രംഗം ഒന്ന്[ഒരു ഓഫീസ് മുറി. വൃത്തിയുള്ള മേശപ്പുറം. മേശപ്പുറത്ത് മൂന്നോ നാലോ മോണിറ്ററുകളും ഒരു ചെറിയ റ്റി. വി. യും മറ്റും നിരത്തി വച്ചിരിക്കുന്നു. വീഡിയോ കേബിളുകള്‍, ഗ്രാഫിക്സ് കാര്‍ഡുകള്‍, റ്റി. വി. റ്റ്യൂണര്‍ കാര്‍ഡുകള്‍ എന്നിവ ഒരു മൂലയില്‍ കാണാം. ഇത്രയും മാത്രം ഉയര്‍ത്തിക്കാട്ടുന്ന ലൈറ്റിംഗ് ആണ് ഉചിതം. കര്‍ട്ടന്‍ ഉയരുമ്പോള്‍ നായകന്‍ കമ്പ്യൂട്ടറില്‍ എന്തോ വായിച്ചിരിക്കുകയാണ്. രംഗപടത്തില്‍, ഒരു ജനാലയ്ക്കപ്പുറത്ത് തെരുവിലൂടെ വാഹനങ്ങളും കാല്‍ നടക്കാരും പോകുന്നുണ്ട്. സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും അലാം ക്ലോക്കിന്‍റെ രൂപം ധരിച്ച ഒരാള്‍ രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ഈ രൂപത്തിനെ ശ്രദ്ധിക്കുന്നില്ല.]
സമയം (ദൃഢ സ്വരത്തില്‍): ഞാനാണ് സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ അഞ്ച് തിങ്കളാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...
[സമയം സ്റ്റേജിന്‍റെ ഇടതുവശത്തേയ്ക്കു തന്നെ നടന്നു മറയുന്നു. അല്പ സമയത്തിനു ശേഷം ആറടിയില്‍ കൂടുതല്‍ ഉയരമുള്ള ഒരു സായിപ്പ് സ്റ്റേജിന്‍റെ വലതു വശത്തു കൂടി രംഗത്തേയ്ക്ക് വരുന്നു.]
നായകന്‍ (സായിപ്പിനെ നോക്കി): ഹായ്, ചാര്‍ളീ!
ചാര്‍ളി (കമ്പ്യൂട്ടറില്‍ നോക്കി): ഓ, വാട്സ് ദാറ്റ്?
നായകന്‍: ഇത് മലയാളത്തിലുള്ള ഒരു ബ്ലോഗ് ആണ്.
ചാര്‍ളി: ഇറ്റ് ലുക്സ് പ്രെറ്റി! ഇറ്റ്സ് അമേയ്സിംഗ് ദാറ്റ് യു കാന്‍ റീഡ് ആന്‍ഡ് റൈറ്റ് മള്‍ട്ടിപ്‍ള്‍ ലാംഗ്വേജസ്!
നായകന്‍: ഇന്‍ ഇന്‍ഡ്യ...
ചാര്‍ളി (ഇടയ്ക്കു കയറി): യു നോ, ഐ ഹാവ് ബീന്‍ തിങ്കിംഗ്... നീ ഈ പഠിച്ചുവച്ചിരിക്കുന്ന കാര്യങ്ങളൊക്കെ, നോട്ട് എബൌട്ട് ദിസ് ബ്ലോഗ്, ഐ മീന്‍ മീഡിയ സെന്‍റര്‍ കാര്യങ്ങള്‍, നമുക്ക് ഏഷ്യയിലെ കുഞ്ഞാടുകള്‍ക്ക് പറഞ്ഞു കൊടുത്താലോ? നീ ഇന്നു തന്നെ പോയി ജപ്പാന്‍ വിസ എടുത്തു വരൂ!
നായകന്‍: ജപ്പാന്‍? ഐ ഥോട്ട് വി പ്ലാന്‍ഡ് റ്റു ഗോ റ്റു യൂറൊപ്പ്...
