ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, March 30, 2006

കള്ളിപ്പെണ്ണ്

ഇതൊരു സാങ്കല്പിക സൃഷ്ടിയാണ്. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാം‍പസില്‍ ഞാന്‍ പഠിച്ചിട്ടില്ല. എന്‍റെ ക്ലാസില്‍ കലശ്ശലായ പ്രേമവുമായി രണ്ടുപേര്‍ ഉണ്ടായിരുന്നില്ല. പ്രേമം മൂത്ത്, ക്യാം‍പസ് സ്ഥിതി ചെയ്യുന്ന നാല്പാത്തിമല മുഴുവന്‍ അവര്‍ അലസഗമനം നടത്തിയിരുന്നില്ല. ആറുമാസത്തിലൊരിക്കല്‍ ഉണ്ടാവാറുള്ള ക്ലാസ് ടൂറിന്‍റെ തലേന്നു മദ്യലഹരിയില്‍ കുറിച്ചിട്ടതല്ല ഈ ‘സൃഷ്ടി’. ഇതില്‍പ്പറയുന്ന രണ്ടു പേരും ഇപ്പോള്‍ ലോകത്തിന്‍റെ രണ്ടു കോണുകളില്‍ സസുഖം ജീവിച്ചിരുപ്പുമില്ല.

* * *

വണ്ണപ്പുറംകാരി കള്ളിപ്പെണ്ണേ, നിന-
ക്കെങ്ങനെ കിട്ടിയീക്കള്ളച്ചിരി?


എന്നോമല്‍ച്ചെക്കനെക്കണ്ണാലെ കണ്ടപ്പം
താനേ മുളച്ചതീ കള്ളച്ചിരി!

കണ്ടാലും മിണ്ടാതെ കാര്യങ്ങളോതാതെ
മണ്ടിനടന്നൊരു കള്ളിപ്പെണ്ണേ,
രണ്ടാം സെമസ്റ്ററിലെന്തുകൊണ്ടിങ്ങനെ
കണ്ടിടം തോണ്ടുന്നു മണ്ടിപ്പെണ്ണേ?


എന്‍റെ മനസ്സിന്‍റെ മച്ചുമ്പിലപ്പൊഴേ
ഉണ്ടായിരുന്നവന്‍ കണ്ണനായി,
കണ്ടിടാതെ, യൊന്നും മിണ്ടാതെയെങ്ങനെ-
യുണ്ടാവും പ്രേമമെന്‍ കൂട്ടുകാരേ!

ഒക്കെമനസ്സിലായെങ്കിലും പെണ്ണേ, നീ
വെക്കമിതെങ്ങനെ സാധിച്ചെടീ?


മഞ്ഞപ്പൂവല്ലോ തുടങ്ങിവച്ചൂ, പിന്നെ
കൊഞ്ചലില്‍ വീണവന്‍ കൂട്ടുകാരേ!
കൊഞ്ചിക്കൊഞ്ചീപിന്നെത്തഞ്ചത്തില്‍ ഞാനുമാ-
പ്പഞ്ചാസ്ത്രമങ്ങു തൊടുത്തുവിട്ടൂ,
കട്ടിച്ചുവപ്പായി മഞ്ഞ പിന്നെ, ഞങ്ങള്‍-
കെട്ടിപ്പിടിച്ചില്ലയെന്നേയുള്ളൂ!
കണ്ടിട്ടു തീരാതെ കേട്ടിട്ടും തീരാതെ
കൊണ്ടു നടന്നു ഞാന്‍ നാല്പാത്തിയില്‍
‍ക്ഷേത്രത്തില്‍ പോയി നാം ലാബു ചെയ്തു, ഒറ്റ-
പ്പാത്രത്തില്‍ നിന്നും കഴിച്ചു പോന്നൂ.
മുറ്റത്തുകാട്ടുന്ന കോപ്രായം കണ്ടിട്ട്
ഏറ്റുമാനൂരപ്പനന്തം വിട്ടു.
ഉറ്റവനല്ലെങ്കില്‍ ചെയ്യുമോ കൂട്ടരേ,
തെറ്റി, നാളെന്നാലും, പുഷ്പാഞ്ജലി?
പൊട്ടിപ്പോയെക്സാമി, നെന്നാലും കൂട്ടരേ,
കിട്ടിയല്ലോ കുട്ടന്‍ കൂട്ടുകൂടാന്‍!

Labels:

Friday, March 24, 2006

കഷ്ടം, സാറേ!

ഡോ. ഡി. ബഞ്ചമിന്‍ ചിന്ത.കോമില്‍ എഴുതിയ വാരഫലവും സാഹിത്യ വിമര്‍ശനവും എന്ന ലേഖനത്തിന് ഒരു കമന്‍റിടാന്‍ വളരെ ശ്രമിച്ചു. ഏതോ മുന്നുപാധികള്‍ തോറ്റത്രേ (Precondition Failed)! അതിനാല്‍ അതിന്‍റെ മറുപടി എഴുതിയതുപോലെ ഇവിടെ കൊടുക്കുന്നു.

കഷ്ടം, ഒരു ചെളി വാരിയെറിയലില്‍ നിന്നും അല്പം പോലും ഉയരുന്നില്ലെല്ലോ ബഞ്ച്മിന്‍ സാറേ, ഈ ജല്പനങ്ങള്‍!
  1. താങ്കളുടെ ആദ്യ ഖണ്ഡികയിലെ ധ്വനി മനസ്സിലായി. താങ്കള്‍ക്ക് മറുപടി പറയാന്‍, താങ്കള്‍ അവിശുദ്ധ കൂട്ടുകെട്ടായി പ്രഖ്യാപിച്ചവര്‍ ജീവിച്ചിരിപ്പില്ലാത്തത് നല്ലത്. എന്നാലും അല്പം പ്രതിപക്ഷബഹുമാനം അധ്യാപകര്‍ക്കും നല്ലതുതന്നെ. എം. കൃഷ്ണന്‍നായര്‍ എഴുതിത്തുടങ്ങിയ സാഹചര്യം കാണിച്ച് ആ എഴുത്തിനെ വിലയിരുത്തേണ്ട കാര്യമില്ല. അങ്ങ്, കേരള യൂണിവേഴ്സിറ്റിയുടെ ഉത്തുംഗ ശൃംഗങ്ങളിലിരുന്ന് എഴുതുന്ന കാരണം, ആ എഴുത്തുകള്‍ ഇനി ഉദാത്തമാണെന്നു വരുമോ?

