വ്യക്തികളേയും സ്ഥാപനങ്ങളേയും ഉല്പന്നങ്ങളേയും ചുറ്റിപ്പറ്റിയുള്ള സ്ഥിരീകരിക്കാനാവാത്ത വാര്‍ത്തകള്‍ (
റൂമറുകള്‍) പത്രങ്ങളിലും, വാരികകളിലും, വെബ് സൈറ്റുകളിലും മറ്റും ദിവസേന പ്രത്യക്ഷപ്പെടാറുണ്ടല്ലോ. റ്റെക്നോളജി കമ്പനികളേയും അതിന്‍റെ സാരഥികളേയും അവരുണ്ടാക്കുന്ന സോഫ്റ്റ്‍വെയറുകളേയും പറ്റി പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍ക്കും പഞ്ഞമില്ല.
മൈക്രോസോഫ്റ്റുമായി ബന്ധപ്പെട്ട വിശസനീയമായ റൂമറുകള്‍ ഉണ്ടാക്കുവാനും അതുവഴി മറ്റുജീവനക്കാരെ വിസ്മയിപ്പിക്കുവാനും, ചിരിപ്പിക്കുവാനുമായി ജീവനക്കാര്‍ക്കു മാത്രം ഉപയോഗിക്കാനുതകുന്ന സൈറ്റാണ്
എം എസ് റൂമര്‍. ഒരു
സോഷ്യല്‍ കമ്പ്യൂട്ടിംഗ് പരീക്ഷണം എന്ന നിലയ്ക്കാണ് ഈ സൈറ്റ് നിലകൊള്ളുന്നതെങ്കിലും, നമുക്ക് അജ്ഞാതരായി തുടര്‍ന്നുകൊണ്ടുതന്നെ, മാനേയ്ജരറിയാതെ, സമയം കൊല്ലാനുള്ള ഉപാധിയായാണ് ഈ സൈറ്റ് അറിയപ്പെടുന്നത്.
(ഈ സൈറ്റ് നിര്‍മ്മിച്ച അതേ ആള്‍ തന്നെയാണ്, പ്രവര്‍ത്തനത്തില്‍ സമാനമായ
റൂമര്‍ സിറ്റി എന്ന സൈറ്റും ഉണ്ടാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, ഫ്രീസെല്‍ എന്ന കമ്പ്യൂട്ടര്‍ ഗെയ്മും എഴുതിയുണ്ടാക്കിയത് ഇദ്ദേഹം തന്നെ.)
മലയാളം ബ്ലോഗര്‍മാര്‍ക്കും ഒരു റൂമര്‍ മില്‍ സൈറ്റ് അത്യാവശ്യമാണ് എന്ന തോന്നല്‍ തുടങ്ങിയിട്ട് അഞ്ചാറുമാസമാകുന്നു. രണ്ടാണ് ഉപയോഗം: സ്ഥിരീകരിക്കാനാവാത്ത വാര്‍ത്തകള്‍ സ്ഥിരീകരിക്കാം, അല്ലെങ്കില്‍ അത് തെറ്റാണെന്ന് പറഞ്ഞ് തള്ളിക്കളയാം.
പിന്നീടാണ് മനസ്സിലായത്, റൂമറിനു വേണ്ടി മലയാളികള്‍ക്ക് മറ്റു സൈറ്റുകള്‍ ആവശ്യമില്ല എന്ന്. സ്വന്തം പേജുകളില്‍ തെളിവോ റഫറന്‍സുകളോ ഇല്ലാതെ ആധികാരികമായി എഴുതിക്കൂട്ടുന്ന കാര്യങ്ങള്‍ കണ്ട് അതിശയിച്ചു നില്‍ക്കാനേ കഴിയുന്നുള്ളൂ. നിനക്കെന്തു ചേതം, സ്വന്തം ബ്ലോഗില്‍ ആര്‍ക്കും എന്തും എഴുതിക്കൂട്ടാമല്ലോ എന്നു ചിന്തിക്കാം. എന്നാല്‍ അത് നാമോരോരുത്തരുടേയും സാമൂഹികമായ കടമ വിസ്മരിക്കുന്നതിന് തുല്യമാവും. നാളെയൊരുനാള്‍ മലയാളത്തില്‍ സേര്‍ചു ചെയ്യുന്ന ഭാഗ്യഹീനര്‍ ഈ ‘ആധികാരിക’ ലേഖനങ്ങളെ അവലംബിച്ച് പുതിയ ഗവേഷണ ഗ്രന്ഥങ്ങള്‍ പുറത്തിറക്കില്ല എന്ന് ആരു കണ്ടു?
