മൈക്രോസോഫ്റ്റിലെ ജോലിയുപേക്ഷിച്ചു് ഞാൻ മറ്റൊരു സ്ഥാപനത്തിലെത്തിയ കാര്യം ഏകദേശം മൂന്നുമാസം മുമ്പു്
എഴുതിയിരുന്നു. പുതിയ ജോലിയുടെ തിരക്കിൽ, കൂടുതൽ സമയവും ഊർജ്ജവും ആവശ്യമുള്ള ബ്ലോഗെഴുത്തിനേക്കാൾ
ഫേയ്സ്ബുക്കും റ്റ്വിറ്ററും തരുന്ന യത്നരഹിതമായ സുഖം എനിക്കു് നിഷേധിക്കാവുന്നതിലുമപ്പുറമായിരുന്നു.
ഈ സമയംതന്നെ ബ്ലോഗെഴുത്തിനൊപ്പമോ അതിലേറെയോ സമയം ആവശ്യമുള്ള ബ്ലോഗുവായനയും ഏതാണ്ടു് നിലച്ചിരുന്നു. ഇതിനെല്ലാം സമയമില്ലായ്മയെ പഴിചാരാമെങ്കിലും, വേണമെങ്കിൽ അല്പം സമയം ഉണ്ടാക്കി ഇതൊക്കെ തുടരാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്താണു് ഇപ്പോഴൊന്നും എഴുതാത്തതു് എന്നു് പണ്ടൊരിക്കൽ ഒരു ആദ്യകാല ബ്ലോഗറോടു് ചോദിച്ചപ്പോൾ, ബ്ലോഗും കഴിഞ്ഞു് അടുത്ത സാങ്കേതികവിദ്യയുടെ ഉദയം കാത്തിരിക്കുകയാണെന്നായിരുന്നു മറുപടി. ആ മറുപടി എന്‍റേതാക്കിയാണു് ഇത്രനാളും ഞാനും ബ്ലോഗിൽ നിന്നും അകന്നുനിന്നതു്.
എഴുതാനൊന്നുമില്ലാതിരിക്കുമ്പോഴും
ഉമേഷിന്‍റെ ബ്ലോഗു വായിച്ചാൽ എന്തെങ്കിലും എഴുതാൻ തോന്നുക സ്വാഭാവികമാണു്.
ഗുരുകുലത്തിൽ പുതിയ സമസ്യ പ്രസിദ്ധം ചെയ്തുകഴിഞ്ഞു്, ഒരാഴ്ചയെങ്കിലും കഴിഞ്ഞാണു് പൂരണങ്ങൾ വായിക്കാൻ സമയമുണ്ടായതു്. അപ്പോൾ ഒരു പൂതി. ഒരു പൂരണം ശ്രമിച്ചാലോ?
ഭാര്യയെ കളിയാക്കാം എന്നു കരുതിയെങ്കിലും പുത്രകളത്രാദികൾ സ്ഥലത്തില്ലാത്തതിനാൽ ആ കടുംകൈ വേണ്ടെന്നു വച്ചു. എന്നാൽപ്പിന്നെ “ഇങ്ങനേയും ഇടിവെട്ടു സാധനമോ!” എന്നുപറയിപ്പിക്കുന്ന ഒരു ലോക്കൽ മഹാനെപ്പറ്റിയാവാമെന്നു വച്ചു. പിന്നെയുമാലോചിച്ചപ്പോൾ സ്വയം പൊങ്ങച്ചമെഴുതുന്നതാണു് ശരീരത്തിനു നല്ലതെന്ന ബോധോദയമുണ്ടായതു്.
അങ്ങനെ എഴുതിയ സമസ്യാപൂരണമാണിതു്. പലർക്കും മനസ്സിലാവണമെങ്കിൽ ലിങ്കുകൾ നിർബന്ധം. അതിനാൽ അതും ചേർക്കുകയാണു്:
‘ബിംഗാ’ണു പഥ്യ, മെഴുതും വരി, ‘യോപ്പ’ണല്ല;
പോക്കറ്റിലുള്ളതു പുരാതന ‘ടൂ-ജി’ ഫോണും!
ഓർക്കുട്ടിലില്ല; പല മീറ്റുമറിഞ്ഞുമില്ലാ-
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
ജോലിചെയ്യുന്ന സ്ഥാപനത്തിന്‍റെ പ്രോഡക്റ്റ് നന്നാവണമെന്ന താല്പര്യമുണ്ടായിരുന്നതിനാൽ സേർചിനു് ബിംഗ് (മുമ്പ് ലൈവ്) ആയിരുന്നു ഉപയോഗിച്ചിരുന്നതു്. ഇപ്പോൾ സേർചിനായി ഉപയോഗിക്കുന്നതു്
Blind Search ആണു്. വായനകുറഞ്ഞതോടേ ബ്ലോഗിലെ അടിയും പിടിയും ഒന്നും അറിയുന്നില്ല. മാതൃഭൂമിയുടെ ‘
വസ്തുതാപരമായ പിശകുകളും’ രാജേഷിന്‍റെ
fa-യും, ജ്യോനവന്‍റെ
ദേഹവിയോഗവും മാത്രമായി അടുത്തകാലത്തു് വായിച്ചെന്നു പറയാവുന്നവ.
ഇപ്പോൾ മനസ്സിലായില്ലേ, ഇന്നും ഇതുപോലുള്ള മനുഷ്യരുണ്ടെന്നു്?
(വസന്തതിലകം)
Labels: വസന്തതിലകം, വൈയക്തികം, ശ്ലോകം, സമസ്യ, സമസ്യാപൂരണം