ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, July 23, 2007

ആദിയും അന്തവും

തങ്ങളുടെ മൂന്നു മക്കളില്‍ രണ്ടാമന്, യു എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേരിട്ട്, സ്കൂള്‍/കോളജ് രജിസ്റ്ററുകളില്‍ അവസാനമാക്കിയതിന്‍റെ പശ്ചാത്താപത്താലാവണം, മൂന്നാമന് ഏ-യില്‍ തുടങ്ങുന്ന പേരിടാന്‍ എന്‍റെ മാതാപിതാക്കള്‍ (മാതാവ് എന്ന് വായിക്കുക) തീരുമാനിച്ചത്. U-വില്‍ തുടങ്ങുന്നതു കൊണ്ടു് എല്ലാ ക്ലാസ്സിലും അവസാനമാകും. അതു നിന്റെ ഭാവിയെ ബാധിക്കും എന്നൊക്കെ വിചാരിച്ച് സ്വന്തം മക്കള്‍ക്ക് നല്ലനല്ല പേരു കണ്ടെത്തുന്നവരുടേയും, ഇത്രയും കഷ്ടപ്പെട്ടു കണ്ടെത്തുന്ന പേരിനെ ജീവിതകാലം വെറുക്കുന്നവരുടേയും കദന കഥ ബ്ലോഗുലോകത്തിന് പുതിയതല്ല.

ഒപ്പം പഠിച്ച അബ്ദുളും (Abdul) സുല്‍ഫിക്കറും (Zulfiqar) ആണ് എനിക്ക് നേരിട്ട് പരിചയമുള്ളവരില്‍ തങ്ങളുടെ പേരു ഇംഗ്ലീഷിലെഴുതിയാല്‍ ഒന്നാമതും അവസാനവും വരിക. ആഭയ്ക്കും (Abha) സുബിനും (Zubin) രണ്ടാം സ്ഥാനം കിട്ടി. അമ്പതിനായിരത്തിലധികമുള്ള കമ്പനി ഡയറക്റ്ററിയില്‍ തപ്പിയപ്പോള്‍ ഒന്നാം സ്ഥാനം: Aable, അവസാന സ്ഥാനം: Zyron.

മലയാളത്തിലെ പരിചിത നാമങ്ങളില്‍ ആദ്യവും അവസാനവും ആരെന്നറിയുമോ? അഖിലയും റോഹനുമാണോ?

Labels:

Friday, July 20, 2007

നൂറ്!

നൂറു ‘കാലറി’യുഷസ്സിലും, പകലു നൂറൊഴിഞ്ഞ1 കറി, ചോറതും
നൂറു കാര്യമതു ചായയൊപ്പ; മില നൂറു2 കൂട്ടിയതു സന്ധ്യയില്‍
നൂറു3 മാറിയതു പൂരിയാകു വരെ നൂറു മില്ലിയതു മോന്തണം
നൂറുതന്‍ ഗുണമറിഞ്ഞ മാനുഷനു നൂറുവട്ടമഭിവന്ദനം!

1. സ്റ്റാര്‍ച്ചില്ലാത്ത
2. ചുണ്ണാമ്പ്
3. മാവ്

[ചിന്ത്യത്തിലെ നൂറാമത്തെ പോസ്റ്റ്. വൃത്തം: കുസുമമഞ്ജരി]

Labels: ,

Monday, July 16, 2007

ഒന്നാം ബഞ്ചിലിരിക്കേണം, ഒന്നാമനായി വളരേണം

പതിനേഴു വര്‍ഷം നീണ്ട വിദ്യാഭ്യാസ കാലഘട്ടത്തില്‍ രണ്ടു വര്‍ഷം മാത്രമാണ് ഒന്നാം ബഞ്ചില്‍ ഒന്നാമതായി ഇരിക്കണമെന്ന മറ്റേമ്മയുടെ ഉപദേശം എനിക്കു പാലിക്കാനായത്.

ഒറ്റക്കാലില്‍ ഏന്തിനടന്നിരുന്ന ഷാജുദീനോട് ഒന്നാം ബഞ്ചിലെ ഒന്നാം സ്ഥാനം ഒഴിയാന്‍ പറഞ്ഞിട്ടുണ്ട്, ഒരിക്കല്‍. ഷാജുദീന്‍ മൂന്നില്‍ തോറ്റപ്പോള്‍ ഞാന്‍ ആരുമറിയാതെ സന്തോഷിച്ചു: അതുവരെ ഒന്നാം ബഞ്ചില്‍ രണ്ടാമതായിരുന്ന ഞാന്‍ നാലാം ക്ലാസില്‍ ഒന്നാം ബഞ്ചില്‍ ഒന്നാമതായി.

അഞ്ചാം തരത്തില്‍ പുതിയ സ്ഥലത്ത് പുതിയ സ്കൂളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഒന്നാം ബഞ്ചില്‍ എനിക്ക് ഇടം കിട്ടിയില്ല. എന്നാലും വീട്ടില്‍ പറഞ്ഞത് ഒന്നാം ബഞ്ചില്‍ ഒന്നാമതായാണ് ഇരിക്കുന്നതെന്നാണ്. അഞ്ചിലും ആറിലും രണ്ടാം ബഞ്ചില്‍ ഒന്നാമതായി. ഏഴാം ക്ലാസില്‍ എത്തി പഴയ പടി രണ്ടാം ബഞ്ചില്‍ ഒന്നാമതായി ഇരിപ്പുറപ്പിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇബ്രാഹിം കുഞ്ഞു സാര്‍ എനിക്ക് ഒന്നാം ബഞ്ചില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് പ്രമോഷന്‍ തന്നു.

എട്ടും ഒമ്പതും ക്ലാസുകളില്‍ ഒന്നാം ബഞ്ചിലിടം കിട്ടിയെങ്കിലും സ്ഥാനം രണ്ടാമതായിരുന്നു. പത്താം ക്ലാസില്‍ ബഞ്ച്: 2, സ്ഥാനം: 1 എന്നായി മാറി.

കോളജില്‍ പ്രി-ഡിഗ്രിക്കാര്‍ക്ക് സ്ഥിരമായി ക്ലാസ് റൂമോ ബഞ്ചുകളില്‍ സ്ഥിരം സ്ഥാനമോ ഉണ്ടാവാറില്ലായിരുന്നു. എന്നാലും ഒരിക്കല്‍ പോലും ഒരു ക്ലാസിലും ഒന്നാം ബഞ്ചില്‍ ഒന്നാമതായ ഓര്‍മ്മയില്ല. ഡിഗ്രിക്കാര്‍ക്ക് ഏതാണ്ട് സ്ഥിരമായ ക്ലാസുറൂം ഉണ്ടാവാറുണ്ട്. അങ്ങനെ, ഡിഗ്രിക്കാലത്ത് ഞാന്‍ മൂന്നാം ബഞ്ച്ചില്‍ (അവസാന ബഞ്ച്) ചിലപ്പോള്‍ ഒന്നാമതായും മറ്റു ചിലപ്പോള്‍ രണ്ടാമതായും ഇരുന്നു.

സ്ഥിരം ക്ലാസ് റൂമും ബഞ്ചില്‍ സ്ഥിരം സ്ഥാനവുമുള്ള പോസ്റ്റു ഗ്രാജ്വേഷന് അവസാന ബഞ്ചില്‍ ആദ്യ സ്ഥാനത്തായി ഞാന്‍ (അവിടം വരെയെത്തിയപ്പോഴേയ്ക്കും ബഞ്ചു മാറി കസേരയായിരുന്നു).

ഇനി ഇതൊക്കെ ആലോചിച്ചിട്ട് കാര്യമുണ്ടോ?

ഇല്ല എന്ന് തീര്‍ത്തു പറഞ്ഞു കൂട. ബിസിനസ് വീക്ക് എന്ന വാരികയില്‍ വന്ന ഈ ലേഖനമനുസരിച്ച്, മീറ്റിംഗുകളില്‍ നമ്മള്‍ പറയുന്നത് ആള്‍ക്കാര്‍ വിലവയ്ക്കണമെങ്കില്‍, നമ്മള്‍ എന്തു പറയുന്നു എന്നതിനോളം തന്നെ (അതോ അതിലുമുപരിയോ) എവിടെ ഇരിക്കുന്നു എന്നതും പ്രാധാന്യമര്‍ഹിക്കുന്നുവത്രേ.