ഞാന്‍ കാണുന്ന തെറ്റുകള്‍ മൂന്നു വിധത്തിലുള്ളവയാണ്. ഇവ മൂന്നും ഓരോ ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാം.
൧. നിഷ്പക്ഷതയുടെ പേരു പറഞ്ഞ് തികച്ചും പക്ഷപാതപരമായ ലേഖനങ്ങള്‍ എഴുതുക.അധ്യാപകരെ എനിക്ക് ബഹുമാനമാണ്. ഒട്ടനവധി എണ്ണം പറഞ്ഞ അധ്യാപകര്‍ എനിക്കുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ തെറ്റുവരുത്തുന്നത് എനിക്ക് അംഗീകരിക്കാവുന്നതിലുമധികമാണ്. അറിയാതെ വരുത്തുന്ന തെറ്റുകള്‍ ആര്‍ക്കുമുണ്ടാവാം. എന്നാല്‍ അലസതമൂലമുണ്ടാവുന്ന തെറ്റുകളാവട്ടെ ഒഴിവാക്കപ്പെടേണ്ടുന്നതാണ്. അധ്യാപകന്‍ അലസതമൂലമോ സമയലാഭത്തിനു വേണ്ടിയോ ഇല്ലാത്ത വസ്തുതകള്‍ സ്വയം മെനഞ്ഞെടുത്താലെങ്ങനെയിരിക്കും?
ശ്രീ. വി. കെ. ആദര്‍ശിന്‍റെ ലേഖനങ്ങള്‍ മിക്കവയും കുറ്റമറ്റതാണ്. ലളിതമായ അവതരണ ശൈലിയിലൂടെ സാധാരണക്കാര്‍ക്ക് ദുര്‍ഗ്രഹമായ സാങ്കേതിക ജ്ഞാനം പകര്‍ന്നു നല്‍കുന്നതില്‍ അദ്ദേഹത്തിന്‍റെ മിക്ക ലേഖനങ്ങളും വിജയിച്ചു എന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ
സ്വതന്ത്ര സോഫ്‌ട്‌വെയറും മാറുന്ന വായനയുടെ അകംപൊരുളും എന്ന ലേഖനത്തില്‍, സ്വതന്ത്ര സോഫ്‌റ്റ്‍വെയറിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ മറവിയാലോ അമിതാവേശത്താലോ സംഭവിച്ച ഒന്നുരണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.
ശ്രീ ആദര്‍ശ് പറയുന്നു:
സ്വതന്ത്രസോഫ്‌ട്‌വെയര്‍ സാങ്കേതികപരമായും മികച്ചതാണ്. ലഭ്യമായ ഹാര്‍ഡ്‍വെയര്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്താനും, വൈറസ് തുടങ്ങിയ സാങ്കേതിക കടന്നുകയറ്റത്തെ ശക്തമായി ചെറുത്തു നിര്‍ത്തുന്ന രീതിയില്‍ രൂപകല്‌പന നടത്താനും സാധിക്കുന്നു.
പകര്‍പ്പവകാശം ലംഘിച്ച് ഉത്‌പന്നങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ആരുടെയും അനുവാദമില്ലാതെ ഇലക്‌ട്രോണിക് സര്‍ച്ചിംഗ് നടത്താനും വിന്‍ഡോസ് പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം 'പൈറസി പോലീസിനെ' അനുവദിക്കുന്നുണ്ട്.
ഇപ്പറഞ്ഞതിനൊന്നും തെളിവ് വയ്ക്കാന്‍ ശ്രീ. ആദര്‍ശ്‍ ശ്രമിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ആദ്യവാദത്തിന് അനുകൂലമായും എതിരായും ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ വിധി പ്രഖ്യാപിക്കും പോലെയുള്ള ആ വാചകങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുന്നത് അപകടം തന്നെ. അദ്ദേഹം പറ്റയുന്ന രണ്ടാമത്തെ വാദത്തില്‍ സത്യമൊട്ടില്ല താനും.
സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രചരിക്കപ്പെടുന്നതിനോടോ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനോടോ എനിക്ക് വിരോധമേതുമില്ല. എന്നാല്‍ അത്, സ്വതന്ത്രസോഫ്റ്റ്‍വെയറിന്‍റെ മേന്മകള്‍ (പോരായ്മകളുണ്ടെങ്കില്‍ അതും) വസ്തുനിഷ്ഠമായി പറഞ്ഞുകൊണ്ടായാല്‍ നന്ന്. കുറഞ്ഞ പക്ഷം, പണം കൊടുത്തു വാങ്ങുന്ന സോഫ്റ്റ്‍വെയറിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാവരുത്. ഇനി അതല്ല, താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളുടെ അപദാനങ്ങള്‍ പാടിയേ മതിയാവൂ എങ്കില്‍ ‘നിഷ്പക്ഷത’യുടെ മുഖം മൂടിയില്ലാതെ ‘ഞാന്‍ സ്വതന്ത്രസോഫ്‌ട്‌വെയറിന്‍റെ ആളാണ്’ എന്ന് പറയാനുള്ള ആര്‍ജ്ജവമുണ്ടാവണം.
൨. ആധികാരിതയുടെ അംശം അല്പം പോലും ഇല്ലാത്ത, തനിക്കറിയാത്ത വിഷയത്തെപ്പറ്റി ആധികാരിക ലേഖനങ്ങള്‍ എഴുതുകഒരു കര്‍ഷകന്‍ എന്ന നിലയില്‍
ശ്രീ. ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗുലോകത്തെ സംഭാവനകള്‍ ഗണ്യമാണ്. സാങ്കേതികതയുടെ വാതിലുകള്‍ തള്ളിത്തുറക്കാനും പുതിയവ പരീക്ഷിക്കാനുമുള്ള അദ്ദേഹത്തിന്‍റെ ഉത്സാഹം അനുകരണീയവും മാതൃകാപരവുമാണ്. എന്നാല്‍ കാര്‍ഷികേതര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്‍റെ ചില ലേഖനങ്ങള്‍ യാഥാര്‍ഥ്യത്തോട് അല്പം പോലും നീതി പുലര്‍ത്തുന്നില്ല എന്നതാണ് ഖേദകരമായ സത്യം. ഇത്തരം കാര്യങ്ങള്‍
ചൂണ്ടിക്കാട്ടുമ്പോള്‍ ‘എനിക്കറിയില്ലായിരുന്നു’ എന്ന് പറയുന്നത് ഭൂഷണമാണെന്ന് തോന്നുന്നില്ല. തെറ്റ് ആരും ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ തിരുത്തപ്പെടാതെ കിടക്കും എന്നത് ഭാവിതലമുറയ്ക്ക് ദോഷകരം തന്നെ.
൩. ആനുകാലികങ്ങളില്‍ ബ്ലോഗു സംബന്ധിയായ പക്ഷപാത ലേഖനങ്ങള്‍ എഴുതുകതല്ലാനാണെങ്കിലും തലോടാനാണെങ്കിലും ഈ അടുത്ത കാലത്തായി അച്ചടിമാധ്യമങ്ങള്‍ വീണ്ടും ബ്ലോഗുകള്‍ക്കു പിന്നാലെ ആണല്ലോ. ‘യൂസര്‍ ജനറേയ്റ്റഡ് കണ്ടെന്‍റ്’ അവര്‍ക്കിപ്പോള്‍ പ്രിയപ്പെട്ടതാണ്. ചുമ്മാ ഒരു നാളില്‍, ദാ, ബ്ലോഗില്‍ നിന്നൊരു കഥ, ബ്ലോഗില്‍ നിന്നൊരു ലേഖനം എന്നൊക്കെ പറഞ്ഞ് വായനക്കാരെ ഞെട്ടിപ്പിക്കുന്നതിനു പകരം അവര്‍ ‘ഇതാണു മക്കളേ ബ്ലോഗ്’ എന്ന തുടക്കമിട്ടു വച്ചാല്‍ അത്രയും എളുപ്പമായല്ലോ. ഇനി എന്നെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബ്ലോഗില്‍ നിന്നെടുത്ത് തകര്‍ക്കുകയും ചെയ്യാം.
ഇങ്ങനെ ബ്ലോഗിനെപ്പറ്റി എഴുതാനും വേണ്ടേ ഒരാള്? അയാളുടെ സത്യം മൂടി വയ്ക്കലിനെപ്പറ്റിയാണ് എന്‍റെ മൂന്നാമത്തെ ആശങ്ക. ഇതാണ് തിരുത്തപ്പെടാന്‍ ഏറ്റവും പ്രയാസമുള്ളതും.
