ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, March 26, 2020

കൊറോണക്കാലത്ത് നാടൻ ചിക്കൻ ഉലർത്തിയത് മൻഹാട്ടനോടൊപ്പം

അധികം പാചകം ചെയ്തു ശീലമില്ലാത്തവർക്കു വേണ്ടിയുള്ള പാചകവിധിയാണ് ഇന്നത്തെ അടുക്കളക്കാഴ്ചയിൽ. എസ്റ്റാബ്ലിഷ്‌ഡ് ദേഹണ്ഡക്കാർക്ക് പാചകവിധി ഒന്നോടിച്ചുനോക്കി തുടങ്ങാവുന്നതരത്തിൽ ലളിതമായ വിഭവമാണ് നാടൻ ചിക്കൻ ഉലർത്തിയത്.

നാടൻചിക്കൻ കൊറോണയില്ലാത്ത കാലത്തും ഉലർത്താമെങ്കിലും (ഉലർത്തുക = ഡ്രൈ ആക്കുക) അനക്ഡോട്ടൽ എവിഡൻസ് പ്രകാരം സ്റ്റേ-ഇൻ ഓർഡറുകൾ അനുസരിക്കാൻ അപാകുക്കൾക്കാണ് (അങ്ങനെ ഒരു വാക്കുണ്ടോ?) കൂടുതൽ പ്രയാസം. അതിനാൽ നാളിന്നേവരെ അടുക്കള കണ്ടിട്ടില്ലാത്തവരും ചായ, ചമ്മന്തി എന്നിവയിൽ പാചകമൊതുക്കിയവരും മുന്നോട്ടു കടന്നുവരൂ, ഈ പാചകവിധി പരീക്ഷിക്കൂ! പാചകം എന്നാൽ കൈപ്പുണ്യമാണെന്ന് ധരിച്ചും ധരിപ്പിച്ചും കഴിയുന്നവർക്ക് അങ്ങനെയല്ല എന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണിത്.

Tip: ചായയുടെ പാചകക്രമം ശ്ലോകത്തിൽ വേണമെന്നുള്ളവർ ഹരിദാസ്‌ മംഗലപ്പള്ളിയേയോ (സ്രഗ്ദ്ധര) എന്നെയോ (കുസുമമഞ്ജരി) സമീപിക്കുക.

ചിക്കൻ ഉലർത്തിയത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ:

തൊലികളഞ്ഞ്, എല്ലോടുകൂടിയ കോഴിക്കഷണങ്ങൾ 1.5 x 1.5 x 1.5 ഇഞ്ച് വലിപ്പത്തിൽ മുറിച്ചത്: ഒരു കിലോ

Tip: ആദ്യമായി പാചകം ചെയ്യുമ്പോൾ കുറഞ്ഞ അളവാണ് ഉത്തമം. എന്നാലും കോൺഫിഡൻസ് ഉണ്ടെങ്കിൽ വലിയ അളവ് പരീക്ഷിക്കുന്നതിൽ തെറ്റില്ല.
FAQ: എല്ലില്ലെങ്കിൽ കുഴപ്പമുണ്ടോ?
ഉത്തരം: കോഴിക്ക് എല്ലില്ലെങ്കിലും കുഴപ്പമില്ല.

സാമാന്യം വലിപ്പമുള്ള സവാള ചെറുതായി നേടുകേ അരിഞ്ഞത്: 2 എണ്ണം
ഇഞ്ചി തള്ളവിരലിന്റെ വലിപ്പമുള്ളത് ചെറുതായി അരിഞ്ഞത്: ഒരു കഷണം
വെളുത്തുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്: 1

Tip: ഇഞ്ചിയും വെളുത്തുള്ളിയും ഇല്ലെങ്കിൽ 2 ടേബിൾ സ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇട്ടാൽ മതി. രുചിവ്യത്യാസമൊന്നും ആരും അറിയാൻ പോകുന്നില്ല.

