ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, May 25, 2018

(ഇപ്പോൾ സ്കൂൾ ഓർമ്മകൾ ആണ് ട്രെൻഡ്)

വളരെ പണ്ടൊന്നുമല്ല. കുറച്ചു നാളേ ആയിട്ടുള്ളൂ. ഞാൻ ഹൈസ്ക്കൂളിൽ പഠിക്കുകയാണ്. മൂക്കത്ത് ശുണ്ഠിയുള്ളയാളായിരുന്നു ഹെഡ്‌മാസ്റ്റർ. ദേഷ്യം വന്നാൽ അദ്ദേഹം വിറച്ചുതുള്ളും. (അദ്ദേഹത്തിന്റെ മക്കളും ചെറുമക്കളുമൊക്കെ എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉണ്ട്, അതിനാൽ പേര് പറയുന്നില്ല.)

ഞാൻ A-ഡിവിഷനിൽ ആയിരുന്നു. ഡ്രിൽ പീരിയഡിൽ, ക്ലാസിൽ നിന്നും ഗ്രൌണ്ടിലേയ്ക്ക് നടക്കുന്ന വഴിയിൽ തൊട്ടടുത്തുള്ള C-ഡിവിഷനിൽ കെമിസ്റ്റ്രി ഉത്തരക്കടലാസ് മടക്കി നൽകുകയാണ്. നമ്മുടെ അയൽക്കാരൻ ആ ക്ലാസിലിരുന്ന് കിട്ടിയ ഉത്തരക്കടലാസ് നോക്കി നെടുവീർപ്പിടുന്നു. ഞാൻ അവന്റെ നേരേ ‘എന്തടേയ്’ എന്ന് ആംഗ്യം കാട്ടി.

ആംഗ്യ പോസിൽ കൈ വായുവിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ശക്തമായ പ്രഹരമുണ്ടായത്. അടിയെന്നു പറഞ്ഞാൽ ഒരു അന്തവും കുന്തവുമില്ലാത്ത അടി. ചന്തിയിൽ രണ്ട്, മുട്ടുമടക്കിൽ ഒന്ന്. നടുവിന് തൊട്ടു താഴെ മറ്റൊന്ന്. തിരിഞ്ഞ് നോക്കിയപ്പോൾ ഹെഡ്‌മാസ്റ്റർ ചൂരലുമായി നിന്ന് വിറയ്ക്കുകയാണ്. ചന്തി ലക്ഷ്യമാക്കിയുള്ള അടി വിറയൽ മൂലം പ്രാന്തപ്രദേശത്ത് പെയ്തതാണ്. അയ്യോ പൊത്തോ എന്നു പറഞ്ഞ് ഞാൻ നിലവിളി ആരംഭിച്ചു.

എന്റെ അലർച്ച കേട്ട് കെമിസ്റ്റ്രി ഉത്തരക്കടലാസുപേക്ഷിച്ച് ചന്ദ്രമോഹൻ സാർ പുറത്തേയ്ക്ക് വന്നു. ചന്ദ്രമോഹൻ സാർ ഫെയ്‌സ്‌ബുക്ക് വരുന്നതിനു മുന്നേ അച്ഛന്റെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള കക്ഷിയാണ്. അദ്ദേഹം ഓടിവന്ന് ഹെഡ്‌മാസ്റ്ററോട് എന്തൊക്കെയോ ചോദിച്ചു. എന്നിട്ട് എന്നോട്, “പോട്ടടാ, സാരമില്ല!” എന്നൊക്കെ പറയുന്നുണ്ട്. എനിക്കാണെങ്കിൽ ആകെ കൺഫ്യൂഷൻ. എന്തിനായിരിക്കും ഈ ഇരുട്ടടി കിട്ടിയത്? മേജർ സെറ്റ് അടികിട്ടി പാരമ്പര്യമില്ലാത്തതാണ്. വീട്ടിനടുത്തുള്ള സകല തെണ്ടികളേയും സാക്ഷികളാക്കിയാണല്ലോ ഹെഡ്‌മാസ്റ്റർ തകർത്താടിയത് അതിനാൽ കാര്യം വീട്ടിൽ പറയാതിരിക്കാനും കഴിയില്ല.

C-ഡിവിഷന്റെ മുന്നിൽക്കൂടി പോകുന്നവഴിക്ക് ഒരു നിമിഷം അകത്തേയ്ക്ക് നോക്കി ആംഗ്യം കാട്ടിയതിനാണോ അടി? ആവാൻ വഴിയില്ല. ഞാൻ നോക്കിയതോ ‘എന്തടേയ്’ എന്ന് ആംഗ്യം കാട്ടിയതോ ഹെഡ്‌മാസ്റ്റർ കണ്ടിരിക്കാൻ ഒരു വഴിയുമില്ല. ഇനി ഗ്രൌണ്ടിൽ വേഗം എത്താത്തതിനാണോ? അക്കാര്യത്തിൽ കായികാദ്ധ്യാപകനില്ലാത്തത്ര പ്രശ്നം ഹെഡ്‌മാസ്റ്റർക്കുണ്ടാവാൻ ഒരു വഴിയുമില്ല. പൊതുവേ കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കാത്തയാളാണ് ഹെഡ്‌മാസ്റ്റർ. ഇനി പുതിയ ചൂരലിന് ചൂടുണ്ടോ എന്ന് പരീക്ഷിച്ചതാണോ? സാദ്ധ്യതയില്ല. വെറുതേനടന്ന് കുട്ടികളെ അടിക്കുന്നതിൽ വിനോദം കണ്ടെത്തുന്നവനായിരുന്നില്ല അദ്ദേഹം.

