ദ റ്റിപിംഗ് പോയ്ന്‍റ്
‘ഞാനും വലിയ വായനക്കാരനൊന്നുമല്ല,’ ഫ്രാങ്ക് ചിരിച്ചു കൊണ്ടു പറഞ്ഞു. ‘എന്നാലും റ്റിപിംഗ് പോയ്ന്‍റ് വായിച്ചു നോക്കൂ’.
(ചിത്രത്തിനു കടപ്പാട്: ആമസോണ്‍.കോം)
മാല്‍കം ഗ്ലാഡ്‍വെല്‍ എഴുതിയ The Tipping Point: How Little Things Can Make a Big Difference എന്ന പുസ്തകത്തെപ്പറ്റി ഇതിനു മുമ്പും കേട്ടിട്ടുണ്ട്. ഏതായാലും എന്‍റെ ഉപദേഷ്ടാവിനെ ഇംപ്രസ് ചെയ്യാനുള്ള അവസരം പാഴാക്കേണ്ട എന്നു കരുതി അന്നു തന്നെ പുസ്തകം ലൈബ്രറിയില്‍ നിന്നും വരുത്തി.
The Tipping Point is the biography of an idea, and the idea is very simple. It is that the best way to understand the emergence of fashion trends, the ebb and flow of crime waves, or, for that matter, the transformation of unknown books into best sellers, or the rise of teenage smoking, or the phenomena of word of mouth, or any number of the other mysterious changes that mark everyday life is to think them as epidemics. Ideas and products and messages and behaviors spread just like viruses do.
മുകളില്‍ പറഞ്ഞ ആശയത്തിന്‍റെ വിശ്വസനീയമായ വിശദീകരണമാണ് ഈ പുസ്തകം. തന്‍റെ മനസ്സിലുള്ള കാര്യം വായനക്കാരനിലേയ്ക്ക് സംഗ്രഹിപ്പിക്കുന്നതില്‍ ലേഖകന്‍ അന്യാദൃശമായ കഴിവ് കാട്ടിയിട്ടുണ്ട്. ഒതുക്കിപ്പറയേണ്ട കാര്യങ്ങള്‍ കാടുകയറാതിരിക്കാന്‍ കാണിച്ചിരിക്കുന്ന ശ്രദ്ധയും എടുത്തു പറയേണ്ടുന്നതു തന്നെ.
എന്താണ് റ്റിപിംഗ് പോയ്ന്‍റ് എന്നാല്‍? ലേഖകന്‍റെ തന്നെ വാക്കുകളില്‍,
[...] epidemics can rise or fall in one dramatic moment [...]. The name given to that one dramatic moment in an epidemic when everything can change all at once is the Tipping Point.
ഏതു മഹാസംഭവത്തിനും (epidemic എന്നതിന് മഹാവ്യാധി എന്ന സുപരിചതമായ അര്‍ഥത്തിലുപരി, പെട്ടെന്നുണ്ടാവുന്ന വളര്‍ച്ചയുടേയോ വികസനത്തിന്‍റേയോ ഉല്പന്നമായ സംഭവം എന്നതാണ് ഇവിടെ അര്‍ഥമാക്കിയിരിക്കുന്നത്) മൂന്ന് പൊതുസ്വഭാവങ്ങളാണുള്ളതെന്ന് ലേഖകന്‍ പറയുന്നു:
പകര്‍ന്നു പിടിക്കാനുള്ള കഴിവ്: ഈ വിഷയം പറയുമ്പോള്‍ സ്വാഭാവികമായും ഏതെങ്കിലും അസുഖം ആയിരിക്കും നിങ്ങളുടെ മനസ്സില്‍ വരിക. എന്നാല്‍, തികച്ചും വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ മാത്രമേ ലേഖകന്‍ പറയുന്നത് പൂര്‍ണ്ണമായും ഗ്രഹിക്കാനാവൂ. കോട്ടുവായിടുന്നത് അതിന്‍റെ കാഴ്ചക്കാരിലേയ്ക്കോ കേള്‍വിക്കാരിലേയ്ക്കോ പകര്‍ന്നു പിടിക്കുന്നത് നോക്കൂ. ഒരു കാലത്ത് ജയന്‍ തരംഗവും ഷക്കീല തരംഗവും കേരളത്തില്‍ പകര്‍ന്നു പിടിച്ചില്ലേ?
ചെറിയ കാരണങ്ങള്‍ മൂലമുണ്ടാവുന്ന വലിയ ആഘാതങ്ങള്‍ (മാറ്റങ്ങള്‍): തികച്ചും നിര്‍ദ്ദോഷമെന്നു പറയാവുന്ന ചില ചെറിയ കാരണങ്ങള്‍ ചില വലിയ മാറ്റങ്ങള്‍ക്കുദാഹരണമാവുന്നത് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമ്പലപ്പുഴ പാല്‍പായസത്തിന്‍റെ കഥ പഠിച്ചിട്ടില്ലേ; ഒരു ചതുരംഗക്കളത്തില്‍ കൊള്ളിക്കാന്‍ ചെറിയൊരുപാധിയോടെ രാജാവിനോട് നെന്മണി ആവശ്യപ്പെട്ട കഥ?
നൈമിഷികമായുണ്ടാവുന്ന സ്ഥൂല വ്യതിയാനങ്ങള്‍: നൈമിഷികമാറ്റമാണ് റ്റിപിംഗ് പോയ്ന്‍റിന്‍റെ ജീവാത്മാവും പരമാത്മാവും. നാട്ടുമ്പുറങ്ങളില്‍ ഫോണ്‍ കണക്ഷനുകള്‍ കിട്ടിത്തുടങ്ങിയ കാലം ഓര്‍മ്മയുണ്ടോ? നിങ്ങളുടെ ബന്ധുക്കള്‍ക്കോ നിങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ‘അവിടെ ഇന്നെന്താ മീന്‍?’ എന്ന് ചോദിക്കേണ്ടുന്നവര്‍ക്കോ ഫോണ്‍ കിട്ടിയപ്പോഴാവും നിങ്ങള്‍ക്കും ആ ഉപകരണത്തോട് താല്പര്യം കൂടിയത്. നിങ്ങളുടെ ‘നെറ്റ്‍വര്‍കില്‍’ അധികം പേര്‍ ഫോണ്‍ ഉപയോക്താക്കളായില്ലായിരുന്നുവെങ്കില്‍, ഒരു പക്ഷേ, നിങ്ങളും ഫോണെടുക്കുന്നത് വൈകിച്ചേനെ. പറഞ്ഞുവന്നത്, ഈ ‘നെറ്റ്‍വര്‍കിംഗ്’ കാരണം ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറഞ്ഞകാലയളവില്‍ വമ്പന്‍ കുതിച്ചു കയറ്റമുണ്ടായെന്ന വസ്തുതയാണ്.
ഈ ലേഖനത്തില്‍ മുമ്പു സൂചിപ്പിച്ചതു പോലെ, ഒരു സംഭവത്തിലോ പെരുമാറ്റത്തിലോ സ്വഭാവ രൂപീകരണത്തിലോ സ്ഥൂല വ്യതിയാനങ്ങളുണ്ടാക്കുന്ന വളരെ ചെറിയ കാലയളവിനെയാണ് യഥാക്രമം ആ സംഭവത്തിന്‍റെയോ പെരുമാറ്റത്തിന്‍റെയോ സ്വഭാവ രൂപീകരണത്തിന്‍റെയോ റ്റിപിംഗ് പോയ്ന്‍റ് എന്ന് വിളിക്കുന്നത്.
റ്റിപിംഗ് പോയ്ന്‍റിന്‍റെ സ്വഭാവങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുകയാണ് പുസ്തകത്തില്‍. ഏതൊരു റ്റിപിംഗ് പോയ്ന്‍റിനും മൂന്ന് നിയമങ്ങളുണ്ടെന്ന് ലേഖകന്‍ പറയുന്നു. അവ ഇതാണ്:
The Law of the Few
മനുഷ്യ വര്‍ഗ്ഗത്തെ മുഴുവനായോ ഒരു പ്രദേശത്തെ ജനതയെ മാത്രമായോ സ്വാധീനിച്ചിട്ടുള്ള ഏതു സംഭവത്തിനും അതിന്‍റെ നേതൃരംഗത്ത് എണ്ണത്തില്‍ വളരെച്ചെറുതായ ഒരു പറ്റം ‘അമാനുഷ’രുണ്ടാവും. അവര്‍ തങ്ങളുടെ അറിവോ ഉത്സാഹമോ സ്വാധീനമോ ഉപയോഗിച്ച് ഒരു ജനാവലിയെത്തന്നെ തങ്ങള്‍ക്കൊപ്പം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറാക്കുന്നു. ചരിത്രത്തിന്‍റെ ഭാഗമായ ഒരു വര്‍ഗ്ഗത്തിനും ഉദാഹരണമന്വേഷിച്ച് അധികം പോകേണ്ടി വരില്ല. ഈ അമാനുഷരെ മൂന്നു വര്‍ഗ്ഗമായി തിരിക്കുകയും (connectors-നാനാതുറകളിലുള്ളവരെ അറിയുന്നവനും ആ സൌഹൃദങ്ങള്‍ വര്‍ഷങ്ങളോളം നിലനിറുത്തുന്നവനും, mavens-ഏതെങ്കിലും വിഷയത്തെപ്പറ്റിയോ വിഷയങ്ങളെപ്പറ്റിയോ സകലതും അറിയുന്നവനും ആ അറിവ് സമ്മര്‍ദ്ദരൂപേണയല്ലാതെ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നവനും, and salesman-നാമറിയാതെ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നവനും നമുക്ക് ആശയങ്ങള്‍ ‘വില്‍ക്കുന്നവ’നും) ഓരോ വര്‍ഗ്ഗവും നിര്‍വഹിക്കുന്ന ഭാഗം (role) വിശദീകരിക്കുകയും ചെയ്യുന്നുണ്ട്, പുസ്തകത്തില്‍.
The Stickiness Factor
ഒരു പ്രവര്‍ത്തിയുടേയോ പ്രതികരണത്തിന്‍റേയോ ആശയത്തിന്‍റേയോ ആവശ്യകത, അത് എത്ര വ്യക്തമായിരുന്നാല്‍ പോലും, വീണ്ടും മനസ്സിലേയ്ക്ക് കൊണ്ടു വരാനുള്ള കഴിവിനെയാണ് അതിന്‍റെ Stickiness Factor കൊണ്ടുദ്ദേശിക്കുന്നത്. Stickiness Factor ഇല്ലാത്ത പ്രചരണങ്ങള്‍ക്ക് (campaigns) നൈമിഷികമായ വ്യതിയാനങ്ങള്‍ വരുത്താനുള്ള കഴിവ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. പരസ്യങ്ങളെത്ര കണ്ടുമറന്നാലും ‘Moods, please’ ഓര്‍ത്തിരിക്കുന്നത് ഈ Stickiness Factor കൊണ്ടാണ് (no pun intended).
The Power of Context
നമ്മുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഏതൊരു സംഭവത്തോടും നാം പ്രതികരിക്കുന്നത് ചുറ്റുപാടുകള്‍ക്കനുസൃതമാണ്. ഇത് തെളിയിക്കാന്‍ ലേഖകന്‍ ഒന്നിലധികം ഉദാഹരണങ്ങള്‍ പറയുന്നുണ്ട്. 1964-ല്‍ ന്യൂയോര്‍ക്കില്‍ മുപ്പത്തിയെട്ടു അയല്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു വനിത കുത്തിക്കൊല ചെയ്യപ്പെട്ട സംഭവമാണ് അതിലൊന്ന്. ഒരു പക്ഷേ ആ സംഭവത്തിന് ഒരേ ഒരാള്‍ മാത്രമാണ് സാക്ഷിയായുണ്ടായിരുന്നതെങ്കില്‍ അയാള്‍ പൊലീസിനെ വിളിക്കുമായിരുന്നെന്നും അതു വഴി ആക്രമിക്കപ്പെട്ടവള്‍ രക്ഷപ്പെടുമായിരുന്നെന്നും ലേഖകന്‍ യുക്തിയുക്തം കാണിച്ചു തരുന്നു. ആള്‍ക്കാര്‍ ഒരു കൂട്ടത്തിലാവുമ്പോള്‍ തങ്ങളുടെ മുന്നില്‍ നടക്കുന്ന സംഭവങ്ങളോടുള്ള വ്യക്തിപരമായ ഉത്തരവാദിത്തം വളരെയധികം കുറയുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂട്ടത്തിലുള്ള ഓരോരുത്തരും ‘ഇത് മറ്റേയാള്‍ക്ക് ചെയ്താലെന്താ?’ എന്ന ചിന്തയിലേയ്ക്ക് താനറിയാതെ വഴുതിവീഴുന്നു. 1989-ല്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച എന്‍റെ ഹതഭാഗ്യരായ സുഹൃത്തുക്കളെ ഓര്‍മ്മ വരുന്നു. ഒരു വേള, നീന്തലറിയാവുന്ന ഒരാള്‍ മാത്രമായിരുന്നു അതു കണ്ടിരുന്നതെങ്കില്‍ അവര്‍ ഇന്നും ജീവിക്കുമായിരുന്നു.
മറ്റൊരു അതിശയകരമായ വിശേഷവും മാല്‍കം ഗ്ലാഡ്‍വെല്‍ പറയുന്നുണ്ട്. ഏതൊരു സംഗതിയും റ്റിപു ചെയ്യുന്നതിന് അനന്തമായ ജനക്കൂട്ടമാവശ്യമില്ലത്രേ. 150 എന്നൊരു മാന്ത്രിക നമ്പര്‍ അദ്ദേഹം പറയുന്നു. ഏതൊരു കൂട്ടത്തിലും നൂറ്റമ്പതോ അതില്‍ കുറവോ അംഗങ്ങളേയുള്ളൂവെങ്കില്‍ ആ കൂട്ടം കൂടുതല്‍ അടുപ്പവും പ്രവര്‍ത്തനക്ഷമതയും പരസ്പരാശ്രയത്വവും കാണിക്കുമെന്നാണ് ലേഖകന്‍റെ വാദം.
മനുഷ്യസഹജമായ ചില ചേഷ്ടകളുടെ രസകരമായ വിശകലനവും നടത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. തെളിവുകളായി നിരത്തുന്ന പല പരീക്ഷണഫലങ്ങളും അനുബന്ധരേഖകളും രസകരങ്ങളാണ്. മുന്നൂറോളം പേയ്ജുകളുള്ള ഈ പുസ്തകം ആയാസരഹിതമായ വായനയായിരിക്കുമെന്നതില്‍ സംശയമില്ല.
Labels: പുസ്തകപരിചയം, ലേഖനം, സചിത്രം