ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, February 25, 2021

കോകരതം

വൃത്തങ്ങളുടെ ലിസ്റ്റിൽ കണ്ടതോടെ കോകരതം കണ്ടപ്പോൾ ഒരു കൌതുകം. കോകം, രതം എന്നിവയുടെ അർത്ഥം നോക്കി. കോകം = ചക്രവാതം. രതം പറയേണ്ടല്ലോ.

കോകൻ/കൊക്കോകൻ എന്നയാളെയാവാം ഉദ്ദേശിക്കുന്നതെന്ന് ഈ വിഷയത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു സുഹൃത്ത് പറഞ്ഞു. രതിരഹസ്യം എന്ന കാമശാസ്ത്രം എഴുതിയ ആളാണു പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോകൻ അഥവാ കൊക്കോകൻ പോലും.
അറിയില്ല കുക്കിങ്ങിവനൊട്ടു പോലും
കറിവച്ച കാലം, കമലേ, മറന്നൂ!
വെറുതേ ശ്രമിക്കാം, കുശിനിപ്പണിക്കി-
ന്നരിയെത്ര വേണം, പ്രിയതന്നെ ചൊല്ലൂ!

വൃത്തം: കോകരതം (സയസം യവും കോകരതാഖ്യവൃത്തം). ഇന്ദ്രവജ്രയുടെ ആദ്യഗുരുവിനു പകരം രണ്ടു ലഘുക്കളായാൽ കോകരതമായി.

Labels: ,

Wednesday, February 17, 2021

ഋതുക്കൾ

പത്രപ്രവർത്തകയും കവിയുമായ അഞ്ജന ശശിയുടെ ഒരു കവിതയെ ആർദ്രഭാവമെല്ലാം കളഞ്ഞ്, മുദ്രാവാക്യം വിളി പോലെ, ഭുജംഗപ്രയാതം വൃത്തത്തിൽ മാറ്റി എഴുതിയതാണ് ഈ പോസ്റ്റ്. ഇത് പരിഭാഷയല്ല, പാരഡി മാത്രമാണ്.

അഞ്ജനയുടെ കവിത
ഒരു സൂര്യനും തളർത്താനാവില്ല
എന്നിലെ വസന്തത്തിനെ!
ഒരു മഴയ്ക്കും കെടുത്താനാവില്ല
എന്നിലെ അഗ്നിയെ!
ഒരു ശരത് കാലത്തിനും പൊഴിക്കാനാവില്ല
എന്നിലെ ഇലകളെ!
എന്റെ ഉന്മാദത്തിൻമേൽ
ശിശിരത്തിന്റെ മഞ്ഞുപുതപ്പിട്ട്
എന്റെ ചിന്തകളിൽ
ഗ്രീഷ്മത്തിന്റെ തെളിവെയില്‍ നിറച്ച്
എന്റെ ആലസ്യങ്ങളെ
ഹേമന്തത്തിലെ നിലാവിലാഴ്ത്തി
ഞാൻ ഇനിയും ഒഴുകും
ഒഴുകിക്കൊണ്ടേയിരിക്കും...

എന്റെ പാരഡി
രവിക്കെൻ വസന്തം തളർത്താൻ പുളിക്കും
മഴയ്ക്കെന്നിലെത്തീ കെടുത്താൻ കടുക്കും
ശരത്തെന്റെ പത്രം പൊഴിക്കാനറയ്ക്കും,
ശരിക്കന്നൃതുക്കൾ കലമ്പിക്കറുക്കും!

തുഷാരപ്പുതപ്പാൽ പിരാന്തും മറച്ചും
വിചാരങ്ങളിൽ ഗ്രീഷ്മതാപം നിറച്ചും
മടുക്കുന്നയാലസ്യമെല്ലാം പൊഴിച്ചും
തുടങ്ങും നിലയ്ക്കാത്തൊഴുക്കും, തനിച്ചും!

(വൃത്തം: ഭുജംഗപ്രയാതം. യകാരങ്ങൾ നാലോ ഭുജംഗപ്രയാതം)

Labels: ,

Sunday, February 14, 2021

കാന്ത!

എല്ലാ വർഷവുമുള്ള ആചാരം ഈ വർഷവും!

മഴക്കോളിന്നഴകുനിറയും പ്രിയ പ്രണയേശ്വരീ
മിഴിക്കോണാൽ പ്രണയകഥനം കുറിക്ക സുമോഹിനീ,
പഴന്തേനാം ഹൃദയപുളകം തരാം സഖി; മുന്തിരി-
പ്പഴച്ചാറിൻ മധുവിനുസമം മനോഹര ജീവിതം!