പിന്നെ എന്തായിരിക്കും കാരണം? അതിനുത്തരം എനിക്ക് ഇന്നുമറിയില്ല.

CKGS-സൈറ്റുപയോഗിച്ച് പാസ്‌പോർട്ടു പുതുക്കൽ, PIO/OCI കാർഡുകൾ നേടിയെടുക്കൽ എന്നീ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾക്ക് അപേക്ഷിക്കുന്നത് കാര്യമറിയാതെ ചൂരൽക്കമ്പാൽ അടിവാങ്ങുന്നതുപോലെയാണ്. കുറുമ്പ്/കുറ്റം എന്തായിരുന്നുവെന്നു അറിയില്ലെങ്കിലും വേദന മറക്കുകയോ അടിപ്പാട് മാറുകയോ ചെയ്യില്ല.

Labels:

Sunday, May 13, 2018

അമ്മ

ബാല്യത്തിങ്കൽ സഹിച്ചൂ സകലവികൃതിയും പീലികൊണ്ടേ പെടയ്ക്കൂ
ചേലൊത്താലോ ചതയ്ക്കും ചെറിയപുളിമരം ചേർത്തു നിർത്തിക്കൗമാരേ!
കാലത്തായാൽ തുടങ്ങും ചെവിയി, “ലതരുതെ”, ന്നോതുമാ യൗവ്വനത്തിൽ,
സ്നേഹത്തോടേ തരുന്നൂ, തിരികെ പലിശയും ചേർത്തൊരാശംസ, യമ്മേ!

Alternate version:
ബാല്യത്തിങ്കൽക്കുറച്ചൂ സകലവികൃതിയും, പീലികൊണ്ടേ പെടയ്ക്കൂ;
ചേലൊത്താലോ ചതച്ചൂ ചെറിയപുളിമരം തന്റെ കൊമ്പാൽക്കൗമാരേ;
കാലത്തായാലുറച്ചൂ ചെവിയിലതരുതെ, ന്നോതിടും യൗവ്വനത്തിൽ;
താലത്തിന്മേൽ പിടിച്ചോ, തിരികെ പലിശയും ചേർത്തൊരാശംസ, യമ്മേ!

(സ്രഗ്ദ്ധര)

Labels:

Friday, April 20, 2018

ദുരന്തത്തിലവസാനിക്കുന്ന അഭ്യാസങ്ങൾ

അറാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ചിലപ്പോൾ ഏഴിൽ ആവാം; മിഡിൽ സ്കൂളിൽ ആണ്. ഒരു സൈക്കിൾ അഭ്യാസക്കാരൻ സ്കൂളിൽ വരുന്നു. വർഷത്തിലൊരിക്കൽ സ്കൂളുകളിൽ ഇത്തരം അഭ്യാസം പതിവാണ്.

സംഭവത്തിനും ഒരാഴ്ചമുമ്പേ തന്നെ റ്റീച്ചർമാർ ഹൈപ്പ് തുടങ്ങിയിരുന്നു. എല്ലാവരും സൈക്കിൾ യജ്ഞം കാണണം, ഗംഭീരമാണ്. മുമ്പ് വന്നിട്ടുള്ളയാളാണ്. കഴിവിനനുസരിച്ച് പത്തു പൈസയോ നാലണയോ എന്താണെന്നു വച്ചാൽ, മുട്ടായി വാങ്ങിക്കളയുന്ന കാശ്, സൈക്കിൾയജ്ഞക്കാർക്ക് കൊടുക്കണം എന്നൊക്കെ കാഷ്വലായി നിർദ്ദേശങ്ങൾ. അഞ്ചുപൈസപോലും കയ്യിലില്ലാത്തെ നമ്മളിൽ പലരും ഈ സഹായാഹ്വാനബഹളം ഗൌനിച്ചതേയില്ല.

അങ്ങനെ ഒരു വെള്ളിയാഴ്ച മൂന്നുമണി കഴിഞ്ഞ് യജ്ഞ സംഘം സ്കൂളിലെത്തി. അഞ്ചുപേരാണ് സംഘത്തിൽ: ഒരു വൃദ്ധൻ, ഒരു സ്ത്രീ, എട്ടോ പത്തോ വയസ്സുള്ള ഒരു പെൺകുട്ടി, ഒരു കുരങ്ങൻ, പിന്നെ ഒരു സൈക്കിൾ.

സ്കൂൾ ഗ്രൗണ്ടിൽ വൃദ്ധൻ ഒരു വലിയ വട്ടം വരച്ചു. സ്ത്രീ അവിടെ ചെറിയ ഒരു കല്ല് കൊണ്ടിട്ട് അതിൽ ഹനുമാന്റെ ചിത്രം ചാരിവച്ച് അരികിൽ ഇരിപ്പായി. പെൺകുട്ടിയും വൃദ്ധനും ഹനുമാനെ തൊഴുത് കുരങ്ങനും സൈക്കിളുമൊപ്പം വട്ടത്തിനുള്ളിലേയ്ക്ക് കയറി. കുട്ടികൾ ചുറ്റും കൂടിയിട്ടുണ്ട്. അദ്ധ്യാപകർക്ക് പ്രീമിയം സീറ്റിംഗ് ആണ്. ആറേഴ് കസേരകൾ അവർക്കായി ഇട്ടിട്ടുണ്ട്.