  2. “എം. കൃഷ്ണന്‍ നായരുടെ പംക്തിക്ക് സാധാരണക്കരായ വായനക്കാര്‍ ധാരാളമുണ്ടെന്ന ധാരണയാണ് ഈ പ്രതികരണങ്ങള്‍ക്കു പിന്നില്‍” എന്നു എഴുതിയിരിക്കുന്നു. താങ്കള്‍ ഈ ലോകത്തിലല്ലേ ജീവിക്കുന്നത്? അല്ലെങ്കില്‍ ഇതാ കേട്ടോളൂ, എം. കൃഷ്ണന്‍ നായരുടെ പംക്തിക്ക് സാധാരണക്കരായ വായനക്കാര്‍ ധാരാളമുണ്ടായിരുന്നു. അതൊരു മിഥ്യാ ധാരണയല്ല, വെറും സത്യാവസ്ഥ മാത്രം. അതുകൊണ്ടുതന്നെ എഴുത്ത് വയറ്റിപ്പിഴപ്പാക്കാന്‍ നോക്കി നടക്കുന്നവര്‍ അദ്ദേഹത്തിന്‍റെ അഭിപ്രായത്തിനു വിലവച്ചിരുന്നു. “ഒട്ടൊരു ലൈംഗികതാ സപര്‍ശമോ നര്‍മസ്പര്‍ശമോ ഉള്ള ഭാഷയില്‍” അദ്ദേഹം എഴുതിയിരുന്നത് എത്ര നേരം വേണമെങ്കിലും കോട്ടുവായിടാതെ വായിച്ചു കൊണ്ടിരിക്കാമായിരുന്നു. താങ്കളുടെ ഈ കുഞ്ഞു ലേഖനം തന്നെ ഉറക്കം വരാതെ കണ്ണു മിഴിച്ചിരുന്ന് വായിച്ചത്, ഇതിനൊരു മറുകുറി എഴുതണമെന്നു തോന്നിയതുകൊണ്ടുമാത്രമാണ്. കൂട്ടത്തില്‍പ്പറയട്ടേ, “അത്യന്തം അതിശയോക്തി കലര്‍ത്തി ലാഘവത്തോടെ നടത്തുന്ന പരാമര്‍ശങ്ങള്‍” ഉണ്ടല്ലോ, അതു തന്നെയാണ് നമ്മള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയിരുന്നതും. (അല്ലാതെ അത് നമുക്ക് തിരിച്ചറിയാന്‍ കഴിയാതിരുന്ന ഒരു ‘സത്യ’മാണെന്ന് താങ്കള്‍ എഴുതിയത് സാഹിത്യാസ്വാദകരായ ഞങ്ങള്‍ സാധാരണക്കാരോടുള്ള താങ്കളുടെ അവജ്ഞ പുറത്തുകൊണ്ടു വരുന്നു. എന്നു മാത്രമല്ല, ഞങ്ങളെക്കുറിച്ചുള്ള താങ്കളുടെ ഈ മുന്‍‍വിധിയുണ്ടല്ലോ, അത് ഉപേക്ഷിക്കേണ്ടുന്ന സമയം അതിക്രമിച്ചു പോയിരിക്കുന്നു എന്നു ഇതിനാല്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു). താങ്കളുള്‍പ്പെടുന്ന (?) വിമര്‍ശക കേസരികള്‍ ശാസ്ത്രീയമായ രീതിയില്‍ നടത്തുന്ന കുത്തിക്കീറലുകള്‍ക്ക് വെറും അക്കാദമിക മൂല്യം മാത്രമേയുള്ളൂ. ഞാന്‍ മലയാള സാഹിത്യത്തില്‍ ഒരു ഡോക്റ്ററേറ്റ് എടുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ മാത്രമേ താങ്കളുടെ ഈ ശാസ്ത്രീയ ശസ്ത്രക്രിയ എനിക്ക് താല്പര്യമായി ഭവിക്കൂ.

  3. മുകളില്‍ പറഞ്ഞ കാര്യം തന്നെ ഒന്നു കൂടി വിശദമാക്കാം (താങ്കള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാകണമല്ലോ). ആഴ്ചയില്‍ 100 കണക്കിനു വരുന്ന കഥകളുടേയും മറ്റിതര രചനകളുടേയും ഒരു സമ്പൂര്‍ണ്ണാപഗ്രഥനമല്ല, ഞങ്ങള്‍ എം. കൃഷ്ണന്‍നായരില്‍ നിന്നും പ്രതീക്ഷിച്ചത്. അദ്ദേഹത്തിന് സാധാരണക്കാരനായ ഒരു സാഹിത്യാസ്വാദകന്‍റെ മനസ്സുമായുള്ള താദാത്മ്യം കാരണം, അദ്ദേഹം “നല്ലത്” എന്ന് പറയുമ്പോള്‍ അത് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു നല്ല ശതമാനം വായനക്കാരുണ്ടായിരുന്നു. (ഇവിടെ, അങ്ങനെ ഉണ്ടായിരുന്നില്ല എന്നാണ് താങ്കള്‍ വാദിക്കുന്നതെങ്കില്‍, 40 കൊല്ലക്കാലം സാഹിത്യ വാരഫലം നിലനില്‍ക്കുമായിരുന്നില്ല എന്നതാണ് എന്‍റെ മറുപടി.) ഏറ്റവും കുറഞ്ഞ അപഗ്രഥനത്തിലൂടെ ഒരു കൃതി നല്ലതോ ചീത്തയോ എന്നു പറയുന്ന അദ്ദേഹത്തിന്‍റെ രീതി ഒരു പോരായ്മയല്ല, മറിച്ച് പല നിരൂപക കേസരികള്‍ക്കുമില്ലാത്ത ഒരു കഴിവാണ്. “ദേശീയമോ രാഷ്ട്രാന്തരീയമോ ആയ വിമര്‍ശന സങ്കല്‍പ്പങ്ങ”ളൊക്കെ വെറും അക്കാദമിക കാര്യങ്ങളാണു സാറേ, ഞങ്ങള്‍ സാധാരണക്കാര്‍ക്ക്.

  4. “ജീവിതത്തിലാദ്യമായൊരാളെഴുതിയ കഥയെ നോബല്‍ സമ്മാന ജേതാവായ ഒരെഴുത്തുകാരന്റെ കഥയുമായി താരതമ്യം ചെയ്തിട്ട് പുതിയ എഴുത്തുകാരന്റെ രചന പരിഹാസ്യമാം വിധം മോശമാണെന്ന് വിധിക്കുക. അതിന്റെ പേരില്‍ അയാളുടെ പ്രപിതാമഹന്മാരെ വരെ ആക്ഷേപിക്കുക. ഒരു കോടതിയും ഇന്നുവരെ ആര്‍ക്കും വിധിച്ചിട്ടില്ലാത്ത ക്രൂരമായ ശിക്ഷ വിധിക്കുയും ചെയ്യുക. - ഇതിനെയും വിമര്‍ശനമെന്നോ വിളിക്കേണ്ടത്?”
    അല്ല. താങ്കളുടെ ലേഖനത്തിലെ രണ്ടാമത്തെ ഖണ്ഡിക ഒരാവര്‍ത്തികൂടി വായിച്ചു നോക്കൂ. അപ്പോള്‍ താങ്കള്‍ക്ക് മനസ്സിലാവും ഇതിനെ എന്തു പേരിട്ട് വിളിക്കണമെന്ന്. സാറേ, ലേഖനങ്ങള്‍ ഒറ്റയിരുപ്പിലിരുന്ന് എഴുതൂ, എന്നാലേ എകാഗ്രത കിട്ടുകയുള്ളൂ.