(ഈ ശ്ലോകം കാന്ത എന്ന വൃത്തത്തിലാണ്. മുമ്പ് ആരെങ്കിലും ഈ വൃത്തത്തിൽ ശ്ലോകം എഴുതിയിട്ടുണ്ടോ എന്നറിയില്ല. ഞാൻ കണ്ടിട്ടില്ല. അവസാന വരി മുറിയുമ്പോലെ ആണ് ചൊല്ലേണ്ടത് എന്നു തോന്നുന്നു. യഭം കാന്താ നരസലഘുവും ഗ നാലിനു പത്തിനും എന്നാണ് കാന്തയുടെ ലക്ഷണം.)

Labels: , , ,

Saturday, February 13, 2021

വീണ്ടും കാമക്രീഡ!

ഒരു പ്രൈവറ്റ് ഗ്രൂപ്പിനു വേണ്ടി എഴുതിയതായതിനാൽ അല്പം ക്രിപ്റ്റിക് ആണ്. എന്നാലും കാമക്രീഡയിൽ ഒരു ശ്ലോകം കൂടി.
ഓമൽത്തണ്ടാൽ ജ്യൂസുണ്ടാക്കുന്നോ"രപ്ല"ക്കാരെപ്പേടി-
ച്ചോമൽപ്പെണ്ണെത്തും മീറ്റിങ്ങൊന്നിൽച്ചെന്നപ്പോഴെന്റമ്മോ!
കാമം, ക്രീഡായെന്നും ചൊല്ലും നാടൊട്ടുക്കും ശ്ലോകക്കാർ:
കാമാർത്തന്മാർ! പാവം കൃഷ്ണയ്ക്കുൾത്താരിൽത്തീയാണിപ്പോൾ!

(വൃത്തം: കാമക്രീഡ)

Labels: ,

കാമക്രീഡ

കാമക്രീഡ വൃത്തത്തിൽ ശ്ലോകമെഴുതിയ ലോകത്തിലെ ആദ്യയാൾ ഞാൻ ആണെന്ന് ഉമേഷ് ഇടയ്ക്കിടെ പറയാറുണ്ട്. ഇപ്പോൾ മറ്റുപലരും (യാസർ, അജിത്, പ്രശാന്ത്) ആ വൃത്തത്തിൽ പയറ്റിത്തുടങ്ങി. അവസാനം ഗതികെട്ട് ഉമേഷും രംഗത്തിറങ്ങി.

ഉമേഷ് വക ശ്ലോകം:
സന്തോഷിപ്പോളാകെക്കൂടിക്കാമക്രീഡാക്രാന്തം മൂ-
ത്തന്തം വിട്ടിട്ടെന്തോ ചെയ്യാൻ ചിന്തിച്ചിത്ഥം നിൽക്കുമ്പോൾ
സ്വന്തം വൃത്തം വേറേയൂളന്മാരീ മട്ടിൽ പൂശീടും
ചന്തം കണ്ടിട്ടിന്നീ ജന്മം പാഴായെന്നോർത്തീടുന്നു.

(വൃത്തം: കാമക്രീഡ - മം താനഞ്ചും ചേർന്നീടുന്നെങ്കിൽ കാമക്രീഡാവൃത്തം)

Labels: ,

Wednesday, February 10, 2021

ആദിത്യന് വീണ്ടും

പണ്ട് ഇദ്ദേഹം കല്യാണം കഴിക്കാൻ പോകുന്ന വിശേഷം അറിഞ്ഞ് ഒരു ശ്ലോകം എഴുതിയിരുന്നു. അനോണിയായി തുടരുന്ന ആദിത്യന്റെ വിരലുകളും വാച്ചും മാത്രമേ പല പടങ്ങളിലും പതിഞ്ഞിട്ടുള്ളൂ. അതിനാൽ "ആദിക്കു വാച്ചും വിരലും പ്രധാനം" എന്ന ഒരു സമസ്യ ശ്ലോകക്കാർ ഉള്ള ഒരു ഗ്രൂപ്പിൽ അവതരിപ്പിച്ചു.

സമസ്യ ഞാൻ മൂന്നു രീതിയിൽ പൂരിപ്പിച്ചു.

ഒന്ന്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
ലിങ്കന്നു പൊക്കം, പിണറായി ധാർഷ്ട്യം,
ആദിക്കു വാച്ചും വിരലും പ്രധാനം!

മൂന്നാം വരിയിലെ ലിങ്കൺ മാറ്റിയാൽ തൃതീയാക്ഷര പ്രാസം കിട്ടും (ക്ക). അധികം പൊക്കമുള്ള ഇൻഡ്യൻ രാഷ്ട്രീയക്കാരുടെ പേരുകൾ മൂന്നാം അക്ഷരം ക്ക വരുന്ന രീതിയിൽ കിട്ടാത്തതിനാൽ സർദ്ദാർ പട്ടേലിന്റെ പൊക്കമുള്ള പ്രതിമയെ ആശ്രയിക്കാം എന്നുവച്ചു. അതിനാൽ, ഇങ്ങനെയാക്കി:

രണ്ട്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
സർദ്ദാർക്കു പൊക്കം, പിണറായി ധാർഷ്ട്യം,
ആദിക്കു വാച്ചും വിരലും പ്രധാനം!

