നതു് സൂക്ഷിച്ചു വേണം. മാല പൊട്ടിച്ചോടിയ കള്ളനെപ്പിടിച്ചു് ചെള്ളയ്ക്കടിക്കുന്നതിനു പകരം ചന്തിച്ചടിച്ചതു് ശരിയായില്ല എന്ന മട്ടിൽ കൈപ്പള്ളിയുടെ
പ്രതിഷേധത്തെപ്പറ്റി ആറുവര്‍ഷമായി ആരോഗ്യകരമായ ബ്ലോഗിംഗിലേർപ്പെട്ടിരിക്കുന്ന കെ. സന്തോഷ് കുമാർ
എഴുതിക്കണ്ടു. ഇതു് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. സഹോദരസ്നേഹത്തിന്റെ കാര്യം
മുമ്പും അനുഭവിച്ചറിഞ്ഞിട്ടുണ്ടു്. കള്ളനെപ്പിടിച്ചു് അടികൊടുക്കുന്നതിനു പകരം വേദം വായിച്ചു കേൾപ്പിച്ചു എന്നു് ഈ പോസ്റ്റിനെപ്പറ്റി കെ. സന്തോഷ് കുമാർ അഭിപ്രായപ്പെടാൻ സാദ്ധ്യതയുണ്ടു്.
കാര്യത്തിലേയ്ക്ക് വരാം. അച്ചടിമാദ്ധ്യമങ്ങളേയും റ്റൈപ്പു് റൈറ്റിംഗു് വ്യവസായത്തേയും സഹായിക്കാൻ കേരളസര്‍ക്കാർ 1968-ൽ പുറപ്പെടുവിച്ചതും 1971 ഏപ്രിൽ 15 മുതൽ നിലവിൽ വന്നതുമായ
ലിപി പരിഷ്ക്കരണ നിർദ്ദേശങ്ങൾ ഞാൻ നിഷേധിക്കുന്നു. ഈ ഉത്തരവുപ്രകാരം ‘പുതിയ ലിപി’ എഴുതിപ്പഠിക്കാൻ നിർബ്ബന്ധിതനായ വ്യക്തിയാണ് ഞാൻ. അച്ചടിമാദ്ധ്യമങ്ങളെ സഹായിക്കാൻ നമ്മുടെ ഭാഷയെത്തന്നെ ബലികൊടുക്കാൻ തയ്യാറായ ആ തലമുറയോടു് അച്ചടിമാദ്ധ്യമങ്ങൾ നീതിവിരുദ്ധമായ നിലപാടെടുക്കുക വഴി, ഈ ഉത്തരവു് അനുസരിക്കാനുള്ള എന്റെ ബാദ്ധ്യതയും ഇല്ലാതാവുന്നതായി ഞാൻ മനസ്സിലാക്കുന്നു. ഭരണഘടനപ്രകാരം അനുസരിക്കാൻ ബാദ്ധ്യതയുള്ള നിയമങ്ങളുടെ പരിധിയിൽ രുന്നതല്ല ഈ ഉത്തരവെന്നാണു് ഞാൻ മനസ്സിലാക്കുന്നത്. അതിനാൽത്തന്നെ ഈ പോസ്റ്റു് നിയമലംഘനത്തിനുള്ള ആഹ്വാനമല്ല എന്നു് വായനക്കാർ മനസ്സിലാക്കുമല്ലോ.
താഴെപ്പറയുന്ന മാറ്റങ്ങളാണു് ഈ ബ്ലോഗിൽ കാണാൻ കഴിയുക:
- സംവൃതോകാരത്തിനു് ചന്ദ്രക്കല മാത്രം ഇടുന്ന രീതി ഉപേക്ഷിച്ചു്, ഉ ചിഹ്നവും ചന്ദ്രക്കലയും ഇനിമുതൽ ഒരുമിച്ചുപയോഗിക്കുന്നതാണു്. റ്റൈപ്പു് സെറ്റിംഗു് എളുപ്പമാക്കാൻ വേണ്ടി അച്ചടിമാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച രീതിയിൽ നിന്നും വരുംതലമുറയെ രക്ഷിക്കാനുള്ള അപൂർവ്വാവസരമാണു് ഇങ്ങനെ ചെയ്യുന്നതു വഴി ബ്ലോഗര്‍മാർക്കു് കൈവന്നിരിക്കുന്നതു്. നിത്യേനെയെന്നോണം എഴുതിക്കൂട്ടുന്ന അനേകായിരം പേയ്ജുകളിൽ ഇപ്പറഞ്ഞ രീതി ഉപയോഗിക്കുമ്പോൾ ഇന്നത്തെ തലമുറയിലും വരുംതലമുറയിലും ഉള്ളവർക്കായി ഇതു് പ്രചരിപ്പിക്കുകയാണു് നാം യഥാർത്ഥത്തിൽ ചെയ്യുന്നതു്.
