വളര്‍ന്നു വലുതാകുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന ചോദ്യം ആദ്യം ചോദിച്ചത് അഞ്ചാം ക്ലാസ്സില്‍ കണക്ക് വാധ്യാരായിരുന്ന സുലൈമാന്‍ സാറ് ആണ്.
സാറിനു വേറേ പണിയില്ലേ എന്ന മട്ടില്‍, ഞങ്ങള്‍ ആണായ്പിറന്നവരെല്ലാം ദൂരെക്കണ്ട വേട്ടാവുളിയന്‍ കൂട്ടില്‍ കണ്ണുനട്ടും, ഏഴ്. ബി-യില്‍ മലയാളം പഠിപ്പിക്കുന്ന ശാന്തട്ടീച്ചറിന്‍റെ പാട്ടില്‍ കാതുനട്ടും ഇരിപ്പായി. പെണ്‍കിടാങ്ങള്‍ എന്തൊക്കെയോ കുശുകുശുക്കുന്നു. ഏറ്റവും നല്ല ഉത്തരം പറഞ്ഞ് ആണുങ്ങളെ തറപറ്റിക്കാനുള്ള ഗൂഢാലോചനയാവണം. ആ ഒറ്റ ചിന്തയല്ലേയുള്ളൂ അവറ്റകളുടെ മനസ്സില്‍.
“ചോദ്യം എല്ലാരോടുമാണ്. ഞാന്‍ ഓരോരുത്തരോടായി ചോദിക്കുന്നതായിരിക്കും!” സാറ് നയം വ്യക്തമാക്കിയതോടെ ആണുങ്ങളുടെ കണ്ണും കാതും കൂട്ടത്തോടെ അഞ്ച്. എ-യിലേയ്ക്ക് തിരിച്ചെത്തി.
പിന്നെ വെപ്രാളമായി. എന്തു പറയും? രാജേഷ് കണ്ടക്ടര്‍ പണി ബുക്കു ചെയ്തു. സുരേഷ് ബാബുവിന് പേര്‍ഷ്യേ പോണം. റസാക്കിന് ഡ്രൈവറായാല്‍ മതി. അവനതു പറയാം. അവന്‍റച്ഛനു കാറുള്ളതല്ലേ? പ്രേം കുമാറിനു ബിസിനസ്സുകാരനാവണം. അതെന്തു കുന്ത്രാണ്ടമാണാവോ?
ശോഭയ്ക്ക് ടീച്ചറാവാനാണ് മോഹം. ഛെ, ഇനി സാറാവണമെന്നു പറഞ്ഞാല്‍ ശോഭ പറഞ്ഞതു കേട്ട് പറഞ്ഞതാണെന്നല്ലേ ഇവന്മാര്‍ പറഞ്ഞു നടക്കൂ. അല്ലെങ്കിലേ കൊഴപ്പം: ഷിബു ഇന്നാളു ചോദിച്ചേയുള്ളൂ, ഞാനെന്തിനാ ശോഭേം ബിന്ദൂനേം നോക്കിയിരിക്കുന്നതെന്ന്. അവര്‍ എന്നെയാ നോക്കുന്നത്, ഞാന്‍ അവരെയല്ല എന്നു പറഞ്ഞ് തല്‍ക്കാലം രക്ഷപ്പെട്ടു നില്‍ക്ക്വാ.
ബിന്ദു എന്താ പറഞ്ഞതെന്ന് ഞാന്‍ കേട്ടില്ല. “കൊള്ളാമല്ലോ, മിടുക്കി” എന്ന സാറിന്‍റെ മറുപടി മാത്രം കേട്ടു.
എനിക്കാരാവണം? പരിചിതമുഖങ്ങള്‍ മനസ്സിലോടിയെത്തി.
ആയിത്തീര്‍ന്നാല്‍ നാലാള് കുറ്റം പറയാത്ത ഒരുപാട് പേരുണ്ട്, പക്ഷേ, പലരും അദ്ധ്യാപകരാണ്. ശോഭ, ടീച്ചറാവണമെന്ന് പറഞ്ഞതോടുകൂടി വഴിയടഞ്ഞത് എന്‍റേതാണ്. സാമ്പന്‍ സാറും ഇബ്രാഹിം കുഞ്ഞ് സാറും ആകാന്‍ പറ്റിയ സാറന്മാരാണ്. പക്ഷേ എന്തു ചെയ്യാന്‍?
രവിയണ്ണന്‍ ഉള്‍പ്പടെ എല്ലാ ഡ്രൈവര്‍മാരും പുറത്ത്. റസാക്ക്, ഡ്രൈവര്‍ എടുത്തുകഴിഞ്ഞു. കരുണാകരന്‍ മാമനെപ്പോലെ രാഷ്ട്രീയക്കാരനായാലോ? വേണ്ട, തെരഞ്ഞെടുപ്പില്‍ നിന്ന് തോല്‍ക്കാന്‍ വയ്യ. കുമാറണ്ണനെപ്പോലെ റേഡിയോ നന്നാക്കുന്നയാളാവണമെന്നു പറയാം. പക്ഷേ, സുലൈമാന്‍ സാറ് അമ്മയെക്കാണുമ്പോള്‍ പറഞ്ഞുകൊടുത്താലോ? ആ കാരണം കൊണ്ട് സ്വര്‍ണപ്പണിക്കാരന്‍ രാജനും സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന രാജപ്പന്‍ മേശിരിയും മുറുക്കാന്‍ കടക്കാരന്‍ തുളസിയും ആവാന്‍ പറ്റില്ല. ചിട്ടിക്കാരന്‍ മൊണ്ണയാവണമെന്നു പറയാമെന്നു വച്ചാല്‍ അയാളുടെ യഥാര്‍ത്ഥ പേരറിയില്ല.
പല്ലന്‍ ഗോപി നല്ലപോലെ പന്തുകളിക്കും. പക്ഷേ മോളിച്ചേച്ചിക്കും അമ്പിളിച്ചേച്ചിക്കും അവനെ പേടിയാണ്. അതുകൊണ്ട് അവനാവാന്‍ പറ്റില്ല. രാധാകൃഷ്ണന്‍ ചേട്ടന്‍ നല്ല മനുഷ്യനാണ്, പക്ഷേ വിക്കുണ്ട്. റേഷന്‍ കടയിലെ സുകുമാരണ്ണന്‍ എല്ലാവരേയും സഹായിക്കുന്നവനാണ്. അണ്ണന്‍, പക്ഷേ, സന്ധ്യയായാല്‍ വെള്ളമടിക്കും. അപ്പച്ചിയുടെ മകന്‍ വിജയണ്ണന്‍ നല്ലപോലെ പഠിക്കുമെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ വിജയണ്ണനാവണമെന്നു പറഞ്ഞാല്‍, അയാളാരാ എന്നു ചോദിച്ചാലോ? ഒരു ജോലിയുള്ള ആളിന്‍റെ പേരല്ലേ പറയാന്‍ പറ്റൂ. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന വിജയണ്ണനാവണമെന്നു പറയാന്‍ പറ്റില്ല. പഠിച്ചു വലുതായി വിജയണ്ണനും വെള്ളമടിച്ചാലോ? വെള്ളമടിക്കുന്ന കാരണം മൂലം മണിയന്‍ മാമന്‍, രാഘവനപ്പൂപ്പന്‍ എന്നിവരും ആവന്‍ പറ്റില്ല. കഷ്ടം, മണിയന്‍ മാമന്‍ ബോംബേയിലൊക്കെ പോയിട്ടുള്ള ആളായിരുന്നു.
ഉളിനാട്ടെ സാറ് എഞ്ചിനീയറാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അത് എന്തു ജോലിയാണെന്നറിയില്ല. നല്ല പാടുള്ള പണിയായിരിക്കും. സാറ് രാവിലെ ആറരയ്ക്ക് പോകും. ഇരുട്ടിയിട്ടേ വരൂ. അത്രേം വലിയ ആളാവണമെന്ന് പറഞ്ഞാല്‍ സുലൈമാന്‍ സാറ് കളിയാക്കിയാലോ? പുത്തന്‍ വീട്ടിലെ സുനിലണ്ണന്‍ നല്ലപോലെ വരയ്ക്കും. അണ്ണനു പക്ഷേ അടികിട്ടിയിട്ടുണ്ട്. അത് സുലൈമാന്‍ സാറിനും അറിയാമായിരിക്കും. പാറയ്ക്കലെ ശശിയണ്ണന്‍ ആകാന്‍ പറ്റിയ ആളായിരുന്നു. ഏയീയോ ആപ്പീസിലായിരുന്നു ജോലി. പക്ഷേ വിഷം കഴിച്ചു മരിച്ചു.