അപ്പോഴാണ് പൊക്കവും ധാർഷ്ട്യവും ദേഹത്ത് അണിഞ്ഞു നടക്കുന്നതല്ലല്ലോ എന്നോർത്തത്. എന്നാൽപ്പിന്നെ പൊക്കവും ധാർഷ്ട്യവും മാറണം. ധാർഷ്ട്യം മാറിയാൽ പിണറായി മാറണം. പിന്നെ വെറുതേ ആ സർദ്ദാർ നമുക്കെന്തിന്? മാറ്റി, രണ്ടിനേയും മാറ്റി.

മൂന്ന്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
മോദിക്കു ജുബ്ബാ, ഗുജറാൾക്കു ഗോട്ടീ,
യാദിക്കു വാച്ചും വിരലും പ്രധാനം!

വൃത്തം: ഇന്ദ്രവജ്ര

Labels: , , ,

Monday, February 08, 2021

യാസറും മോഡിയും

ജർമ്മനിയിൽ സകലമനുഷ്യരുമൊത്ത് കാർപ്പൂൾ ചെയ്യുന്ന മഹദ് വ്യക്തിയാണ് യാസിർ. അദ്ദേഹത്തെക്കുറിച്ച് പറയാൻ സിദ്ധാർത്ഥൻ അവതരിപ്പിച്ച സമസസ്യയാണ് "കാർപ്പൂളറും മോഡിയുമൊന്നു പോലെ" എന്നത്.
നാട്ടുമ്പുറം ചുറ്റി നടക്കുമെന്നും
വീട്ടാർക്കു തെല്ലും ഗുണമേതുമില്ല
പ്രാർത്ഥിക്കിലും പൌഡറണിഞ്ഞു മാത്രം
കാർപ്പൂളറും മോഡിയുമൊന്നു പോലെ!

വൃത്തം: ഇന്ദ്രവജ്ര

Labels: ,

Monday, February 01, 2021

സാക്ഷിയുടെ മല മറിക്കൽ

എന്റെ ഒരു വലിയ ആഗ്രഹമാണ് (സുഹൃത്തുക്കളാൽ) സ്വന്തം പടം വരച്ചു കിട്ടുക എന്നത്. പത്തു പതിനഞ്ചു വർഷം മുമ്പ് ഒരാളോട് അങ്ങോട്ടു ചോദിച്ചു. "ഇപ്പോൾ സമയമില്ല, ഉടൻ വരയ്ക്കാം" എന്നു പറഞ്ഞു മുങ്ങി. പിന്നെ ചിത്രരചയിതാക്കളായ പലരും ഫ്രണ്ട്സ് ആയി വന്നു എങ്കിലും മുന്നനുഭവം വച്ചു ചോദിച്ചില്ല. ചോദിക്കാതെ തന്നെ ഉമേഷ് വരച്ചു. ദോഷം പറയരുതല്ലോ... അല്ലെങ്കിൽ പറയാം, ടിപ്പണി ഇല്ലാതെ ആളെ മനസ്സിലാക്കാൻ പ്രയാസം.

അങ്ങനെയിരിക്കെയാണ്, രഥോദ്ധത എഴുതാനായി രാജീവ് സാക്ഷിക്കു വേണ്ടി "സാക്ഷി വന്നു മല മാറ്റി വയ്ക്കണം" എന്ന സീഡ് ഇട്ടുകൊടുത്തത് (അധികം ആലോചിക്കാതെ കൊടുത്ത സീഡ് ആണ്). അദ്ദേഹം മനോഹരമായി ഇങ്ങനെ എഴുതി:
കയ്യിലുള്ള പണി നോക്കി നിൽക്കവേ
വന്നു വേറെ പണി പിന്നിലൂടെയായ്
കണ്ടു പേരിലൊരു നോട്ടി വന്നിതാ:
'സാക്ഷി വന്നു മല മാറ്റി വയ്ക്കണം'

ഇനി ഇത് ഞാനായിരുന്നെങ്കിൽ എങ്ങനെ എഴുതും എന്നു ചോദിക്കുകയും ചെയ്തു. ആയതിനാൽ രഥോദ്ധതയിൽ ഒരു ശ്ലോകം സാക്ഷിയെപ്പറ്റി ആവട്ടെ എന്നു കരുതി:
സൂക്ഷമായ കരപാടവങ്ങളാൽ
രാക്ഷസീയ വടിവൊത്ത രൂപവും
പ്രേക്ഷമാം രചനയായി മാറണോ?
"സാക്ഷി വന്നു മല മാറ്റി വയ്ക്കണം"

പടം വരയ്ക്കണം എന്നൊന്നും ഇല്ല കേട്ടോ!

Labels: ,