ചാര്‍ളി: ഞാനും അതാ വിചാരിച്ചത്. പക്ഷേ, ഈ സോക്കര്‍ ഭ്രാന്തന്മാര്‍ കാരണം ഇപ്പോള്‍ യൂറൊപ്പില്‍ പോയിട്ട് ഒരു കാര്യവുമില്ല. ലെറ്റ്സ് ഗോ റ്റു ജപ്പാന്‍...
നായകന്‍: എല്ലാം അങ്ങു പറയുന്ന പോലെ പ്രഭോ!
[നായകനും ചാര്‍ളിയും ഒരുമിച്ച് സ്റ്റേജിന്‍റെ വലതു വശത്തു കൂടി പുറത്തേയ്ക്ക് പോകുന്നു]
രംഗം രണ്ട് [നായകന്‍റെ വീട്. ഒരറ്റത്ത് ഒരു തീന്‍മേശകാണാം. അതിനടുത്ത് രണ്ടു കസേരകളും. കസേരകളിലൊന്നില്‍ ഇരുന്ന്, നായകന്‍റെ ഭാര്യ പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കുന്നു. രംഗത്ത് മറ്റൊന്നും ആവശ്യമില്ല. സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍റെ ഭാര്യ ഈ രൂപത്തിനെ ശ്രദ്ധിക്കുന്നില്ല.]
സമയം: ഞാനാണ് സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ അഞ്ച് തിങ്കളാഴ്ച വൈകുന്നേരം. ഞാന്‍ കടന്നുപോകുകയാണ്...
[സമയം സ്റ്റേജിന്‍റെ ഇടതു വശത്തേയ്ക്കു തന്നെ കടന്നു പോയാലുടന്‍, ആ ഭാഗത്തു കൂടിത്തന്നെ നായകന്‍ രംഗത്തു വരുന്നു. കയലിയും ഷര്‍ട്ടുമാണ് വേഷം. കയ്യില്‍ പാസ്പോര്‍ട്ടുണ്ട്. ]
നായകന്‍: എടേ, എന്‍റെ പാസ്പോര്‍ട്ടിന്‍റെ കാലാവധി കഴിഞ്ഞു!
നായകന്‍റെ ഭാര്യ: അതിനു ഞാനെന്തു വേണം?
[പിന്നണിയില്‍ അനൌണ്‍സ്മെന്‍റ്. ഈ സമയം സ്റ്റേജിലെ വെളിച്ചം മങ്ങുന്നു.]
Four Passport size photos: $16
Next-Day delivery to US Consulate at SFO: $21
Getting the Passport renewed in time: Priceless
രംഗം മൂന്ന്[ഒന്നാം രംഗത്തില്‍ കണ്ട ഓഫീസ് മുറി തന്നെ. നായകന്‍റെ വേഷത്തില്‍ മാറ്റമുണ്ട്. പതിവുപോലെ, സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ സമയത്തിനെ ശ്രദ്ധിക്കുന്നില്ല.]
സമയം: അതെ, ഞാന്‍ സമയം തന്നെ. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ ആറ് ചൊവ്വാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...
[സമയം സ്റ്റേജിന്‍റെ ഇടതു വശത്തേയ്ക്കു കടന്നു പോകുന്നു.
കുറിപ്പ്: ഈ രംഗത്തില്‍ സമയം എപ്പോഴും സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും വരികയും ഇടതു വശത്തേയ്ക്കു തന്നെ പോകുകയും ചെയ്യുന്നു.
സ്റ്റേജില്‍ ഇ-മെയില്‍ സംഭാഷണം കാണിക്കുന്നത് ലോക നാടക സങ്കേതത്തില്‍ ആദ്യമായതിനാല്‍ സംവിധായകന് ഇവിടെ മനോധര്‍മം പോലെ അവതരിപ്പിക്കാവുന്നതാണ്. നായകന്‍ അയയ്ക്കുന്ന ഇ-മെയില്‍ നായകനെക്കൊണ്ടു തന്നെ വായിപ്പിച്ച ശേഷം അയാള്‍ ‘സെന്‍ഡ്’ ബട്ടന്‍ അമര്‍ത്തുന്നതായി അഭിനയിപ്പിക്കാം. ഇ-മെയില്‍ വരുമ്പോളാവട്ടെ, ‘You've got mail’ എന്ന പ്രശസ്തമായ ശബ്ദം പിന്നണിയില്‍ കേള്‍പ്പിച്ച ശേഷം അയച്ചയാളിന്‍റെ ശബ്ദത്തില്‍ വായിപ്പിക്കാം. ഇതെല്ലാം നിര്‍ദ്ദേശങ്ങള്‍ മാത്രം. സംവിധായന്‍റെ മനോധര്‍മമാണ് പ്രധാനം.]
നായകന്‍: വക്കാരീ, ഞാന്‍ ജപ്പാനിലേയ്ക്ക് വരുന്നു. ജൂണ്‍ 21 മുതല്‍ 24 വരെ ഞാന്‍ അവിടെയുണ്ടാവും.
വക്കാരി: നമുക്ക് നേരില്‍ കാണാമോ? എവിടെയാണ് താമസം? വിരോധമില്ലെങ്കില്‍ എന്‍റെ കൂടെ കൂടാം!
നായകന്‍: തീര്‍ച്ചയായും. നമുക്ക് 23 വെള്ളിയാഴ്ച കണ്ടാലോ? പിന്നെ, ഞാനല്പം നേരത്തേ ഇക്കാര്യം താങ്കളെ അറിയിച്ചോ എന്ന് സംശയം. എല്ലാം എന്‍റെ പാസ്പോര്‍ട്ടും വിസയും ശരിയായാല്‍ മാത്രം!
[നായകന്‍ കമ്പ്യൂട്ടറില്‍ ചെസ് ഗെയിം ആരംഭിക്കുന്നു. രണ്ടു മൂന്നു നീക്കങ്ങള്‍ക്കു ശേഷം, “You've been defeated. Do you want to play again?” എന്ന് കമ്പ്യൂട്ടര്‍ ശബ്ദം കേള്‍ക്കുന്നു. നായകന്‍ ചെസ് കളി നിറുത്തുന്നു. ഇത്രയുമാകുമ്പോള്‍ സ്റ്റേജിലെ വെളിച്ചം മങ്ങി, സാവധാനം പൂര്‍ണ്ണാന്ധകാരമാവുന്നു. ഈ തക്കത്തില്‍, നായകന്‍റെ ഷര്‍ട്ട് മാറാം. വീണ്ടും വെളിച്ചം വരുമ്പോള്‍, നായകന്‍, കമ്പ്യൂട്ടറിന്‍റെ മുന്നില്‍ത്തന്നെ. സമയം രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ സമയത്തിനെ ശ്രദ്ധിക്കുന്നില്ല.]
സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ എട്ട് വ്യാഴാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...
[സമയം കടന്നു പോകുന്നു. നായകന്‍ വീണ്ടും ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്. ഇനിയുള്ള സംഭാഷണങ്ങളില്‍ സ്റ്റാറ്റസ് സെക്ഷനു വേണ്ടി വികാര രഹിതമായ ശബ്ദം ഉപയോഗിക്കുന്നത് അനുയോജ്യമായിരിക്കും.]
നായകന്‍: സാറേ, എന്‍റെ വഹ ഒരു അപേക്ഷ ഇതിനോടകം അവിടെ കിട്ടിക്കാണുമല്ലോ. അത് അത്യാവശ്യമായി പരിഗണിച്ച് രക്ഷിക്കുമാറാകണം. നിങ്ങളെ നേരിട്ട് വിളിച്ചപ്പോള്‍ ഇ-മെയില്‍ ഉപയോഗിക്കാന്‍ ഉപദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ കത്ത്... എന്‍റെ പുതിയ പാസ്പോര്‍ട്ട് ജൂണ്‍ പതിന്നാലിനു മുമ്പ് എനിക്ക് തിരിച്ചു കിട്ടിയാല്‍ ഈ ജന്മം മുഴുവനും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും!
സ്റ്റാറ്റസ് സെക്ഷന്‍ (പതിഞ്ഞ ശബ്ദത്തില്‍): അന്വേഷണത്തിനു നന്ദി. നാളെ പരിശോധിക്കൂ. ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടപേക്ഷകള്‍ ഈ സീസണില്‍ 20 ദിവസം എടുക്കാറുണ്ട്. നമ്മുടെ വെബ്സൈറ്റായ
http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍: താങ്കളുടെ മറുപടിക്ക് വളരെ നന്ദിയുണ്ട്.
