ഓം ഹ്രീം സ്വാഹ...
ഭൂത, പ്രേത, പിശാചുകളെ എനിക്ക് ഇപ്പോഴും പേടിയാണ്. ഇരുട്ടിന്‍റെ മറവില്‍, കുടുസ്സുമുറികളില്‍, തട്ടിന്‍പുറങ്ങളില്‍, അവറ്റകള്‍ സസുഖം വാഴുന്നുവെന്നും ഇരയെ ഒറ്റയ്ക്കു കിട്ടാന്‍ തക്കം പാര്‍ത്തിരിക്കുവെന്നും ഞാന്‍ വിശ്വസിക്കുന്നു.
ചെറുപ്പത്തില്‍ എന്നെയും സഹോദരന്മാരെയും വിറപ്പിച്ചു നടന്ന ജഗജില്ലിയായിരുന്നു കള്ളിയങ്കാട്ട് നീലി. അവളുടെ ക്രൂരതയും രക്തദാഹവും വിവരിച്ച് പേടിപ്പിച്ചുറക്കാന്‍ മറ്റേമ്മയ്ക്ക് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. സാധാരണ, “ഇന്ന് ഏത് കഥ വേണം” എന്ന് ചോദിക്കുമ്പോള്‍ കഥയൊന്നും സ്റ്റോക്കില്ലാത്തതിനാലാണ് അങ്ങനെ ചോദിക്കുന്നതെന്നും, “നീലിയുടെ കഥ വേണ്ട” എന്ന മറുപടി തന്നെ നീലിയുടെ ഓര്‍മകള്‍ കുട്ടികളായ ഞങ്ങളില്‍ ഉണ്ടാക്കുമെന്നും, അങ്ങനെ, പേടിച്ച് കഥയൊന്നും പറഞ്ഞു കൊടുത്തില്ലെങ്കിലും ഉറങ്ങിക്കൊള്ളുമെന്നും മറ്റേമ്മയ്ക്കറിയാമായിരുന്നു.
ആറിലും ഏഴിലും പഠിക്കുമ്പോള്‍ മാസത്തിലൊരിക്കലെങ്കിലും ഒന്നൊന്നര കിലോമീറ്റര്‍ ദൂരെയുള്ള മറ്റേമ്മയുടെ തറവാട്ടിലേയ്ക്ക് ഒറ്റയ്ക്കൊരു യാത്ര ഒത്തു കിട്ടുമായിരുന്നു. സ്കൂള്‍ വിട്ടുവന്ന് കളിയൊക്കെക്കഴിഞ്ഞ്, അഞ്ചര മണി കഴിയുമ്പോളതാ, “ഓരാള് പുത്തന്‍വീട്ടില്‍ പോയി ഒരു തുടം ഒറ വാങ്ങിവരണം, മറ്റേയാള് കടയിപ്പോയി രണ്ട് കിലോ എള്ളുമ്പിണ്ണാക്ക് വാങ്ങണം” എന്ന് പറയേണ്ട താമസം അനിയന്‍ പിണ്ണാക്കു വാങ്ങാന്‍ റെഡി. വലിയവിള കുന്നിന്‍ പുറത്തു കൂടെ, ലക്ഷ്മിടീച്ചറുടെ വീടിന്‍റെ കിഴക്കേത്തൊടിയിലൂടെ, സുനിലിന്‍റെ വീടിനു പിന്നിലുള്ള മൊട്ടക്കുന്ന് കടന്ന് പുത്തന്‍വീടെത്തി, വാങ്ങാനുള്ളത് വാങ്ങി ഉടന്‍ മടങ്ങാന്‍ പറ്റുമോ? അവിടുന്ന് തരുന്നതെന്തായാലും വാങ്ങിക്കഴിക്കാതിരുന്നാല്‍ അവര്‍ക്ക് പരിഭവമാവും. കഴിക്കാനിരുന്നാലോ, മടങ്ങുമ്പോള്‍ സന്ധ്യമയങ്ങുകയും ചെയ്യും.