  5. “ഈ ആരോപണങ്ങളില്‍ ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാനോ വേണമങ്കില്‍ കോടതില്‍ വച്ചു സമര്‍ഥിക്കാനോ അദ്ദേഹം മെനക്കെട്ടില്ല. ”
    ഒരു കൃതി മറ്റൊരു കൃതിയുടെ തനി അനുകരണമാണെന്നോ വിദൂരാനുകരണമാണെന്നോ പറയുമ്പോള്‍ത്തന്നെ അതിന്‍റെ കാരണവും എം. കൃഷ്ണന്‍നായര്‍ പറയാറുണ്ട്. (അങ്ങനെയല്ലാത്ത ഒരു ഉദാഹരണം കാണിച്ചു തരൂ.) പിന്നെ, കോടതി കയറി, അതിന്‍റെ കര്‍ത്താവിനെയോ, പബ്ലിഷരെയോ, ജഡ്ജിയേയോ ബോധിപ്പിക്കേണ്ടുന്ന ചുമതല വിമര്‍ശകനില്ല. ഇല്ലാക്കാര്യം പറഞ്ഞ് സ്വന്തം വിശ്വാസ്യത തകര്‍ക്കാന്‍ താങ്കള്‍ മുതിരുമോ? അനുകരണമാണെങ്കിലും ഇല്ലെങ്കിലും ഒരു കൃതി വായിക്കണോ വേണ്ടയോ എന്നു ആത്യന്തികമായി തീരുമാനിക്കേണ്ടത് വായനക്കാരനാണ്, കോടതികളല്ല. പിന്നെ താങ്കള്‍ പറയുന്ന താരതമ്യസാഹിത്യവും സ്വാധീനവും വേറേ, നാണമില്ലാത്ത മോഷണം വേറേ. താങ്കള്‍ ഇത്ര നാളും വായിച്ചു കൂട്ടിയതിനേക്കാളും ഒരു പക്ഷേ ഇനി വായിക്കാനിരിക്കുന്നതിനേക്കാളും പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള എം. കൃഷ്ണന്‍നായര്‍ക്ക് തരതമ്യസാഹിത്യവും സ്വാധീനവും മറ്റു നിരൂപണ സങ്കേതങ്ങളും ഇനി താങ്കള്‍ പറഞ്ഞുകൊടുത്തിട്ടു വേണമല്ലോ പഠിച്ചെടുക്കാന്‍.

  6. ശ്രീ. പെരുമ്പടവും താങ്കളും “സ്വാധീന”മെന്ന് വിളിക്കുന്ന ആ സൌകര്യമുണ്ടല്ലോ, അതിനു തെളിവായി താങ്കള്‍ നിരുത്തുന്നത് വെറും നീര്‍ക്കുമിളകളാണ്. തര്‍ജമയുമായി തട്ടിച്ചു നോക്കി മൌലികത നിശ്ചയിക്കാനോ? നല്ല തമാശ! തര്‍ജമക്കാര്‍ക്ക് മറ്റൊന്നും നോക്കാനില്ല, പെരുമ്പടവത്തിന് പിടിക്കപ്പെടാതെ നോക്കാനുണ്ട്. അല്പം മൌലികത ഉണ്ടാവുമല്ലോ, പെരുമ്പടവമല്ലേ എഴുതുന്നത്? അദ്ദേഹം തര്‍ജമ ചെയ്തിരുന്നെങ്കില്‍ മറ്റു തര്‍ജമകളെക്കാള്‍ നന്നാവുമായിരുന്നു എന്നെനിക്കുറപ്പുണ്ട്.

  7. എന്നെ ഏറ്റവും അമ്പരപ്പിച്ചത് താങ്കളുടെ ഉച്ചാരണ വിരോധമാണ്. തെറ്റ് തിരുത്തിക്കൊടുക്കുന്നതാണോ താങ്കള്‍ കണ്ട “ഭാഷാപരമായ പൊങ്ങച്ചം”? താങ്കളൊരധ്യാപകനാണോ? താങ്കള്‍ പഠിപ്പിച്ചുകൊടുക്കുന്ന കാര്യം കുട്ടികള്‍ ശരിയായി പഠിക്കാതെ, “സാറ് എങ്ങനെ വേണമെങ്കിലും പറഞ്ഞു തരാന്‍ ശ്രമിച്ചോ, ഞങ്ങള്‍ ഇങ്ങനയേ പറയൂ/പഠിക്കൂ” എന്നു പറയുന്ന വിദ്യാര്‍ത്ഥികളെയാണോ താങ്കള്‍ക്കിഷ്ടം? ഒരു ചൂരല്‍ക്കമ്പുമായി എം. കൃഷ്ണന്‍നായര്‍ താങ്കളുടെയടുത്തു വന്നില്ലല്ലോ, താങ്കള്‍ രക്ഷാകര്‍ത്താവെന്നാണൊ അല്ലയോ പറയുന്നതെന്ന് നൊക്കാന്‍? അദ്ദേഹം തന്‍റെ രീതിയില്‍ ശ്രമിച്ചു ഒരു ജനതയുടെ ഉച്ചാരണ/ഉപയോഗ വൈകല്യങ്ങള്‍ മാറ്റാന്‍. അതിന് താങ്കളുടെ ആക്ഷേപമല്ല അദ്ദേഹം അര്‍ഹിക്കുന്നത്. ഡോ. ബഞ്ചമിന്‍ ഒരു വാധ്യാരാണെങ്കില്‍, മഹുമാന്യനായ ശ്രീ. കൃഷ്ണന്‍നായര്‍, താങ്കള്‍ ഡോ. ഡി. ബഞ്ചമിനോട് ക്ഷമിച്ചാലും. താങ്കള്‍ ഏതോ നാട്ടില്‍ പോയി ഒരു ബനഡിറ്റോ ക്രോച്ചെയെപ്പിടിച്ചു കൊണ്ടുവന്നില്ലേ? ഇതാ ഗാന്ധിജി ഭാഷയെപ്പറ്റിപ്പറഞ്ഞത് കാണുക: “A language is an exact reflection of the character and growth of its speakers.”

    വൈദേശിക പദങ്ങളുടെ ഉച്ചാരണത്തെപ്പറ്റി: താങ്കള്‍ വൈദേശിക പദങ്ങള്‍ തെറ്റായിത്തന്നെ ഉച്ചരിച്ചോളൂ. ഇടയ്ക്ക് കളിയാക്കപ്പെടുമ്പോള്‍, LKG-യില്‍ പഠിക്കുന്ന കൊച്ചുമോളോട് ചോദിച്ച് കൃത്യമായ ഉച്ചാരണം മനസ്സിലാക്കിക്കോളൂ. കഷ്ടം. പിന്നെ, താങ്കളുടെ “ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ സ്ഥലപ്പേരുകളെല്ലാം...” എന്ന ഉദാഹരണം. ഒന്നാലോച്ചു നോക്കൂ. ആ ഉദാഹരണത്തിന്‍റെ കാലികമായ പ്രസക്തിയില്ലായ്മ അപ്പോള്‍ മനസ്സിലാവും. “അന്യഭാഷ പഠിക്കുമ്പോള്‍ നമ്മുടെ ഉച്ചാരണശീലം ഒട്ടൊക്കെ അതില്‍ കടന്നു കൂടുമെന്ന അനിവാര്യത ഉദാരമനസ്സോടെ അംഗീകരിക്കുകയാണ് ഭംഗി.” ഇത് എല്ലാ പാഠങ്ങള്‍ക്കും ബാധകമാണോ? ജര്‍മന്‍ ചരിത്രം പഠിപ്പിക്കുമ്പോള്‍ നമ്മുടെ ചരിത്രം “ഒട്ടൊക്കെ അതില്‍ കടന്നു കൂടുമോ”?