യജ്ഞം ആരംഭിച്ചു. അഭ്യാസങ്ങൾ കണ്ട് കുട്ടികൾ കയ്യടിച്ചു. പെൺകുട്ടിയും കുരങ്ങനും വൃദ്ധനോടൊപ്പം പല ഇനങ്ങളിൽ പങ്കെടുത്തു. സൈക്കിളിന്റെ പിറകിൽ ഘടിപ്പിച്ച കാരിയരിൽ കയറി നിന്നിട്ട് വൃദ്ധന്റെ തോളിൽ നിന്നു രണ്ടു കയ്യും മാറ്റി ബാലൻസ് ചെയ്തു നിൽക്കുക, സൈക്കിൾ ഹാൻഡിലിൽ ഇരുന്നിട്ട് സൈക്കിൾ ചവിട്ടുന്ന വൃദ്ധന്റെ ദേഹത്തേയ്ക്ക് കാലുകൾ നീട്ടിപ്പിടിക്കുക, തോളിൽ വച്ച കുരങ്ങനുമായി സൈക്കിൾ ചവുട്ടുന്ന വൃദ്ധന്റെ തോളിൽ കയറുക തുടങ്ങിയവായിരുന്നു പെൺകുട്ടിയുടെ പ്രകടനങ്ങൾ. ചെയ്യുന്നത് ജാഗ്രതയോടെയാണെങ്കിലും താല്പര്യക്കുറവ് പെൺകുട്ടിയിൽ തെളിഞ്ഞുകാണാമായിരുന്നു.

കുരങ്ങന്റെ വികൃതികൾ പലതും കണ്ട് കുട്ടികൾ ആർത്തു ചിരിച്ചു. കയ്യടിച്ചുരസിക്കുന്ന കുട്ടികൾക്കുനേരേ കുരങ്ങൻ പല്ലിളിച്ചിട്ട് കാണിച്ചു. പെൺകുട്ടിയോടും കുരങ്ങനോടും ഒപ്പവും അല്ലാതെയും വൃദ്ധൻ തന്റെ അഭ്യാസം തുടർന്നു. അതേസമയം സ്ത്രീ ഒരു പാത്രവുമായി വട്ടത്തിനു ചുറ്റും നടന്നു. കുട്ടികളിൽ ചിലരും അദ്ധ്യാപകരും അതിൽ ചില്ലറയിട്ടു.

കാണികൾ യജ്ഞത്തിൽ ഹരം പിടിച്ചിരുന്ന നേരം നിരുപദ്രവമെന്നു തോന്നിപ്പിക്കുന്ന ഒരു അഭ്യാസത്തിനിടയിൽ പെൺകുട്ടി സൈക്കിളിൽ നിന്നും താഴെവീണു. അവൾ കരച്ചിൽ തുടങ്ങി. വൃദ്ധൻ സൈക്കിൾ നിർത്തി പെൺകുട്ടിയെ പൊക്കിയെടുത്തു. പൊടിപറ്റിയിരുന്ന കൈമുട്ടിൽ രക്തം പൊടിഞ്ഞിരുന്നു. മുറിവിന്മേൽ തടവിയ വൃദ്ധന്റെ പരുക്കൻ കൈ ചെറിയൊരു കരച്ചിലോടെ പെൺകുട്ടി തട്ടിമാറ്റി. അപ്പോൾ പ്യൂൺ ചേട്ടൻ ഓടിപ്പോയി മൊന്തയിൽ വെള്ളവുമായി വന്ന് പെൺകുട്ടിയുടെ കൈമുട്ട് കഴുകാൻ സഹായിച്ചു. വേദനകാരണം പെൺകുട്ടി വീണ്ടും കരഞ്ഞു.

സ്ത്രീയ്ക്കും വൃദ്ധനും അദ്ധ്യാപകർക്കും വലിയ കൂസലൊന്നുമുണ്ടായില്ലെങ്കിലും പെൺകുട്ടിയുടെ വേദന ഞങ്ങളിൽ പടർന്നു. ദുരന്തം കണ്ടുനിൽക്കാൻ കരുത്തില്ലാത്ത, എന്നാൽ കയ്യിൽ കാശുണ്ടായിരുന്ന, ആരോ പറഞ്ഞു: “അഭ്യാസോന്നും കാണിക്കണ്ട. നമ്മക്ക് പൈസാ കൊടുക്കാം. ന്താ?”

അഭ്യാസങ്ങൾക്കും ദുരന്തങ്ങൾക്കും അവയെ നിർവ്വികാരം നോക്കിനിൽക്കുന്നവർക്കും, പക്ഷേ, ഇന്നും അന്ത്യമില്ല.

Labels:

Wednesday, February 14, 2018

മറന്നതല്ല

ഉഷ(സ്സു) വന്നു, സരസ്വതി പോയി, കവിത വറ്റി, ഭാവന പണ്ടേ പിണങ്ങി, സന്ധ്യ മയങ്ങി എന്നൊക്കെ വാലന്റൈൻസ് ഡേയ്ക്ക് എഴുതിവച്ചാൽ ജീവിതം ധന്യമാവുന്നതിനു പകരം സ്വയം ദിവ്യനായിത്തീരാൻ സാദ്ധ്യത എന്നാണ് വാരഫലം. അതിനാൽ പഞ്ചചാമരം വീശട്ടെ.

