അടുക്കും ചിട്ടയും ശ്രദ്ധയും ആവശ്യമുള്ള ഭര്‍ത്താവുദ്യോഗം കിട്ടുന്നതിനുമുമ്പ്, അന്നദാതാവായ ഓഫീസ് ജോലിയാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് വിശ്വസിച്ചിരുന്ന കാലം നിങ്ങളില്‍ പലരേയും പോലെ എനിക്കുമുണ്ടായിരുന്നു. താമസിച്ചാണ് ഓഫീസിലെത്തുന്നതെങ്കിലും പലപ്പോഴും ഉച്ചയൂണുപോലും ഉപേക്ഷിച്ച്, രാത്രി വിശപ്പു കാരണം കണ്ണില്‍ ഇരുട്ട് കയറിത്തുടങ്ങുന്നതുവരെ പണിയെടുത്ത് കമ്പനിയെ സേവിച്ചിരുന്ന സുദിനങ്ങളില്‍ ഒന്നിലാണ് ഈ സംഭവ കഥ നടക്കുന്നത്.
ഒലേ, കോം, ഡീകോം എന്നിത്യാദികളുടെ വാലും തലയും അറിയാത്തവര്‍ക്കും അറിയുമെന്ന് വെറുതേ നടിക്കുന്നവര്‍ക്കും അതു പറഞ്ഞുകൊടുക്കലായിരുന്നു എന്‍റെ ജോലി. എന്‍റെ കമ്പനി, ഇന്നത്തെപ്പോലെ അന്നും പണക്കാര്‍ക്ക് പ്രത്യേക സൌജന്യങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധവച്ചിരുന്നു. കാശുകൂടുതല്‍ കൊടുത്തവര്‍ക്ക് എന്നോട് നേരിട്ട് സംസാരിക്കാനുള്ള ദുര്യോഗം ലഭിച്ചിരുന്നപ്പോള്‍, പാവപ്പെട്ടവര്‍ക്ക് എന്‍റെ വാക്കുകളും വരികളും ഈമെയിലില്‍ വായിച്ച് സായുജ്യമടയാനേ കഴിഞ്ഞിരുന്നുള്ളൂ. എഴുതിയതിനെത്തന്നെ തിരിച്ചും മറിച്ചും ഉദാഹരിച്ചും എഴുതിയാലും മനസ്സിലാക്കാന്‍ പ്രയാസപ്പെടുമാറാണ് മേല്‍പറഞ്ഞ വകയൊക്കെ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നതിനാല്‍, എഴുതി കൈകഴയ്ക്കുമ്പോള്‍, മറുതലയ്ക്കല്‍ പാവപ്പെട്ടവാനാണോ എന്നു നോക്കാതെ നേരില്‍ സംസാരിച്ച് കാര്യം ഒതുക്കിത്തീര്‍ക്കുകയായിരുന്നു പതിവ്.
പതിവിലും നേരത്തേ ഓഫീസിലെത്തി, ഒരു പാവപ്പെട്ടവനോട് ഏകദേശം ഒന്നൊന്നരെ മണിക്കൂര്‍ ഫോണില്‍ ചെലവഴിച്ചിട്ടും കപ്പലെന്നു പറയുമ്പോള്‍ കപ്പലണ്ടി എന്നു മനസ്സിലാക്കുന്ന മാന്യന് നേര്‍ബുദ്ധി തോന്നണേ എന്‍റെ കീഴ്പേരൂര്‍ ഭഗവതീ എന്ന് പ്രാര്‍ഥിച്ച്, ഒരു ചായ കുടിച്ച ശേഷമാവാം ബാക്കി എന്നു കരുതി തിരിഞ്ഞപ്പോളതാ, സഹപ്രവര്‍ത്തകര്‍ ചുറ്റും കൂടി നില്‍ക്കുന്നു. മാനേജരമ്മച്ചി പതിവില്ലാതെ വെളുക്കെ ചിരിക്കുന്നു.
“സ്മാര്‍ട്ട് ഡോഗ്, യൂ ആര്‍ ഏര്‍ളി! ബിഗ് പാര്‍ട്ടി ഇന്‍ ദ ഈവ്നിംഗ്?”
ഒരു ചുക്കും മനസ്സിലായില്ല. വെള്ളിയാഴ്ച സാധാരണ ഒരു ഭരണിപ്പാട്ട് പാര്‍ട്ടി ഉള്ളതാണ്. പക്ഷേ, അക്കാര്യം ഞാന്‍ ഇവരോടൊന്നും പറഞ്ഞിട്ടില്ലല്ലോ. എന്നു മാത്രമല്ല, ആ പാര്‍ട്ടിക്കുവേണ്ടി നേരത്തേ വന്ന് പണിയെടുക്കേണ്ട കാര്യമൊന്നുമില്ല.
“ഓ, വെല്‍, നോട്ട് റീയലി... വില്‍ ജെസ്റ്റ് ഗെറ്റ് റ്റുഗദര്‍ വിത് കപ്‍ള്‍ ഓഫ് മൈ ഫ്രെണ്ട്സ്...” വൈകുന്നേരത്തെ കപ്പ, കള്ള്, കവിത പാര്‍ട്ടിയെ ഒന്ന് ഡൌണ്‍പ്ലേ ചെയ്തു. ഇതത്ര വലിയ ആനക്കാര്യമാണോ, എല്ലാ വെള്ളിയാഴ്ചയും ഉള്ളതല്ലേ?
“ഓള്‍ റൈറ്റ്, സോ, വീ ആര്‍ നോട്ട് ഇന്‍വൈറ്റഡ്...”
മധുസൂദനന്‍ നായരോടും കൊടുങ്ങല്ലൂര്‍ ഭരണിയോടും സായിപ്പിന് എന്നുമുതലാണ് താല്പര്യം വന്നു തുടങ്ങിയത്? ഇനി ‘ഡൈവേഴ്സിറ്റി’യുടെ ലേബലിലുള്ള ഞാനറിയാത്ത എന്തെങ്കിലും കുരിശ്ശാണോ?
മാനേജരും മറ്റുള്ളവരും എന്താണ് പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസ്സിലായേയില്ല. എന്നാല്‍ ഒന്നും പിടി കിട്ടിയില്ല എന്ന് വിചാരിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലാത്തതിനാല്‍, ഞാന്‍ വെറുതെ ചിരിച്ചുകൊണ്ടിരുന്നു. അപ്പോളതാ, നമ്മുടെ പ്രിയങ്കരിയായ ഗ്രൂപ്പ് അസിസ്റ്റന്‍റ്, ഐവി, ഒരു കേയ്ക്കുമായി വരുന്നു. കേയ്ക്ക് എന്‍റെ മുന്നില്‍ കൊണ്ടു വച്ചു. അതില്‍ എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു:
“ഹാപ്പി ബര്‍ത് ഡേ, സന്തോഷ്!”
ഇന്ന് മേയ് പത്തൊമ്പതാണ്. അമ്മയുടെ ഒഫിഷ്യല്‍ ഇംഗ്ലീഷ് ജന്മദിനം. സീമന്ത പുത്രനായ എന്‍റേയും!
എല്ലാരും ചേര്‍ന്ന് എനിക്ക് ഹാപ്പി ബര്‍ത് ഡേ ആശംസിക്കാന്‍ വന്നതാണ്. കേയ്ക്കിനു പുറമേ, ടീമിലുള്ള എല്ലാവരും ഒപ്പിട്ട ഒരു ബര്‍ത് ഡേ കാര്‍ഡുമുണ്ട്.
മധുരമുള്ള സാധനങ്ങള്‍ അധികനേരം മുന്നില്‍ വയ്ക്കുന്നത് ഇഷ്ടമല്ലാത്തതിനാല്‍, ഞാന്‍ വേഗം കേയ്ക്ക് മുറിച്ചു. സഹപ്രവര്‍ത്തകര്‍ ചുറ്റും നിന്ന് “ഹാപ്പി ബര്‍ത് ഡേ റ്റു യൂ” പാടി. കേയ്ക്ക് അകത്താക്കിക്കഴിഞ്ഞ് ഞാന്‍ പറഞ്ഞു:
“മേയ് പത്തൊമ്പത് എന്‍റെ ഒഫിഷ്യല്‍ ജന്മദിനം മാത്രമാണ്. എന്‍റെ ആക്ച്വല്‍ ജന്മദിനം ജനുവരിയില്‍ കഴിഞ്ഞു പോയി.”
“ഓ!” , “വാട്ട്?”, “ബട്ട്, ഹൌ”, “വൈറ്റ് എ മിനിറ്റ്”, തുടങ്ങിയ ദീനരോദനങ്ങളാല്‍ അവിടം മുഖരിതമായി.
ആര്‍ക്കും അപ്പറഞ്ഞതിന്‍റെ ഗുട്ടന്‍സ് മനസ്സിലായില്ല. ഒരു വിധം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഞാന്‍ ശ്രമിച്ചു. കൂടുതല്‍ പറയുന്തോറും സായിപ്പന്മാര്‍ക്ക് കൂടുതല്‍ സംശയങ്ങളുണ്ടായി. നല്ലൊരു ദിവസമായിട്ട്, ഏതു നേരത്താണ് സത്യവാനാവാന്‍ തോന്നിയതെന്നോര്‍ത്ത് ഞാന്‍ എന്നെത്തന്നെ ശപിച്ചു. (ഉമേഷിന്‍റെ
ഈ ലേഖനം അന്നുണ്ടായിരുന്നെങ്കില്‍ അത് പരിഭാഷപ്പെടുത്തി എല്ലാര്‍ക്കും ഓരോ കോപ്പി കൊടുക്കാമായിരുന്നു.)
“അപ്പോള്‍, എന്‍റെ ലിസ്റ്റില്‍, സന്തോഷിന്‍റെ ജന്മദിനം ഞാന്‍ ജനുവരിയിലെ ആ ദിവസമാക്കി തിരുത്തട്ടേ?” ഐവി ചോദിച്ചു.
“സന്തോഷ് ആഘോഷിക്കുന്നത് ജനുവരിയിലാണെങ്കില്‍ ആ ഡേയ്റ്റ് തിരുത്തൂ, ഐവീ”, മാനേജരുടെ ഉത്തരവ്.
“തീയതി ജനുവരിയിലേയ്ക്കാക്കി തിരുത്തിക്കോളൂ”, ഞാന്‍ പറഞ്ഞു. “പക്ഷേ, എന്‍റെ വീട്ടുകാരൊക്കെ ജന്മദിനം ‘ആഘോഷിക്കുന്നത്’ മറ്റൊരു കലണ്ടര്‍ പ്രകാരമാണ്. ഈ വര്‍ഷം അത് ഡിസംബറിലായിരുന്നു. ഓരോ വര്‍ഷവും ഓരോ തീയതി മാറി വരും!”
പിന്നെ അവിടെ നടന്നത് എന്തെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒരാള്‍ക്ക് ഒരാണ്ടില്‍ മൂന്ന് ജന്മദിനം എങ്ങനെയുണ്ടാവും എന്ന വാദത്തോടൊപ്പം, മാനേജര്‍, തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, ടീമിന് അന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചതാണെന്നും, അതല്ല, ടീമംഗങ്ങള്‍ തങ്ങളില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പണിയെടുക്കാതിരുന്നതാണെന്നുമുള്ള വാദവും കുറേക്കാലം നീണ്ടു നിന്നു.
Labels: വൈയക്തികം