  8. താങ്കള്‍ എഴുതിയതില്‍ ഞാന്‍ യോജിക്കുന്ന ഒരേ ഒരു വാദം വാക്കുകള്‍ക്ക് കാലത്തിലൂടെ അര്‍ത്ഥപരിണാമവും രൂപപരിണാമവും സംഭവിക്കാറുണ്ട് എന്നതാണ്. അത് അംഗീകരിക്കാന്‍ എം. കൃഷ്ണന്‍നായര്‍ വിമുഖനായിരുന്നു. ഇവിടെ മാത്രമാണ് താങ്കള്‍ ഒരു ലേഖകനു വേണ്ടുന്ന പക്വത കാണിച്ചിട്ടുള്ളതും. ഇനി ഇതു മാത്രമായിരുന്നു ഒരു “കണ്‍‍വിന്‍സിംഗ് ഐറ്റം” ആയി താങ്കളുടെ പക്കല്‍ ഉണ്ടായിരുന്നത് എന്നു വരുമോ?

  9. എം. കൃഷ്ണന്‍നായരുടെ മറ്റു കൃതികളെല്ലാം മോശമാണ് എന്ന താങ്കളുടെ കണ്ടുപിടിത്തവും അപാരം തന്നെ. ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെ’ക്കുറിച്ചെഴുതിയ ലേഖനം, അതിന്‍റെ ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നു. എം. എ. വിദ്യാര്‍ത്ഥികള്‍ പഠിച്ച കൃഷ്ണന്‍‌നായരുടെ ‘മാജിക്കല്‍ റിയലിസം’ ഞാന്‍ വായിച്ചിട്ടില്ല. മാജിക്കല്‍ റിയലിസത്തെക്കുറിച്ചുള്ള അവസാന വാക്ക് എന്ന രീതിയിലാണോ എം. എ. വിദ്യാര്‍ത്ഥികള്‍ ഈ ലേഖനം പഠിച്ചിരുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്. ഏത് പഠന ലേഖനങ്ങളെടുത്താലും “അതിനേക്കാള്‍ നല്ലത്” കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. പ്രത്യേകിച്ച് മുണ്ടും മടക്കിക്കുത്തി കൊല്ലാനിരിക്കുന്നവര്‍ക്ക്. പണ്ട് പ്രീ-ഡിഗ്രിക്ക് എം. എന്‍. വിജയന്‍റെ “സ്വര്‍ണ്ണ മത്സ്യങ്ങള്‍” പഠിക്കാനുണ്ടായിരുന്നു. ഇപ്പോഴും ഏതെങ്കിലും ക്ലാസ്സില്‍ പഠിക്കാന്‍ കാണും. എം. എന്‍. വിജയനെതിരെ ഒരു ലേഖനമെഴുതുന്നയാളിന് സ്വര്‍ണ്ണ മത്സ്യങ്ങളെക്കാള്‍ ആ വിഷയം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന വേറൊരു ലേഖനം കണ്ടെത്താന്‍ വിഷമമുണ്ടാവില്ല. അത് മൂലം എം. എന്‍. വിജയന്‍റെ ധിഷണയ്ക്കോ, പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കോ യാതൊരബദ്ധവും വന്നു ചേരുന്നില്ലല്ലോ. (സാറ് ഇനിയും എഴുതൂ, ഭാവിയിലാരെങ്കിലും സാറിനേയും പഠിക്കും.)
അല്ലാ, സാറ് എന്തിനുള്ള പുറപ്പാടാണ്? എം. കൃഷ്ണന്‍‌നായരെ ആക്ഷേപിക്കാനാണ് താങ്കള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതെങ്കില്‍, അതിനെ വളം വയ്ക്കാന്‍ ഞങ്ങള്‍ കുറച്ചു പേരെങ്കിലും സമ്മതിക്കില്ല. ഒരു കാലഘട്ടത്തിന്‍റെ വായനയുടെ പ്രതീകമായിരുന്ന ആ വിശുദ്ധാത്മാവിനെ കരിവാരിത്തേച്ച് സാഹിത്യ നിരൂപകന്‍ ചമയുന്ന ഇത്തരം ശാസ്ത്രജ്ഞന്മാരാണ് മലയാള വായനയുടെ ശാപം.

Labels: ,

Wednesday, March 22, 2006

ആരായിത്തീരണം?

വളര്‍ന്നു വലുതാകുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന ചോദ്യം ആദ്യം ചോദിച്ചത് അഞ്ചാം ക്ലാസ്സില്‍ കണക്ക് വാധ്യാരായിരുന്ന സുലൈമാന്‍ സാറ് ആണ്.

സാറിനു വേറേ പണിയില്ലേ എന്ന മട്ടില്‍, ഞങ്ങള്‍ ആണായ്പിറന്നവരെല്ലാം ദൂരെക്കണ്ട വേട്ടാവുളിയന്‍ കൂട്ടില്‍ കണ്ണുനട്ടും, ഏഴ്. ബി-യില്‍ മലയാളം പഠിപ്പിക്കുന്ന ശാന്തട്ടീച്ചറിന്‍റെ പാട്ടില്‍ കാതുനട്ടും ഇരിപ്പായി. പെണ്‍കിടാങ്ങള്‍ എന്തൊക്കെയോ കുശുകുശുക്കുന്നു. ഏറ്റവും നല്ല ഉത്തരം പറഞ്ഞ് ആണുങ്ങളെ തറപറ്റിക്കാനുള്ള ഗൂഢാലോചനയാവണം. ആ ഒറ്റ ചിന്തയല്ലേയുള്ളൂ അവറ്റകളുടെ മനസ്സില്‍.

“ചോദ്യം എല്ലാരോടുമാണ്. ഞാന്‍ ഓരോരുത്തരോടായി ചോദിക്കുന്നതായിരിക്കും!” സാറ് നയം വ്യക്തമാക്കിയതോടെ ആണുങ്ങളുടെ കണ്ണും കാതും കൂട്ടത്തോടെ അഞ്ച്. എ-യിലേയ്ക്ക് തിരിച്ചെത്തി.

പിന്നെ വെപ്രാളമായി. എന്തു പറയും? രാജേഷ് കണ്ടക്ടര്‍ പണി ബുക്കു ചെയ്തു. സുരേഷ് ബാബുവിന് പേര്‍ഷ്യേ പോണം. റസാക്കിന് ഡ്രൈവറായാല്‍ മതി. അവനതു പറയാം. അവന്‍റച്ഛനു കാറുള്ളതല്ലേ? പ്രേം കുമാറിനു ബിസിനസ്സുകാരനാവണം. അതെന്തു കുന്ത്രാണ്ടമാണാവോ?