സ്റ്റാറ്റസ് സെക്ഷന്‍: INS-ല്‍ അന്വേഷിക്കൂ. നമ്മുടെ വെബ്സൈറ്റായ
http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍: സാര്‍, മനസ്സിലായില്ല. ഞാന്‍ എന്തിനെപ്പറ്റിയാണ് INS-ല്‍ അന്വേഷിക്കേണ്ടത്?
സ്റ്റാറ്റസ് സെക്ഷന്‍ (തെല്ലിടവേളയ്ക്കു ശേഷം): ആ മെയില്‍ താങ്കള്‍ക്കുദ്ദേശിച്ചയച്ചതല്ല. ദയവായി അത് അവഗണിക്കൂ.
നായകന്‍ (ആത്മഗതം, ഇ-മെയിലില്‍ അല്ല): ശരി സാര്‍!
[നായകന്‍ കുറെ നേരം റ്റി. വി. കാണുന്നു. ലോകകപ്പ് ഫുട്ബോള്‍. നായകന്‍ ഒരു ഫുട്ബോള്‍ പ്രേമിയാണെന്ന് കളികാണുന്ന രീതിയില്‍ നിന്നും വെളിവാകും. ഇതിനിടയില്‍, സാവധാനം സ്റ്റേജിലെ വെളിച്ചം മങ്ങി, അവസാനം പൂര്‍ണ്ണാന്ധകാരമാവുന്നു. വീണ്ടും വെളിച്ചം വരുമ്പോള്‍, നായകന്‍, കമ്പ്യൂട്ടറിന്‍റെ മുന്നില്‍ത്തന്നെ. അപ്പോള്‍, സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ സമയത്തിനെ ശ്രദ്ധിക്കുന്നില്ല.]
സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പന്ത്രണ്ട് തിങ്കളാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...
[സമയം കടന്നു പോകുന്നു. നായകന്‍ ഇ-മെയില്‍ സംഭാഷണത്തിലാണ്.]
നായകന്‍: അപേക്ഷയുടെ നിജസ്ഥിതിയറിയാനാണ് ഈ കത്ത്.
സ്റ്റാറ്റസ് സെക്ഷന്‍: താങ്കളുടെ അഡ്രസ് അയച്ചു തരൂ. നമ്മുടെ വെബ്സൈറ്റായ
http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍: ഇതാ എന്‍റെ അഡ്രസ്... (എന്തൊക്കെയോ ടൈപ്പ് ചെയ്യുന്ന ശബ്ദം.)
[നായകന്‍ സ്റ്റാറ്റസ് സെക്ഷന്‍റെ മറുപടിക്കായി കാതോര്‍ക്കുന്നു. എങ്ങും നിശ്ശബ്ദത മാത്രം. അല്പ സമയം കഴിഞ്ഞ്, സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ഇപ്പോള്‍ സമയത്തെ ശ്രദ്ധിക്കുന്നുണ്ട്.]
സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിമൂന്ന് ചൊവ്വാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...
[സമയം കടന്നു പോകുന്നു. നായകന്‍ വാച്ചില്‍ നോക്കുന്നു. പിന്നെ ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]
നായകന്‍: സാറേ, പാസ്പോര്‍ട്ട് നാളേയ്ക്കകം കിട്ടിയില്ല എന്നുണ്ടെങ്കില്‍ എനിക്ക് വിമാന ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗും റദ്ദാക്കണം. ജപ്പാന്‍ വിസ കിട്ടാന്‍ മൂന്നു ദിവസം എടുക്കുമെന്നാണ് അവരുടെ കൌണ്‍സിലേറ്റിലെ വിസ ഓഫീസര്‍ എന്നോട് പറഞ്ഞിരിക്കുന്നത്. എനിക്ക് നാളെ പാസ്പോര്‍ട്ട് കിട്ടുമോ എന്ന് പറഞ്ഞു തരാമോ? ഞാന്‍ ‘പിറ്റേന്നു തന്നെ പുതിയ പാസ്പോര്‍ട്ട് തിരിച്ചയയ്ക്കാനുള്ള ഫീസ്’ എന്‍റെ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
[നായകന്‍ സ്റ്റാറ്റസ് സെക്ഷന്‍റെ മറുപടിക്കു വേണ്ടി കാത്തിരിക്കുന്നു. നിശ്ശബ്ദത. അല്പ സമയം കഴിഞ്ഞ്, സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ അസ്വസ്ഥനാണ്. സമയത്തെ ശ്രദ്ധിക്കുന്നുമുണ്ട്.]
സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിന്നാല് ബുധനാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...
[സമയം കടന്നു പോകുന്നു. നായകന്‍ വാച്ചിലും സമയത്തേയും മാറി മാറി നോക്കുന്നു. പിന്നെ ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]
സ്റ്റാറ്റസ് സെക്ഷന്‍: താങ്കളുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അയയ്ക്കൂ. കഴിഞ്ഞ മെയിലില്‍ ഞാന്‍ താങ്കളുടെ അഡ്രസ് ചോദിച്ചിരുന്നു. നമ്മുടെ വെബ്സൈറ്റായ
http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍ (നിരാശയോടെ): ഞാന്‍ താങ്കള്‍ക്ക് അഡ്രസ് തിങ്കളാഴ്ച തന്നെ അയച്ചു തന്നിരുന്നു. ഇതാ എന്‍റെ ഫോണ്‍ നമ്പരുകള്‍... എന്‍റെ പാസ്പോര്‍ട്ട് ഇന്നെങ്കിലും അയയ്ക്കാന്‍ പറ്റുമോ എന്നറിയിച്ചാല്‍ ഉപകാരമായിരുന്നു. അത് അസാധ്യമാണെങ്കില്‍ എന്‍റെ യാത്ര റദ്ദാക്കാനാണ്.
[നായകന്‍റെ ഫോണ്‍ ശബ്ദിക്കുന്നു. നായകന്‍ പെട്ടെന്ന് ഫോണ്‍ എടുക്കുന്നു.]
നായകന്‍: ഹലോ, ഇത് നായകനാണ്.
സ്ത്രീ ശബ്ദം: ഞാന്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ നിന്നാണ്. എന്താണ് നിങ്ങള്‍ക്കറിയേണ്ടത്?
നായകന്‍: എന്‍റെ പാസ്പോര്‍ട്ട് എന്ന് കിട്ടുമെന്നറിഞ്ഞാല്‍ കൊള്ളാം.
സ്ത്രീ ശബ്ദം: എന്നാണ് അപേക്ഷ അയച്ചത്?
നായകന്‍: അപേക്ഷ ജൂണ്‍ 7-ന് നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്.
സ്ത്രീ ശബ്ദം: ഞങ്ങള്‍ക്ക് ദിവസവും വളരെയധികം മെയിലുകള്‍ കിട്ടാറുണ്ട്. നിങ്ങളുടെ അപേക്ഷ അതില്‍ നിന്ന് കണ്ടുപിടിക്കേണ്ടതുണ്ട്.
നായകന്‍ (നിരാശയോടെ): അപ്പോള്‍ അത് നാളെ തിരികെ എനിക്ക് കിട്ടാന്‍ ഒട്ടും സാധ്യത ഇല്ല, അല്ലേ?
സ്ത്രീ ശബ്ദം: എന്ന് തീര്‍ത്തുപറയാന്‍ പറ്റില്ലെ. അപേക്ഷ കണ്ടു പിടിച്ച്, ഓഫീസറെ കാണിച്ചാല്‍, മറ്റു പ്രശ്നമൊന്നുമില്ലെങ്കില്‍ ഇന്നു തന്നെ അയയ്ക്കാവുന്നതേയുള്ളൂ. താങ്കള്‍ അതിവേഗ കാര്യസാധ്യ ഫീസായ തൊണ്ണൂറു ഡോളര്‍ അപേക്ഷയോടൊപ്പം അയച്ചിട്ടില്ലേ?
നായകന്‍: അതിവേഗ കാര്യസാധ്യ ഫീസോ? അങ്ങനെ ഒരു കാര്യമുള്ളതായി എനിക്കറിവില്ലായിരുന്നു. നിങ്ങളുടെ വെബ്സൈറ്റിലും പറയുന്നില്ല. എന്നാലും പാസ്പോര്‍ട്ട് നാളെത്തന്നെ കിട്ടുമെങ്കില്‍ ഫീസ് ഞാന്‍ അടയ്ക്കാം.
സ്ത്രീ ശബ്ദം: ശരി, ഞാന്‍ തിരിച്ചു വിളിക്കാം.
[നായകന്‍ കുറേ നേരം ഫോണില്‍ നോക്കിയിരിക്കുന്നു. റിംഗ് ചെയ്യുന്നില്ലെങ്കിലും ഫോണ്‍ എടുത്ത് ചെവിയില്‍ വച്ച് ഹലോ എന്നു പറയുന്നു. സ്വന്തം സെല്‍ഫോണില്‍ നിന്നും ഓഫീസ് ഫോണിലേയ്ക്ക് വിളിച്ച് ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. കുറെ നേരം ഈ പ്രവൃത്തികളില്‍ മുഴുകിയ ശേഷം, പിന്നെ ഇ-മെയിലിലേയ്ക്ക് തിരിയുന്നു.]
നായകന്‍ (ദുഃഖിതനായി): വക്കാരീ, എന്‍റെ യാത്ര നടക്കുമെന്ന് തോന്നുന്നില്ല.
[നായകന്‍ മേശമേല്‍ തല വച്ചിരിക്കുന്നു. പിന്നണിയില്‍ പഞ്ചാബി ഹൌസിലെ, ‘എല്ലാം മറക്കാം നിലാവേ, എല്ലാം മറയ്ക്കാം കിനാവില്‍’ എന്ന ഗാനം വളരെ നേര്‍ത്ത ശബ്ദത്തില്‍ കേള്‍ക്കാം. പാട്ട് പതുക്കെ ഇല്ലാതാവുന്നതോടൊപ്പം, സമയം രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ തല ഉയര്‍ത്തുന്നില്ല.]
സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിനഞ്ച് വ്യാഴാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...
[സമയം കടന്നു പോകുന്നു. നായകന്‍ തലയുയര്‍ത്തുന്നു. സമയത്തെ പ്രതീക്ഷ കൈവിട്ട കണ്ണുകളാല്‍ നോക്കുന്നു. അതു കഴിഞ്ഞ് ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]
നായകന്‍: സാര്‍, എന്‍റെ അപേക്ഷയില്‍ തീരുമാനം വല്ലതും? ഇതാ എന്‍റെ ഒരു ലഘു ജീവചരിത്രം ഈ കത്തിനോടൊപ്പമുണ്ട്.
[നായകന്‍ വീണ്ടും ചെസ് കളിയിലേയ്ക്ക് മടങ്ങുന്നു. ഇത്തവണയും കമ്പ്യൂട്ടര്‍ നായകനെ തോല്‍പ്പിക്കുന്നു. സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ശ്രദ്ധിക്കുന്നേയില്ല.]
സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിനാറ് വെള്ളിയാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...
[സമയം കടന്നു പോകുന്നു. നായകന്‍ ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]
വക്കാരി: എല്ലാറ്റിനും അതിന്റേതായ സമയമുണ്ടുദാസാ എന്നല്ലേ നാടോടിക്കാറ്റ് സൂക്തം. പിന്നെ സമയമായില്ല പോലും സമയമായില്ലാ പോലും എന്ന ശ്ലോകവുമുണ്ട്.
നായകന്‍ (അല്പ സമയത്തെ ആലോചനയ്ക്കു ശേഷം): സാര്‍, ഇതു വരെ എന്‍റെ അപേക്ഷയുടെ സ്ഥിതി അറിയുവാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ത്തമാനവുമില്ല എന്നത് നല്ല വര്‍ത്തമാനം അല്ലാത്തതിനാല്‍ ഞാന്‍ യാത്ര റദ്ദാക്കുന്നു. താങ്കള്‍ക്ക് ഒരു പക്ഷേ അപ്രധാനമെന്ന് തോന്നിയേക്കാവുന്ന ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഞാന്‍ ജപ്പാന്‍ കോണ്‍സുലേറ്റില്‍ വിളിച്ച് വിസ ‘അതിവേഗ കാര്യസാധ്യ’ മാര്‍ഗത്തിലൂടെ ശരിയാക്കാന്‍ എത്ര നേരമെടുക്കുമെന്ന് ചോദിച്ചു. അവര്‍ 24 മണിക്കൂറില്‍ ശരിയാക്കിത്തരാമെന്നും അതിലും വേഗം ചെയ്യാന്‍ മാര്‍ഗമില്ലാത്തതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞു. അപേക്ഷകന് കൃത്യമായ സ്ഥിതി അറിയിക്കാന്‍ എന്‍റെ മാതൃരാജ്യത്തിന്‍റെ കോണ്‍സുലേറ്റിനായെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുകയാണ്.
സ്റ്റാറ്റസ് സെക്ഷന്‍: താങ്കളുടെ ഇ-മെയില്‍ പാസ്പോര്‍ട്ട് സെക്ഷന് അയച്ചുകൊടുത്തിട്ടുണ്ട്.
[നായകന്‍ കുറെ നേരം കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നു. പിന്നണിയില്‍ ചില മലയാളം പാട്ടുകള്‍ കേള്‍ക്കാം. കുറച്ചു സമയം കഴിഞ്ഞ്, ‘ഇന്നിതു മതി’ എന്നു പറഞ്ഞ് എഴുനേല്‍ക്കുന്നു. പിന്നണിയില്‍ ‘have a nice weekend’ എന്ന് കേള്‍ക്കുന്നുണ്ട്. വെളിച്ചം മങ്ങുന്നു. നായകന്‍ സ്റ്റേജിന്‍റെ വലതു വശത്തുകൂടി പുറത്തേയ്ക്ക് പോകുന്നു.]
രംഗം നാല്[രണ്ടാം രംഗത്തില്‍ കണ്ട നായകന്‍റെ വീട്. നായകന്‍ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. നായകന്‍റെ ഭാര്യ രംഗത്തില്ല. സമയം സ്റ്റേജിന്‍റെ ഇടതുഭാഗത്തുനിന്നും രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ശ്രദ്ധിക്കുന്നില്ല.]
സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ ഇരുപത്തിയൊന്ന് ബുധനാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...
[സമയം സ്റ്റേജിന്‍റെ ഇടതു വശത്തേയ്ക്കു കടന്നു പോകുന്നു. ഡോര്‍ ബെല്‍ മുഴങ്ങുന്ന ശബ്ദം കേള്‍ക്കുന്നു. പിന്നണിയില്‍ ഭാര്യയുടെ ശബ്ദം.]
ഭാര്യ (ആഹ്ലാദത്തോടെ): പാസ്പോര്‍ട്ടായിരിക്കും!
[നായകന്‍ പതുക്കെ കതക് തുറക്കുന്നു. പോസ്റ്റുമാന്‍ ഒരു പായ്ക്കറ്റ് കൊടുത്ത് ഒപ്പ് വാങ്ങി മടങ്ങുന്നു. പായ്ക്കറ്റ് പൊട്ടിച്ച് തന്‍റെ പുതിയ പാസ്പോര്‍ട്ട് പുറത്തെടുക്കുന്നു. പശ്ചാത്തലത്തില്‍ ‘സമയമായില്ല പോലും’ എന്ന പാട്ടിന്‍റെ ശീലുകള്‍ ഒഴുകി വരുകയും അനന്തതയിലേയ്ക്ക് കണ്ണുനട്ട് നായകന്‍ ഫ്രീസ് ആവുന്നതും ചെയ്യുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.]
(ശുഭം)അറിയിപ്പ്: ഈ നാടകം സ്റ്റേജില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് നാടകകൃത്തിന്‍റെ മുന്‍കൂട്ടിയുള്ള അനുവാദം രേഖാമൂലം നേടിയിരിക്കേണ്ടതാണ്.
Labels: നാടകം