ഇനി ആലോചിക്കാന്‍ അധികം സമയമില്ല. എന്‍റെ അവസരം വരാറായി. രണ്ടാം ബഞ്ച് കാരനായിരുന്നതുകൊണ്ട് ആലോചിക്കാന്‍ ഇത്രയെങ്കിലും സമയം കിട്ടി (വായിക്കുന്നുണ്ടാവില്ലന്നറിയാം, എന്നാലും സോറി, അഞ്ചാം ക്ലാസ്സില്‍ ഞാന്‍ വെറും രണ്ടാം ബഞ്ചുകാരനായിരുന്നുവെന്ന് അമ്മ അറിയുന്ന സുദിനമാണല്ലോ ഇന്ന്).
കിട്ടിപ്പോയ്!
എനിക്ക് കുറുപ്പമ്മാവനാവണം!
കറുത്ത കൊമ്പന്‍ മീശയും ആറടിയോളം ഉയരവും അതിനു തക്ക തടിയും ഉള്ള, രാമന്‍റെ അച്ഛന്‍ ഗോപാലക്കുറുപ്പ് മാമന്‍ ആ ദേശത്തെ കള്ളന്മാരുടെ മാത്രമല്ല, ഞങ്ങള്‍ പീക്രിപ്പിള്ളേരുടേയും പേടിസ്വപ്നമായിരുന്നു. സാദാ പീക്രികള്‍ക്ക് സ്കൂളില്‍ പേകുമ്പോഴും മടങ്ങിവരുമ്പോഴും മാത്രമേ പോലീസ്കുറുപ്പിനെ കണ്ട് പനി പിടിക്കാന്‍ അവസരമുണ്ടായിരുന്നുള്ളൂ. അച്ഛന്‍റെ ഒരു അടുത്ത സുഹൃത്തായിരുന്നതിനാല്‍, കുറുപ്പമ്മാവന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരുമായിരുന്നു. അനിയനും ഞാനും മരക്കമ്പിന് നിക്കറിട്ടപോലെയുള്ള ഒന്നുരണ്ടു അളിയന്മാരുമടങ്ങുന്ന ഗുണ്ടാ സംഘത്തിന്‍റെ കാര്യം അതുമൂലം വളരെ കഷ്ടത്തിലായിരുന്നു.
ഇനി ഒന്നും ആലോചിക്കാനില്ല. ഞാന്‍ പോലീസ് ആകാന്‍ ആഗ്രഹിക്കുന്നു. അതും വെറും പോലീസല്ല, കുറുപ്പമ്മാവനെപ്പോലെയുള്ള പോലീസ്.
എന്‍റെ ഊഴം വരുന്നതിനുമുമ്പ് അടുത്തിരിക്കുന്ന അനില്‍ പോലീസാവണമെന്നു പറഞ്ഞാലോ? അവനോടു പറയാം, പോലീസ് ഞാന്‍ എടുത്തു എന്ന്. അപ്പോള്‍പ്പിന്നെ അവന് അതെടുക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ പതുക്കെ അനിലിനോടു പറഞ്ഞു:
“ഞാന്‍ പോലീസാവാന്‍ പോവാണ്. നീ അതെടുക്കരുത്. നീ സാറാവണമെന്ന് പറ.”
“പോടാ, നിക്ക് സാറാവണ്ട.”
സര്‍വവും നശിച്ചു. അവന്‍റെ നോട്ടം കണ്ടാലറിയാം, അവന്‍ പോലീസ് എടുക്കും.
അനിലിന്‍റെ ഊഴം വന്നു. അവന്‍ എന്നെ നോക്കിക്കൊണ്ട് ചാടിയെഴുന്നേറ്റു പറഞ്ഞു: “നിക്ക് എസ്സൈ ആവണം സാറേ, ദേ ഇവന്‍ പോലീസാവാന്‍ ഇരിക്ക്വാ...”
സുലൈമാന്‍ സാറ് ചിരിച്ചു കൊണ്ട് ചോദിച്ചു: “ആണോ, നീ പോലീസാവാന്‍ ഇരിക്ക്വാണോ? നീയെന്തിനാടേ പോലീസാവണത്, നെനക്ക് നിന്‍റച്ഛനെപ്പോലായാപ്പോരേ?”
ഞാന്‍ എഴുന്നേറ്റ് അനിലിനേയും സാറിനേയും നോക്കി, പിന്നെ ഉറക്കെപ്പറഞ്ഞു: “ഞാന്‍ ഇവനോട് വെറുതേ പറഞ്ഞതാ സാറേ, എനിക്കെന്‍റച്ഛനെപ്പോലായാ മതി!”
Labels: ലേഖനം, വൈയക്തികം