ശോഭയ്ക്ക് ടീച്ചറാവാനാണ് മോഹം. ഛെ, ഇനി സാറാവണമെന്നു പറഞ്ഞാല്‍ ശോഭ പറഞ്ഞതു കേട്ട് പറഞ്ഞതാണെന്നല്ലേ ഇവന്മാര്‍ പറഞ്ഞു നടക്കൂ. അല്ലെങ്കിലേ കൊഴപ്പം: ഷിബു ഇന്നാളു ചോദിച്ചേയുള്ളൂ, ഞാനെന്തിനാ ശോഭേം ബിന്ദൂനേം നോക്കിയിരിക്കുന്നതെന്ന്. അവര്‍ എന്നെയാ നോക്കുന്നത്, ഞാന്‍ അവരെയല്ല എന്നു പറഞ്ഞ് തല്‍ക്കാലം രക്ഷപ്പെട്ടു നില്‍ക്ക്വാ.

ബിന്ദു എന്താ പറഞ്ഞതെന്ന് ഞാന്‍ കേട്ടില്ല. “കൊള്ളാമല്ലോ, മിടുക്കി” എന്ന സാറിന്‍റെ മറുപടി മാത്രം കേട്ടു.

എനിക്കാരാവണം? പരിചിതമുഖങ്ങള്‍ മനസ്സിലോടിയെത്തി.

ആയിത്തീര്‍ന്നാല്‍ നാലാള് കുറ്റം പറയാത്ത ഒരുപാട് പേരുണ്ട്, പക്ഷേ, പലരും അദ്ധ്യാപകരാണ്. ശോഭ, ടീച്ചറാവണമെന്ന് പറഞ്ഞതോടുകൂടി വഴിയടഞ്ഞത് എന്‍റേതാണ്. സാമ്പന്‍ സാറും ഇബ്രാഹിം കുഞ്ഞ് സാറും ആകാന്‍ പറ്റിയ സാറന്മാരാണ്. പക്ഷേ എന്തു ചെയ്യാന്‍?

രവിയണ്ണന്‍ ഉള്‍പ്പടെ എല്ലാ ഡ്രൈവര്‍മാരും പുറത്ത്. റസാക്ക്, ഡ്രൈവര്‍ എടുത്തുകഴിഞ്ഞു. കരുണാകരന്‍ മാമനെപ്പോലെ രാഷ്ട്രീയക്കാരനായാലോ? വേണ്ട, തെരഞ്ഞെടുപ്പില്‍ നിന്ന് തോല്‍ക്കാന്‍ വയ്യ. കുമാറണ്ണനെപ്പോലെ റേഡിയോ നന്നാക്കുന്നയാളാവണമെന്നു പറയാം. പക്ഷേ, സുലൈമാന്‍ സാറ് അമ്മയെക്കാണുമ്പോള്‍ പറഞ്ഞുകൊടുത്താലോ? ആ കാരണം കൊണ്ട് സ്വര്‍ണപ്പണിക്കാരന്‍ രാജനും സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന രാജപ്പന്‍ മേശിരിയും മുറുക്കാന്‍ കടക്കാരന്‍ തുളസിയും ആവാന്‍ പറ്റില്ല. ചിട്ടിക്കാരന്‍ മൊണ്ണയാവണമെന്നു പറയാമെന്നു വച്ചാല്‍ അയാളുടെ യഥാര്‍ത്ഥ പേരറിയില്ല.

പല്ലന്‍ ഗോപി നല്ലപോലെ പന്തുകളിക്കും. പക്ഷേ മോളിച്ചേച്ചിക്കും അമ്പിളിച്ചേച്ചിക്കും അവനെ പേടിയാണ്. അതുകൊണ്ട് അവനാവാന്‍ പറ്റില്ല. രാധാകൃഷ്ണന്‍ ചേട്ടന്‍ നല്ല മനുഷ്യനാണ്, പക്ഷേ വിക്കുണ്ട്. റേഷന്‍ കടയിലെ സുകുമാരണ്ണന്‍ എല്ലാവരേയും സഹായിക്കുന്നവനാണ്. അണ്ണന്‍, പക്ഷേ, സന്ധ്യയായാല്‍ വെള്ളമടിക്കും. അപ്പച്ചിയുടെ മകന്‍ വിജയണ്ണന്‍ നല്ലപോലെ പഠിക്കുമെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ വിജയണ്ണനാവണമെന്നു പറഞ്ഞാല്‍, അയാളാരാ എന്നു ചോദിച്ചാലോ? ഒരു ജോലിയുള്ള ആളിന്‍റെ പേരല്ലേ പറയാന്‍ പറ്റൂ. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന വിജയണ്ണനാവണമെന്നു പറയാന്‍ പറ്റില്ല. പഠിച്ചു വലുതായി വിജയണ്ണനും വെള്ളമടിച്ചാലോ? വെള്ളമടിക്കുന്ന കാരണം മൂലം മണിയന്‍ മാമന്‍, രാഘവനപ്പൂപ്പന്‍ എന്നിവരും ആവന്‍ പറ്റില്ല. കഷ്ടം, മണിയന്‍ മാമന്‍ ബോംബേയിലൊക്കെ പോയിട്ടുള്ള ആളായിരുന്നു.

ഉളിനാട്ടെ സാറ് എഞ്ചിനീയറാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അത് എന്തു ജോലിയാണെന്നറിയില്ല. നല്ല പാടുള്ള പണിയായിരിക്കും. സാറ് രാവിലെ ആറരയ്ക്ക് പോകും. ഇരുട്ടിയിട്ടേ വരൂ. അത്രേം വലിയ ആളാവണമെന്ന് പറഞ്ഞാല്‍ സുലൈമാന്‍ സാറ് കളിയാക്കിയാലോ? പുത്തന്‍ വീട്ടിലെ സുനിലണ്ണന്‍ നല്ലപോലെ വരയ്ക്കും. അണ്ണനു പക്ഷേ അടികിട്ടിയിട്ടുണ്ട്. അത് സുലൈമാന്‍ സാറിനും അറിയാമായിരിക്കും. പാറയ്ക്കലെ ശശിയണ്ണന്‍ ആകാന്‍ പറ്റിയ ആളായിരുന്നു. ഏയീയോ ആപ്പീസിലായിരുന്നു ജോലി. പക്ഷേ വിഷം കഴിച്ചു മരിച്ചു.

ഇനി ആലോചിക്കാന്‍ അധികം സമയമില്ല. എന്‍റെ അവസരം വരാറായി. രണ്ടാം ബഞ്ച് കാരനായിരുന്നതുകൊണ്ട് ആലോചിക്കാന്‍ ഇത്രയെങ്കിലും സമയം കിട്ടി (വായിക്കുന്നുണ്ടാവില്ലന്നറിയാം, എന്നാലും സോറി, അഞ്ചാം ക്ലാസ്സില്‍ ഞാന്‍ വെറും രണ്ടാം ബഞ്ചുകാരനായിരുന്നുവെന്ന് അമ്മ അറിയുന്ന സുദിനമാണല്ലോ ഇന്ന്).

കിട്ടിപ്പോയ്!