ഇരുന്നു മെല്ലെ കേൾക്കനീ, കരത്തിലില്ല കാവ്യവും
ചുവന്ന റോസുപുഷ്പവും മദം നിറഞ്ഞ വീഞ്ഞുമേ!
മറന്നതല്ല, തീർച്ചയാണിതൊക്കെ ഞാൻ മറക്കുമോ:
പകർന്നു തന്ന രാഗവും പടർന്നുയർന്നമോദവും.

Labels: ,

Saturday, January 27, 2018

പുസ്തകങ്ങൾ: അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം

ഗ്രേസിയുടെ ആദ്യ കഥാസമാഹാരം ‘പടിയിറങ്ങിപ്പോയ പാർവതി’ പുറത്തുവന്നത് 1991-ലാണ്. വായനമുറ്റിയിട്ടില്ലാത്ത കാലമായിരുന്നു അത്. 1995 മുതൽ 2000 വരെയൊക്കെ കഥാകഥനത്തിൽ ഗ്രേസിയുടെ സുവർണ്ണകാലമായിരുന്നു എന്നു കരുതണം. ഇക്കാലത്ത് വായന കുറഞ്ഞെങ്കിലും തീരെ ഇല്ലാതായിരുന്നില്ല. എന്നിട്ടും ഗ്രേസിയുടെ ഒരു കൃതിപോലും വായിച്ചതായി ഓർക്കാൻ കഴിയുന്നില്ല.

‘അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം’ 2015-ൽ പ്രസിദ്ധപ്പെടുത്തിയ ഗ്രേസിയുടെ ഓർമ്മക്കുറിപ്പുകളാണ്. ഒരു ബിസിനസ് യാത്രയ്ക്കിടയിലാണ് ഈ പുസ്തകം വായിക്കുന്നത്. (വരികൾക്കിടയിൽ വായിക്കരുത്!) എൺപത്തെട്ടു പേജേയുള്ളൂ എന്നതായിരുന്നു മാനദണ്ഡം. മുഖവുര, ആമുഖം, പഠനം, ആസ്വാദനം തുടങ്ങിയ മറ്റു ഗിമ്മിക്കുകളൊന്നും ഇല്ലെന്നതും ആശ്വാസം നൽകി.

‘ഹൃദയം പോലെ ഒരു ത്രികോണം’ ആണ് പുസ്തകത്തിലെ ആദ്യ ഓർമ്മ. എഴുത്തുകാർക്ക് ഓർമ്മകൾ ഉണ്ടാവാം, അവ ചേർത്തുവച്ച് ഓർമ്മക്കുറിപ്പുകൾ എന്നപേരിൽ പുസ്തകമാക്കാം. ഇത് പ്രസിദ്ധീകരിക്കുമ്പോൾ വർഷം 2015 ആയി എന്ന് ഗ്രേസി ഓർക്കുന്നത് നന്നായിരുന്നു. താനൊരു എഴുത്തുകാരിയാണെന്നതിലൂടെ ആർജ്ജിക്കുന്ന ആത്മവിശ്വാസം നന്നായിപ്രയോഗിച്ചിട്ടുണ്ട് കുറിപ്പിനാധാരമായ അനുഭവത്തിൽ. നാല്പതു വയസ്സു കഴിഞ്ഞവർ ഈ കുറിപ്പ് വായിക്കാതിരിക്കുകയാവും ഭേദം.

പുസ്തകത്തിന്റെ പേര് പേറുന്ന ‘അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം’ ആണ് രണ്ടാം കുറിപ്പ്. മലയാളിയുടെ മനസ്സിനെ നന്നേ വായിച്ചിട്ടുള്ളത് കൊണ്ടാവണം പുസ്തകത്തിന് ഈ പേരുതന്നെ കൊടുക്കാൻ കാരണം. ഒരുതരം ക്ലിക് ബെയ്‌റ്റ്. മാർക്കറ്റിങ്ങിന്റെ കുതന്ത്രത്തിൽ തനിക്കു പങ്കില്ല എന്നു വിളിച്ചുപറഞ്ഞു കൈയൊഴിയുന്ന വരികൾ ഈ കുറിപ്പിൽ കരുത്തിവയ്ക്കാൻ എഴുത്തുകാരി മറക്കുന്നില്ല. “ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ ചികഞ്ഞപ്പോഴാണ് അപഥത്തിന് പഴകിയുറച്ച അർഥം മാത്രമല്ല ഉള്ളതെന്നു കണ്ടെത്തിയത്. ആരും നടക്കാത്ത വഴി എന്നും വ്യാഖ്യാനിക്കാവുന്നതാണ്.” ഗ്രേസിയുടെ ഭാഷ ഇവിടെ സ്വാഭാവികത ഉപേക്ഷിച്ച് കപടമെന്നു തോന്നുന്ന കാല്പനികഭാവം കൈക്കൊള്ളുന്നുണ്ട്. “എന്റെ ഫോൺ ജലതരംഗമുതിർത്തു” എന്നും “ചൂണ്ടുവിരൽ സ്പർശം കൊണ്ട് ഞാൻ ഫോൺ ഒരചേതനവസ്തുവാക്കി” എന്നുമൊക്കെ പറയുമ്പോൾ ചിലപ്പോൾ ഈ ഭാവം വേലി പൊളിച്ചു പുറത്തു പോകുന്നുമുണ്ട്. “ബുദ്ധിജീവികളായ പുരുഷന്മാർപോലും പെണ്ണ്, കള്ള്, പണം, പെരുമ എന്നിവയിലെല്ലാറ്റിലുമോ ഏതെങ്കിലും ചിലതിലോ അഭിരമിക്കുന്നുവല്ലോ” എന്നോർത്ത് നെടുവീർപ്പിടുന്നതാണ് കുറിപ്പിന്റെ അവസാനവാക്കായി ഗ്രേസി ഓർത്തെടുക്കുന്നത്. നാലഞ്ചുവർഷം ഡ്രാഫ്റ്റിൽ കിടന്നത് കാലാന്തരങ്ങൾ കടന്നതറിയാതെ ചിലർ പോസ്റ്റ് ആക്കുന്ന പോലെ, ആദികൗമാരത്തിലെപ്പോഴോ തികട്ടിവന്ന വ്യർത്ഥവ്യഥകൾ ഈ ഓർമ്മക്കുറിപ്പിലേയ്ക്ക് വാക്കുകളായി ഒഴുകിയതാവാം. വായനക്കാരായ നമ്മളല്ലേ ക്ഷമിക്കേണ്ടത്?

തന്നേക്കാൾ പ്രായം കുറഞ്ഞ എഴുത്തുകാരിക്കു കിട്ടിയ “തകരച്ചന്തത്തിൽ മുളച്ച പുകഴ്‌ത്തൽ കത്തുകൾ” ഗ്രേസിയെ അന്തം വിടുവിക്കുകയും ഇത്രയും പ്രശംസനീയമായ കഥ തന്റെ കഥയുടെ കോപ്പിയാകാതെ വരാൻ തരമില്ല എന്നു വിശ്വസിക്കുകയും ചെയ്യുന്നു ‘പുതിയ മുഖം’ എന്ന കുറിപ്പിലൂടെ. ഈ വേദനയിൽ ഉഴറുകയാണ് എഴുത്തുകാരി. കഥയുടെ മാതൃത്വം കിട്ടാതെ വന്നപ്പോൾ കുറ്റം പത്രാധിപരിൽ കെട്ടിവച്ച് ലോകം ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ആശങ്കിച്ചവസാനിക്കുന്നു എഴുത്തുകാരിയുടെ സ്മരണ.

കെ. പി. അപ്പനെപ്പറ്റിയാണ് (ഗ്രേസിയുടെ വാക്കുകളിൽ “അപ്പൻ സാറിനെ”) ‘അദൃശ്യ സാന്ത്വനം’ എന്ന ലേഖനം. “ലാളിത്യത്തിലും വിശുദ്ധിയിലും പുലരുന്ന ഒരു ജീവിതത്തെപ്പോലും അർബുദം വിഴുങ്ങുമെന്നറിഞ്ഞ് ഞാൻ ചകിതയായി” എന്നുകണ്ട് ഈയുള്ളവൻ ഓടിപ്പോയി ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ ചകിതയായതിന് പഴകിയുറച്ചതല്ലാത്ത അർത്ഥം വല്ലതുമുണ്ടോ എന്നു ചികഞ്ഞു (സത്യം!). അതികഠിനമായ നിരാശയാണ് ഫലം. എന്താ ഈ കലാകാരന്മാർ ഇങ്ങനെ? (“ഒരു നിരൂപകന് അവശ്യം വേണ്ട ഗുണമാണ് സഹൃദയത്വം” എന്ന് ഗ്രേസി തന്റെ നിരൂപകന്മാരെ ഓർമ്മപ്പെടുത്തുന്നു. എന്റെ ഈ പോസ്റ്റ് നിരൂപണമല്ല, എനിക്കീപ്പറഞ്ഞ സഹൃദയത്വം എന്ന സംഗതിയുമില്ല.)

ഇതൊക്കെ വായിക്കാൻ ഞാൻ എന്തപരാധമാണ് ചെയ്തത് എന്നു ചോദിച്ചുപോകും ‘ശാഗ്പാനി’ വായിച്ചുതീരുമ്പോൾ. മലയാളത്തിനു ലഭിച്ച പുതിയ വാക്കായ ശാഗ്പാനിയുടെ ചരിത്രമാണ് ഗ്രേസി ഓർത്തെടുക്കുന്നത്. ചുറ്റും കാണുന്നവരെ കഥാപാത്രങ്ങളാക്കി രചനകളൊരുക്കാനും അവ അമൂല്യമാണെന്ന് കരുതാനും അവയെ പശ്ചാത്തലമാക്കി കുറിപ്പുകളെഴുതി കൊരുത്തെടുത്ത് പുസ്തകമാക്കാനും ആർക്കും വിലക്കില്ല. ഈ സ്വാതന്ത്ര്യത്തിലൊരല്പം തിരിച്ചുകാണിച്ചാലോ? ഗ്രേസിയുടെ വക പുച്ഛവും പരിഹാസവും.

ഈ കുറിപ്പുകളിൽ ഏതെങ്കിലും ഒന്നു മാത്രമേ നിങ്ങൾ വായിക്കുന്നുള്ളൂവെങ്കിൽ ‘ഞരമ്പുരോഗി’ വായിക്കുക. ‘ഹൃദയം പോലെ ഒരു ത്രികോണം’ എന്ന പോലെ പൈങ്കിളിയായി തുടങ്ങി, എന്നാൽ അതിൽ നിന്നും വേറിട്ട്, ശക്തവും ധീരവുമായി, ദുര്‍ഭാഷണത്തേയും അധിക്ഷേപത്തേയും സ്ത്രീനിന്ദയേയും നേരിട്ട ഓർമ്മയാണ് ‘ഞരമ്പുരോഗി’ എന്ന കുറിപ്പിൽ. ഇതിനോടൊപ്പം ചേർത്തു വായിക്കാവുന്ന അനുഭവമാണ് ‘കണ്ണാടിയിലെ പെണ്ണ്’ പറയുന്നത്. പല വിധത്തിലും സർവ്വസാധാരണമായ ഒരനുഭവം. വേണ്ടവിധത്തിൽ വേണ്ടസമയത്ത് പ്രതികരിക്കാതെ പിന്നീട് നിരാശപ്പെടുന്നതും സംഭവം “റീപ്ലെ” ചെയ്ത് ഇങ്ങനെയൊക്കെ ആകാമായിരുന്നു എന്ന് വിചാരിച്ചു കൂട്ടുന്നതിലും നമ്മളാരും പിന്നിലല്ല. ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീയനുഭവങ്ങളിലൊന്നിനെ മനുഷ്യപ്പറ്റുള്ളവരിൽ രക്തം തിളപ്പിക്കുമാറ് പറഞ്ഞൊരുക്കുന്നു ‘കണ്ണാടിയിലെ പെണ്ണ്.’

എഴുത്തുകാരും സിനിമാക്കാരും (മലയാളക്കരയിലെ സെലിബ്രിറ്റികൾ) സ്വയം സാംസ്കാരിക നായകന്മാരും നായികകളുമായി സങ്കല്പിച്ച് സാമൂഹ്യ പുനരുദ്ധാരണം നടത്തുന്നത് പതിവാണല്ലോ. ഉപദേശങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുമെന്നല്ലാതെ സ്വജീവിതത്തിൽ പകർത്തുന്നവർ തുലോം കുറവാണെന്ന് ആരാധനാന്ധത ബാധിച്ചവർക്കൊഴികെ മറ്റെല്ലാർക്കും ബോദ്ധ്യവുമുണ്ട്. ബോധിച്ചുറച്ചതെന്ന് നാം (കേൾവിക്കാരും വായനക്കാരും) കരുതുന്ന ആദർശപ്രഖ്യാപനങ്ങൾ പ്രസരിപ്പിക്കുമ്പോഴും അവ സ്വജീവിതത്തിലുണ്ടാക്കിയേക്കാവുന്ന “പൊല്ലാപ്പു”കളെ ജീവസഹജമായ സ്വാർത്ഥത എന്ന ഒഴിവുകഴിവിന്റെ മിഠായിപ്പൊതിയിൽ ഒളിപ്പിച്ചു ‘അനാമികയുടെ കഥ’ എന്ന കുറിപ്പിലൂടെ വിൽക്കാൻ കാട്ടുന്ന വിരുത് ശ്രദ്ധേയം തന്നെ.

മനുഷ്യ സഹജമായ വികാരങ്ങളെ മറയില്ലാതെ കാണിക്കുന്നു, ‘ഒരു യക്ഷിക്കഥ.’ വെട്ടി നേടാനും പരിഹസിക്കാനും ധൈഷണിക മുൻതൂക്കം ഭാവിക്കാനും എഴുത്തുകാർക്ക് ഒരു മടിയുമില്ല. എന്നു മാത്രമല്ല, അതൊക്കെ നോർമലൈസ് ചെയ്യാനുള്ള വ്യഗ്രതയിൽ “എനിക്ക് ഉള്ളത് ഉള്ളതുപോലെ പറയാൻ മടിയില്ല” എന്ന് ധ്വനിപ്പിക്കുകയും ചെയ്യും (അതായത്, വായനക്കാരായ നമുക്കാണ് പ്രശ്നം മുഴുവൻ!). ഈ കുറിപ്പിൽ ഗ്രേസി താനെഴുതിയ ഒരു കഥയുടെ വൃത്താന്തം പറയുന്നുണ്ട്. മറ്റൊന്നും വായിച്ചില്ലെങ്കിലും ‘ദേവീ മാഹാത്മ്യം’ എന്ന കഥ വായിക്കണമെന്ന ആഗ്രഹം ജനിപ്പിക്കാൻ കുറിപ്പിന് കഴിഞ്ഞു. ഗ്രേസിയുടെ കഥകൾ ചിലതെങ്കിലും തിരഞ്ഞുപിടിച്ച് വായിക്കണം.

‘സായാഹ്നസഞ്ചാരം’, ‘അധീരയുടെ ആത്മഭാഷണങ്ങൾ’ എന്നിവ വായിക്കുമ്പോൾ ഇവയൊക്കെയും ആത്മകഥയിൽ നിന്നും വെട്ടിമാറ്റിയ ഏടുകളല്ലേ എന്ന സംശയം ബലപ്പെടും. ഇവയിൽ നിന്നൊക്കെ എന്താണ് കൊള്ളേണ്ടത് എന്താണ് തള്ളേണ്ടത് എന്ന സംശയമാണ് വായിച്ചു തീരുമ്പോൾ ഉണ്ടാവുക. ആത്മപ്രശംസയാണ് അജണ്ട എന്ന് മനസ്സിലാക്കിയാൽ പിന്നെ ഈ സന്ദേഹം ഇല്ലാതാവും.