വായിക്കാന്‍ സമയമില്ലാത്തവര്‍ക്കായി ഇതാ ചില വാചകത്തുണ്ടുകള്‍:

The moral of the story: Where you sit influences where you stand. ... As a rule, leaders like to sit at the end of the table facing the exit so no one can sneak up on them. ... sitting opposite the person leading the meeting tend to be Grumpy or Doc, or a combination of the two... Grumpy is openly argumentative and may be hard to control. Doc is the person who faces off against the leader to show off his or her intelligence. ... The person who sits on the leader's right is Happy—a yes-man. ... Managers should, for instance, place potential foes on their right. Suspected brownnosers may offer more frank opinions if they are on the opposite sides of a table.
ജോലിയുടെ ഭാഗമായി മീറ്റിംഗില്‍ പങ്കെടുക്കേണ്ടാത്തവരും ആണ്ടിലൊരിക്കലോ ആഴ്ചയിലൊരിക്കലോ ഒരു ടീം മീറ്റിംഗ് മാത്രമുള്ള ജോലിയുള്ളവരും മീറ്റിംഗില്‍ എവിടെ ഇരിക്കുന്നു എന്നതിലൊന്നും കാര്യമില്ല എന്നു പറഞ്ഞു ഇതിനെ പുച്ഛിച്ചു തള്ളിയേക്കാം. ‘ഒന്നാമനായി വളരുന്നതു’ പോട്ടെ, ദിവസം അഞ്ചു മീറ്റിംഗ് വീതമെങ്കിലും (മൂന്നെണ്ണം ആഹാരത്തിനു മുമ്പും രണ്ടെണ്ണം ആഹാരത്തിനു ശേഷവും) കഴിക്കുന്ന ഈയുള്ളവന്‍റെ ആരോഗ്യനില, ഈ ഉപദേശം സ്വീകരിച്ചാലെങ്കിലും നന്നാവുമോ എന്നു നോക്കട്ടെ.

Labels:

Thursday, July 05, 2007

വര്‍ഷങ്ങള്‍ പോയതറിയുമ്പോള്‍

1992 ജൂലായ് 4 ശനി

മറ്റു പണിയെന്നും കണ്ടെത്താനായില്ല എന്നതുകൊണ്ട് ചന്തയില്‍ പോകേണ്ടി വന്നു. വാളമീന്‍ വാങ്ങി, 8 രൂപയ്ക്ക്. പക്ഷേ, പ്രതീക്ഷിച്ച പ്രതികരണം തന്നെ: മീന്‍ കൊള്ളൂല്ലാ പോലും. തിരക്കുകള്‍ക്കിടയില്‍ മീന്‍ നല്ലതോ ചീത്തയോ എന്ന് പഠിക്കാന്‍ പറ്റീട്ടില്ല എന്ന് മറുപടി.

കിഷോറിന്‍റെ കത്തുവന്നു. പ്രസാദണ്ണന് ഒരു കത്തയച്ചു.

ഉച്ചയ്ക്കു ശേഷം മെച്ചപ്പെട്ട ഉറക്കം കാഴ്ചവച്ചു. അഗാസി-മക്കെന്‍‍റോ കളി കണ്ടു. വൈകുന്നേരം ഷട്ടില്‍ കളിക്കിടയില്‍ അഭിലാഷുമായി ഭീകര സംഘട്ടനം. സ്റ്റാറ്റിസ്റ്റിക്സിന്‍റെ പുസ്തകം കാണുന്നില്ല. തീയിട്ടെന്നാണ് റിപ്പോര്‍ട്ട്.

വൈകുന്നേരത്ത് അപ്പച്ചിയും ഭര്‍ത്താവും വന്നിരുന്നു. അങ്ങേര്‍ക്ക് എന്നെ കണ്ണെടുത്താല്‍ കണ്ടൂട. എനിക്കാണെങ്കില്‍ അതിലൊട്ടു വിഷമവുമില്ല എന്ന കാര്യം പുള്ളിയെ അലോസരപ്പെടുത്തുന്നുണ്ട്.

സ്റ്റെഫി-സെലസ് മത്സരം നടക്കുന്നു. കറണ്ടുകട്ട് 8-8:30 ആയതിനാല്‍ അവസാന നിമിഷങ്ങള്‍ കാണാന്‍ പറ്റിയേക്കും.

2007 ജൂലായ് 4 ബുധന്‍

ചന്തയില്‍ പോയില്ല. ആരുടേയും കത്തു വന്നില്ല, ആര്‍ക്കും കത്തയച്ചുമില്ല. ഉച്ചയ്ക്കുറങ്ങിയില്ല. ആരോടും അടിവച്ചില്ല. ആരും വിരുന്നു വന്നില്ല. കറണ്ടുകട്ടും ഇല്ല.

രാവിലെ 8 മുതല്‍ 11 വരെ ക്രിക്കറ്റ് കളിച്ചു. ഉച്ചയ്ക്ക് ജെസ്റ്റീന്‍-സെറീന മത്സരത്തിന്‍റെയും നാഡാല്‍-സോഡെറിംഗ് മത്സരത്തിന്‍റെയും പ്രധാന ഭാഗങ്ങള്‍ കണ്ടു.

Labels: