റാന്‍ഡം നമ്പരുകള്‍
എല്ലായ്പോഴും അഞ്ച് ആയിരുന്നു അനിയന്‍ അവന്‍റെ സംഖ്യയായി തെരഞ്ഞെടുത്തത്. ഏഴ് ആയിരുന്നു എന്‍റെ സംഖ്യ. കളിയിങ്ങനെയാണ്: KLV 1557 എന്ന കാര്‍ വരുന്നു എന്നു കരുതുക. ഈ രെജിസ്റ്റ്രേയ്ഷന്‍ നമ്പരില്‍ രണ്ട് അഞ്ചുകളും ഒരു ഏഴുമുള്ളതിനാല്‍ അനിയന്‍ എനിക്ക് ഒരടി തരുന്നു. ഇനി, KLQ 1727 എന്ന രെജിസ്റ്റ്രേയ്ഷന്‍ നമ്പരുമായി ഒരു വാഹം വന്നാല്‍ എനിക്ക് രണ്ട് അടി അനിയന് കൊടുക്കാം. KLT 8574 ആണ് രെജിസ്റ്റ്രേയ്ഷന്‍ നമ്പരെങ്കില്‍ ആര്‍ക്കും അടിയില്ല.
ഈ കളി കുറേ നാള്‍ കഴിഞ്ഞു പോയപ്പോള്‍, കൂടുതലും അടി വാങ്ങുന്നത് ഞാനാണല്ലോ എന്ന തോന്നല്‍ എന്നിലുദിച്ചു. നമ്പരുകള്‍ വച്ചു മാറിയാലോ എന്ന ചോദ്യത്തിന് പ്രതികൂലമായ പ്രതികരണം അനിയനില്‍ നിന്നുമുണ്ടായതോടെ എന്‍റെ സംശയം ഇരട്ടിച്ചു. രെജിസ്റ്റ്രേയ്ഷന്‍ നമ്പരുകളില്‍ മറ്റു സംഖ്യകളേക്കാള്‍ അഞ്ച് വരാനുള്ള സാധ്യത കൂടുതലാണെന്ന് അനിയനും ഞാനും ചേര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പഠനങ്ങള്‍ പിന്നീട് തെളിയിക്കുകയുണ്ടായി. ഒരാള്‍ രണ്ട് നമ്പരുകള്‍ തങ്ങളുടേതായി സ്വീകരിക്കുകയാണെങ്കില്‍ അടിയുടെ എണ്ണത്തില്‍ ഏറെക്കുറെ തുല്യത വരുത്താമെന്നും ഞങ്ങള്‍ കണ്ടുപിടിച്ചു. അങ്ങനെ, അനിയന്‍ അഞ്ച്, ഒമ്പത്, ഞാന്‍ ഏഴ്, നാല് എന്നീ സംഖ്യകള്‍ സ്വീകരിച്ച് ജാതിഭേതം, മതദ്വേഷം എന്നിവയൊന്നുമില്ലാതെ സോദരത്വേന വളരെ നാളുകള്‍ കളിച്ചുവളര്‍ന്നു.
കാലങ്ങള്‍ കടന്നുപോകേ, ആദിത്യന്‍റെ അശ്വമേധം ബ്ലോഗില്‍ ഓഫ്‌ടോപ്പിക്കുകള്‍ ഉണ്ടാവുന്നത് എന്ന പോസ്റ്റില്‍ എന്താണ് ഓഫ് ടോപ്പിക്കായി കമന്‍റാന്‍ പറ്റുന്നത് എന്നാലോചിച്ചിരിക്കേ, ഒരു റാന്‍ഡം നമ്പറായാലോ എന്ന ആലോചന പൊന്തി വന്നു. റാന്‍ഡം നമ്പറാകുമ്പോള്‍ ഏത് നമ്പര്‍ എന്ന് ആലോചിക്കേണ്ട കാര്യമില്ല. അഥവാ, അങ്ങനെ ആലോചിക്കാതെ കിട്ടുന്ന നമ്പരത്രേ റാന്‍ഡം നമ്പര്‍. A number chosen without definite aim, reason, or pattern എന്നും A number that is determined entirely by chance എന്നും മറ്റും നമ്മളെല്ലാവരും റാന്‍ഡം നമ്പരുകളെപ്പറ്റി പഠിച്ചിട്ടുള്ളതാണല്ലോ. അങ്ങനെയാണ് ഞാന്‍ 717500131 എന്ന നമ്പര്‍ ഒന്നുമാലോചിക്കാതെ ഒരു കമന്‍റ് ആയി ടൈപ്പ് ചെയ്തത്.
പിന്നെ, വെറുതേ ഒന്ന് സേര്‍ച് ചെയ്ത് നോക്കിയപ്പോഴാണ്, ഞാന്‍ ആലോചിച്ചെടുത്ത (അഥവാ ആലോചിക്കാതെയെടുത്ത) സംഖ്യ ചില്ലറക്കാരനല്ലെന്ന് മനസ്സിലാക്കിയത്. അദ്ദേഹം 717500000-നു മുകളില്‍ വരുന്ന ഏറ്റവും ചെറിയ പ്രൈം നമ്പരാണത്രേ! അമ്പട ഞാനേ! ആദിത്യന്‍റെ ബ്ലോഗ് ഒന്നു കൂടി സന്ദര്‍ശിച്ച്, ഈ വിവരം ആരെങ്കിലും ശ്രദ്ധിച്ചോ എന്നു നോക്കി. ങേ, ഹേ! വായനക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വേറെ എത്രയോ നല്ല കാര്യങ്ങള്‍ അന്വേഷിക്കാനുണ്ട്!
റാന്‍ഡം നമ്പരുകളുടെ ഓരോ വിക്രിയകള്‍ എന്ന് സ്വയം പറഞ്ഞ്, ചെയ്തു തീര്‍ക്കാനുള്ള ജോലിയിലേയ്ക്ക് എനിക്ക് മടങ്ങിപ്പോകാമായിരുന്നു. പക്ഷേ, ഞാനതു ചെയ്തില്ല. പകരം,
- 37 ആണ് രണ്ടക്ക സംഖ്യകളില്‍ ഏറ്റവും റാന്‍ഡം എന്ന് മനസ്സിലാക്കി.
- The answer to life, the universe and everything ഏതെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ 42 എന്നു കിട്ടും എന്ന് തിരിച്ചറിഞ്ഞു. ഇത്രനാളും ഈ ചോദ്യം ഞാന്‍ എന്തുകൊണ്ട് ചോദിച്ചില്ല എന്ന് ഓര്‍ത്തെങ്കിലും ‘ഇനിയും സമയമുണ്ട് ദാസാ’ എന്ന ചിന്ത പ്രോത്സാഹജനകമായി അനുഭവപ്പെട്ടു.
- കമന്‍റിടാനോ മറ്റോ ഒരു റാന്‍ഡം നമ്പര്‍ വേണമെങ്കില്‍, അതു സ്വയം ആലോചിച്ചുണ്ടാക്കാതെ കടയില്‍ വാങ്ങാന്‍ കിട്ടുമെന്നും അങ്ങനെ വാങ്ങുന്നത് മാത്രമേ പത്തര മാറ്റ് റാന്‍ഡം നമ്പരായി പരിഗണിക്കുകയുള്ളൂവെന്നും തിരിച്ചറിഞ്ഞു.
- ഫ്രീയായി കിട്ടുന്ന റാന്‍ഡം നമ്പരുകളോ മറ്റോ ഉപയോഗിച്ച് ലോട്ടറിയടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അഥവാ അടിച്ചാല്‍ തന്നെ, അടി കിട്ടിയ വിവരം ആരോടും പറയരുതെന്നും മനസ്സിലുറപ്പിച്ചു.
- RN എന്നാല്‍ ഞാനിത്രനാളും കരുതിയപോലെ രെജിസ്റ്റ്രേഡ് നേഴ്സ് അല്ല, റാന്‍ഡം നമ്പരാണെന്ന് പലകുറി ഉരുവിട്ടു പഠിച്ചു.
- റെയ്മണ്‍ഡ് ചെന്നിന്‍റെ ദ ഓള്‍ഡ് ന്യൂ ഥിംഗ് എന്ന ബ്ലോഗില്‍ പണ്ടെങ്ങോ റാന്‍ഡം നമ്പരുകളെക്കുറിച്ച് ഒരു ലേഖനം വായിച്ച കാര്യം ഒന്നു കൂടി ഓര്‍മിച്ചു.
Labels: ലേഖനം