ഉദാഹരണമായി, ഞാന്‍ ഏതെങ്കിലും ഒരു അച്ചടി മാധ്യമത്തില്‍ ബ്ലോഗിനെപ്പറ്റി നാലുവാക്കെഴുതുന്നു എന്നു കരുതുക (അങ്ങനെ വരാന്‍ വഴിയില്ല, എന്നാലും ഒന്നു സങ്കല്പിക്കൂ). മലയാളത്തിലെ ഏറ്റവും വായനക്കാരുള്ള ബ്ലോഗ്
പ്രാപ്രയുടേതാണെന്ന് ഞാന്‍ പറഞ്ഞു വയ്ക്കുന്നു. പിന്നെ എനിക്ക് പ്രിയപ്പെട്ട ചില ബ്ലോഗുകളായ പ്രമാദം, വെള്ളെഴുത്ത്, കല്ലുപെന്‍സില്‍ എന്നിവ കഴിഞ്ഞേ മലയാളത്തില്‍ മറ്റു ബ്ലോഗുകളുള്ളൂ എന്നും ഞാന്‍ പറയുന്നു. കാര്യം കൊള്ളാം, എന്‍റെ സ്വന്തം അഭിപ്രായമാണല്ലോ. എന്നാല്‍ ഇതു വായിച്ചു ബ്ലോഗിലേയ്ക്കു വരുന്ന ആദ്യവായനക്കാര്‍ക്ക് ബ്ലോഗിനെപ്പറ്റിയുള്ള ഒരു യഥാര്‍ഥ ചിത്രമാണ് നഷ്ടപ്പെടുന്നത്. വിശാലന്‍, കുറുമാന്‍, അരവിന്ദ്, ദേവന്‍, സിമി, പെരിങ്ങോടന്‍, സു, ലാപുട, ഉമേഷ്, ബെര്‍ളി, റാല്‍മിനോവ്, രാംമോഹന്‍ എന്നിവരെ വിസ്മരിക്കുന്നത് സത്യം അറിയാമായിരുന്നിട്ടും മൂടി വയ്ക്കുന്നതിനു തുല്യമാണ്. (ഒരു ലിസ്റ്റും ഒരിക്കലും പൂര്‍ണ്ണമാവില്ലെന്നും സ്വീകാര്യമായ ഒരു മധ്യമാര്‍ഗ്ഗമാണ് നല്ലതെന്നും അറിയാഞ്ഞിട്ടല്ല. ആ മധ്യമാര്‍ഗ്ഗം കുറച്ചെങ്കിലും സ്വീകാര്യമാവണം എന്ന് പറയുകയാണ്). ഇവിടെയാണ് ശ്രീ എസ്. കലേഷ് ജനപഥത്തില്‍ പ്രസിദ്ധീകരിച്ച
ഇനി നമുക്ക് ബൂലോഗത്തില്‍ ജീവിക്കാം പരാജയപ്പെടുന്നത്. (അവിടെ ഏവൂരാന്‍റേതായി വന്ന
കമന്‍റാണ് ഈ ലേഖനത്തിനാധാരം.)
റൂമര്‍ കില്‍:
൧. മലയാളത്തില്‍ മൈക്രോസോഫ്റ്റിനെതിരെ ഏതെങ്കിലും ലേഖനങ്ങള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുള്ളതായി എനിക്കറിവില്ല. അങ്ങനെ ഒരു നീക്കം, ബാധ്യതയും ഉത്തരവാദിത്തവും ചിട്ടകളുമുള്ള വന്‍ കമ്പനികള്‍ക്കിടയില്‍ സാധാരണമല്ല.
൨.
യാഹൂ പ്രശ്നത്തില്‍ മൈക്രോസോഫ്റ്റ് എന്നെ താക്കീതു ചെയ്തിട്ടില്ല. ഒരു പ്രശ്നത്തിലും മൈക്രോസോഫ്റ്റ് എന്നെ താക്കീതു ചെയ്തിട്ടില്ല. എന്‍റെ ജോലി/ജീവിത സമതുലനം (work/life balance) എന്‍റെ സ്വന്തമാണ്, അത് മൈക്രോസോഫ്റ്റിന്‍റെ പിടിയിലല്ല.
൩. ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിനോ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിനോ എതിരല്ല. അനുകൂലിക്കാത്തവരെല്ലാം എതിര്‍ക്കുന്നവരാണെന്ന് കരുതുന്നത് മൌഢ്യമാണ്.
Labels: ബ്ലോഗ്, ലേഖനം