മലയാളമെഴുതാന്‍ കീമാന്‍ വെബും
റ്റ്രാന്‍സ്‍ലിറ്ററേഷന്‍ കീബോഡുകള്‍ക്കു് ഇന്നിക്കാണുന്ന ‘ജനപ്രീതി’ കിട്ടാനുള്ള ഒരു കാരണം റ്റവള്‍റ്റുസോഫ്റ്റ് എന്ന കമ്പനിയുടെ കീമാന്‍ എന്ന ഉല്പന്നമാണു്. ഈ അടുത്തകാലത്തു് വെബ്-മാത്രമായ ഒരു കീമാന്‍ വേര്‍ഷന്‍ റ്റവള്‍റ്റുസോഫ്റ്റ് ലഭ്യമാക്കുകയുണ്ടായി. മലയാളമുള്‍പ്പടെ നാനൂറോളം ഭാഷകള്‍ ഇങ്ങനെ വെബ് ഇന്‍റര്‍ഫേയ്സിലൂടെ ഇപ്പോള്‍ കീമാന്‍ വെബ് എന്ന പേരില്‍ ലഭ്യമാണു്.
കീമാന്‍ വെബിന്‍റെ ബീറ്റ ആര്‍ക്കും സൌജന്യമായി ഉപയോഗിക്കാവുന്ന തരത്തില്‍ ഇവിടെ ലഭിക്കും. നിങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ഒരു മലയാളം കീബോഡ് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടതു് ഇത്രമാത്രം:
- ആദ്യമായി ഇവിടെ ചെന്നു് പേരും നാളുമൊക്കെ കൊടുത്തു് ഒരു പുതിയ അകൌണ്ട് തുടങ്ങുക.
- അതുകഴിഞ്ഞു്, നിങ്ങളുടെ ഈ-മെയിലിലേയ്ക്കു വരുന്ന ഓഥറൈസേയ്ഷന്‍ കോഡ് ഉപയോഗിച്ചു് നിങ്ങളുടെ സൈറ്റിനുവേണ്ടി കീബോഡ് സംസ്ഥാപിക്കുക.
- മലയാളത്തില്‍ മൂന്നുതരം കീബോഡുകള്‍ കീമാന്‍ വെബില്‍ ഉണ്ടു് (Mozhi, Inscript, ISIS). നിങ്ങള്‍ക്കനുയോജ്യമായതു തെരഞ്ഞെടുക്കുക.
- കീബോഡിന്‍റെ പ്രദര്‍ശനം തുടങ്ങിയ മറ്റു സെറ്റിംഗുകള്‍ തീരുമാനിക്കുക.
- കീമാന്‍ വെബ് തരുന്ന HTML കോഡ്/ജാവാസ്ക്രിപ്റ്റ് കോപി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ കൂട്ടിച്ചേര്‍ക്കുക.
- ഇത്രയുമായാല്‍ പിന്നെ നിങ്ങളുടെ ബ്ലോഗിലുള്ള റ്റെക്സ്റ്റ് ഏരിയയ്ക്കടുത്തു് കീമാന്‍ ബട്ടണ്‍ പ്രത്യക്ഷപ്പെടുകയായി.
- ഇനി തീരുമാനിക്കേണ്ടതു് ഇത് ഫലപ്രദമായി എങ്ങനെ ബ്ലോഗ്സ്പോട്ട് ബ്ലോഗുകളില്‍ ഉപയോഗിക്കാം എന്നതാണു്. കമന്‍റുകള്‍ ബ്ലോഗര്‍ എന്ന ഡൊമൈന്‍ വഴിയാണു് സ്വീകരിക്കുന്നതെന്നതിനാലും, സാധാരണ ബ്ലോഗ്പോസ്റ്റുകളില്‍ റ്റെക്സ്റ്റ് ഏരിയ (textarea) ഉണ്ടാവില്ല എന്നതിനാലും ഈ സംയോജനം ശ്രമകരമാണു്. രണ്ടുവഴികള്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു:
- ഒരു പോസ്റ്റില്‍, കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഉണ്ടാക്കി (താഴെക്കാണുന്ന വിധം), ആ പോസ്റ്റ് കമന്‍റെഴുതാനുള്ളവര്‍ക്കു് എളുപ്പം കാണത്തക്ക വിധം ബ്ലോഗില്‍ സ്ഥിരം ലിങ്കായി സ്ഥാപിക്കുക.
- കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഒരു പുതിയ പേയ്ജ് എലമെന്‍റായി ബ്ലോഗില്‍ ചേര്‍ക്കുക. ഇതായിരിക്കും കമന്‍റെഴുത്തുകാര്‍ക്കു് കൂടുതല്‍ സൌകര്യപ്രദമായ മാര്‍ഗ്ഗം.
- പിന്നെ, ഇതുപോലുള്ള മുട്ടുപോക്കു ന്യായങ്ങള്‍ക്കു് ഇടമില്ലാതാവും!
റ്റെക്സ്റ്റ് ഏരിയയില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന കീമാന്‍ വെബ് ബട്ടണുകളില്‍ കീബോഡ് ബട്ടണ്‍ ക്ലിക് ചെയ്യുക. അപ്പോള്‍ ഇത്തരം ഒരു കീബോഡ് പ്രത്യക്ഷമാവും. (ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു് മൈക്രോസോഫ്റ്റിന്‍റെ മലയാളം കീബോഡ് ഉപയോഗിക്കുന്നവര്‍ക്കു പരിചിതമായ Inscript കീബോഡാണു്. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം റ്റവള്‍റ്റുസോഫ്റ്റ് മൊഴി കീബോഡുകൂടി ചേര്‍ത്തിട്ടുണ്ടു്.)
ബാക്കിയുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ ഷിഫ്റ്റ് ക്ലിക് ചെയ്താല്‍ മതി.
(സ്പഷ്ടമാക്കല്‍: റ്റവള്‍റ്റുസോഫ്റ്റിന്‍റെ ഒരു എക്സിക്യൂട്ടീവുമായി സംസാരിക്കാനും അദ്ദേഹം നല്‍കിയ ഡെമോ കാണാനും എനിക്കു് അവസരമുണ്ടായിട്ടുണ്ടു്. അതല്ലാതെ റ്റവള്‍റ്റുസോഫ്റ്റുമായി മറ്റു ബിസിനസ് ബന്ധമോ കീമാന്‍ വെബിനോടു് പ്രത്യേകാഭിമുഖ്യമോ എനിക്കില്ല.)
ജൂണ്‍ 25: ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം റ്റവള്‍റ്റുസോഫ്റ്റിന്‍റെ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അവസരമുണ്ടായി. അവര്‍ മലയാളത്തിനു വേണ്ടി മൊഴി കീബോഡു കൂടി ലഭ്യമാക്കിയിട്ടുണ്ടു്. ഈ പോസ്റ്റിലെ റ്റെക്സ്റ്റ് ഏരിയ ഇപ്പോള്‍ മൊഴി കീബോഡാണു് ഉപയോഗിക്കുന്നതു്.
Labels: ബ്ലോഗ്, സചിത്രം, സാങ്കേതിക വിദ്യ