പച്ചമുളക് നേടുകേ അരിഞ്ഞത്: 4 (ഇല്ലെങ്കിലും കുഴപ്പമില്ല, കുരുമുളക് ഇട്ട് അഡ്ജസ്റ്റ് ചെയ്യാം, പക്ഷേ പച്ചമുളക് കിടക്കുന്നതു കണ്ടാൽ കാണുന്നവർക്ക് ആനന്ദമാണ്.)
തക്കാളി വലിപ്പമുള്ളത് ചെറുതായി അരിഞ്ഞത്: 1

ബേർബൻ വിസ്കി: 60 മില്ലി (2 ഔൺസ്)
സ്വീറ്റ് വേർമൂത്: 15 മില്ലി (0.5 ഔൺസ്)
ആൻഗോസ്റ്റുര ബിറ്റേഴ്സ്: ആവശ്യത്തിന്
മരസ്കീനോ ചെറി: 1
ഓറഞ്ച് പീൽ: മരസ്കീനോ ചെറി കിട്ടിയില്ലെങ്കിൽ മാത്രം
2x2 ഇഞ്ച് വലിപ്പമുള്ള ട്രാൻസ്പേരന്റ് ഐസ് കഷണം: 1 (ഇത് പ്രധാനമായും ഇന്സ്റ്റഗ്രാമിൽ പടമിട്ട് ഷോ-ഓഫ് നടത്താനാണ്. ഇല്ലെങ്കിൽ ഫ്രിഡ്ജിൽ നിന്നും കിട്ടുന്ന ഐസ് രണ്ട് വലിയ കഷണം ആയാലും മതി)

മഞ്ഞൾപ്പൊടി: 1 ടീ സ്പൂൺ (മഞ്ഞൾപ്പൊടി അല്പം ഓവർറേറ്റഡ് പൊടിയാണ്. ഇട്ടില്ലെങ്കിലും രുചി വ്യത്യാസമുണ്ടാവില്ല എന്നു മാത്രമല്ല, കഴിക്കുന്നവർ അറിയുകയുമില്ല. മഞ്ഞൾ എല്ലാറ്റിനും ഉതകുന്ന ഒറ്റമൂലിയാണെന്ന് നാസയും കേശവൻ മാമനും പറഞ്ഞിട്ടുള്ളതിനാൽ അല്പം ഇടുന്നെന്നേയുള്ളൂ.)
എരിവു കുറഞ്ഞ (കാശ്മീരി) മുളകുപൊടി: 3 ടേബിൾ സ്പൂൺ

Tip: എരിവുള്ള മുളകുപൊടി കൂടുതൽ ഇട്ടാൽ വിവരം അറിയും.

മല്ലിപ്പൊടി: 2 ടേബിൾ സ്പൂൺ
കുരുമുളകു പൊടി: 1 ടേബിൾ സ്പൂൺ (ടച്ചിംഗ്‌സ് ആയി ഉപയോഗിക്കാനാണെങ്കിൽ അല്പം കൂടിയാലും കുഴപ്പമില്ല.)
ഗരം മസാല (എരിവ് അനുസരിച്ച്): 2 ടീ സ്പൂൺ
ഉപ്പ്: പാകത്തിന് (അല്ല പിന്നെ)

കറിവേപ്പില: 3 തണ്ട് (കുറഞ്ഞാലും സാരമില്ല.)
കടുക്: ഒരു പിടി (25 എണ്ണത്തോളം)
മല്ലിയില: ഐശ്വര്യത്തിന്
വെളിച്ചെണ്ണ: കൂടിയാലും കുറയരുത്

ഇത്രയും സാധനങ്ങൾ കയ്യിലില്ലെങ്കിൽ ഓൺലൈനിൽ വാങ്ങാൻ ശ്രമിക്കുക. ഓൺലൈനിൽ കിട്ടുന്നില്ലെങ്കിൽ അത്താഴത്തിന് വല്ല പുട്ടും പയറും ആവുന്നതാണ് ഭേദം.

ഡോ. പോൾ ഹീലി: 14 ദിവസം കൂടുമ്പോൾ ഒരിക്കൽ കടയിൽ പോയി അത്യാവശ്യ ഷോപ്പിംഗിന് നടത്തുന്നതാണ് അഭികാമ്യം. അല്ലാതെ എല്ലാ ദിവസവും ഷോപ്പിംഗ് എന്നു പറഞ്ഞ് ഇറങ്ങി നടക്കരുത്.

പാചകം ചെയ്യുന്ന വിധം:

മുറിച്ചെടുത്ത കോഴിക്കഷണങ്ങൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഗരം മസാല, ഉപ്പ് എന്നിവ ഒരു പൊടിയ്ക്ക് (30 മില്ലിയിൽ താഴെ) വെള്ളവും ചേർത്ത് പുരട്ടിയെടുത്ത് അരമണിക്കൂർ മാറ്റി വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഇപ്പോൾ ചേർക്കരുത്. ഇനി പറഞ്ഞില്ല എന്നു വേണ്ട.

ഈ സമയം ഒരു മിക്സിംഗ് ഗ്ലാസിൽ ആദ്യം സ്വീറ്റ് വേർമൂത്, അതിനു ശേഷം ബേർബൻ വിസ്കി എന്നിവ ഒഴിച്ച് നന്നായി ഇളക്കുക. അതിനു ശേഷം വിസ്കി ഗ്ലാസിൽ ഐസ്ക്യൂബ് ഇട്ടശേഷം വേർമൂത്, ബേർബൻ വിസ്കി മിക്സ് അതിലേയ്ക്കു പകരുക. അഞ്ചുതുള്ളി ആൻഗോസ്റ്റുര ബിറ്റേഴ്സ് ഇതിലേയ്ക്കു തളിക്കുക. ഇതിനെ ചെറിയോ ഓറഞ്ചു പീലോ കൊണ്ട് അലങ്കരിക്കുക. ഫോട്ടോ എടുത്തശേഷം മെല്ലെ, ആസ്വദിച്ച് കുടിക്കുക. ഈ ദ്രാവകം മൻഹാട്ടൻ എന്നപേരിലാണ് ദേവാസുരൻമാർ നുകർന്നുകൊണ്ടിരുന്നത്. നമുക്കും ആ പേരിൽ തന്നെ കുടിക്കാം.

മുന്നറിയിപ്പ്: മദ്യം കുടിക്കാൻ പ്രേരിപ്പിക്കുന്നത് ശിക്ഷാർഹമല്ലെങ്കിലും അഭികാമ്യമല്ല. കുടിക്കുമ്പോൾ നാട്ടിലുള്ള എന്റെ കസിൻസ് ചെയ്യുന്നതുപോലെ ഒറ്റമോന്തിൽ ഒരു ഡ്രിങ്ക് തീർക്കരുത്.

മാരിനേറ്റ് ചെയ്ത കോഴി ഒരു പാത്രത്തിലിട്ട് ഒരു മൂടുപാത്രം വച്ച് പകുതി തീയിൽ ഏകദേശം മുപ്പത് മിനുട്ട് വേവിക്കുക. കോഴി വെന്തുകൊണ്ടിരിക്കുമ്പോൾ മിക്സിംഗ് ഗ്ലാസിൽ രണ്ടാമത്തെ ഡിങ്ക് ഫിക്സ് ചെയ്ത് വീണ്ടും ഫോട്ടോ എടുത്തശേഷം സാവധാനം കുടിച്ചാൽ പാത്രത്തിനടിയിൽ പിടിക്കുന്നുണ്ടോ എന്ന് പെട്ടെന്ന് മനസ്സിലാക്കാം.

രണ്ടാം ഡ്രിങ്കും കഴിയുമ്പോൾ കോഴി വെന്തുകഴിഞ്ഞെങ്കിൽ അടുപ്പിൽ നിന്നും വാങ്ങി മാറ്റി വയ്ക്കാം. ഇല്ലെങ്കിൽ അത് അവിടെയിരുന്ന് വേവട്ടെ.

ഇതേ സമയം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഉള്ളി, കറിവേപ്പില, പച്ചമുളക്, അല്പം ഉപ്പ് (എരിവ് കൂടുതൽ വേണമെന്നുള്ളവർ അല്പം കുരുമുളക് പൊടി) എന്നിവ ചേർത്ത് ഉള്ളി തവിട്ടുനിറം ആകുന്നതു വരെ ചെറിയ ചൂടിൽ വഴറ്റിയെടുക്കുക. ഈ കലാപരിപാടി ശരിക്കു ചെയ്താൽ പത്തു പന്ത്രണ്ടു മിനിട്ടെടുക്കും.

ഇതിനിടയിൽ കോഴി വെന്തുകഴിഞ്ഞെങ്കിൽ തീ അണയ്ക്കാൻ മറക്കരുത്. ഒരു ഡ്രിങ്കു കൂടി വേണോ എന്ന് ഗാഢമായി ആലോചിക്കാനും ഈ സമയം വിനിയോഗിക്കാം.

വീണ്ടും ഉള്ളിയിലേയ്ക്ക്. സ്വർണ്ണവർണ്ണത്തോടടുത്ത ഉള്ളിക്കൂട്ടിൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വീണ്ടും മൂന്നു മിനുട്ട് വഴറ്റുക.

അതും കഴിഞ്ഞ് അരിഞ്ഞു വച്ച തക്കാളി ഇതിലേയ്ക്കു ചേർക്കുക. തക്കാളി അലിഞ്ഞ് വെള്ളംപോലെ ആകുന്നതുവരെ വഴറ്റൽ തുടരുക.

ഉള്ളിക്കൂട്ടും കോഴിവെന്തതും കൂടി ഒരു പാത്രത്തിലാക്കി നന്നായി കലർത്തി കുറച്ചു കറിവേപ്പില കൂടി ചേർത്ത് മൂടിവച്ച് മൂന്നു മിനിട്ടോളം കൂടി വേവിക്കുക.

അതുകഴിഞ്ഞ് തീ കുറച്ച് മൂടി മാറ്റി ഡ്രൈ ആവുന്നതുവരെ വേവിക്കണം. ഒരുവിധം തവിട്ടു നിറമായാൽ നിർത്താം.
FAQ: തവിട്ടു നിറമായില്ലെങ്കിലോ?
ഉത്തരം: ഒരല്പം എണ്ണ കൂടി ഒഴിച്ച് ഇളക്കാം.

കറിവേപ്പില ഇനിയും ബാക്കിയുണ്ടെങ്കിൽ അതും മല്ലിയിലയും കൂടിയിട്ട് ഫുഡീ ആപ്പിലൊരു പടവുമെടുത്താൽ കോറോണക്കാലത്തെ ബോറടി മാറിക്കിട്ടുകയും ചെയ്യും കഴിക്കാൻ വല്ലതും ആവുകയും ചെയ്യും.

(ഫസ്റ്റ് ഡേ ഫുൾ ശരിയായി വരണമെന്നില്ല എന്ന് ഏട്ടൻ പറഞ്ഞിട്ടുള്ളത് ഓർക്കുമല്ലോ.)

Labels: ,

അമിതവാചാടോപം കലർന്ന ചോദ്യം

ഇന്നത്തെ സാഹചര്യത്തിൽ ഇതൊരു rhetorical question ആണ്. അതുകൊണ്ട് ആരും ഉത്തരം പറയേണ്ട. അമിതവാചാടോപം കലർന്ന ചോദ്യങ്ങൾ പഞ്ചചാമരത്തിൽ ചോദിക്കണമെന്നാണ് മനുസ്മൃതിയിൽ പറയുന്നത്.

വളരെ പ്രമുഖനായ ഒരു ശ്ലോകകാരന് ഇതിലെ കഥാപാത്രങ്ങളെ മുഴുവൻ മനസ്സിലായില്ല. അതിനാൽ ഹിൻറ്:
  1. നേരിട്ട് പേര് പറയുന്നത് ഒഴിവാക്കാൻ പാപിയെ പാപൻ ആക്കിയിട്ടുണ്ട്. ക്ഷമിക്കുക.
  2. കേരളത്തിലെ ഒരു മന്ത്രിയേയും കുറ്റം പറയേണ്ടുന്ന അവസ്ഥ ഇപ്പോൾ നിലവിലില്ലല്ലോ.
ഇനി വൈകിക്കുന്നില്ല.
പടം നടിച്ച ഗോപനും സമം തികഞ്ഞൊരേട്ടനും 
ജനം തഴഞ്ഞ മന്ത്രി; മൂത്ത കള്ളനായ വൈദ്യനും
തലയ്ക്കു ബോധമറ്റതാം പഴംപൊലീസ് കുമാരനും
കൊറോണയെന്ന മാരണത്തെയൊച്ചവച്ചകറ്റുമോ? 

(പഞ്ചചാമരം)

Labels: , ,

Friday, March 20, 2020

കറുത്ത കാലങ്ങൾ

ജർമ്മൻ നാടകകൃത്തും കവിയുമായ ബേർറ്റോൾട് ബ്രേഷ്റ്റ് (Bertolt Brecht), 1939-ൽ പ്രസിദ്ധീകരിച്ച Svendborger Gedichte എന്ന സമാഹാരത്തിലെ ആദ്യസെക്ഷനിലെ (Motto to the Svendborg Poems) കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്:
In den finsteren Zeiten,
wird da auch gesungen werden?
Da wird auch gesungen werden.
Von den finsteren Zeiten.

ഈ വരികൾക്ക് പലതരം ഇംഗ്ലീഷ് പരിഭാഷകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും പ്രചാരമുള്ളത് ഇതാണ്:
In the dark times
Will there also be singing?
Yes, there will also be singing.
About the dark times.

കറുത്ത കാലങ്ങളിൽ പ്രതീക്ഷയുടെ പര്യായമായി പലരും ആശ്രയിക്കുന്നവയാണ് കാലാതിവർത്തിയായി നിൽക്കുന്ന ഈ വരികൾ. ഈ വരികളുടെ ഒരു സ്വതന്ത്രപരിഭാഷ:
കറുത്ത കാലങ്ങളിലാരു പാടാൻ,
കറുത്ത കാലങ്ങളിലെന്തു പാടാൻ?
കറുത്ത കാലങ്ങളിലുള്ള ഗീതം
കറുത്ത കാലങ്ങളെയോർത്തു തന്നെ.

(ഉപേന്ദ്രവജ്ര)

Labels: , ,

Monday, March 16, 2020

ബ്രേക്ക് ദ ചെയിൻ

കേരള സർക്കാറിന്റെ #breakthechain ക്യാമ്പയിനിൽ പങ്കാളിയാകുന്നു.
കൂട്ടെല്ലാമൊഴിവാക്കി, ശാസ്ത്രവിധിപോൽ വീട്ടിന്നകത്തായിടാം,
പാട്ടുംപാടിരസിച്ചു കൈകഴുകിടാം, സോപ്പിട്ടു നന്നായ് സദാ,
ഒട്ടും വേണ്ടിവരാത്തതൊന്നുമുടനേ വാങ്ങാതെ ശീലിച്ചിടാ-
മൊറ്റയ്ക്കല്ലൊരുമിച്ചു നാം പൊരുതിടാം, വൈറസ്സു തോൽക്കും വരേ!

(ശാർദ്ദൂലവിക്രീഡിതം)

Labels: , ,

Sunday, March 08, 2020

ഡ്രൈവിംഗ് ലൈസൻസ്

(റിവ്യൂ അല്ല)

പ്രീ-ഡിഗ്രിക്കാലത്ത് ഹോസ്റ്റൽ വാർഡൻ കുരിയാക്കോസച്ചൻ പനിപിടിച്ച് രണ്ടാഴ്ച ആശുപത്രിക്കിടക്കയിലായിരുന്ന സമയത്താണ് ഞാനുൾപ്പെടെ മൂന്നുപേർ അദ്ദേഹത്തിന്റെ വെസ്പയിൽ ഡ്രൈവിംഗ് പഠിക്കുന്നത് എന്ന കാര്യം മരണം വരെ അച്ചൻ അറിഞ്ഞിരുന്നില്ല.

വെസ്പ സ്കൂട്ടർ, എൻഫീൽഡ് മോട്ടോർ സൈക്കിൾ, അഞ്ചു പവന്റെ സ്വർണ്ണമാല, ഒന്നരപ്പവന്റെ സ്വർണ്ണക്കുരിശ്, ഇവാനിയോസ് കോളജ് ലൈബ്രറിയിലുള്ളതിനേക്കാൾ മലയാള പുസ്തകങ്ങളുടെ ശേഖരം എന്നിവ അച്ചനു സ്വന്തമായുണ്ടായിരുന്നെങ്കിലും ഇത്തരം പഞ്ചഭൂതദാത്മകമായ കാര്യങ്ങളിലൊന്നും അധികം ശ്രദ്ധയില്ലാതിരുന്നതിനാൽ ഞങ്ങളുടെ പഠനഫലമായി വെസ്പയ്ക്കുണ്ടായ ക്ഷ്ണതശിലാക്ഷതങ്ങൾ അച്ചൻ കണ്ടുകാണാൻ വഴിയില്ല.

അതിനും രണ്ടുകൊല്ലം മുമ്പ് മൂന്നാമതും SSLC എഴുതിത്തോറ്റു നിന്ന ഓമനേച്ചി പോലെയായി ഞാൻ: എല്ലാരും ആവശ്യപ്പെട്ടപോലെ പഠനം കഴിഞ്ഞു, എന്നാൽ ഇനിയും കല്യാണമൊട്ട് നടക്കുന്നുമില്ല. വണ്ടിയോടിക്കാൻ അറിയാം എന്നാൽ ലൈസൻസ് ഇല്ല. അതുകൊണ്ട് പകൽ സമയം ആരും അവരുടെ വണ്ടിയിൽ കൈവയ്ക്കാൻ സമ്മതിക്കുന്നില്ല. വണ്ടിയോടിക്കാനുള്ള വ്യഗ്രത ഒഴിവാക്കാൻ ജയനും (ശ്രീജ ഫെയിം) ഞാനും  ശനിയാഴ്ചകളികൾ അഞ്ചുമണിക്കുണർന്ന് സജി മാർക്കോസിന്റെ വണ്ടിയിൽ നേരെ പാളയം ഹനുമാൻകോവിലിൽ പോവും. ജയൻ കോവിലിൽകയറി മുട്ടിപ്പായി പ്രാർത്ഥിക്കും. അവൻ പ്രാർത്ഥനകഴിഞ്ഞു തിരിച്ചുവരുന്നതുവരെ ചാരിനിറുത്തിയ വണ്ടിയിൽ ചന്തിവച്ച് ഞാൻ ചുറ്റും നോക്കിയിരിക്കും.

അങ്ങനെയിരിക്കെ, വിപ്ലവനേതാവും ആദർശധീരനും സഹപാഠിയും സർവ്വോപരി ഹോസ്റ്റൽമേറ്റുമായ ബിജുവിനെക്കാണാൻ അവന്റെ ബന്ധു ഹോസ്റ്റലിൽ വന്നു. ബിജുവിന്റെ ബന്ധുവിനെ നമുക്കൊക്കെ വലിയകാര്യമായി. ചെറുപ്പക്കാരൻ. കവിതയുടെ അസ്കിതയുള്ളവൻ. തീക്ഷ്ണവും സമരോജ്ജ്വലവുമായ ജീവിതം നയിക്കുന്ന യുവതുർക്കി. ജോലികിട്ടിയിട്ട് അധികനാളായിട്ടില്ല. ജോലിയോ? നെടുമങ്ങാട് RTO ഓഫീസിൽ! പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഡ്രൈവിംഗ് പഠിച്ച് ഹാഫ് സാരിയിൽ നിന്ന ഞങ്ങൾ ഒരുമാസത്തിനകം ലൈസൻസ് കിട്ടി ഫുൾസാരിയിലായി.

ലൈസൻസ് ഉപയോഗിച്ചും ഉപയോഗിക്കാതേയും പിന്നീട് പലതവണ പലവണ്ടികൾ ഓടിച്ചു. പലമാതിരി പലഭാഷകള്‍ പലഭൂഷകള്‍ കെട്ടി. പലദേശങ്ങളും പലലൈസൻസുകളും വന്നപ്പോൾ കഷ്ടപ്പെട്ടുനേടിയ പഴയതിനെ മറന്നു.

ചുരുക്കിപ്പറഞ്ഞാൽ, ഇരുപതുകൊല്ലം കഴിഞ്ഞ് ലൈസൻസ് പുതുക്കാൻ നോക്കുമ്പോൾ സാധനം കാണുന്നില്ല. ലൈസൻസ് നമ്പർ എങ്ങും എഴുതിവച്ചിട്ടില്ല. നെടുമങ്ങാട് RTO ഓഫീസിൽ അന്വേഷിച്ചപ്പോൾ ഞാൻ ലൈസൻസ് എടുത്ത് രണ്ടുകൊല്ലത്തിനു ശേഷമുള്ള രേഖകൾ മുതൽ കമ്പ്യൂട്ടറിലുണ്ട്. മറ്റൊന്നും അവർക്കറിയില്ല. 4-Wheeler എൻഡോഴ്സ്മെന്റ് പതിച്ചുകിട്ടിയ കൊല്ലം RTO-യിലും രേഖയുമില്ല, ബിന്ദുവുമില്ല. ലൈസൻസ് നിർബന്ധമാണെങ്കിൽ ആദ്യമേ തുടങ്ങണം എന്ന് കസിന്റെ സുഹൃത്തായ ആറ്റിങ്ങൽ RTO-യിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉവാച. അങ്ങനെ ഞാൻ വീണ്ടും പോയി ലേണേഴ്സ് എടുത്തു, റോഡ് സേഫ്റ്റി ക്ലാസിൽ പോയി. H വരച്ചു, റോഡ് ടെസ്റ്റ് ചെയ്ത് പുതിയ ലൈസൻസ് കൈപ്പറ്റി.

വഴിക്കുവച്ച് മനംമടുത്ത്, ഈ പുല്ല് വേണ്ട, ഇനി ഞാൻ ഇൻഡ്യയിൽ ഡ്രൈവ് ചെയ്യുന്നില്ല എന്ന് തീരുമാനിക്കാമായിരുന്നു. അതുമല്ലെങ്കിൽ, സോഫ്റ്റ്‍വെയര്‍ ഫീൽഡിൽ ജോലി ചെയ്യുന്ന എനിക്കു വേണമെങ്കിൽ ഈ (കദന)കഥ ഒരു venture capitalist-നെ കേൾപ്പിച്ച്, "അളിയാ ഇതിനെക്കുറിച്ച് നമുക്കൊരു സോഫ്റ്റ്‍വെയര്‍ ഇറക്കി നാട്ടാരുടെ കയ്യിൽ നിന്നും നമുക്കു കാശു പിരിക്കാം. അവർക്ക് ഒരു entertainment-ഉം ആവും" എന്നു പറയുകയും ആർക്കും ഉപയോഗമില്ലാത്ത ഒരു കമ്പ്യൂട്ടർ പ്രോഗ്രാം entertainment എന്ന പേരിൽ പുറത്തിറക്കുകയും ചെയ്യാമായിരുന്നു. ആ കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ "ഈ സോഫ്റ്റ്‍വെയര്‍ ആൾക്കാരുടെ ഒരു കാര്യം, അവരെക്കൊണ്ട് സോഫ്റ്റ്‍വെയര്‍കാരനായ ഞാൻ തോറ്റു!" എന്ന വിധത്തിലുള്ള നെഗളിപ്പുകൾ മെസ്സേജുകളായി സ്ക്രീനിൽ തെളിയിക്കാമായിരുന്നു. ഇടയ്ക്ക് കൺകണ്ട ദൈവങ്ങളായ ബിൽ ഗേറ്റ്സ്, സ്റ്റീവ് ജോബ്‌സ് എന്നിവരോട് ഫോണിൽ സംസാരിക്കുന്ന രംഗങ്ങൾ ചേർത്ത് സംഭവം കൊഴുപ്പിക്കാമായിരുന്നു. എന്തുവന്നാലും എന്റെർടെയിൻമെന്റിന് ഒരു കുറവും വരരുതല്ലോ.

പക്ഷേ ഞാൻ അങ്ങനെ ചെയ്തില്ല.

ഇതാണ് ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലെ പൃഥ്വിരാജ് സുകുമാരൻ കഥാപാത്രമായ ഹരീന്ദ്രനും ഞാനും തമ്മിലുള്ള വ്യത്യാസം.

Wednesday, March 04, 2020

ഡെമോക്രാറ്റിക് പാർട്ടിക്ക്

(നവംബറിൽ ഈ പോസ്റ്റുവായിച്ച് തെറ്റിപ്പോയി എന്നു പറയാൻ വേണ്ടി എഴുതിയിടുന്നത്.)

ഡെമോക്രാറ്റിക് പാർട്ടീ,

ഞങ്ങളുടെ വാറനെയുമപഹരിച്ചൂ, നിങ്ങൾ
ഞങ്ങളുടെ സർ‍വ്വസ്വമപഹരിച്ചൂ
ചുട്ടെരിച്ചൂ നിങ്ങൾ‍ ബേർണിയെ, നിങ്ങളുടെ
വോട്ടുബാങ്കാകെത്തകർത്തൂ!

നിങ്ങളുടെ കണ്ണിലെ കൃഷ്ണമണിയായവനെ,
നിങ്ങൾക്കൊരുണ്ണിയുമുടയോനുമായവനെ,
നിങ്ങളിലെയുണ്മയും ആരുയിരുമായവനെ,
നിങ്ങൾ, നിങ്ങളുടെ ബൈഡനെ തുണച്ചൂ... 

ഒരു ഞടുക്കത്തോടെ, നെഞ്ചുരുക്കത്തോടെ,
ഒടുവിലീ സത്യമറിയുന്നു:
ഒന്നൊന്നുമറിയാതെ പുക്കുന്ന ട്രംപിന്ന്
ഇനി നാലു വർഷവും ഭരണം!

Labels: