രംഗം ഒന്ന്‘സാര്‍, ഇന്ത്യയിലേയ്ക്ക് ഫോണ്‍ വിളിക്കാറുണ്ടോ?’ ഫോണെടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്നും തമിഴ് ചുവയുള്ള ഇംഗ്ലീഷിലുള്ള ചോദ്യം.
‘അതെന്ത് ചോദ്യമാണ്? പിന്നില്ലാതേ!’ ഞാന്‍ പ്രതിവചിച്ചു.
നാട്ടിലേയ്ക്കുള്ള ഫോണ്‍ വിളി ഇവിടെ വലിയൊരു ബിസിനസ്സാണ്. ചെലവു കുറഞ്ഞതും നിലവാരം കൂടിയതും എന്ന ലേബലോടെ പുതിയപുതിയ ഫോണ്‍ സര്‍വീസുകളുടെ പ്രതിനിധികളില്‍ നിന്നുള്ള മാര്‍ക്കറ്റിംഗ് കോളുകള്‍ സര്‍വ്വസാധാരണം.
ഇത്തവണ ഇന്ത്യക്കാരനാണ് വിളിക്കുന്നത് എന്നതിനാല്‍, സാധാരണ ചെയ്യാറുള്ളതുപോലെ ഒന്നും തിരിച്ചു പറയാതെ, ഉടന്‍ ഫോണ്‍ വയ്ക്കാന്‍ തോന്നിയില്ല. സംസാരത്തില്‍ ചെറിയൊരു ഡ്രാഗ് ഉള്ളതിനാല്‍ നാട്ടില്‍ നിന്നാണ് വിളിയെന്ന് വ്യക്തം. രാത്രി പകലാക്കി അധ്വാനം ചെയ്യുന്ന സ്വന്തം രാജ്യക്കാരനോട് അല്പം മാന്യതയാവുന്നതില്‍ തെറ്റില്ലല്ലോ.
‘സാര്‍, എന്‍റെ പേര് സ്മിത്ത്. ഫോണ്‍ ചെയ്യാന്‍ നമ്മുടെ സര്‍വ്വീസ് ഉപയോഗിക്കൂ! ഇതിന് വില കുറവാണെന്ന് മാത്രമല്ല, നല്ല ക്വാളിറ്റിയുമുണ്ട്.’
‘സ്മിത്തോ? നിങ്ങള്‍ പേരുമാറ്റിയോ?’ സ്മിത്ത് എന്ന പേരില്‍ ഒരു തമിഴന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന ധൈര്യത്തിലാണു ഞാന്‍.
‘ഇല്ലല്ലോ. എന്‍റെ പേര് സ്മിത്ത് എന്നാണ്. ഞാന്‍ ന്യൂജേര്‍സിയില്‍ നിന്നാണ് വിളിക്കുന്നത്.’
ഒരുവിധത്തില്‍ ആ കോള്‍ അവസാനിപ്പിച്ചു. ഇതൊക്കെ മനസ്സിലാവുന്നവരുടെ അടുത്തെങ്കിലും മദ്രാസില്‍ നിന്നോ മറ്റോ വിളിക്കുന്ന അറുമുഖത്തിന് ന്യൂജേഴ്സിയിലെ സ്മിത്താവാതിരുന്നുകൂടേ എന്ന് മനസ്സിലോര്‍ത്തു.
രംഗം രണ്ട്‘സാര്‍, ഇന്ത്യയിലേയ്ക്ക് വിളിക്കാന്‍ ഇതാ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗം,’ ചുറു ചുറുക്കുള്ള നല്ല ഇംഗ്ലീഷില്‍ വടക്കേ ഇന്ത്യക്കാരി മൊഴിയുന്നു.
‘നീയാര്, കാത്‍ലീനോ, ജെനിഫറോ?’ അല്പം പരിഹാസം ചേര്‍ത്ത് ഞാന്‍ ചോദിച്ചു.
‘അല്ല സര്‍, ഞാന്‍ ഹീന, ബോംബേയില്‍ നിന്ന് വിളിക്കുന്നു...’