- അക്ഷരങ്ങൾ ലാഭിക്കാനും (അതുവഴി മഷി ലാഭിക്കാനും) റ്റൈപ്പു് സെറ്റിംഗു് വേഗതകൂട്ടാനും വേണ്ടി അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നീ വാക്കുകള്‍ യഥാക്രമം അധ്യാപകൻ, വിദ്യാർഥി എന്നിങ്ങനെയെഴുതുന്നതു് സാധാരണയാണല്ലോ. ശീലം കാരണം ഇങ്ങനെ എഴുതിവന്ന ഞാൻ ഇനി മുതൽ (മഷി ലാഭിക്കേണ്ടതില്ലാത്തതിനാലും) അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നിങ്ങനെ എഴുതുന്ന രീതിയിലേയ്ക്കു് തിരിച്ചു പോകുന്നു.
- മുകളിൽ പറഞ്ഞ അതേകാരണങ്ങളാലാണു് (ദേശാഭിമാനിപ്പത്രം സ്ഥിരമായി ഉപയോഗിക്കാറുള്ളതു പോലെ) നർമം, വർഗം, സ്വർഗം, നിർദേശം തുടങ്ങിയ വാക്കുകളിൽ നിന്നും ഇരട്ടിപ്പു് ഉപേക്ഷിക്കപ്പെട്ടതു്. ഇരട്ടിപ്പു് ഇല്ലാതെ അർത്ഥം മനസ്സിലാവുന്നിടങ്ങളിൽ ഇരട്ടിപ്പു് ഉപേക്ഷിക്കാനായിരുന്നു എനിക്കു് അദ്ധ്യാപകരിൽ നിന്നു് കിട്ടിയ നിർദ്ദേശം. എന്നാൽ ഇനിമുതൽ ഇത്തരം വാക്കുകകളിൽ നിർബ്ബന്ധമായും ഇരട്ടിപ്പുപയോഗിച്ചു് നർമ്മം, വർഗ്ഗം, സ്വർഗ്ഗം, നിർദ്ദേശം എന്നിങ്ങനെ എഴുതാനാണു് ഞാനാഗ്രഹിക്കുന്നതു്.
ഇവയ്ക്കു പുറമേ, നമുക്കു് ചെയ്യാവുന്ന മറ്റു കാര്യങ്ങൾ:
- ഉ, ഊ, ഋ എന്നീ സ്വരങ്ങൾ വ്യഞ്ജനങ്ങളോടു ചേരുമ്പോൾ പ്രത്യേക ലിപികൾ രൂപമെടുക്കുന്ന ഇന്നത്തെ രീതിയ്ക്കു പകരം, അവയ്ക്കു് പ്രത്യേക ചിഹ്നങ്ങൾ ഏര്‍പ്പെടുത്തുക എന്നതാണു് മുകളില്‍ പറഞ്ഞ ഉത്തരവിലെ ഒന്നാമത്തെ നിർദ്ദേശം. പണ്ടുമുതൽ തന്നെ ഈ നിർദ്ദേശം എഴുത്തിൽ ഞാൻ പ്രാവർത്തികമാക്കിയിരുന്നില്ല. അഞ്ജലി ഓള്‍ഡു് ലിപി പോലുള്ള ഫോണ്ടുകൾ ഉപയോഗിക്കുന്നവർക്കു് ഇതില്‍ പുതുമ തോന്നുകയുമില്ല. മൈക്രോസോഫ്റ്റിന്റെ കാർത്തിക ഫോണ്ടു് പഴയലിപിയാക്കാൻ, മിക്കവാറും അസാദ്ധ്യമെങ്കിലും, എന്നാലാവുന്ന പ്രവർത്തനങ്ങൾ ഞാൻ നടത്തുന്നതാണു്. അതുപോലെ, നിങ്ങൾ ഫോണ്ടു ഡിസൈനറാണെങ്കിൽ നിങ്ങൾ നിർമ്മിക്കുന്ന പുതിയ മലയാളം ഫോണ്ടുകൾ പഴയലിപിയിലുള്ളവയാണെന്നു് ഉറപ്പുവരുത്തുക.
- രേഫം എൻകോഡു ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ സമർപ്പിക്കുകയും ആ ചർച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുക. എഴുതുമ്പോഴും ബാനറുകളും മറ്റും ഡിസൈൻ ചെയ്യുമ്പോഴും രേഫം ഉപയോഗിക്കാവുന്നിടത്തൊക്കെ അങ്ങനെ ചെയ്യുക. (ർ എന്ന ചില്ലിനു പകരം അതുകഴിഞ്ഞു വരുന്ന അക്ഷരത്തിന്റെ മുകളിൽ . ഇടുന്നതിനെയാണു് രേഫം ഉപയോഗിക്കുന്നു എന്നു പറയുന്നതു്. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ടു്.)
- ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന, പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നീ കൂട്ടക്ഷരങ്ങളൊഴികെയുള്ളവ ചന്ദ്രക്കലയിട്ടു് പിരിച്ചെഴുതിയാൽ മതി എന്ന നിർദ്ദേശം പാലിക്കാതിരിക്കുക. ഇപ്പോൾത്തന്നെ, ക്ത, ശ്ച, ച്ഛ, ദ്ധ, തുടങ്ങിയ കൂട്ടക്ഷരങ്ങൾ കാർത്തിക ഫോണ്ടിൽ പോലുമുണ്ടല്ലോ.
- റ്റ-യുടെ ഇരട്ടിക്കാത്ത വർണ്ണമാണു് T എന്ന അക്ഷരത്തെ മലയാളീകരിക്കുമ്പോൾ ഉപയോഗിക്കേണ്ടുന്നത്. ഈ വർണ്ണം ഭാഷയിലുണ്ടെങ്കിലും മലയാള ലിപിയിലില്ല. അതിനാൽ അച്ചടിക്കാർ സൌകര്യാർത്ഥം (വീണ്ടും മഷി, സമയം എന്നീ സൂചനകള്‍ ശ്രദ്ധിക്കുക) അതിനെ ടി എന്നു് മലയാളീകരിച്ചു. ഇത് ഒഴിവാക്കി, ടെലിവിഷൻ, പി. ടി. ചാക്കോ എന്നൊക്കെ എഴുതുന്നതിനു പകരം റ്റെലിവിഷൻ, പി. റ്റി. ചാക്കോ എന്നൊക്കെത്തന്നെ എഴുതിത്തുടങ്ങുക. (ലേഖകൻ ഈ രീതിയാണു് കാലങ്ങളായി അവലംബിച്ചു വരുന്നതു്.) എബി ജോൺ വൻനിലം എഴുതിയ ഈ പോസ്റ്റുകൂടി വായിക്കുന്നതു് നല്ലതായിരിക്കും. (മുകളിൽ സൂചിപ്പിച്ച ഉദാഹരണങ്ങൾ എബി ജോണിന്റേതാണു്.)
- അച്ചടി മാദ്ധ്യമങ്ങളിലെഴുതുന്നവർ തങ്ങളുടെ സൃഷ്ടികൾ ‘പഴയ ലിപി’യിൽ അച്ചടിച്ചു വരണമെന്നു് ശഠിക്കുക. (അച്ചു നിരത്താത്ത ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തില്‍ ഇതു സാദ്ധ്യമാണല്ലോ!)
കേവലം പ്രതിഷേധത്തിനുപരി, അച്ചടിമാദ്ധ്യമങ്ങൾക്കു വേണ്ടി വെട്ടിയെറിഞ്ഞ മലയാളലിപിയെ അതിന്റെ പൂർണ്ണ സൌന്ദര്യത്തിൽ എത്തിക്കുവാൻ നിങ്ങളും ഈ നിർദ്ദേശങ്ങളിൽ ചിലതെങ്കിലും പാലിക്കുമെന്നു് വിശ്വസിക്കട്ടെ. ശീലിച്ചതേ പാലിക്കൂ എന്നും ചൊട്ടയിലേ ശീലം ചുടല വരെ എന്നും പറയുന്നതു് എത്രത്തോളം ശരിയാണെന്നു് നോക്കണമല്ലോ!
Labels: ബ്ലോഗ്, ഭാഷ, ലേഖനം