എനിക്ക് കുറുപ്പമ്മാവനാവണം!

കറുത്ത കൊമ്പന്‍ മീശയും ആറടിയോളം ഉയരവും അതിനു തക്ക തടിയും ഉള്ള, രാമന്‍റെ അച്ഛന്‍ ഗോപാലക്കുറുപ്പ് മാമന്‍ ആ ദേശത്തെ കള്ളന്മാരുടെ മാത്രമല്ല, ഞങ്ങള്‍ പീക്രിപ്പിള്ളേരുടേയും പേടിസ്വപ്നമായിരുന്നു. സാദാ പീക്രികള്‍ക്ക് സ്കൂളില്‍ പേകുമ്പോഴും മടങ്ങിവരുമ്പോഴും മാത്രമേ പോലീസ്കുറുപ്പിനെ കണ്ട് പനി പിടിക്കാന്‍ അവസരമുണ്ടായിരുന്നുള്ളൂ. അച്ഛന്‍റെ ഒരു അടുത്ത സുഹൃത്തായിരുന്നതിനാല്‍, കുറുപ്പമ്മാവന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരുമായിരുന്നു. അനിയനും ഞാനും മരക്കമ്പിന് നിക്കറിട്ടപോലെയുള്ള ഒന്നുരണ്ടു അളിയന്മാരുമടങ്ങുന്ന ഗുണ്ടാ സംഘത്തിന്‍റെ കാര്യം അതുമൂലം വളരെ കഷ്ടത്തിലായിരുന്നു.

ഇനി ഒന്നും ആലോചിക്കാനില്ല. ഞാന്‍ പോലീസ് ആകാന്‍ ആഗ്രഹിക്കുന്നു. അതും വെറും പോലീസല്ല, കുറുപ്പമ്മാവനെപ്പോലെയുള്ള പോലീസ്.

എന്‍റെ ഊഴം വരുന്നതിനുമുമ്പ് അടുത്തിരിക്കുന്ന അനില്‍ പോലീസാവണമെന്നു പറഞ്ഞാലോ? അവനോടു പറയാം, പോലീസ് ഞാന്‍ എടുത്തു എന്ന്. അപ്പോള്‍പ്പിന്നെ അവന് അതെടുക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ പതുക്കെ അനിലിനോടു പറഞ്ഞു:

“ഞാന്‍ പോലീസാവാന്‍ പോവാണ്. നീ അതെടുക്കരുത്. നീ സാറാവണമെന്ന് പറ.”
“പോടാ, നിക്ക് സാറാവണ്ട.”

സര്‍വവും നശിച്ചു. അവന്‍റെ നോട്ടം കണ്ടാലറിയാം, അവന്‍ പോലീസ് എടുക്കും.

അനിലിന്‍റെ ഊഴം വന്നു. അവന്‍ എന്നെ നോക്കിക്കൊണ്ട് ചാടിയെഴുന്നേറ്റു പറഞ്ഞു: “നിക്ക് എസ്സൈ ആവണം സാറേ, ദേ ഇവന്‍ പോലീസാവാന്‍ ഇരിക്ക്വാ...”

സുലൈമാന്‍ സാറ് ചിരിച്ചു കൊണ്ട് ചോദിച്ചു: “ആണോ, നീ പോലീസാവാന്‍ ഇരിക്ക്വാണോ? നീയെന്തിനാടേ പോലീസാവണത്, നെനക്ക് നിന്‍റച്ഛനെപ്പോലായാപ്പോരേ?”

ഞാന്‍ എഴുന്നേറ്റ് അനിലിനേയും സാറിനേയും നോക്കി, പിന്നെ ഉറക്കെപ്പറഞ്ഞു: “ഞാന്‍ ഇവനോട് വെറുതേ പറഞ്ഞതാ സാറേ, എനിക്കെന്‍റച്ഛനെപ്പോലായാ മതി!”

Labels: ,

Wednesday, March 15, 2006

മറുപടി പ്രതീക്ഷിക്കുന്നു

തിരക്കൊഴിഞ്ഞൊരു നേരത്ത്
കത്തൊന്നേലുമയച്ചൂടേ?
ഒരുവരിയെങ്കിലുമെഴുതാനും
മടിയെന്നോതിയിരുപ്പാണോ?
അതിനും വിഷമമതാണെന്നാല്‍
‍അഡ്രസ്സെഴുതിയൊരിന്‍ലന്‍ഡും
ഒപ്പമൊരൊപ്പും സംബോധനയും
ഒക്കേയും ഞാനെത്തിക്കാം.
‘സുഖ’മെന്നാകിയൊരേകപദത്തീ-
ന്നഖിലം ഞാനങ്ങൂഹിക്കാം.
ഇനിയുമമാന്തിക്കാതെന്‍ പൊന്നേ-
കനിവോടെഴുതുകയെന്തേലും!

Labels:

Tuesday, March 14, 2006

പൈ ദിവസം

മാര്‍ച്ച് 14 പൈ ദിവസമായി ആഘോഷിക്കുന്നു. 3.14159 എന്നത് പൈയുടെ തരക്കേടില്ലാത്ത (reasonably good) മൂല്യമായി കരുതിവരുന്നതിനാലാണ് മാര്‍ച്ച് 14 1:59-ന് പൈ ദിവസാഘോഷങ്ങള്‍ ആരംഭിക്കുന്നത്. ഈ അടുത്ത കാലത്ത് മാര്‍ച്ച് 14, 4:32-ന് വേണമെങ്കിലും പൈ ദിവസാഘോഷങ്ങള്‍ തുടങ്ങാമെന്ന് എഴുതിക്കണ്ടു.

കാരണം: 4:32 = 16:32 (24 മണിക്കൂര്‍ ക്ലോക്ക് പ്രകാരം)
16 മണിക്കൂര്‍ 32 മിനിട്ട് എന്നത് 15 മണിക്കൂര്‍ 92 മിനിട്ടിനു തുല്യമാണല്ലോ.
അതിനാല്‍, 16:32 = 15:92

അങ്ങനെ, മാര്‍ച്ച് 14 4:32 = 3.141592 (അമേരിക്കന്‍ ഐക്യനാടുകളിലും മറ്റും പിന്തുടര്‍ന്നു വരുന്ന മാസം/തീയതി/വര്‍ഷം എന്ന രീതിയില്‍ ദിവസം കുറിക്കുമ്പൊഴേ ഇത് ശരിയാവുകയുള്ളൂ.)

പൈ ദിവസത്തേയും പൈ അപ്രോക്സിമേഷന്‍ ദിവസത്തേയും പറ്റി ഇവിടെ വായിക്കുക. ഈ ലിങ്കുകളും (1, 2, 3) നോക്കുക.

Labels:

Thursday, March 09, 2006

ദൃക്സാക്ഷികളില്ലാതെ

“ആരാണ് സിരീഷ?” ഓഫീസറുടെ ശബ്ദം ഉയര്‍ന്നു.

ദൈവമേ! ജഡത്തിന്‍റെ പോക്കറ്റില്‍ നിന്നു കിട്ടിയ കത്തില്‍ എന്‍റെ പേരുണ്ട്!

ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. ശരീരമാസകലം ഒരു മരവിപ്പ്. പോലീസ്, കോടതി, ജയില്‍. മനസ്സില്‍ അവ്യക്ത ചിത്രങ്ങള്‍ കൂടിക്കലര്‍ന്നു. വടിവൊത്ത അക്ഷരത്തിലെഴുതിയ കത്തിന്‍റെ ഏതോ മൂലയില്‍ മനപ്പൂര്‍വ്വമെന്നപോലെ കുറിച്ചിട്ട എന്‍റെ പേരു മാത്രം എനിക്ക് വ്യക്തമായിക്കാണാം, കുറ്റാന്വേഷകന്‍ തെളിവുകള്‍ക്കുമുന്നില്‍ പിടിച്ച ഭൂതക്കണ്ണാടിയിലൂടെയെന്നപോലെ.

അവനെന്നോട് പ്രേമമാണെന്നാണ് സോണിയ പറയുന്നത്. ലഞ്ച് ബ്രേക്കിന് മൂര്‍ത്തിയുടെ ഓഫീസില്‍ വന്നിരിക്കുന്നത് എന്നെ കാണാനാണുപോലും. 'നിലാവത്ത് ഒറ്റയ്ക്കു നടക്കുമ്പോള്‍' എന്ന കഥയില്‍ പച്ചച്ചുരിദാറിട്ട്, മുടിപിന്നിയിട്ട്, എപ്പോഴും നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന നായിക ഞാനാണത്രേ. കഥകളോടും നോവലുകളോടും എനിക്ക് വലിയ പ്രതിപത്തിയില്ല. “ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ്” എന്നതിനു പകരം “മാഡ്‍നിംഗ് ക്രൌഡ്” എന്നതായിരുന്നില്ലേ കൂടുതല്‍ ഉചിതമായിരുന്നത് എന്ന ചോദ്യത്തിന് എനിക്ക് സാഹിത്യാസ്വാദനത്തിലല്ല ഭാവിയെന്നായിരുന്നു പ്രൊഫെസറുടെ മറുപടി.

ശനിയാഴ്ച അവധിയാണെങ്കിലും, എനിക്കു ജോലിത്തിരക്കാവുമെന്ന് പറഞ്ഞത് സിനിമാ പ്രോഗ്രാമില്‍ നിന്ന് തലയൂരാനാണ്. കമ്പനി വക ഫ്രീ ഡിന്നര്‍ ഒത്തല്ലൊ എന്നവന്‍ രണ്ട് തവണ പറഞ്ഞിട്ടും സോണിയ ചിരിച്ചില്ല; ഞാനും. “ഐ വില്‍ ഗിവ് യു കമ്പനി” എന്നു പറഞ്ഞപ്പോള്‍ വേണ്ട എന്നു പറയാമായിരുന്നു.

ഇനി പറഞ്ഞിട്ടെന്ത് കാര്യം?

“വരൂ, നമുക്കല്‍പ്പനേരം ബാല്‍ക്കണിയിലിരുന്ന് സംസാരിക്കാം.” അവന്‍ പറഞ്ഞു.
“ഇല്ല, എനിക്ക് നേരത്തേ വീട്ടിലെത്തണം.”
“അപ്പോള്‍ ജോലിയുണ്ടെന്നു പറഞ്ഞതോ?”

എട്ടാം നിലയിലുള്ള ഓഫീസിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേയ്ക്ക് നോക്കി നില്‍ക്കാന്‍ രസമാണ്. പ്രത്യേകിച്ചും തിരക്കേറുന്ന സന്ധ്യകളില്‍. ഇളം തണുപ്പേറ്റ് വെള്ളിരോമങ്ങള്‍ ഉണര്‍ന്നു നില്‍ക്കും. അകലെ യുറ്റിലിറ്റി ബില്‍ഡിംഗിന്‍റെ ജനാലകള്‍ ഓരോന്നായി സ്വയം കണ്ണുമിഴിച്ച് പുതിയ വര്‍ണ്ണരൂപങ്ങള്‍ ചമയ്ക്കും. ട്രാഫിക് ലൈറ്റിനായി കാത്തു കിടക്കുന്ന വാഹനങ്ങള്‍ അടുത്ത നീക്കത്തിനുള്ള അവസരം കാത്തു കിടക്കുന്ന ആനയും കുതിരയും കാലാളുമാവും. ഈ വാക്കുകളും വാക്യങ്ങളും ചേര്‍ത്ത് അവന്‍ എനിക്കൊരു കഥ പറഞ്ഞു തരും.

അവനെന്നോട് സംസാരിക്കുമ്പോള്‍, ഒളിച്ചു വച്ചിരിക്കുന്ന പ്രണയത്തിന്‍റെ ഭയവും വേദനയും ആ കണ്ണുകളില്‍ തെളിഞ്ഞു വരും. ഞാന്‍ ചോദിച്ചു: “നമുക്ക് ഈ എട്ടാം നിലയില്‍ നിന്നും താഴേയ്ക്കു ചാടിയാലോ?” അവന്‍റെ വിടര്‍ന്നു വന്ന കണ്ണുകളില്‍ മൂഢധൈര്യത്തിന്‍റെ അക്ഷരക്കൂട്ടുകള്‍ ഞാന്‍ വായിച്ചു.

മനുഷ്യര്‍ക്ക് പറക്കാന്‍ കഴിയുമായിരുന്നെങ്കില്‍! എങ്കില്‍ ആകാശത്തിലും ട്രാഫിക് ജാം! ഇതേ ചോദ്യം ഞാന്‍ ഒരിക്കല്‍ അവനോട് ചോദിച്ചതോര്‍ക്കുന്നു. മേഘങ്ങള്‍ക്കിടയിലൂടെ ഒരു അപ്പൂപ്പന്‍‍താടിപോലെ, സര്‍വതന്ത്രസ്വതന്ത്രമായി പറന്ന്, പറന്ന്, പറന്ന്...

“ഞാന്‍ പോകുന്നു.”
“നഗര മധ്യത്തില്‍ അസുലഭമായിക്കിട്ടുന്ന ശാന്തത ഉപേക്ഷിച്ചോ?”
“പുകയൂതി കുതിച്ചുപായുന്ന കാറും ബസ്സും കണ്ടാല്‍ എനിക്ക് കവിത വരില്ല! നീയെന്തൊക്കെയാണോ അതിന്‍റെ നേരേ വിപരീതമാണ് ഞാന്‍.”
“അതെനിക്കറിയായ്കയല്ല. വിപരീതങ്ങളല്ലേ ആകര്‍ഷിക്കുന്നത്?”
“ശാസ്ത്രവും ജീവിതവും കൂട്ടിക്കുഴയ്ക്കാന്‍ നീ പണ്ടേ മിടുക്കനാണ്.”

സത്യത്തില്‍ അത് വെറുതേ കൊടുത്ത ഒരു കോം‍പ്ലിമെന്‍റായിരുന്നു. അവന്‍റെ പല രീതികളും എനിക്കറിയില്ലല്ലോ എന്ന് അല്പം കൌതുകത്തോടെയാണെങ്കിലും ഞാന്‍ ഓര്‍ത്തു.

“സമയം ഏഴര കഴിയുന്നു. നീ ഈയാഴ്ചത്തെ ഡെഡ്‍ലൈന്‍ മീറ്റ് ചെയ്യുമോ?” ഞാന്‍ വിഷയം മാറ്റാന്‍ വേണ്ടി ചോദിച്ചു.
“ശേഖര്‍ ഒരു സ്റ്റൂപിഡ് മനുഷ്യനാണ്. അയാളെന്താ എന്നെപ്പറ്റി കരുതിയിരിക്കുന്നത്? ഐ നോ സീപ്ലസ്പ്ലസ് ബെറ്റര്‍ ദാന്‍ ഹിം. ഹി ആന്‍ഡ് ഹിസ് ബംഗ്ലിംഗ്, ക്ലംസി മാനേജ്മെന്‍റ് ക്രാപ്പ്.”
“ഓ, ഷൂട്ട്! ഡിഡ് ഐ...?”

വേണ്ടിയിരുന്നില്ല. അവന്‍ കുറേനേരം അകലങ്ങളിലേയ്ക്ക് നോക്കിയിരുന്നു. ആ മുഖത്ത് ദേഷ്യവും നിരാശയും നിറഞ്ഞു. സോണിയ പറയുന്നത് ശരിയാണ്, ആവശ്യമില്ലാത്തിടത്ത് ഓരോന്ന് എഴുന്നെള്ളിക്കും ഞാന്‍.

“ഐ ഹാഫ് റ്റു ഗോ.”
“ഉം.” അവന്‍ അലസമായി മൂളി.

നമ്മുടെ സംഭാഷണങ്ങള്‍ എപ്പോഴും എന്താണ് ഇങ്ങനെ അവസാനിക്കുന്നത്? എന്‍റെ മുന്നില്‍ ഇവന്‍ എന്താണിങ്ങനെ മൂഡിയാവുന്നത്? ഒന്നാലോചിച്ചാല്‍ ഈ ഭാവമാറ്റങ്ങള്‍ക്ക് കാരണം ഞാനാണെന്ന് തോന്നിപ്പോവും. മറ്റുള്ളവരുടെമുന്നില്‍ അവന്‍ എപ്പോഴും ചിരിക്കുന്നവനാണ്. തമാശകള്‍ പറയുകയും, പ്രാങ്കുകള്‍ ഒപ്പിക്കുകയും ചെയ്യുന്നവനാണ്. ഒരിക്കല്‍ മായാതോമസ് അവന്‍റെ ഏജന്‍റിനെപ്പോലെ എന്നോടു പറഞ്ഞതോര്‍ക്കുന്നു: “ഹി ഈസ് സച് എ ഗ്രെയ്റ്റ് ഗൈ, സോ കൂള്‍!” ഒരക്ഷരം മിണ്ടിയില്ല. മറുപടി ഒരു കഥയായി പ്രചരിക്കാന്‍ വൈകില്ല.

“ഐ ഹാഫ് റ്റു ഗോ റ്റൂ...”
“സീയൂ റ്റ്മോറോ.” ഞാന്‍ ബാല്‍ക്കണിയുടെ സുഖമുള്ള തണുപ്പില്‍ നിന്ന് ഓഫീസിന്‍റെ ഇളം ചൂടിലേയ്ക്ക് കയറി.

പാതി തുറന്നു കിടന്ന ജനലിലൂടെ അന്തിവെയില്‍ നെറ്റിയിലടിക്കുന്നു. തലയ്ക്കുമുകളില്‍ ഫാന്‍ പതിയെ ഓഫാകുകയാണ്. മുറ്റത്തു നിന്ന് എന്നെ വിളിച്ചതാരാണ്? വാതില്‍ തുറന്ന് പുറത്തു നില്‍ക്കുന്നതാരാണെന്ന് ആരും നോക്കാത്തതെന്താണ്?

ആരെങ്കിലും അയാളോടു പറയൂ, ഞാന്‍ നിരപരാധിയാണെന്ന്.

Labels:

Wednesday, March 08, 2006

ഇംഗ്ലാളം

മംഗ്ലിഷ്‌ എന്ന പേരിലുള്ള ഈ ബ്ലോഗ് കണ്ടപ്പോഴേ ഒരു തോന്നല്‍: ഇംഗ്ലീഷ് വാക്കുകള്‍ അപ്പടി മലയാളത്തിലെഴുതുന്ന രീതിയ്ക്കു വേണ്ടി മാത്രമായും വേണ്ടേ ഒരു മലയാള വാക്ക്? അധികം ബുദ്ധിയുപയോഗിക്കാതെ ഒരെണ്ണം ആലോചിച്ചെടുത്തു: മംഗ്ലിഷ്‌ ചുവടുപിടിച്ചുള്ള “ഇംഗ്ലാളം” എന്നായാലോ?

ഓരോ തോന്നലുകളേയ്!

Labels:

Tuesday, March 07, 2006

റണ്‍ ലോലാ റണ്‍

കുറച്ചുനാള്‍ മുമ്പു മനോജ് ശുപാര്‍ശചെയ്തതാണെങ്കിലും റണ്‍ ലോലാ റണ്‍ കാണാന്‍ തരമായതിന്നാണ്.

കഥപറയുന്നില്ല. ഇത്രയും പറഞ്ഞുവയ്ക്കാം: ഇരുപത് മിനുട്ട് നേരത്തെ സംഭവങ്ങളാണ് പ്രതിപാദ്യ വിഷയം. ഒരു ചെറിയ-വളരെ ചെറിയ-സംഭവം കഥാഗതിയെ (ജീവിതത്തെ) എങ്ങനെ ബാധിക്കാം എന്നു പല രീതിയില്‍ വരച്ചുകാട്ടുകയാണ് ഈ സിനിമ.

മമെന്‍റോ (ഇംഗ്ലീഷ് ഗജനി), സ്ലൈഡിംഗ് ഡോഴ്സ് (ഇതാണ് തമിഴിലെ‍ 12B എന്ന് പ്രാപ്ര) എന്നിവയെപ്പോലെ കഥയിലെ വ്യത്യസ്തതമൂലം മറ്റുസിനിമകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു റണ്‍ ലോലാ റണ്‍.

റിലീസ്: 1998
ഭാഷ: ജര്‍മന്‍
സം‍വിധായകന്‍: ടോം റ്റൈക്വെര്‍

വിഭാഗം: കുറിപ്പുകള്‍

Labels:

Wednesday, March 01, 2006

സത്യം മധുരമാണ്

ദൂരെഗിരിക്കുമേലാകാശത്തില്‍
താരകം ചിമ്മുന്ന കാഴ്ചകാണാന്‍
താരിളം പൈങ്കിളിയെത്തിയില്ല;
പാരിതിലാരുമുണര്‍ന്നതില്ല.

ഏകനായിന്നുഞാന്‍ കണ്ടതാണാ-
മൂകസത്യത്തിന്‍റെ പൊന്‍‍വെളിച്ചം,
ആകുലമായൊരെന്‍ മാനസത്തില്‍
മാകന്ദമാധുര്യമായിനില്പ്പൂ!

Labels: