ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, May 29, 2020

നായിക കലിപ്പിലാണ്

അമരുകശതകത്തിലെ തൊണ്ണൂറ്റൊമ്പതാം ശ്ലോകത്തിന്റെ പാരഡിയാണ്. ഉമേഷിന്റെ വക മറ്റു ശ്ലോകങ്ങളുടെ വ്യാഖ്യാനവും പരിഭാഷയും ഇവിടെ കാണാം.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

മൂലശ്ലോകം (വൃത്തം: വസന്തതിലകം):
നാന്തഃപ്രവേശമരുണദ്വിമുഖീ ന ചാസീ-
ദാചഷ്ട രോഷപരുഷാണി ന ചാക്ഷരാണി
സാ കേവലം സരളപക്ഷ്മഭിരക്ഷിപാതൈഃ
കാന്തം വിലോകിതവതീ ജനനിർവിശേഷം

ഉമേഷിന്റെ പരിഭാഷ (വൃത്തം: വസന്തതിലകം):
വീട്ടിൽ കടപ്പതു വിലക്കിയതില്ല, കോപം
കാട്ടും വചസ്സരുളിയില്ല, മുഖം തിരിച്ചു
മാറ്റീല, കൺകളിടറാതെ നതാംഗി നേരേ
നോട്ടം പതിയ്ക്കു പരനെന്നതു പോൽ കൊടുത്താൾ.

ഇന്ദ്രവജ്രയിലുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ:
വീട്ടിൽക്കടക്കാൻ തടയിട്ടതില്ല-
ന്നാട്ടുന്നപോലേ കെറുവിച്ചുമില്ല.
ചേട്ടന്റെ നേരേയിമവെട്ടിടാതേ
നോട്ടംനടത്തീ മുറപോലെയന്നും!

Labels: , , ,

Sunday, May 17, 2020

മടിയുടെ വില

സ്കൂൾ/കോളജ് കാലത്ത് ഉഴറിനടന്നിരുന്നപ്പോൾ എന്റെ അടുത്ത സുഹൃത്ത് എന്നെ (മറ്റുപലരേയും) ഉപദേശിക്കാൻ ഉപയോഗിക്കുന്ന ഒരു സ്ഥിരം വാചകമുണ്ടായിരുന്നു.
"അളിയാ, പറയേണ്ടത് പറയേണ്ടസമയത്ത് പറിഞ്ഞില്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടിവരും!"

കഴിഞ്ഞ ദിവസം ഉമേഷ് താഴെപ്പറയുന്ന ശ്ലോകം (മറ്റൊരു സന്ദർഭത്തിൽ) പരിചയപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വീണ്ടും ഓർമ്മ വരുന്നത്.
ക്ഷണം ചിത്തം ക്ഷണം വിത്തം
ക്ഷണം ജീവിതമാവയോഃ
യമസ്യ കരുണാ നാസ്തി
ധർമ്മസ്യ ത്വരിതാ ഗതിഃ

പൊതുവേ വമ്പൻ ശ്ലോകങ്ങളെ പല ഏരിശീരുകളും ഉപേക്ഷിച്ച് ചെറിയ വൃത്തത്തിലാക്കുന്നത് എളുപ്പമായതിനാൽ ആ പണിയാണ് എനിക്കു കമ്പം. എന്നാൽ പത്ഥ്യാവക്ത്രം വൃത്തത്തിൽ ആറ്റിക്കുറുക്കിയ ഈ ശ്ലോകം ഇനി എങ്ങനെ ചെറുതാക്കാൻ? അതിനാൽ പഞ്ചചാമരത്തിൽ നീട്ടിപ്പരത്തിയതാണ് താഴെ.
മനസ്സുമാറി വന്നിടാം, ധനം കുറഞ്ഞു പോയിടാം
നമുക്കുഭൂവിൽ ജീവിതം ഞൊടിയ്ക്കു തീരുവാൻ മതീ
കൊടുംതപസ്സു ചെയ്കിലും കനിഞ്ഞിടില്ല കാലനും
നടത്തിടേണ്ടതൊക്കെയും ക്ഷണത്തിലങ്ങു ചെയ്യുവിൻ!

Labels: , , ,

Wednesday, May 13, 2020

മന്നിൽപ്പടച്ചോളിവളാണു ശംഭോ!

ഉമേഷിന്റെ അമരുക പരിഭാഷകൾക്ക് വീണ്ടും ട്രോൾ.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

അമരുകശതകത്തിലെ മൂന്നാം ശ്ലോകം.

ഒറിജിനൽ (ശാർദ്ദൂലവിക്രീഡിതം):
ആലോലാമളകാവലീം വിലുളിതാം ബിഭ്രച്ചലത്കുണ്ഡലം
കിഞ്ചിന്മൃഷ്ടവിശേഷകം തനുതരൈഃ സ്വേദാംഭസാം ജാലകൈഃ
തമ്പ്യാ യത് സുരതാന്തതാന്തനയനം വക്ത്രം രതിവ്യത്യയേ
തത്ത്വാം പാതു ചിരായ കിം ഹരിഹര ബ്രഹ്മാദിഭിർദൈവതൈഃ

ഉമേഷിന്റെ വിവർത്തനം (കുസുമമഞ്ജരി):
ചഞ്ചലങ്ങളളകങ്ങൾ ചിന്നി, യിളകുന്ന കുണ്ഡലമണിഞ്ഞുമാ-
ക്കുഞ്ഞുവേർപ്പുകണമാകെ മൂടി വടിവിൽ കുറച്ചു കുറി മാഞ്ഞുമേ,
പഞ്ചബാണരതി തീർന്നു കണ്ണുകൾ തളർന്നു, സൗഭഗമണയ്ക്ക നിൻ
നെഞ്ചിലേറുമവൾ തൻ മുഖം, ഹരവിരിഞ്ച വിഷ്ണുജനമെന്തിനോ?

ബെൽസ് ആൻഡ് വിസിൽസ് ഇല്ലാതെ കാര്യത്തിലേയ്ക്ക് കടന്നാൽ (ഇന്ദ്രവജ്രയുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ):
ചിന്നിപ്പറക്കും മുടിയും, കുലുങ്ങും
കർണ്ണക്കുണുക്കും, കുറിമാഞ്ഞ നെറ്റീം,
കണ്ണും തളർന്നാൾ, സുരത പ്രകാരം:
മന്നിൽ'പ്പടച്ചോ'ളിവളാണു ശംഭോ!

Labels: , , , ,

Monday, May 11, 2020

അമരുകശ്ലോകം!

ഉമേഷിന്റെ അമരുക പരിഭാഷകൾക്ക് ചെറിയ വൃത്തത്തിൽ ഒരു ട്രോൾ എഴുതിയാലോ എന്ന് ഒരാഗ്രഹം. പ്രോത്സാഹിപ്പിച്ചാൽ സമയം കിട്ടുന്നമുറയ്ക്ക് വീണ്ടും തുടരും. ഇന്ററസ്റ്റ് അളക്കാനുള്ള ശ്രമമായതിനാൽ അധികം സമയം ചെലവഴിച്ചിട്ടില്ല.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

അമരുകശതകത്തിലെ അറുപത്തേഴാം ശ്ലോകം.

ഒറിജിനൽ (ശാർദ്ദൂലവിക്രീഡിതം):
പുഷ്പോൽഭേദമവാപ്യ കേളിശയനാദ്ദൂരസ്ഥയാ ചുംബനേ
കാന്തേന സ്ഫുരിതാധരേണ നിഭൃതം ഭ്രൂസംജ്ഞയാ യാചിതേ
ആച്ഛാദ്യ സ്മിതപൂർണ്ണഗണ്ഡഫലകം ചേലാഞ്ചലേനാനനം
മന്ദാന്ദോളിതകുണ്ഡലസ്തബകയാ തമ്പ്യാ വിധൂതം ശിരഃ

ഉമേഷിന്റെ നല്ല വിവർത്തനം (ശാർദ്ദൂലവിക്രീഡിതം):
പൂന്തേൻ വാണി തൊടായ്മയായരികിൽ വന്നീടാത്ത നേരത്തിലാ-
ക്കാന്തൻ ചുണ്ടിലൊരുമ്മ നൽകുവതിനായാക്കണ്ണു കാണിക്കവേ,
താൻ തന്നേ ചിരി തൂകി, യംശുകമെടുത്താസ്യം മറ, "ച്ചില്ലെടാ
കോന്താ" യെന്നു കുലുക്കിനാൾ തലയവൾ, തൻ കമ്മലാടും വിധം.

എന്റെ പരിഭാഷ/പാരഡി/ട്രോൾ (ഇന്ദ്രവജ്ര):
തീണ്ടാരിയായോൾക്കൊരുമുത്തമേകാൻ
ചുണ്ടാലമർത്തിക്കൊതിയോടെനിൽക്കാൻ
കണ്ണാലെഞാനെത്ര കസർത്തു കാട്ടി
പെണ്ണോ ചിരിച്ചേച്ചു പതുക്കെ മുങ്ങീ!

Labels: , , ,