ശശിയണ്ണന്‍ വിഷം കഴിച്ചു മരിച്ച ശേഷം ഈ യാത്രകള്‍ വളരെ കഠിനമായിരുന്നു. കാട്ടുപുറുത്തിക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും നീലി മാത്രമല്ല, ശശിയണ്ണന്‍റെ പ്രേതവും രക്തദാഹവുമായിവന്ന് തടഞ്ഞു നിര്‍ത്തുമെന്ന് ഞാന്‍ ഭയന്നു. വഴിവശങ്ങളിലുള്ള പൊന്തക്കാടുകൈലേയ്ക്ക് കണ്ണു പായാതിരിക്കാന്‍ പാതി അടച്ച കണ്ണുകളുമായി, പാഠപുസ്തകത്തിലെ പാട്ടുകള്‍ ഉച്ചത്തില്‍ പാടി വേഗത്തില്‍ നടക്കും. ഓടണമെന്നുണ്ടെങ്കിലും കയ്യിലുള്ളത് കളയുകയോ മറ്റോ ചെയ്താല്‍ അപമാനത്തോടൊപ്പം അടിയും കിട്ടുമെന്നതിനാല്‍ സ്വജീവനേക്കാള്‍ ഒരു തുടം ഉറയ്ക്ക് ഞാന്‍ വിലകല്‍പിച്ചു. ഏതു നിമിഷവും പിന്നില്‍ നിന്നു പിടിച്ചു നിറുത്തുന്ന ഒരദൃശ്യ രൂപം എന്നോടൊപ്പം ഒഴുകി വരുന്നതായി ഞാന്‍ സങ്കല്പിച്ചു. ഒരു കണ്ണ് പിന്നിലും ഒരു കണ്ണ് മുന്നിലും വയ്ക്കാതെ രണ്ടു കണ്ണും മുന്നില്‍ പിടിപ്പിച്ച ദൈവത്തിന്‍റെ ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. മേലേവിളയില്‍ തുറു കൂട്ടിയിരുന്നിടവും കഴിഞ്ഞ്, വീടിന്‍റെ വടക്കു കിഴക്കേ കോണില്‍ മുനിഞ്ഞു കത്തുന്ന നാല്പത് വാട്ട് ബള്‍ബ് കാണുമ്പോഴാണ് ഇന്നിനി നീലിക്ക് എന്നെ കിട്ടില്ലല്ലോ എന്ന സമാധാനമാവുക.
ഇങ്ങനെ ഭൂതങ്ങളെയും പ്രേതങ്ങളെയും പേടിച്ച് വളര്‍ന്ന ഞാന്‍, എല്ലാവരിലും ഇത്തരമൊരു ഭീതി ചെറുതായെങ്കിലും ഉണ്ടെന്ന് മനസ്സിലാക്കിയത് ഹോസ്റ്റല്‍ ജീവിതത്തിനിടയിലായിരുന്നു. അക്കാലത്ത്, വാരാന്ത്യങ്ങളിലും മറ്റും രാത്രി വൈകും വരെ, കേട്ടറിവുള്ള പ്രസിദ്ധമായ പ്രേതകഥകള്‍ പറഞ്ഞിരിക്കുക ഞങ്ങളില്‍ ചിലരുടെ ഒരു വിനോദമായിരുന്നു. പറഞ്ഞു പറഞ്ഞ്, അവസാനം കൂടിയിരിക്കുന്നവര്‍ക്കെല്ലാര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും “ഇവന്‍ പ്രേതമാണോ” എന്ന ചിന്ത വരുമ്പോഴാവും ചര്‍ച്ചകള്‍ അവസാനിക്കുക. സ്വന്തം മുറികളിലേയ്ക്ക് മടങ്ങിപ്പോവാന്‍ ഭയമുള്ളവരെ (പലപ്പോഴും ഞാനുള്‍പ്പടെ), മുറികളിലാക്കി, ലൈറ്റിട്ട്, ജനല്‍ അടച്ചു തന്ന്, കട്ടിലിന്നടിയിലും മറ്റും ആരും ഒളിഞ്ഞിരിപ്പില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഞങ്ങളിലെ ധൈര്യവാന്മാര്‍ക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നുള്ളൂ.
ഹോസ്റ്റലിന്‍റെ ഏറ്റവും താഴത്തെ നിലയിലുള്ള മുറികളില്‍ എത്തിപ്പെടുന്ന പുതിയ അന്തേവാസികളെ ഭയപ്പെടുത്താന്‍ ഈ വിദ്യ ഞങ്ങള്‍ വിജയകരമായി നടപ്പാക്കി. ഹോസ്റ്റലിന്‍റെ ഒരു നിര റൂമുകളുടെ പിന്നില്‍ റബര്‍തോട്ടമായിരുന്നുവെന്നത് ഞങ്ങളുടെ ഉദ്യമം എളുപ്പമാക്കി. രാത്രിയില്‍ ജനാലയിലൂടെ നോക്കിയാല്‍ അനന്തതയോളം റബര്‍ മരങ്ങള്‍ മാത്രം.
നാലോ അഞ്ചോ പേരടങ്ങുന്ന സംഘം രാത്രി പത്തുമണി കഴിഞ്ഞ് പുതുതായി ഹോസ്റ്റലില്‍ ചേരുന്നവരുടെ മുറിയിലേയ്ക്ക് “മീറ്റ് ആന്‍ഡ് ഗ്രീറ്റ്” എന്ന പേരില്‍ ചേക്കേറും. ഓരോ കാര്യങ്ങള്‍ പറഞ്ഞു പറഞ്ഞ്, വിഷയം പ്രേതബാധയെക്കുറിച്ചാക്കും. പണ്ട്, വടക്കേതോ കോളജിലെ ധൈര്യവാനായ യുവനേതാവ് ഭൂതവും പ്രേതവും അന്ധവിശ്വാസമാണെന്ന് പറഞ്ഞതും, കൂട്ടുകാര്‍ അവനെ, അകലെ കുന്നില്‍ ചെരിവിലുള്ള പാലമരത്തില്‍ ഒറ്റയ്ക്കു പോയി ആണിയടിച്ചു വരാന്‍ വെല്ലുവിളിച്ചതും, വെല്ലുവിളി സ്വീകരിച്ച്, അര്‍ധരാത്രിയോടടുത്ത്, പൂത്തുലഞ്ഞു നിന്ന പാലമരത്തിനടുത്തെത്തിയെങ്കിലും വെപ്രാളത്തില്‍ സ്വന്തം ഷര്‍ട്ടു കൂടി ചേര്‍ത്ത് ആണിയടിച്ചു പോയതിനാല്‍, തിരിഞ്ഞു നടക്കാനൊരുങ്ങിയ അയാളുടെ ഷര്‍ട്ട് ആണിയില്‍ കുടുങ്ങിപ്പോയതും, മനസ്സു നിറയെ പ്രേതവും ഭൂതവും നിറഞ്ഞു നിന്നിരുന്ന ആ ധൈര്യശാലി പേടിച്ചു മരണപ്പെട്ടതുമായ ‘കഥ’, പൊടിപ്പും തൊങ്ങലും നാടകീയതയും കലര്‍ത്തി ഞങ്ങളിലൊരാള്‍ വിവരിക്കും. ഇതു പോലെ ഒന്നുരണ്ടു കഥകള്‍ കഴിയുമ്പൊഴേയ്ക്കും നായകന്‍ നമ്മുടെ അടുത്ത പരീക്ഷണത്തിന് പറ്റും വിധം തയ്യാറായിരിക്കും.
ഇനിയാണ് പ്രേതം ഇന്‍ ആക്ഷന്‍. ഇതിനോടകം, നമ്മളിലൊരുവന്‍ (മിക്കവാറും കൂട്ടത്തില്‍ എറ്റവും ധൈര്യശാലിയായിരുന്ന രഞ്ജിത്) റൂമിന്‍റെ പുറകില്‍ ജനാലയ്ക്കരുകില്‍ ഇരുട്ടത്ത് സ്ഥാനം പിടിച്ചിട്ടുണ്ടാവും. കറുത്ത ഒരു കയ്യുറയും ഒരു മുഖംമൂടിയുമായാവും രഞ്ജിതിന്‍റെ നില്പ്.
പരിചയപ്പെട്ടതിലുള്ള സന്തോഷവും മറ്റും പ്രകടിപ്പിച്ച് ബാക്കിയെല്ലാവരും മുറിക്കു പുറത്തു പോകുന്നു. നമ്മള്‍ പുറത്തായാല്‍ മിക്ക നായകന്‍മാരും ആദ്യം ചെയ്യുക ജനല്‍ അടച്ചു ഭദ്രമാക്കുകയാണ്. ജനല്‍പാളികള്‍ അടയ്ക്കുന്നതിനായി വിറയ്ക്കുന്ന കൈകള്‍ പുറത്തേക്കു നീങ്ങുന്നതും രഞ്ജിത് ആ കൈകളില്‍ പിടി കൂടുന്നു. ഇനിയെല്ലാം കഥാനായകന്‍റെ ധൈര്യം പോലിരിക്കും: അവന്‍ അലറിക്കരയുകയോ, ബോധം കെടുകയോ, ശബ്ദം പുറത്തുവരാനാകാതെ തരിച്ചിരിക്കുകയോ ചെയ്യും.
പ്രേതങ്ങളെയും മറ്റും ഇത്രയും പേടിയുള്ള എനിക്ക് സ്വയമൊരനുഭവം ഉണ്ടാകുന്നത് വളരെക്കഴിഞ്ഞാണ്. ഒറ്റയ്ക്കു താമസിക്കുമ്പോഴും, ഭൂതപ്രേതാദികളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കാന്‍ ഞാന്‍ വളരെ ശ്രദ്ധിക്കാറുണ്ടായിരുന്നു. റ്റി. വി. യില്‍ വരുന്ന പ്രേത സിനിമകള്‍ കൂട്ടുകാരുമൊത്തല്ലാതെ ഞാന്‍ കണ്ടിരുന്നില്ല. ഡി. വി. ഡി. യിലും വിഡിയോയിലും സിനിമ കാണുമ്പോള്‍, ഒറ്റയ്ക്കാണെങ്കില്‍, എന്നെ പേടിപ്പിക്കാനുതകുന്ന രംഗങ്ങളെത്തുമ്പോള്‍, ഫാസ്റ്റ്-ഫോര്‍വേഡ് ചെയ്യുകയോ, ശബ്ദം മ്യൂട്ട് ചെയ്യുകയോ ചെയ്ത് ഞാന്‍ പേടി അകറ്റിയിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ കൂട്ടുകാരുമൊത്ത് ദ ബ്ലയര്‍ വിച്ച് പ്രോജക്ട് എന്ന സിനിമ കാണാന്‍ പോകുന്നത്. സിനിമ കഴിഞ്ഞ്, ഭക്ഷണവും മറ്റും കഴിഞ്ഞ് അപാര്‍റ്റ്മെന്‍റിലെത്തിയപ്പോള്‍ സമയം പാതിരാത്രി കഴിഞ്ഞിരുന്നു. വാതില്‍ തുറക്കാനായി, താക്കോലെടുത്ത് താക്കോല്‍പ്പഴുതിലിട്ടതും, വാതില്‍ താനെ തുറന്നു. എന്‍റെ നല്ല ജീവന്‍ പോയിക്കിട്ടി!
വാതിലിനടുത്തുള്ള സ്വിച് ഇട്ടു. സ്വീകരണമുറിയില്‍ നിന്നും ആളനക്കത്തിനായി ഞാന്‍ കാതോര്‍ത്തു. വാതിലിന്‍റെ മറവിലും സോഫയുടെ പിന്നിലും മറ്റു കണ്ണെത്തുന്നിടത്തുമെല്ലാം ഞാന്‍ അരൂപിയായ പ്രേതത്തെത്തിരഞ്ഞു. കിടപ്പുമുറിയിലോ ബാത് റൂമിലോ കള്ളനോ ചിരിക്കുന്ന അസ്ഥിപഞ്ജരമോ ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ ഉറപ്പാക്കി. സുഹൃത്തിനെ ഫോണില്‍ വിളിച്ച് അവനോട് കാര്യമെല്ലാം പറഞ്ഞു. പ്രേതമായിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പുച്ഛിച്ചു ചിരിച്ചു.
സ്വീകരണമുറിയോടു ചേര്‍ന്നുള്ള അടുക്കളയില്‍ നിന്ന് തിളങ്ങുന്ന പാത്രമെടുത്ത് തറതുടയ്ക്കുന്ന നീണ്ട കോലിന്നരികിലുറപ്പിച്ചു. കിടപ്പുമുറിയുടെ ലൈറ്റിട്ട് മെല്ലെ പാത്രം ഘടിപ്പിച്ച് കോല്‍ മുറിയിയ്ക്കകത്തേയ്ക്കു നീട്ടി. മുറിക്കുള്ളിലും വാതിലിന് പിറകിലും ആരും ഒളിഞ്ഞിരിപ്പില്ലെന്ന് ഉറപ്പാക്കി. ഈ നേരമത്രയും സുഹൃത്ത് ഫോണില്‍ ഉണ്ടായിരുന്നു. അരമുക്കാല്‍ മണിക്കൂര്‍ കഷ്ടപ്പെട്ട്, ബാത് റൂമിലും ബാല്‍ക്കണിയിലും കൂടി ആരുമില്ലെന്ന് തീര്‍ച്ചയാക്കിയ ശേഷമേ ഞാന്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തുള്ളൂ. കണ്ട സിനിമയിലെ സീനും സ്വന്തം അപാര്‍റ്റ്മെന്‍റിലെ സീനും കൂടി ഒന്നു രണ്ടാഴ്ച എന്‍റെ ഉറക്കം കെടുത്തിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.
രണ്ടാം അനുഭവവും ഇതുമായി സാമ്യമുള്ളതാണ്. ഇത്തവണ കണ്ട സിനിമ ദ സിക്സ്ത് സെന്‍സ് ആണ്. സിനിമ കഴിഞ്ഞ് മടങ്ങി വന്ന് വാതില്‍ തുറന്നു. മുറിയില്‍ ഒരു വല്ലാത്ത ഗന്ധവും ഇളം ചുവപ്പു നിറവും. വന്നു കേറുന്ന മുറിയോടനുബന്ധിച്ചാണ് അടുക്കള. അടുക്കള ഭാഗത്തു നിന്നാണ് ചുവപ്പ് നിറം ഉദ്ഭവിക്കുന്നത്. ഭദ്രകാളിയുടെയും മറ്റും രൂപങ്ങളുടെ കണ്ണുകളില്‍ പിടിപ്പിച്ചിരിക്കുന്ന ചുവന്ന ബള്‍ബില്‍ നിന്നു വരുന്നതു പോലെയുള്ള ചുവപ്പു തന്നെ. ചുവന്ന വെളിച്ചത്തിന്‍റെ ഉറവിടം തേടിപ്പോയ ഞാന്‍ ചുട്ടു പഴുത്തിരിക്കുന്ന ഇലക്റ്റ്രിക് സ്റ്റൌ ആണ് കാണുന്നത്. എന്നും പതിവുള്ള ഒരു ഗ്ലാസ് ചായ പോലും ഉണ്ടാക്കാതെയാണ് അന്ന് രാവിലെ ഞാന്‍ മുറി വിട്ട് പോയതെന്ന് ആലോചിച്ചപ്പോള്‍ ചെറുതല്ലാത്തൊരു ഭയം എന്‍റെ സിരകളില്‍ ഉണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. വീണ്ടും കുറെ ഉറക്കമില്ലാത്ത രാത്രികള്‍!
ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത, പ്രേത സിനിമകള്‍ ഹരമായ ഭാര്യ. ഇരുട്ടിനെയും ഏകാന്തതയെയും ഭയക്കുന്ന മകന്‍. ഒന്നിനെതിരെ രണ്ട് വോട്ടുകള്‍ക്ക് പ്രേത സിനിമകള്‍ പടിക്ക് പുറത്ത്.
എല്ലാവര്‍ക്കും പേടിനിറഞ്ഞ ദിവസങ്ങള്‍ ആശംസിക്കുന്നു!
Labels: വൈയക്തികം