കാര്യങ്ങള്‍ പുരോഗമിക്കുന്നു എന്നത് സന്തോഷജനകം തന്നെ. താന്‍ അമേരിക്കന്‍ ഐക്യനാടുകളിലെവിടെയോ ഇരിക്കുന്ന ജെനിഫറാണെന്ന് അവള്‍ കള്ളം പറയുന്നില്ലല്ലോ!
രംഗം മൂന്ന്‘സാറുണ്ടോ?’ നല്ല പച്ചമലയാളത്തിലുള്ള പെണ്‍ശബ്ദം.
‘സാര്‍ നാട്ടില്‍ വിളിക്കാന്‍ ഏതു സര്‍വീസാണ് ഉപയോഗിക്കുന്നത്?’
‘അയ്യോ, സാറിവിടെ ഇല്ലല്ലോ. ഞാന്‍ വെറും വേലക്കാരന്‍!’
‘സാറെവിടെപ്പോയി?’
‘സാറും കൊച്ചമ്മയും കൂടി കറങ്ങാന്‍ പോയിരിക്കുന്നു. തിരിച്ചു വരുമ്പോഴേയ്ക്കും കഞ്ഞീം കറീം ഉണ്ടാക്കി വയ്ക്കണം...’
സംഭാഷണം അവിടെ വച്ച് കഴിയുമെന്ന് ഞാന്‍ വിചാരിച്ചു.
‘ഇന്നെന്താ കൂട്ടാന്‍ വയ്ക്കുന്നത്?’ അവള്‍ ചിരിക്കുന്നു.
ഞാന്‍ ചുറ്റും നോക്കി. അകലെ മൂലയില്‍ കുറേ ബീന്‍സ് ഇരിക്കുന്നു.
‘ബീന്‍സ് തോരന്‍,’ എന്‍റെ മറുപടി.
‘അയ്യേ, വലിയ വേലക്കാരനായിട്ട് ബീന്‍സ് തോരനാണോ സാറിന് വച്ചു കൊടുക്കുന്നത്?’
‘ശരി, ഒരുപാട് ജോലി ബാക്കി കിടക്കുന്നു. സാര്‍ വരുമ്പോള്‍ വിളിക്കൂ!’ ഇനിയും ഇതിങ്ങനെ നീളുന്നത് ഭംഗിയല്ലെന്നു കണ്ട് സംഭാഷണം അവസാനിപ്പിച്ചു.
* * *ഡിഷ് നെറ്റ്‍വര്‍ക്കിലെ പ്രോഗ്രാമുകള്‍ കാണുന്നവര്‍ തീര്‍ച്ചയായും കാണേണ്ടുന്ന
ലിങ്ക് ചാനലിനെപ്പറ്റി മുമ്പ്
ഈ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ അവശ്യം കാണേണ്ടുന്ന മറ്റൊരു ചാനലാണ്
ഫ്രീ സ്പീച് ചാനല്‍ (9415). ഫ്രീ സ്പീച് ചാനലില്‍ കണ്ട
ബോംബേ കോളിംഗ് എന്ന ഡോക്യുമെന്‍ററി, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററുകളുടെ നാഡിമിടിപ്പ് അറിയാന്‍ സഹായകമാം വിധം അതിമനോഹരമാണ്. നല്ല ഡോക്യുമെന്‍ററിക്കുള്ള നിരവധി അവാര്‍ഡുകള്‍, ക്യാനഡ നാഷണല്‍ ഫിലിം ബോഡ് നിര്‍മ്മിച്ച ബോംബേ കോളിംഗ് ഇതിനോടകം നേടിയിരിക്കുന്നു.
ഇന്ത്യയില്‍ നിന്നു വരുന്ന ഇത്തരം കോളുകളോട് ഇന്ത്യക്കാര്‍ക്കെങ്കിലും കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ സമീപനം ഉണ്ടാവാന്‍ ഈ ഡോക്യുമെന്‍ററി സഹായിക്കും. കണ്ടു നോക്കൂ.
Labels: മാദ്ധ്യമം, ലേഖനം