അനിയന്മാരില്‍ നിന്നു് പഠിക്കേണ്ടതു്
വന്നവരോടെല്ലാം നിങ്ങള്‍ ഉപദേശിക്കുകയാണു്: “കുഞ്ഞുങ്ങളേ, എന്‍റെ ഈ വിജയത്തിനു പിന്നില്‍ മന്ത്രമോ തന്ത്രമോ ഒന്നുമില്ല. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. പഠനത്തിന് ആരോഗ്യമുള്ള മനസ്സു് അത്യാവശ്യമാണ്. അതിനാല്‍, എല്ലിങ്കൂടുപോലിരിക്കുന്ന ഞാന്‍ ആരോഗ്യം നേടുവാന്‍ ഒരു സിമ്പിള്‍ റ്റെക്നിക് ഉപയോഗിക്കുന്നു. ഒരു മണിക്കൂര്‍ പഠനം കഴിഞ്ഞാല്‍ അര മണിക്കൂര്‍ കളി. ദാറ്റ്സ് ഓള്‍!”
നിങ്ങളുടെ ഉപദേശം അറിവില്ലാപ്പൈതങ്ങള്‍ക്കു് വേദവാക്യമായിരുന്നെങ്കിലും പൈതങ്ങളുടെ അമ്മമാര്‍ക്കു് സ്വീകാര്യമായിരുന്നില്ലെന്നതിനാല്‍ അവര്‍ തങ്ങളുടെ കുട്ടികളെ “ഓരോ ഒരു മണിക്കൂര്‍ പഠനത്തിനും അര മണിക്കൂര്‍ കളി” എന്ന ശീലം ശീലിപ്പിച്ചില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.
“ഒരു മണിക്കൂര്‍ പഠനം അര മണിക്കൂര്‍ കളി” എന്ന നിങ്ങളുടെ മന്ത്രം നടപ്പാക്കാന്‍ കൂട്ടാക്കാതിരുന്ന മറ്റൊരു മൂരാച്ചി നിങ്ങളുടെ അനിയനാവാനാണു് സാധ്യത. നിങ്ങള്‍ അനിയനെ പലവുരു ഉപദേശിച്ചു് നന്നാക്കാന്‍ ശ്രമിക്കും. എന്നാല്‍, ഒരു സ്ഥലത്തു അടങ്ങിയൊതുങ്ങിയിരുന്നു് പഠിച്ചാല്‍ മനസ്സു് മുരടിച്ചുപോകുമെന്നും, പഠനത്തില്‍ താല്പര്യം കുറയുമെന്നും മറ്റുമുള്ള നിങ്ങളുടെ ആധികാരികമായ വാദങ്ങള്‍ക്കു് അനിയന്‍ പുല്ലുവില പോലും കല്പിക്കുന്നില്ല. എന്നു മാത്രമല്ല, പ്രീ-ഡിഗ്രിക്ക് ആദ്യവര്‍ഷം ‘കിട്ടാതിരുന്ന’ ഇംഗ്ലീഷ് എഴുതി ജയിക്കാന്‍ അനിയന്‍റെ പഠന രീതി പ്രയോഗിച്ചു നോക്കാന്‍ അനിയന്‍ നിങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു.
അത്രമാത്രമേ സംഭവിച്ചിട്ടുള്ളൂവെങ്കില്‍ നിങ്ങള്‍ സഹിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാതിരുന്നപോലെയും അനിയന്‍ പ്രതീക്ഷിച്ചതു പോലെയും നിങ്ങളുടെ പത്താം ക്ലാസിലെ മാര്‍ക്കിന്‍റെ റെക്കോഡ്, അനിയന്‍ വെറുതേ ഭേദിക്കുക മാത്രമായിരുന്നില്ല, തകര്‍ത്തു് തരിപ്പണമാക്കുകയായിരുന്നു. അന്നു നിങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്കു് നിങ്ങളേക്കാള്‍ വിവരമുണ്ടവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?
ഇനി നിങ്ങള്‍ക്കു് മറ്റൊരനിയനും കൂടി ഉണ്ടെന്നു സങ്കല്പിക്കുക. ആറാം തരമോ ഏഴാം തരമോ കഴിഞ്ഞു നില്‍ക്കുന്ന ഒരു മദ്ധ്യവേനലവധിക്കാണു് ക്രിക്കറ്റ് ഒരു കായിക വിനോദം എന്ന രീതിയില്‍ നിങ്ങള്‍ അനിയന്മാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതു്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ പടിപടിയായി വളര്‍ന്നു് സ്കൂള്‍ ടീമിന്‍റെ ഓപ്പണറും ഒരു പാര്‍ട്-ടൈം സ്പിന്നറുമായി മാറിയതു് വളരെപ്പെട്ടന്നായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ടീമിന്‍റെ ഭാഗമായി വീട്ടുകാരറിയാതെ ഉപജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി, മത്സരം തോറ്റെങ്കിലും രണ്ടു് ഫോറുകളുടെ സഹായത്തോടെ പന്ത്രണ്ടു് റണ്‍സ് അടിച്ചവിവരം അനിയന്മാരോടു് പറയാനാവാതെ നിങ്ങള്‍ വീര്‍പ്പുമുട്ടിയിട്ടുണ്ടു് എന്നു സങ്കല്പിക്കാന്‍ പ്രയാസമുണ്ടോ? (അനിയന്മാരോടു പറഞ്ഞാല്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്നു് ഭീഷണിപ്പെടുത്തി അവന്മാര്‍ എന്തൊക്കെ നേടിയെടുക്കില്ല!). പക്ഷേ, നിങ്ങളുടെ ഈ അമാനുഷികത അധികനാള്‍ നീണ്ടുനില്‍ക്കുന്നില്ല. നിങ്ങളുടെ ഇന്‍സ്വിംഗിംഗ് യോര്‍ക്കറുകള്‍ ലോംഗോഫ് ബൌണ്ടറിയിലേയ്ക്കും, റിബ്കേയ്ജ് ലാക്കാക്കി നിങ്ങളെറിയുന്ന ബൌണ്‍സറുകള്‍ മിഡ്‍വിക്കറ്റിനു മുകളിലൂടെ ദേവകിയമ്മയുടെ പുരയിടത്തിലേയ്ക്കും പറക്കാന്‍ തുടങ്ങിയതോടെ ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കുന്നു: ഇളയവനാണെന്നു പറഞ്ഞിട്ടു കാര്യമില്ല, “ഹി ഓണ്‍സ് യുവര്‍ ബൌളിംഗ്.”
അതായതു്, അനിയന്‍ എതിര്‍ ടീമിലായിരിക്കുന്നിടത്തോളം കാലം ഇനിയും നിങ്ങള്‍ ഈ കളി തുടരുന്നതിലര്‍ത്ഥമില്ല. അങ്ങനെ ഒരേ ടീമിന്‍റെ ഭാഗമായി നിങ്ങള്‍ കുറച്ചു നാള്‍ കൂടി ക്രിക്കറ്റ് കളിക്കുന്നു. പബ്ലിക്കായി നിങ്ങളുടെ റ്റെക്നികുകളിലെ കുറവുകളും കുറ്റങ്ങളും ചൂണ്ടിക്കാണിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ പെട്ടി മടക്കാന്‍ തീരുമാനിക്കുന്നു. ഒരിക്കല്‍ മറന്നു പോയ കാര്യം നിങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുന്നു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്ക് നിങ്ങളേക്കാള്‍ നന്നായി ക്രിക്കറ്റ് കളിക്കാന്‍ അറിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?
Labels: പലവക