ഇരുപത്താറ് കുറിപ്പുകളുടെ ആകെത്തുകയാണ് പുസ്തകം. അവയിൽ ചിലതിനെപ്പറ്റി മാത്രമേ ഞാൻ മുകളിൽ പരാമർശിച്ചിട്ടുള്ളൂ. പിന്നീടുള്ള മിക്കതിനും യാതൊരു പ്രത്യേകതയും അവകാശപ്പെടാനില്ലെന്നു മാത്രമല്ല, പല കുറിപ്പുകളും ഉപരിപ്ലവവും ഉടലാകമാനം പിന്തിരിപ്പനുമാണ്. ഇത്തരം കുറിപ്പുകൾ നാഴികയ്ക്ക് നാൽപ്പത് വട്ടം പലരുടെവകയായും ഫെയ്സ്ബുക്കിൽ കാണാറുണ്ട്. ദോഷം പറയരുതല്ലോ, കഥപോലെ വായിച്ചു പോകാവുന്നവയും അച്ചടക്കത്തോടെ എഴുതിയിരിക്കുന്നവയുമായ രണ്ടുമൂന്നു ഓർമ്മകളുണ്ട് പുസ്തകത്തിൽ. ബാക്കിയുള്ളവയിൽ ‘എടുക്കാത്ത നാണയം’ മമ്മൂട്ടിയുടെ അഭിനയത്തെ സംബന്ധിച്ച വിമർശനമാണെഞിലും കാമ്പില്ലാത്തതിനാൽ കാര്യമാക്കാനില്ല. ‘കഥ നന്നാക്കാനുണ്ടോ?’ എന്നത് കഥയെഴുതേണ്ടുന്ന സമയത്ത് അതിനു പകരം താൻ ചെയ്ത പരിത്യാഗങ്ങളുടെ പായ്യാരം പറച്ചിലാണ്.

“ഒരു ചെറിയ ജീവിതത്തിന്റെ ശിരോ രേഖകൾ” എന്ന പേരിൽ ഗ്രേസിയുടെ ആത്മകഥ ഉണ്ടു പോലും. ഈ ഓർമ്മക്കുറിപ്പുകളുടെ രീതിവച്ച് ആ ആത്മകഥ വായിക്കാൻ ഒരു സാദ്ധ്യതയും ഞാൻ കാണുന്നില്ല. ഒരുപക്ഷേ, ആത്മകഥയിൽ “ആത്മ കഥാംശം” കൂട്ടിയതു കാരണം പ്രസാധകൻ വെട്ടിനിരത്തിയത് ബാക്കിവന്നതാവാം ഓർമ്മക്കുറിപ്പായത് എന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. (പഠിച്ചു കൊണ്ടിരുന്നപ്പോൾ രണ്ടാഴ്ച ക്ലാസ് കട്ട് ചെയ്ത് ‘ആൾക്കൂട്ടം’ വായിച്ചയാളാണ്. ചെറുകാടിന്റെ ആത്മകഥയൊക്കെ വായിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. എന്നിട്ടും!) പഞ്ചസാര മണലുറങ്ങുന്ന മെക്സിക്കൻ കടൽത്തീരത്ത് ആട്ടു മഞ്ചലിൽ ചായയും ബിസ്കറ്റുമൊപ്പം ഗ്രേസിയുടെ ആത്മകഥ വായിക്കുന്നൊ അതോ ഇങ്ങു സീയാറ്റിലിൽ കേരള അസോസിയേഷൻ പരിപാടി നടക്കുന്ന ഹോളിൽ കാലും കയ്യും കെട്ടിയിട്ട് സ്റ്റീവൻ സ്മിത്തിന്റെ ഒരു ഇന്നിംഗ്‌സ് മുഴുവൻ കാണുന്നോ എന്നു ചോദിച്ചാൽ ഞാൻ ഒരു വേള ഈ അഭിപ്രായം മാറ്റിയേക്കും; ഉറപ്പില്ല.

Labels:

Saturday, December 30, 2017

2017 റിവ്യൂ

2017-ൽ രണ്ടു മലയാള സിനിമകൾ കണ്ടു. തീയേറ്ററിൽ പോയി ഒന്നും (ടേക്ക് ഓഫ്) വീട്ടിലിരുന്ന് ഒന്നും (ശവം). രണ്ടും ഭാഗ്യത്തിന് പകുതിവച്ചു നിർത്തിയില്ല. ഇതിനു പുറമേ രണ്ടോ മൂന്നോ ഇംഗ്ലീഷ് ചിത്രങ്ങൾ കുട്ടികളോടൊപ്പവും കണ്ടു. തൂവാനത്തുമ്പികൾ ഈ വർഷവും കാണാൻ പറ്റിയില്ല. സീയാറ്റിലിൽ മലയാള സിനിമ വരുന്ന തീയേറ്റർ അടച്ചുപൂട്ടുകയാണെന്നൊരു ശ്രുതിയുണ്ട്. അതിനാൽ 2018 പ്രതീക്ഷ നൽകുന്നുണ്ട്. 2018-ൽ വീട്ടിലിരുന്ന് അഞ്ചു സിനിമയെങ്കിലും കാണണം. (“കാണും!” എന്നൊരശരീരി കേൾക്കുന്നു!)

പന്ത്രണ്ട് പുസ്തകങ്ങൾ വായിക്കണമെന്നുണ്ടായിരുന്നെങ്കിലും വായന അഞ്ചോളം പുസ്തകങ്ങളിലൊതുങ്ങി. ചുവന്ന ബാഡ്ജ് സഹിതം വായിക്കാനാഗ്രഹിച്ച ചില പുസ്തകങ്ങൾ കയ്യിൽ കിട്ടിയെങ്കിലും വായന കൂടെവന്നില്ല. 2018-ൽ “പന്ത്രണ്ട് പുസ്തകങ്ങളെങ്കിലും” എന്ന് ലക്ഷ്യം പുതുക്കുന്നു. ഇടയ്ക്ക് ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കാനെടുത്തത് അബദ്ധമായി; വായനയുടെ ഫ്ലോ പോയി.

