ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, March 20, 2020

കറുത്ത കാലങ്ങൾ

ജർമ്മൻ നാടകകൃത്തും കവിയുമായ ബേർറ്റോൾട് ബ്രേഷ്റ്റ് (Bertolt Brecht), 1939-ൽ പ്രസിദ്ധീകരിച്ച Svendborger Gedichte എന്ന സമാഹാരത്തിലെ ആദ്യസെക്ഷനിലെ (Motto to the Svendborg Poems) കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്:
In den finsteren Zeiten,
wird da auch gesungen werden?
Da wird auch gesungen werden.
Von den finsteren Zeiten.

ഈ വരികൾക്ക് പലതരം ഇംഗ്ലീഷ് പരിഭാഷകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും പ്രചാരമുള്ളത് ഇതാണ്:
In the dark times
Will there also be singing?
Yes, there will also be singing.
About the dark times.

കറുത്ത കാലങ്ങളിൽ പ്രതീക്ഷയുടെ പര്യായമായി പലരും ആശ്രയിക്കുന്നവയാണ് കാലാതിവർത്തിയായി നിൽക്കുന്ന ഈ വരികൾ. ഈ വരികളുടെ ഒരു സ്വതന്ത്രപരിഭാഷ:
കറുത്ത കാലങ്ങളിലാരു പാടാൻ,
കറുത്ത കാലങ്ങളിലെന്തു പാടാൻ?
കറുത്ത കാലങ്ങളിലുള്ള ഗീതം
കറുത്ത കാലങ്ങളെയോർത്തു തന്നെ.

(ഉപേന്ദ്രവജ്ര)

Labels: , ,

Friday, September 15, 2017

ശ്ലോകരചനാ ശില്പശാല: ആരെങ്കിലും ശ്ലോകം രചിച്ചോ?

TL;DR;
  • ശില്പശാലയിൽ പങ്കെടുത്ത പലരും ഇതിനോടകം അവരുടെ പ്രഥമ ശ്ലോകം എഴുതിക്കഴിഞ്ഞു. ശ്ലോകങ്ങൾ താഴെക്കൊടുത്തിട്ടുണ്ട്.
  • ശ്ലോക ക്ലാസിനു വേണ്ടി തയ്യാറാക്കിയ പാഠപുസ്തകം: https://tinyurl.com/slokamhelper
വിശദ വിവരങ്ങൾ

ഒരു ഫോട്ടോയും അതിനു യോജിക്കുന്ന ശ്ലോകവും പോസ്റ്റു ചെയ്യുക എന്ന നിബന്ധനയോടെ #വാക്‌ചിത്രം എന്നൊരു പിരമിഡ് സ്കീം കഴിഞ്ഞവർഷം തുടങ്ങിവച്ചകാര്യം ഇതിനോടകം ഒന്നുരണ്ടു പോസ്റ്റുകളിൽ ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. (ഇനിയും എന്നെക്കൊണ്ട് പറയിപ്പിക്കരുത്!) അതിനുശേഷം, ശ്ലോകമെഴുത്തു വിദ്യ പഠിക്കാൻ സീയാറ്റിൽ നിവാസികൾക്ക് ആർക്കെങ്കിലും താല്പര്യമുണ്ടോ എന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഞാൻ ചോദിച്ചിരുന്നു. താല്പര്യക്കാരുണ്ടെങ്കിൽ ഒരു ശ്ലോകരചനാശില്പശാല സംഘടിപ്പിക്കാനായിരുന്നു പരിപാടി. പ്രതീക്ഷകൾക്കുമുപരി പതിനഞ്ചിൽപ്പരം ആൾക്കാർ ഉത്സാഹം കാണിച്ചപ്പോൾ തയ്യാറെടുക്കാതെ തരമില്ലെന്നായി.

ശില്പശാലയ്ക്കുവേണ്ടി തയ്യാറാക്കിയ “പാഠ പുസ്തകം” ഇവിടെ: https://tinyurl.com/slokamhelper

ജൂലൈ അവസാനം ശില്പശാല നടന്നു. പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പലർക്കും അന്ന് മറ്റസൗകര്യങ്ങൾ നിമിത്തം എത്തിച്ചേരാനായില്ല. എന്നാൽ പങ്കെടുത്തവരെയും പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവരേയും ഉൾക്കൊള്ളുന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി പരിശീലനവും അഭ്യാസവും തുടർന്ന് നടക്കുന്നുണ്ടായിരുന്നു.

പരിശീലനം ആരംഭിക്കാൻ തിരഞ്ഞെടുത്തത് ചമ്പകമാല എന്ന വൃത്തമാണ്. പരിശീലനത്തിൽ പങ്കെടുത്തവർ അധികം ഈ വൃത്തത്തെപ്പറ്റി മുമ്പ് കേട്ടിരുന്നില്ലെങ്കിലും “ആരട വീരാ പോരിനു വാടാ” എന്ന രീതിയിൽ തുടക്കക്കാർക്ക് ശ്ലോകം ചമയ്ക്കാൻ പറ്റിയ വൃത്തമാണ് ചമ്പകമാല.

വൃത്തലക്ഷണം ഭംമസം കേൾ ചമ്പകമാല. -UU (ഭഗണം), --- (മഗണം), UU- (സഗണം), പിന്നെ ഗുരു. ഒരു വരിയിൽ പത്തക്ഷരം. അഞ്ചാം അക്ഷരം കഴിഞ്ഞാൽ നിറുത്ത് ഉണ്ടെങ്കിൽ കേമം.

താഴെ പറയുന്ന ശ്ലോകങ്ങൾ ശില്പശാലയിൽ പങ്കെടുത്തവരുടെ ആദ്യ ശ്ലോകരചനകളാണ്. ഇവയെല്ലാം തന്നെ വൃത്തമൊത്തവയുമാണ്. ഈ ശ്ലോകങ്ങളിൽ ഭാഷാപരമായി കുറവുകളും കുറ്റങ്ങളും ഉണ്ടെന്ന് തോന്നുന്നെങ്കിൽ തുടക്കക്കാർക്കു നൽകുന്ന പരിഗണന നൽകി ചൂണ്ടിക്കാണിക്കാൻ താല്പര്യപ്പെടുന്നു. വിമർശനങ്ങൾ വിദ്യാർത്ഥികൾക്കു പ്രയോജനപ്പെടും വിധം സൂക്ഷ്മമാക്കാൻ ശ്രമിക്കുമല്ലോ. ചെറിയ അഭിനന്ദനങ്ങൾ പോലും ശ്ലോകരചയിതാക്കളെ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കും.

ഇനി രചനകളിലേയ്ക്ക്.

ആദ്യം ചമ്പകമാല പയറ്റി നോക്കിയത് സൂനജയാണ്. വരികൾ ലേശം മിനുക്കി, പ്രാസം കൂടി ചേർത്ത രണ്ടാം പതിപ്പ് ഇങ്ങനെ:
കോപ്പിയടിക്കാനുള്ളൊരു തുണ്ടും
കാപ്പികുടിക്കും കണ്ണടമാഷും
അപ്പടിയാണീ, യമ്പതുമാർക്കും
തപ്പലതില്ലാ, തങ്ങനെ നേടി!

പണ്ടൊരു പഠിപ്പിസ്റ്റായിരുന്നു എന്നു തോന്നുന്നു. അതിന്റെ കുറ്റബോധം നല്ലവണ്ണം ശ്ലോകത്തിൽ കാണാനുണ്ട്.

മനേഷ് വകയായിരുന്നു അടുത്ത പൂരണം. സൂനജയ്ക്ക് തുണ്ടുവച്ചു മാർക്കുവാങ്ങാമെങ്കിൽ എങ്ങനെ തുണ്ടു വയ്ക്കണം എന്നതിന്റെ വിശദീകരണമാണ് മനേഷ് ശ്ലോകത്തിലാക്കിയത്:
ബുക്കു തുറന്നൂ പേപ്പറു കീറി,
പേനയെടുത്തൂ ക്യാപ്പു തുറന്നൂ;
കോപ്പിയെടുത്തൂ തുണ്ടുചുരുട്ടി,
തുണ്ടുതുറന്നൂ കോപ്പിയടിച്ചൂ!

കോപ്പിയടി ഒരു പ്രമുഖപ്രദിപാദ്യമായിത്തീരുമോ എന്നു ശങ്കിച്ചിരിക്കുമ്പോൾ അതാ വരുന്നു അനീഷ് വക അടുത്ത പൂരണം. എയർപോർട്ടിൽ നിന്നും ഭാര്യയുടെ മാതാപിതാക്കളെ വീട്ടിലേയ്ക്കു കൊണ്ടു വരുന്ന വഴി മനസ്സിൽ തികട്ടി വന്ന വിവിധവികാരങ്ങളെ തൂലികത്തുമ്പിലേയ്ക്കാവാഹിച്ച പാവം മാനവഹൃദയം ഈ വരികളിൽ തെളിഞ്ഞുകാണാം:
പച്ചില തിന്നും മാതുലനെത്തി,
കഞ്ഞികുടിക്കാൻ യോഗമെനിക്കും!
ബന്ധിതനാകും പാതകിപോലും
ചിക്കനുമൊപ്പം പത്തിരി തിന്നും!

ഇതിന് മറുപടിപോലെ ഒരു ശ്ലോകമെഴുതാതിരിക്കാൻ സൂനജയ്ക്ക് കഴിഞ്ഞില്ല. തമിഴ് നാട്ടിൽ പച്ചക്കറികൾ തിന്നു ജീവിച്ച ബാല്യം സൂനജ അയവിറക്കി:
നിശ്ചയമായും നിങ്ങളറിഞ്ഞോ
പച്ചില തിന്നാൽ 'വാള'തു സൂക്ഷം!
ആരിതുകേൾക്കാ, നാരൊടുചൊല്ലാൻ
പാരിതിലെന്റേ ദുർഗ്ഗതി, സത്യം!

ജീവിതാനുഭവങ്ങളെ തീക്ഷ്ണതയോടെ അവതരിപ്പ് കയ്യടി നേടുന്ന സതീർത്ഥ്യരെ ഈർഷ്യയോടെ നോക്കി ധനേഷ് ഒരു കഥാസന്ദർഭം ശ്ലോകമാക്കി:
പന്തള മന്നന്നുൾക്കനമോടേ
താരകനോടായിട്ടുരിയാടീ:
"വേദനയേറും കാമിനി ഭാവം
മോഹമിതേറ്റം , സന്തതിയേകൂ"

കല ജീവിതം തന്നെ എന്നു പറഞ്ഞു കൊണ്ട്, സുജിത് തന്റെ സ്ഥായീഭാവമായ “പിടിക്കപ്പെട്ട കള്ളന്റെ” വിഷമങ്ങൾ പങ്കുവച്ചു:
“അമ്പട കള്ളാ, യെങ്ങനെ കേറീ-
യമ്പിനു പോലും ഭേദ്യമപൂർവ്വം?”
“റോഡിനു സൈഡി, ല്ലുള്ളൊരു കമ്പിൽ
ആടിയ ശേഷം ചാടിമറിഞ്ഞു!”

കള്ളന്റെ കഥയുമായി താദാമ്യം പ്രാപിച്ചതിനാലാണോ എന്തോ, ബിപിൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയറുടെ ദുരവസ്ഥ വിവരിച്ചു.
വാനു പിടിച്ചും കാറു പിടിച്ചും
ഓടിയണഞ്ഞൂ; ജോലി തുടങ്ങീ
ആഞ്ഞു തൊഴിച്ചൂ, കീയുകളാടീ
താകിട തിത്തോം തക്കിട തിത്തോം!

ശ്ലോകങ്ങൾ എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാജേന വാട്‌സാപ്പ് നോക്കിയിരുന്ന എന്നെയാണോ അതോ കമ്പ്യൂട്ടറിൽ കളിച്ചിരുന്ന മകനെയാണോ ഉദ്ദേശിച്ചതെന്നറിയില്ല; “പുത്രാ” എന്ന വിളി കേട്ടു തിരിഞ്ഞപ്പോൾ ദിവ്യയാണ്.
വന്നിടു പുത്രാ തിന്നുക മീനും
ആവി പറക്കും ചോറതിനൊപ്പം
ഇങ്ങു വിളിച്ചാലങ്ങതു പോവും
എന്തൊരു കഷ്ടം സന്തതിമൂലം

“ഇങ്ങു വിളിച്ചാലങ്ങതു പോവും” എന്നു കൂടി കേട്ടപ്പോൾ എന്നെത്തന്നെ എന്നുറപ്പിച്ചെങ്കിലും “എന്തൊരു കഷ്ടം സന്തതിമൂലം” എന്നവരി വലിയ ആശ്വാസമായി.

ശ്ലോകങ്ങൾ എഴുത്തു നടക്കുമ്പോൾ തന്നെ, ഉപേന്ദ്രവജ്രയിലുള്ള ഒരു സമസ്യാപൂരണവും അഭ്യാസമായി നൽകിയിരുന്നു. പണ്ട് ഗുരുകുലം ബ്ലോഗിൽ കാര്യമായി ആഘോഷിച്ച “വെളുത്തുപോമെന്നിഹ തോന്നിടുന്നു” (http://malayalam.usvishakh.net/blog/archives/218) എന്നതാണ് സമസ്യയായി കൊടുത്തത്.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സമസ്യയാണ്. ഇത് ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പൂരിപ്പിക്കാം. ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലർന്നുവരുമ്പോഴാണ് ഉപജാതിയാവുന്നത്.

11 അക്ഷരം ഒരു വരിയിൽ.
ഇന്ദ്രവജ്ര: ത ത ജ ഗ ഗ
ഉപേന്ദ്രവജ്ര: ജ ത ജ ഗ ഗ

അനീഷ് മാത്രമേ ഈ സമസ്യ പൂരിപ്പിച്ചുള്ളൂ.
കറുത്ത വെള്ളിക്കു കടയ്ക്കു മുന്നേ-
യിടിച്ചു തള്ളിക്കയറീ കുടുംബം
നിരർത്ഥമാം വസ്തുവെടുത്തു, ബാങ്കും
വെളുത്തു പോമെന്നിഹ തോന്നിടുന്നു.

ബ്ലാക് ഫ്രൈഡേ വരുന്നതിനു മുമ്പു തന്നെ തന്റെ “extended family" വാങ്ങിക്കൂട്ടാൻ സാദ്ധ്യതയുള്ള നിരർത്ഥമാം വസ്തുക്കളെയോർത്തുള്ള അനീഷിന്റെ മുതലക്കണ്ണീർ നോക്കൂ!

(പണ്ടു കാലത്തെപ്പോലെ തന്നെ ഇന്നത്തെ വിദ്യാർത്ഥികളും “അദ്ധ്യാപകനെ” അനുസരിക്കുന്നതിൽ വലിയ ആനന്ദം കാണുന്നവരല്ലായ്കയാൽ, ധനേഷ് നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി തന്റെ ആദ്യ ശ്ലോകത്തിനു വേണ്ടി മഞ്ജുഭാഷിണി വൃത്തം സ്വീകരിച്ചു. സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി എന്നാണ് മഞ്ജുഭാഷിണിയുടെ ലക്ഷണം. അതായത്, UU- (സ ഗണം) U-U (ജ ഗണം), UU- (സ ഗണം) U-U (ജ ഗണം), പിന്നെ ഗുരു. അല്പം മിനുക്കിയെടുത്ത ധനേഷിന്റെ വരികൾ മഞ്ജുഭാഷിണിയിൽ ഇങ്ങനെ:
ഇറയത്തിതായൊരിരുളിന്റെ താരകം
വിരഹാർദ്ര സന്ധ്യയെ വശീകരിച്ചിടാൻ
ഇതളൂർന്നു പാടെ നിറമങ്ങിയെങ്കിലു-
മലയുന്നൊരീ പഥികൻ തൻ പ്രതീക്ഷനീ!

കൂട്ടത്തിൽ മറ്റാരും മഞ്ജുഭാഷിണി സാഹസത്തിനു പിന്നീട് മുതിർന്നിട്ടില്ല.)

ഇത്രയുമാണ് ഇതുവരെയുള്ള വൃത്താന്തം. ഇതൊക്കെക്കേട്ടിട്ട് ചെറുതായി ഒരു താല്പര്യം തോന്നുന്നുണ്ടോ? എന്നാൽ ഇനിയും വൈകിയിട്ടില്ല. ശ്ലോകരചനാ സംരംഭം തുടർന്നും മുന്നോട്ടു കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ട്.

Labels: , , , , , ,

Saturday, October 28, 2006

അച്ചുവിന് രണ്ടു വയസ്സ്



പുലര്‍ന്നുവല്ലോ, യിതുനാളു നിന്‍റേ
പിറന്ന നാളും, ഭരണീ, തുലാത്തില്‍.
മറന്നുവെന്നോ, യലയാഴി പോലേ,
കിടന്നു നീ പണ്ടലറിക്കരഞ്ഞൂ!
കടന്നുപോകേ ദിനരാത്രമൊന്നായ്
പകര്‍ന്നു തന്നൂ മനമാകെ മോദം.
കടന്നു പോയീ, യറിയാതെ വേഗം
പിറന്ന നാള്‍തൊട്ടിതുരണ്ടു വര്‍ഷം.
വളര്‍ന്നുപോലും, വലുതായിപോലും,
കുരുന്നു കള്ളാ, വളരില്ല മക്കള്‍!

വൃത്തം: ഉപേന്ദ്രവജ്ര.

Labels: , , , , ,

Friday, October 13, 2006

വെളുത്തുപോകും എന്നൊരു തോന്നല്‍

ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പടയ്ക്കൂ എന്ന വെല്ലുവിളിയുമായി ഉമേഷ് ഒരു സമസ്യാപൂരണം അവതരിപ്പിച്ചപ്പോള്‍ പിടിപ്പതുള്ള പണി മാറ്റി വച്ച് ശ്ലോകം ചമയ്ക്കാനിരുന്നതിന്‍റെ ഫലമാണ് ഇക്കാണുന്നവ.
കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കണക്കു നോക്കി, ശ്ശിശുവന്നുവെന്നാല്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

നഗരൂര്‍ എന്‍റെ നാടിനടുത്തുള്ള ഒരു ഗ്രാമമാണ്. കിളിരൂര്‍, പരവൂര്‍, തവനൂര്‍, മടവൂര്‍, നിലമേല്‍ [അവസാനം പറഞ്ഞ രണ്ടെണ്ണവും എന്‍റെ നാടിനടുത്താണ്] എന്നീ സ്ഥലനാമങ്ങളും നഗരൂര്‍ക്കു പകരം ഉപയോഗിക്കാവുന്നതാണ്. നഗരൂരില്‍ എന്‍റെ അടുത്ത പരിചയക്കാരാരുമില്ലാത്തതിനാല്‍ ആര്‍ക്കും സംശയമുണ്ടാവില്ല എന്നതിനാലാണ് നഗരൂര്‍ ഉപയോഗിച്ചിരിക്കുന്നത്. നഗരൂര്‍ പ്രയോഗം ഇഷ്ടമായെന്നോതിയ കൂമനും, ശ്ലോകം തന്നെ തരക്കേടില്ല എന്നു പറഞ്ഞ പാപ്പാനും എന്നെ വികാരാധീനനാക്കി. പ്രേക്ഷകര്‍ അംഗീകരിക്കുന്നതിലും വലിയ അവാര്‍ഡുണ്ടോ എന്ന് ഞാന്‍ ഇത്തരുണത്തില്‍ അവാര്‍ഡു കമ്മറ്റിയോട് ചോദിച്ചുപോകയാണ്.

കൂട്ടത്തില്‍ പറയട്ടെ, ഉമേഷ് മൂന്നാം വരി ഒന്നുകൂടി മിനുക്കി (രഹസ്യമായി) ഇങ്ങനെ പറഞ്ഞു:
കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കൊനഷ്ടു നോക്കൂ, ഇനിയുള്ള കുഞ്ഞും
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

അതെനിക്ക് പെരുത്തിഷ്ടപ്പെടുകയും ചെയ്തു.

കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നല്ലേ. അതിനാല്‍ എഴുതാനെളുപ്പമുള്ള ഉപേന്ദ്രവജ്ര കണ്ടപ്പോള്‍ ഒരെണ്ണത്തില്‍ നിര്‍ത്തുന്നതെങ്ങനെ എന്നൊരു സന്ദേഹം. ഒരു വരിയില്‍ത്തന്നെ ഇരുപത്തിമൂന്നക്ഷരമുള്ള മത്താക്രീഡയില്‍ (മത്താക്രീഡയ്ക്കെട്ടേഴെട്ടായ് മമതനനമൊടു നന ലഘു ഗുരുവിഹ) പൂരിപ്പിക്കാനുള്ള അടുത്ത സമസ്യയുമായിറങ്ങും മുമ്പ്, സമസ്യാപൂരണക്കൊതി തീരണമല്ലോ!

അങ്ങനെയാണ് കൊഴുകൊഴുത്ത ദ്രാവകങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമൊഴിച്ചു കളിക്കുന്ന വക്കാരിയെ മനസ്സില്‍ ധ്യാനിച്ച് ഇങ്ങനെ കുറിച്ചു വച്ചത് (അല്ലാ, ആളെവിടെപ്പോയി, കാണാനേയില്ലല്ലോ):
നിറങ്ങളില്ലാത്ത ദ്രവങ്ങള്‍ ലാബില്‍
കലര്‍ത്തി വീണ്ടും ക്ഷമകെട്ടു മെല്ലേ,
ചുവന്നു കിട്ടേണ്ട പരീക്ഷണം, ദേ-
വെളുത്തുപോമെന്നിഹ തോന്നിടുന്നു!

പാവം, ഇങ്ങനെയാണെങ്കില്‍ വര്‍ഷങ്ങളായി റിസര്‍ച്ചു നടത്തുന്നവരെന്തു ചെയ്യും? അതു പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, പണ്ടൊരിക്കല്‍ വായിച്ചതാണ്. ലാബുകള്‍ക്ക് ആസിഡും മറ്റും വിതരണം ചെയ്യുന്ന കടക്കാരന്‍ സള്‍ഫ്യൂരിക് ആസിഡിലോ മറ്റോ മായം ചേര്‍ത്തകാരണം യൂണിവേഴ്സിറ്റിയുടെ ലാബ് പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് ആര്‍ക്കും ഫുള്‍മാര്‍ക്ക് കിട്ടിയില്ലത്രേ! ആസിഡില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് കുടിച്ചു നോക്കിയിട്ട് പറയാനാവില്ലല്ലോ.

അങ്ങനെ പറഞ്ഞു വന്നപ്പോള്‍ ഇഞ്ചിയ്ക്കൊരു സംശയം. എനിക്ക് എത്ര ബാല്യകാല സഖികളുണ്ട്? (അവരാരെങ്കിലും ഈ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ ഇവിടെ വന്ന് ഹാജര്‍ വയ്ക്കണമെന്നില്ല.) ആര്‍ക്കും മനസ്സിലാകാത്ത കഥകള്‍ എഴുതുന്നതിന്നിടയ്ക്ക് അദ്ദേഹം എന്‍റെ മുന്‍പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചിട്ടു “അമ്പതുണ്ടാവുമോ?” എന്ന് സന്ദേഹിച്ചു. ഇഞ്ചിയോടെന്നല്ല, ആരോടും ഞാന്‍ ഉത്തരം പറയാന്‍ പോകുന്നില്ല.

ഇഞ്ചിയാരെന്നറിയാത്തവര്‍ക്ക് ഒരു ലിങ്ക് കൊടുക്കാമെന്ന് വച്ചാല്‍, സ്വന്തം ബ്ലോഗും കത്തിച്ച് അതിന്‍റെ ചാരവും നെറ്റിയിലിട്ട് “എന്‍റെ വര്‍ക്കിച്ചോ, ഇനി ഞാനെന്തിനു ജീവിക്കണം” എന്ന് നിലവിളിച്ച് നടക്കുകയല്ലേ ആയമ്മ.
കഴിഞ്ഞ കാര്യങ്ങളൊരിക്കലും ഞാന്‍
പറഞ്ഞു വീണ്ടും ഞെളിയാതിരിപ്പൂ!
കളത്രമെങ്ങാനുമറിഞ്ഞിടുന്നാള്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

രസകരങ്ങളായ സമസ്യാപൂരണങ്ങള്‍ വായിക്കുവാന്‍ ഗുരുകുലത്തിലേയ്ക്ക് പോവുക.

Labels: , , ,