ശ്ലോകരചനാ ക്ലാസു നടത്തി (ഇത് ഇനി പറയില്ല, സത്യം!). പങ്കെടുത്തവർ പല നല്ല ശ്ലോകങ്ങളുമെഴുതി. ക്ലാസിനു വേണ്ടി ഉദാഹരണങ്ങളായും തിരുത്തലുകളായും ചില ശ്ലോകങ്ങൾ രചിച്ചു.

ഈ വർഷം ഏകദേശം 6000 ഫോട്ടോകൾ എടുത്തു. ഇഷ്ടപ്പെട്ടത് എന്നു പറയാവുന്ന ഇരുപതോളം എണ്ണം. 2018-ൽ ഇഷ്ടപ്പെടുന്നവ 25 എത്തിക്കാം എന്നാണ് വിചാരം.

ക്രിക്കറ്റ് കാണലും കളിക്കലും മാറ്റമില്ലാതെ തുടർന്നു. ക്ലബ് നാലു ടീമായി വളർന്നതിൽ ചെറിയ പങ്കുവഹിച്ചു. ക്ലബ്ബിന്റെ കൂടിച്ചേരലുകളിൽ അമ്മാവൻ സിൻഡ്രോം പുറത്തുവരാതിരിക്കാൻ കഷ്ടപ്പെട്ടു.

എഴുപത്തഞ്ചോളം പാർട്ടികളിലായി മുപ്പതിലധികം തരം ലഹരിപാനീയങ്ങൾ പരീക്ഷിച്ചു. ഇഷ്ടപ്പെടാത്തവ ഒഴുക്കിക്കളയാൻ ഒരു മടിയും കാണിച്ചില്ല. 2018-ൽ ഇത് മെച്ചപ്പെടാനേ തരമുള്ളൂ. (മദ്യപ്പടങ്ങൾ മിക്കവയും ഇൻസ്റ്റഗ്രാമിലേയ്ക്കു മാറ്റി.)

എല്ലാ വർഷാവസാനവും തോന്നുന്നതു തന്നെ ഇപ്പോഴും: “ഈ വർഷം പെട്ടെന്ന് പോയതു പോലെ. എന്തരോ ആവട്ട്, പുല്ല്.”

Labels: ,

Tuesday, December 26, 2017

സിനിമ: ശവം

“വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന പുള്ളിമാൻ കുട്ടികൾ പോലെ” എന്ന പാട്ടിന്റെ അറുപതാം വാർഷികം ആഘോഷിച്ചിരിക്കേയാണ് ഒരു സിനിമ കണ്ടാലോ എന്ന നിർദ്ദേശം വന്നത്.

ശവം എന്ന സിനിമ തുടങ്ങിയതു മുതൽ കടമ്മനിട്ടയുടെ ചാക്കാല എന്ന കവിതയായിരുന്നു മനസ്സിൽ. നാടിന്റെ പരിച്ഛേദം തന്നെയാണ് ഏതു മരണവീട്ടിലും. മരണപ്പെട്ടയാൾ, ചില്ലറ അപദാനങ്ങൾ, ആരുടേയോ കുറ്റങ്ങൾ, ചെറുതും വലുതുമായ വാർത്തകൾ, കുശുമ്പുകൾ അങ്ങനെ എല്ലാം. ഇപ്പറഞ്ഞതെല്ലാം അടുക്കിയവതരിപ്പിക്കുന്നു; ശവം. കാപട്യത്തോടെയെങ്കിലും ഉപചാരപൂര്‍വ്വം പെരുമാറണമെന്ന് കടമ്മനിട്ട പറയുമ്പോൾ പല മരണവീട്ടിലും, തോമാച്ചന്റെ വീട്ടിലുൾപ്പെടെ, കവിഭാവനപോലെയല്ല കാര്യങ്ങൾ എന്നതാണ് സത്യം.

രണ്ടു കാര്യങ്ങൾ: ക്യാമറ അല്പം കൂടി സീരിയസ്സായി കൈകാര്യം ചെയ്യാമായിരുന്നു. അവസാനരംഗമൊഴികെ മറ്റെല്ലാം ഒറ്റലെൻസിൽ, ഒരു ഫോക്കൽ ലെംഗ്‌തിൽ ചിത്രീകരിച്ചപോലെ തോന്നി. അവിടവിടെ അവിദഗ്ദ്ധത തുളുമ്പുന്നു (ഈ ട്രീറ്റ്‌മെന്റ് മനഃപൂർവ്വമാണോ എന്നറിയില്ല). മരണവീട്ടിലെ ഏറിയും താണുമുള്ള കരച്ചിൽ മുഴച്ചുനിൽക്കാതെ അവതരിപ്പിക്കുന്നതിന് ശ്രമിച്ചതായി തോന്നുന്നില്ല. പലപ്പോഴും കരച്ചിലിന്റെ ടോൺ സെലക്ഷൻ ഡിസ്ട്രാക്ഷനായി മാറുന്നുമുണ്ട്. ഒരു രണ്ടാം കാഴ്ചയിൽ ഇവ പ്രശ്നങ്ങളായി തോന്നാതിരിക്കാനും മതി.

ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക്: ശവം നെറ്റ്‌ഫ്ലിക്സിൽ ഉണ്ട്.

Labels: